വൈകാരികതയെ തൊട്ടറിയുന്ന ഹജ്ജ്
മുര്‍ശിദ് പാലത്ത്
മനുഷ്യനെ ആത്മീയവും ശാരീരികവും ഭൗതികവും പാരത്രികവുമായി വളര്‍ത്താനും പോഷിപ്പിക്കാനുമുള്ള ദൈവിക ഔഷധമത്രേ ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍. കേവലം അര്‍ഥരഹിതമായ ചില ചടങ്ങുകള്‍ എന്നതില്‍ കവിഞ്ഞ് മാനവികതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയാണ് ആരാധനാ കര്‍മങ്ങളിലൂടെ അത് ലക്ഷ്യമാക്കുന്നത്. ഇസ്‌ലാം ആവശ്യപ്പെട്ട എല്ലാ ആരാധനാ അനുഷ്ഠാനങ്ങളും ഈ പറഞ്ഞ ലക്ഷ്യങ്ങള്‍ നേടാന്‍ ഉപയുക്തമാണെന്നു കാണാം. അവിടെ ധനം, മാനം, സമയം, അധ്വാനം എന്നിവയൊന്നും പാഴാക്കപ്പെടുന്നില്ല. അങ്ങനെ വല്ല കര്‍മവും ഇസ്‌ലാമിക സമൂഹത്തില്‍ കാണുന്നുണ്ടെങ്കില്‍ അത് പ്രാമാണികമല്ലെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം മനസ്സിലാക്കാന്‍ സാധിക്കും.
ഇസ്‌ലാം നിര്‍ണയിച്ച അടിസ്ഥാന ആരാധനാ കര്‍മങ്ങളില്‍ പെട്ടതാണ് ഹജ്ജ്. ഇന്നത്തെ സുഊദി അറേബ്യയിലെ മക്കാ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന കഅ്ബ എന്ന പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി നടക്കുന്ന, അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ആരാധനാ ചടങ്ങുകളാണ് ഹജ്ജിലുള്ളത്. ഹജ്ജിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. പ്രവാചകന്‍ ഇബ്‌റാഹീം (അബ്രഹാം) ആണ് ഈ ചടങ്ങിന് തുടക്കം കുറിച്ചത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബ എന്ന ദേവാലയത്തിന്റെ പുനര്‍നിര്‍മാണത്തിനു ശേഷം അല്ലാഹു ഇബ്‌റാഹീം നബി(അ)യോട് ഹജ്ജ് വിളംബരം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു:
”ഇബ്രാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രേ). യാതൊരു വസ്തുവിനെയും എന്നോട് നീ പങ്കുചേര്‍ക്കരുതെന്നും, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കു വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ഥിക്കുന്നവര്‍ക്കു വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണമെന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു). (നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തു കയറിയും അവര്‍ നിന്റെയടുത്തു വന്നുകൊള്ളും” (22: 26, 27). ഈ വിളംബരത്തിന്റെ ഉത്തരമായാണ് നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ അവിടേക്കു തീര്‍ഥാടനം ചെയ്തുകൊണ്ടിരിക്കുന്നത്. ഒരേസമയം ഇത്രയേറെ ഭൂപ്രദേശങ്ങളില്‍ നിന്നുള്ള ലക്ഷോപലക്ഷം ആളുകള്‍ ഒത്തുകൂടുന്ന മനുഷ്യ സംഗമം വേറെയില്ല.
സര്‍വ പാപമോചനവും സ്വര്‍ഗപ്രവേശവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഈ ആരാധന, ആരാധ്യനെ തൊട്ടറിയാനുള്ള മനുഷ്യന്റെ പ്രകൃതിപരമായ ത്വരയെ അടക്കാനുള്ള കാല്‍പനികത കൂടിയാണ്. കഅ്ബ ദൈവമല്ല എന്നതുപോലെ അതിനകത്തോ പുറത്തോ ദൈവമോ ദൈവരൂപമോ ഇല്ല. ഹജ്ജിന്റെ കര്‍മസ്ഥാനങ്ങളിലൊന്നും ദൈവരൂപമില്ല. എന്നാല്‍ പൂജിക്കാനും ആരാധിക്കാനുമല്ലാതെ നോക്കിയും കണ്ടും ആദരിക്കാനായി ചില ഇടങ്ങള്‍ സൃഷ്ടിക്കുക വഴി, ദൈവത്തിന് രൂപം കല്‍പിച്ച് പ്രതിമയും ചിത്രവുമായി പ്രതിഷ്ഠിക്കുക പാടില്ലെന്ന സന്ദേശം കൂടി നല്‍കുകയാണ് ഹജ്ജ്.
ഹജ്ജും സ്വീകാര്യമാകണമെങ്കില്‍ മറ്റെല്ലാ ആരാധനാ കര്‍മങ്ങളെയും പോലെത്തന്നെ ഹാജിയുടെ മനസ്സ് ശുദ്ധമാകണം. അതിന് ഉപയോഗിക്കുന്ന പണമടക്കം എല്ലാം ശുദ്ധവും നല്ലതുമായിരിക്കണം. നാടൊട്ടുക്കും നടന്ന് യാത്ര പറഞ്ഞും യാത്രയയപ്പ് വാങ്ങിയും ക്ഷീണിച്ചതുകൊണ്ടോ ഹജ്ജ് ചോറ് ഉഷാറാക്കിയതുകൊണ്ടോ ഹജ്ജ് മഖ്ബൂലാകുന്നില്ല. ‘അല്ലാഹുവേ, നീയാണ് ഏറ്റവും വലിയവന്‍’ എന്ന് ഉരുവിട്ടും അവന് ഉത്തരം നല്‍കിയും, എനിക്ക് അല്ലാഹു മതി എന്നു പ്രഖ്യാപിച്ചും ഏറ്റവും പ്രിയപ്പെട്ടതെന്തും ബലിയായി നല്‍കാന്‍ സന്നദ്ധത കാണിച്ചും ‘നീ സ്വീകരിക്കേണമേ’ എന്ന് അവനോട് വിനയത്തോടെ യാചിച്ചും നേടേണ്ടതാണ് അത്.
ഞാന്‍, എന്റെ തുടങ്ങിയ അഹങ്കാര സംജ്ഞകളെല്ലാം കുടഞ്ഞെറിഞ്ഞ്, സര്‍വൈശ്വര്യവാനായ നാഥാ, നീ പറഞ്ഞതുപോലെ പറഞ്ഞിടത്ത് നടക്കാം, ഓടാം, ഉടുക്കാം, കിടക്കാം, ഉറങ്ങാം, ഉണരാം തുടങ്ങി ജീവിതത്തിന്റെ സര്‍വ മേഖലയിലും നിന്നെ ആമൂലാഗ്രം അനുസരിക്കാം എന്ന് മനസ്സും ശരീരവും കൊണ്ട് കാണിച്ചുകൊടുക്കലും സാക്ഷ്യപ്പെടുത്തലുമാണ് ഹജ്ജ് പുണ്യകരമാകാനുള്ള (മബ്‌റൂര്‍) മാനദണ്ഡം.
ഹജ്ജിന്റെ ഏറ്റവും മനോഹരമായ ബാഹ്യഗുണം ഏകമാനവികതയാണ്. മുഹമ്മദ് നബി(സ)യുടെ ഹജ്ജിന്റെ ആത്മാവായത് അറഫയില്‍ അദ്ദേഹം നടത്തിയതും പില്‍ക്കാലത്ത് മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ മാതാവായി ചരിത്രം രേഖപ്പെടുത്തിയതുമായ പ്രഭാഷണമായിരുന്നല്ലോ. വികസിത-വികസ്വര-ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ഭരണാധികാരിയും ഭരണീയരുമായവര്‍, സമ്പന്നനും ദരിദ്രനുമായവന്‍, അറിവും കുലവും കഴിവും കൊണ്ട് ഇരു ധ്രുവങ്ങളിലുള്ളവര്‍… എല്ലാവര്‍ക്കും ഒരേ വേഷം, ഭാഷ, ആരാധനാ കര്‍മങ്ങള്‍, ഉറക്കപ്പാടം. മണ്‍മൂലകങ്ങളെല്ലാം ഒന്നായ മനുഷ്യനെ ഒരൊറ്റ ഏകകമായി കാണാനുള്ള ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയുന്ന മറ്റേത് ആരാധനയുണ്ട് ലോകത്ത്?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും വര്‍ക് ഫ്രം ഹോമുമായി ദര്‍ശനവും സ്പര്‍ശനവും സന്ദേശവുമെല്ലാം വെര്‍ച്വല്‍ റിയാലിറ്റിയിലേക്ക് ചുരുങ്ങിയ കാലത്ത് ‘അയാം നോട്ട് എ റോബോട്ട്’ എന്നു പ്രഖ്യാപിച്ച് മാനുഷിക വൈകാരികതയെ തൊട്ടറിയുന്ന ഹജ്ജ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹജീവികളെ കാണാനും അറിയാനും അവസരമുണ്ടാക്കുന്നു. ദേശ-ഭാഷ-വര്‍ണ വൈജാത്യങ്ങള്‍ക്ക് അതീതമായി മനുഷ്യനെ സഹോദരനായി കാണാനും അവരുടെയെല്ലാം ശേഷികളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കാനും ദൈവിക നീതിയുടെ മഹത്വം അറിയാനും സാഹചര്യം സൃഷ്ടിക്കുന്നു.
അല്ലാഹുവിനു വേണ്ടി അഞ്ചു പൈസ കാണിക്കയിടേണ്ടതില്ലാത്ത ഹജ്ജ് ഹാജിമാര്‍ക്കിടയില്‍ പോലും ക്രയവിക്രയങ്ങള്‍ അനുവദിക്കുക വഴി മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ചാലകമായ സമ്പത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയാണ്. അത് നേടുന്നത് പാപമല്ല പുണ്യമാണെന്നും ആരാധനകള്‍ പോലും അതിന് തടസ്സമാകേണ്ടതില്ലെന്നും ദൈവത്തിന് ദ്രവ്യങ്ങള്‍ നേര്‍ച്ചയാക്കേണ്ടതില്ലെന്നും മതത്തിന്റെ പേരില്‍ പണം പിടുങ്ങി ജീവിക്കാന്‍ ആരെയും അനുവദിക്കരുതെന്നുമെല്ലാമുള്ള മഹത്തായ പാഠങ്ങള്‍ ഇവിടെ കാണാം.
ദുല്‍ഹജ്ജ് എട്ടിന് എല്ലാ സ്വാര്‍ഥതകളും നീക്കിവെച്ച് പങ്കുവെപ്പിന്റെയും പരമ ലാളിത്യത്തിന്റെയും പാഠങ്ങളുമായി മിനായിലെ തമ്പിലോ തെരുവോരത്തോ ദൈവസ്‌തോത്ര കീര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടുന്നു. ഒമ്പതിന് പ്രഭാതം മുതല്‍ ലോക മനുഷ്യപ്രതിനിധികളായ ജനലക്ഷങ്ങളോടൊപ്പം അറഫാ കുടുംബമേളയില്‍ ചേര്‍ന്നുനിന്ന് വൈകീട്ട് മുസ്ദലിഫ മരുഭൂമിയില്‍ ആകാശം മേല്‍ക്കൂരയാക്കി കിടന്നുറങ്ങുന്നു.
10നു മിനായിലെത്തി ജംറയില്‍ മനസ്സിലെ പിശാചിനെതിരെ കല്ലെറിഞ്ഞ് സര്‍വ സമര്‍പ്പണത്തിന്റെ ഇബ്‌റാഹീമീ മാതൃകയില്‍ ബലിയറുത്ത് മുടിയെടുത്ത് കഅ്ബ ചുറ്റി പ്രാര്‍ഥിച്ച് സഫ-മര്‍വകള്‍ക്കിടയില്‍ നടന്നു തേടി ഇഹ്‌റാമിന്റെ വിലക്കുകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ വസ്ത്രം മാറുന്നു. ഇനി രണ്ടോ മൂന്നോ ദിനം ജംറകളിലെ കല്ലേറുമായി മിനായില്‍ താമസിക്കുന്നു. ശേഷം കഅ്ബ ത്വവാഫ് ചെയ്ത് പാപരഹിതനായ പുതിയ കുഞ്ഞായി ജനിക്കുന്ന സംസ്‌കരണ പരിശീലനമാണ് ഹജ്ജ്. അതോടെ ഹാജി നാമം മാറുകയായി. ഇനി ഹജ്ജിലൂടെ നേടാന്‍ ആഗ്രഹിച്ച ആ പരിശുദ്ധിയില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനം.