21 Saturday
December 2024
2024 December 21
1446 Joumada II 19

വൈകി വന്നവന്റെ നമസ്‌കാരം

അനസ് എടവനക്കാട്‌


ജമാഅത്ത് നമസ്‌കാരത്തില്‍ വൈകി എത്തിയാല്‍ ധൃതിപ്പെടാതെ ശാന്തമായാണ് അവന്‍ സ്വഫ്ഫിലേക്ക് കടന്നുവരേണ്ടത്. തക്ബീറത്തുല്‍ ഇഹ്‌റാമില്‍ പ്രവേശിച്ച ശേഷം ഇമാമിനെ ഏതവസ്ഥയിലാണോ അതിലേക്ക് പോവുകയാണ് ചെയ്യേണ്ടത്. ഇതിനായി അവലംബിക്കുന്ന ഹദീസ് ഇപ്രകാരമാണ്: ‘നിങ്ങളില്‍ ആരെങ്കിലും നമസ്‌കാരത്തിനു വരുമ്പോള്‍ ഇമാം സുജൂദിലാണെങ്കില്‍ ഇമാം ചെയ്യുന്നതുപോലെ തന്നെ ചെയ്യുക’ (തിര്‍മിദി 591, ശറഹുസ്സുന്ന 825).
ഇമാം നവവി(റ) പറയുന്നു: ‘നിന്നുകൊണ്ട് തക്ബീറത്തുല്‍ ഇഹ്‌റാം ചൊല്ലല്‍ നിര്‍ബന്ധമാണ്. നമസ്‌കാരത്തിന് വൈകിവന്നിട്ട്, ഇമാം റുകൂഇലായിരിക്കെ പിന്തുടരുന്നവനും ഇത് ബാധകമാണ്. അവന്‍ നിന്നുകൊണ്ട് അവന്റെ തക്ബീറത്തുല്‍ ഇഹ്‌റാം ശരിയായി ഉച്ചരിക്കണം; അവന്‍ നില്‍ക്കാത്ത സമയത്താണ് അതിന്റെ ഏതെങ്കിലും അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതെങ്കില്‍, അവന്‍ തന്റെ നമസ്‌കാരം ആരംഭിച്ചിട്ടില്ല, ഇതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല’ (മജ്മൂഅ് ശറഹുല്‍ മുഹദ്ദബ് 3:296).
ആ സമയത്ത് ഇമാം റുകൂഇലോ സുജൂദിലോ മറ്റോ ആണെങ്കില്‍ അതിലേക്ക് പോകുന്നതിനായി രണ്ടാമതൊരു തക്ബീര്‍ കൂടി ചൊല്ലുന്നത് നല്ലതാണെന്ന് ശൈഖ് ഇബ്‌നു ബാസിനെ പോലുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു (മജ്മൂഅ് ഫതാവാ 11:244). എന്നാല്‍ ഇമാം റുകൂഇലാണെങ്കില്‍ തക്ബീറത്തുല്‍ ഇഹ്‌റാം തന്നെ മതിയാകും എന്ന് സൈദ് ബിന്‍ സാബിത്ത്, ഇബ്‌നു ഉമര്‍, അത്വാഅ്, ഹസന്‍, ഇബ്രാഹീം നഖഈ(റ) മുതലായവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇമാം അഹ്മദിന്റെ വീക്ഷണത്തില്‍ രണ്ടു രൂപവും അനുവദനീയമാണ് (മസാഇല്‍ ഇമാം അഹ്മദ്, പേജ് 35).
ശേഷം ഇമാമിനോടൊപ്പം നമസ്‌കാരം പൂര്‍ത്തീകരിക്കുകയും എന്നിട്ട് നഷ്ടപ്പെട്ടത് നമസ്‌കരിക്കുകയുമാണ് വേണ്ടത്. നബി(സ) പറഞ്ഞു: ‘(ഇമാമിനോടൊപ്പം) നിങ്ങള്‍ക്ക് കിട്ടിയതെന്തോ അത് നമസ്‌കരിക്കുക, നിങ്ങള്‍ക്ക് കിട്ടാതെപോയത് നിങ്ങള്‍ പൂര്‍ത്തീകരിക്കുക’ (ബുഖാരി 600).
ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാല്‍ പ്രസ്തുത റക്അത്ത് ലഭിക്കുമെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും കരുതുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അവലംബിക്കാവുന്ന തെളിവുകള്‍ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ ‘ഫാത്തിഹ ഓതാത്തവന് നമസ്‌കാരമില്ല’ (ബുഖാരി 723, മുസ്‌ലിം 394) എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ ഫാതിഹ ലഭിച്ചാല്‍ മാത്രമേ റക്അത്തായി പരിഗണിക്കേണ്ടതുള്ളൂ എന്ന് ചുരുക്കം ചില പണ്ഡിതന്മാരും വിധിക്കുന്നു. രണ്ടാമത് പറഞ്ഞ അഭിപ്രായമാണ് സൂക്ഷ്മതയ്ക്ക് നല്ലത്.
‘ആര്‍ക്കെങ്കിലും നമസ്‌കാരത്തിലെ ഒരു റക്അത്ത് ലഭിച്ചാല്‍ അവന് നമസ്‌കാരം ലഭിച്ചു’ (നസാഈ 553, അബൂദാവൂദ് 1121) എന്ന ഹദീസില്‍ നിന്നു ജമാഅത്തിന്റെ പുണ്യം ലഭിക്കാന്‍ അല്ലെങ്കില്‍ ജുമുഅ നമസ്‌കാരം ലഭിക്കാന്‍ ഇമാമിനോടൊപ്പം ഒരു റക്അത്ത് ലഭിച്ചാല്‍ മതിയാകും എന്ന് മനസ്സിലാക്കാം എന്നല്ലാതെ റുകൂഅ് ലഭിച്ചതുകൊണ്ട് റക്അത്ത് ലഭിക്കും എന്നു വരുന്നില്ല. എല്ലാ റക്അത്തിലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണെന്ന് പറയുന്ന പണ്ഡിതന്മാരില്‍ ആരും തന്നെ റുകൂഅ് ലഭിച്ചാല്‍ റക്അത്ത് ലഭിക്കുമെന്ന് പറയുന്നില്ല എന്ന് ഇമാം ബുഖാരി അഭിപ്രായപ്പെടുന്നുണ്ട്.
ഒരാള്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഇമാം അവസാനത്തെ തശഹ്ഹുദില്‍ ഇരിക്കുകയാണെങ്കില്‍ അയാള്‍ക്ക് രണ്ടു രൂപത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. ഒന്നുകില്‍ അയാള്‍ ഇമാമിനോടൊപ്പം ചേരുകയും നഷ്ടപ്പെട്ട നമസ്‌കാരം ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുകയും ചെയ്യുക. അല്ലെങ്കില്‍ പള്ളിയിലേക്ക് കടന്നുവരുന്ന മറ്റൊരാളെ പ്രതീക്ഷിക്കുകയും അയാളോടൊപ്പം രണ്ടാമതൊരു ജമാഅത്ത് നിര്‍വഹിക്കുകയും ചെയ്യുക. കൂടുതല്‍ ഉത്തമമായത് ഇതാണ്. ഫര്‍ദ് നമസ്‌കരിച്ച ഒരാള്‍ക്ക് വേണമെങ്കില്‍ വൈകി വന്നവനു വേണ്ടി ഇമാമായി നിന്ന് നമസ്‌കരിക്കാവുന്നതുമാണ്. ആ സന്ദര്‍ഭത്തില്‍ ഇമാമായി നമസ്‌കരിച്ചവന് നിര്‍ബന്ധ നമസ്‌കാരത്തിനു ശേഷം അയാള്‍ വീണ്ടും നമസ്‌കരിച്ചതാകയാല്‍ രണ്ടാമത്തേത് അയാള്‍ക്ക് സുന്നത്തായി കണക്കാക്കപ്പെടും. മുആദ് ബിന്‍ ജബല്‍(റ) റസൂലിനോടൊപ്പം അവസാനത്തെ ഇശാ നമസ്‌കരിച്ച ശേഷം തന്റെ ജനങ്ങളുടെ അടുത്തേക്ക് മടങ്ങിച്ചെന്ന് അവരെയും കൂട്ടി ആ നമസ്‌കാരം (വീണ്ടും ഇശാ നമസ്‌കാരം അവര്‍ക്ക് ഇമാമായി നിന്ന്) നമസ്‌കരിക്കുമായിരുന്നു’ (മുസ്‌ലിം 465) എന്ന് ഹദീസുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നതുപോലെ നമസ്‌കാരത്തില്‍ വൈകി വരുന്നവന്‍ അവസാനത്തെ സ്വഫ്ഫില്‍ നിന്ന് നമസ്‌കാരം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ഒരുവനെ തോണ്ടി അയാളെ തുടര്‍ന്ന് നമസ്‌കരിക്കുന്ന രീതി പ്രാമാണികമല്ല. മറിച്ച്, അയാള്‍ തന്നോടൊപ്പം പ്രവേശിച്ച മറ്റുള്ളവരുമായി ചേര്‍ന്ന് രണ്ടാമതൊരു ജമാഅത്ത് സംഘടിപ്പിക്കാം. ഇനി പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഒരാള്‍ തനിച്ച് നമസ്‌കാരം നിര്‍വഹിക്കുന്നതായി കാണുകയാണെങ്കില്‍ അയാളെ തുടര്‍ന്ന് നമസ്‌കരിക്കുന്നതിന് വിരോധമില്ല. പ്രസ്തുത സമയത്ത് അയാളെ പിന്തുടരുന്നു എന്നു വ്യക്തമാക്കുന്നതിനായി ഇമാമിന്റെ വലതുവശത്ത് ഒരേ വരിയില്‍ സമമായി നിന്ന് തക്ബീറത്തുല്‍ ഇഹ്‌റാം നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്.
പ്രസ്തുത ഇമാമാകുന്ന വ്യക്തി നമസ്‌കരിക്കുന്നത് നിര്‍ബന്ധ നമസ്‌കാരം ആയിരുന്നാലും സുന്നത്ത് നമസ്‌കാരം ആയിരുന്നാലും അതു പരിഗണിക്കേണ്ടതില്ല. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘ഒരിക്കല്‍ എന്റെ ഉമ്മയുടെ സഹോദരി മൈമൂന(റ)യുടെ വീട്ടില്‍ ഞാന്‍ രാത്രി താമസിച്ചു. അല്ലാഹുവിന്റെ ദൂതര്‍ ഇശാ നമസ്‌കരിച്ച ശേഷം വീട്ടില്‍ വന്ന് നാല് റക്അത്ത് നമസ്‌കരിച്ച് കിടന്നുറങ്ങി. ശേഷം തിരുമേനി എഴുന്നേറ്റ് നമസ്‌കാരത്തിനായി നിന്നു. ഞാന്‍ ചെന്ന് അദ്ദേഹത്തിന്റെ ഇടതുവശത്ത് നിന്നു. അദ്ദേഹം എന്നെ വലതുവശത്തേക്ക് വലിച്ചു മാറ്റിനിര്‍ത്തി…’ (ബുഖാരി 697). ഇവിടെ നബി(സ) ഒറ്റയ്ക്ക് നമസ്‌കരിക്കുന്ന സന്ദര്‍ഭത്തില്‍ ഇബ്‌നു അബ്ബാസ്(റ) അദ്ദേഹത്തെ പിന്തുടരുകയാണ് ചെയ്തത്. നമസ്‌കാരം ആരംഭിക്കുമ്പോള്‍ നബി(സ)യുടെ ഉദ്ദേശ്യം ഒറ്റയ്ക്ക് നമസ്‌കരിക്കുക എന്നതായിരുന്നുവെങ്കില്‍ ആ നിയ്യത്തില്‍ നിന്നു മാറി, നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുക എന്ന ഉദ്ദേശ്യം തിരുമേനി ഇടയ്ക്കു വെച്ച് സ്വീകരിച്ചതായി നമുക്ക് മനസ്സിലാക്കാം.
ഒറ്റ മഅ്മൂം മാത്രമുള്ള സന്ദര്‍ഭങ്ങളില്‍ അയാള്‍ ഇമാമിന്റെ നേരെ വലതുവശത്തായി ഒരേ വരിയിലാണ് നില്‍ക്കേണ്ടത് എന്ന് ഇമാം ബുഖാരി ഈ ഹദീസു കൊണ്ട് തെളിവ് പിടിക്കുന്നുണ്ട്. അതാണ് സുന്നത്തും. ഉമര്‍(റ) ഉബൈദുല്ലാഹിബ്‌നു അബ്ദുല്ലാഹിബ്‌നു ഉത്ബയെയും ഇബ്‌നു ഉമര്‍(റ) നാഫിഇനെയും ഇപ്രകാരം ഇമാമിന്റെ വരിയില്‍ നിര്‍ത്തിയത് ഇമാം മാലിക് ഉദ്ധരിക്കുന്നുണ്ട് (മുവത്വ 304, 365). എന്നാല്‍ ശാഫിഈ മദ്ഹബ് പ്രകാരം ഇമാമിന്റെ വലതുവശത്ത് അല്‍പം പിറകിലായാണ് ഏക മഅ്മൂം നില്‍ക്കേണ്ടത്.

Back to Top