വടകരയില്‍ പുകയുന്ന കാഫിറും ഇസ്‌ലാമിലെ കാഫിറും
ഖലീലുറഹ്‌മാന്‍ മുട്ടില്‍
തിരഞ്ഞെടുപ്പാനന്തരം ആഴ്ചകള്‍ പിന്നിട്ടിട്ടും വടകരയില്‍ കാഫിര്‍ പ്രയോഗം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ആ കനല്‍ കെടുത്താന്‍ പര്യാപ്തമായ മഴ ഇതുവരെ പെയ്തിറങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് കാഫിര്‍ പ്രയോഗം ക്രമസമാധാനപ്രശ്‌നമുണ്ടാക്കുമോ എന്ന ആശങ്ക നിയമപാലകര്‍ക്കിടയില്‍ പോലും നിലനില്‍ക്കുന്നുണ്ട്.
ഇസ്‌ലാമിലെ സാങ്കേതിക പദങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭീകരരായി ചിത്രീകരിക്കുകയും ഇതര മതസ്ഥര്‍ക്കിടയില്‍ ഒരുതരം ഭീതി പരത്തുകയും അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യുകയും ചെയ്യുന്നത് പതിവു കാഴ്ചയാണ്. ജിഹാദ്, കാഫിര്‍ തുടങ്ങിയ വാക്കുകള്‍ ഇതിന് ഉദാഹരണമത്രേ.
വടകരയുടെ പശ്ചാത്തലത്തില്‍ കാഫിര്‍ എന്ന വാക്കിന്റെ അര്‍ഥതലങ്ങള്‍ പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ഇസ്‌ലാമിക പ്രമാണങ്ങള്‍ വിശിഷ്യാ ഖുര്‍ആന്‍, കാഫിര്‍ എന്ന വാക്ക് ഉപയോഗിച്ച വിശാലാര്‍ഥത്തിലേക്ക് മുസ്‌ലിം സമുദായം പോലും ഉയര്‍ന്നിട്ടില്ലെന്ന് കാണാന്‍ കഴിയും. മഹാ ഭൂരിപക്ഷവും കരുതുന്നത് അമുസ്‌ലിംകള്‍ക്ക് പറയുന്ന മറ്റൊരു പേരാണ് കാഫിര്‍ എന്നാണ്. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ അമുസ്‌ലിംകളെ കുറിക്കാന്‍ കാഫിര്‍ എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നതാണ് വസ്തുത. സത്യം ബോധ്യമായിട്ടും അത് നിഷേധിക്കുന്നവരെ കുറിക്കാനാണ് കാഫിര്‍ എന്ന പദം ഖുര്‍ആന്‍ ഉപയോഗിച്ചത്.
കര്‍ഷകനും കാഫിര്‍
കഫറ എന്ന ക്രിയയില്‍ നിന്നാണ് കാഫിര്‍ എന്ന നാമപദം നിഷ്പന്നമായത്. മറച്ചുവെക്കുക, മൂടിവെക്കുക എന്നൊക്കെയാണ് കഫറയുടെ അര്‍ഥം. അപ്പോള്‍ കാഫിര്‍ എന്നാല്‍ മറച്ചുവെക്കുന്നവന്‍, മൂടിവെക്കുന്നവന്‍ എന്നാണ് വിവക്ഷ. കര്‍ഷകന് അറബി ഭാഷയില്‍ കാഫിര്‍ എന്നു പ്രയോഗിക്കാറുണ്ട്. ഖുര്‍ആനിലും ഈ പ്രയോഗം കാണാം (57:20). വിത്ത് മണ്ണില്‍ മറച്ചുവെക്കുന്നതുകൊണ്ടാണ് കര്‍ഷകന് കാഫിര്‍ എന്ന പേര് ലഭിച്ചത്.
ഇതുപോലെ പകല്‍വെളിച്ചം കണക്കെ പ്രശോഭിതമായ അനിഷേധ്യ സത്യങ്ങളെ നിഷേധിക്കാന്‍ വേണ്ടി മാത്രം മറച്ചുവെക്കുന്നവര്‍ക്കാണ് കാഫിറെന്ന സാങ്കേതിക പദം ഇസ്‌ലാം പ്രയോഗിച്ചിരിക്കുന്നതെന്ന് കാണാന്‍ കഴിയും. ദൈവത്തിന്റെ അസ്തിത്വം, മരണാനന്തര ജീവിതം, മനുഷ്യര്‍ക്ക് സന്മാര്‍ഗ ദര്‍ശനം നല്‍കുന്ന പ്രവാചകന്മാര്‍, വേദഗ്രന്ഥങ്ങള്‍, മനുഷ്യന് നിയന്ത്രണവിധേയമല്ലാത്ത വിധികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത അനിഷേധ്യ സത്യമാണ്. എന്നിട്ടും അവയെ നിഷേധിക്കാന്‍ ഒരുമ്പെടുന്നതുകൊണ്ടാണ് സത്യനിഷേധി എന്ന അര്‍ഥത്തിലുള്ള കാഫിര്‍ എന്ന വാക്ക് ഇസ്‌ലാം ഉപയോഗിച്ചിരിക്കുന്നത്.
കാഫിര്‍ ജാതിപ്പേരല്ല
മുസ്‌ലിം പൊതുജനവും അമുസ്‌ലിംകളും കരുതുന്നതുപോലെ കാഫിര്‍ എന്ന പദം അമുസ്‌ലിംകളെ അഭിസംബോധന ചെയ്യാനുള്ള ഒരു ജാതിപ്പേരല്ല. 59 സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ കഫറയും അനുബന്ധ പദങ്ങളും കാണാന്‍ കഴിയും. 136 പ്രാവശ്യം കാഫിര്‍ എന്ന വാക്ക് നേരിട്ടു തന്നെ ഉപയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ അതൊന്നും അവിശ്വാസികളായ ഇതര മതസ്ഥരെ കുറിക്കാനുള്ളതല്ല. സത്യത്തെ ബോധപൂര്‍വം നിഷേധിച്ചവരെ സൂചിപ്പിക്കാനുള്ളതാണ്. കാഫിര്‍ എന്ന വാക്കിനെ സൂക്ഷ്മതലത്തില്‍ ഇഴ കീറി പരിശോധിക്കുകയാണെങ്കില്‍ അവിശ്വാസി എന്ന അര്‍ഥത്തേക്കാള്‍ സത്യനിഷേധി എന്ന അര്‍ഥമാണ് അതിന് കൂടുതല്‍ അനുയോജ്യമായത്.
അഞ്ച് അര്‍ഥതലങ്ങളില്‍ ഖുര്‍ആനില്‍ കാഫിര്‍ എന്ന പദം ഉപയോഗിച്ചതായി ഖുര്‍ആന്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദൈവത്തിന്റെ ഏകത്വത്തെ നിഷേധിക്കല്‍ (3:80), അനുഗ്രഹങ്ങളെ നിഷേധിക്കല്‍ (2:182), പരസ്പരം ഒഴിഞ്ഞുമാറല്‍ (29:25), നിഷേധം (2:89), മറച്ചുവെക്കല്‍ (57:20) എന്നിവയാണവ.
മുസ്‌ലിംകളിലും
കാഫിര്‍
ഇസ്‌ലാമിനെ കുറിച്ച് അറിഞ്ഞ ശേഷം അതിനോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതിനെയാണ് കാഫിര്‍ പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ കേരളീയ മുസ്‌ലിം സമൂഹത്തില്‍ നിന്നുള്ളവരും ഈ ഗണത്തില്‍ ഉള്‍പ്പെടും. ഇവിടത്തെ ഭൂരിപക്ഷ അമുസ്‌ലിം സഹോദരങ്ങളും ഇസ്‌ലാമിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. അവര്‍ക്ക് അറിയുന്ന ഇസ്‌ലാമാകട്ടെ തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമാണ്.
എന്നാല്‍ ഇസ്‌ലാമിനെക്കുറിച്ച് മദ്‌റസാ വിദ്യാഭ്യാസം, പള്ളി മിമ്പറുകള്‍, മതപ്രബോധന സദസ്സുകള്‍ തുടങ്ങിയ വേദികളില്‍ നിന്നെല്ലാം മനസ്സിലാക്കിയവരാണ് മുസ്‌ലിംകള്‍. എന്നിട്ടും അവരില്‍ എത്രയോ പേര്‍ ഇസ്‌ലാമുമായി ഒരു പുലബന്ധവുമില്ലാത്ത ജീവിതം നയിക്കുന്നവരാണ്. ഒട്ടും നമസ്‌കരിക്കാത്തവരും പെരുന്നാളിന് മാത്രം പള്ളിയില്‍ പോകുന്നവരും മതനിരാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരും സാമൂഹികവിരുദ്ധരും അവരിലുണ്ട്. ഇവരെയൊന്നും കാഫിര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താതെ മുസ്‌ലിം എന്ന ഗണത്തിലാണ് സമൂഹം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നത് ഒരു വിരോധാഭാസമാണ്.
അറബിയില്‍ പേരുള്ളവരൊക്കെ മുസ്‌ലിംകളാണെന്നും അല്ലാത്തവര്‍ കാഫിറാണെന്നുമുള്ള ധാരണയും ഇസ്‌ലാമിനെ ചോദ്യം ചെയ്യുന്നതാണ്. മുസ്‌ലിം മാതാപിതാക്കള്‍ക്ക് പിറന്ന എത്രയോ അബൂബക്കര്‍മാരും അബ്ദുല്ലമാരും അബ്ദുറഹ്‌മാന്‍മാരും കാഫിറിന്റെ കൂട്ടത്തിലാണെന്നതാണ് വസ്തുത. അറബിയില്‍ പേരുണ്ടാവുക എന്നത് ഇസ്‌ലാമിക വൃത്തത്തില്‍ പ്രവേശിക്കാനുള്ള മാനദണ്ഡമല്ല. അങ്ങനെയാണെങ്കില്‍ അബൂജഹലും അബൂലഹബും അബൂത്വാലിബുമൊക്കെ മുസ്‌ലിംകളാണെന്ന് പറയേണ്ടിവരും.
അമുസ്‌ലിംകളെ
എന്തു വിളിക്കണം?
വിശുദ്ധ ഖുര്‍ആന്‍ അവിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ കാഫിര്‍ എന്ന വാക്ക് ഉപയോഗിക്കാറില്ല. യാ അയ്യുഹന്നാസ് (ജനങ്ങളേ), യാ അഹ്‌ലല്‍ കിതാബ് (വേദക്കാരേ) എന്നീ അഭിസംബോധനകളാണ് സ്വീകരിച്ചത്. രണ്ടിടങ്ങളില്‍ മാത്രമാണ് കാഫിറുകളേ എന്നു വിളിക്കുന്നത്.
ഒന്ന്: മക്കയിലെ പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഖുറൈശികള്‍ അടക്കം ആകൃഷ്ടരാകുന്നതില്‍ വിറളിപൂണ്ട സത്യനിഷേധികള്‍ ഒരിക്കല്‍ അദ്ദേഹവുമായി വിലപേശലിനു മുതിര്‍ന്നു. ”മുഹമ്മദ്, നാട്ടില്‍ കുഴപ്പമൊന്നുമില്ലാതിരിക്കാന്‍ നമുക്ക് രണ്ടു കൂട്ടര്‍ക്കും നമ്മുടെ ദൈവങ്ങളെ മാറിമാറി ആരാധിക്കാം എന്നതായിരുന്നു അതിലെ ഉള്ളടക്കം. ഒരു വര്‍ഷം നീ ഞങ്ങളുടെ ദൈവങ്ങളെ ആരാധിക്കുക. അടുത്ത വര്‍ഷം ഞങ്ങള്‍ നിന്റെ ദൈവത്തെയും ആരാധിക്കാം” (ത്വബ്‌രി).
ഇത് ഇസ്‌ലാമിന്റെ ഏകദൈവാരാധനയെന്ന അടിത്തറ പിളര്‍ത്താനുള്ള അനുരഞ്ജന ശ്രമമാണെന്ന് മനസ്സിലാക്കിക്കൊണ്ട് ആദര്‍ശത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രം കാഫിറുകളേ (സത്യനിഷേധികളേ) എന്ന് മുഖത്ത് നോക്കി വിളിച്ചുകൊണ്ട് അവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു: ”നീ പറയുക: അല്ലയോ സത്യനിഷേധികളേ, നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍. ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല. നിങ്ങള്‍ ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരുമല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം” (109:16).
രണ്ട്: പരലോക ജീവിതത്തില്‍ സത്യനിഷേധികള്‍ക്ക് ലഭിച്ചിരിക്കുന്ന കടുത്ത ശിക്ഷ അവരുടെ പ്രവര്‍ത്തനഫലം മാത്രമാണെന്നും ഇന്ന് അതിനെക്കുറിച്ച് വിലപിച്ചിട്ട് കാര്യമില്ലെന്ന് ഉണര്‍ത്തുകയും ചെയ്യുമ്പോഴാണ് കാഫിര്‍ എന്നു വിളിച്ചിരിക്കുന്നത് (66:07).
യഥാര്‍ഥത്തില്‍ മുന്‍ വേദങ്ങളുടെ ഉടമകളായ ജൂതന്മാരും ക്രിസ്ത്യാനികളും വേദങ്ങളുടെ അവസാന പതിപ്പായ ഖുര്‍ആനിനെ നിഷേധിക്കുകയായിരുന്നു. അവരെ കാഫിറുകളേ എന്നു വിളിച്ചാല്‍ അതൊട്ടും അപലപനീയമായ കാര്യമല്ല. എന്നിട്ടും അവരിലെ അനുകൂല ഘടകത്തെ (വേദങ്ങളിലുള്ള വിശ്വാസം) കണ്ടെത്തി അഭിസംബോധന ചെയ്യുകയാണ് ഖുര്‍ആന്‍ ചെയ്തത്. ഈ നിലപാട് തന്നെയായിരിക്കണം പ്രബോധിത സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോള്‍ യഥാര്‍ഥ മുസ്‌ലിം സ്വീകരിക്കേണ്ടത്.