2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഉഴൈക്കെ ഒരു ഇനം


‘ഉഴൈക്കെ ഒരു ഇനം, ഉണ്ടു കൊഴുക്കൈ ഒരു ഇനം എന്ന മനുവാദികള്‍ കൊളോച്ചിയ കാലത്തില്‍ എല്ലാര്‍ക്കും എല്ലാം എന്ന സമൂഹനീതി കാക്ക ഉരുവാനത് താന്‍ ദ്രാവിഡ പേരിയക്കം’ (ഉഴുവാന്‍ ഒരു കൂട്ടര്‍, ഉണ്ടുകൊഴുക്കാന്‍ മറ്റൊരു കൂട്ടര്‍ എന്ന അവസ്ഥ നിലനിന്ന മനുവാദികളുടെ കാലത്ത് സമൂഹനീതി കാക്കുവാന്‍ വേണ്ടി ഉണ്ടായതാണ് ദ്രാവിഡ പ്രസ്ഥാനം) എന്ന് തുടങ്ങുന്ന ഒരു സോഷ്യല്‍ മീഡിയ പ്രതികരണം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പോസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പ്രാതല്‍ നല്‍കാനുള്ള തീരുമാനത്തെ ഒരു പത്രം അങ്ങേയറ്റം അധിക്ഷേപകരമായ ഭാഷയിലാണ് പരിഹസിച്ചത്.
തമിഴ്‌നാട്ടിലെ ശൗചാലയങ്ങള്‍ നിറയ്ക്കുന്നതാണ് തീരുമാനത്തിന്റെ പരിണിത ഫലമെന്ന് ആ പത്രം തലക്കെട്ടെഴുതി. അതിനോടുള്ള പ്രതികരണമെന്ന നിലക്കാണ് എം കെ സ്റ്റാലിന്‍ ഇത് പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ മകനും മന്ത്രിസഭാംഗവുമായ ഉദയനിധി സ്റ്റാലിന്‍ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സനാതന ധര്‍മത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നു. സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും അത് ജാതിവ്യവസ്ഥ തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും സ്ത്രീകളെ അടിമകളാക്കുകയാണെന്നും ഉദയനിധി വിശദീകരിച്ചു. സനാതന ധര്‍മത്തെക്കുറിച്ചുള്ള വിമര്‍ശനം പിന്നീട് രാഷ്ടീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി.
ഹിന്ദുത്വത്തിന്റെ ആശയഭൂമികയാണ് സനാതന ധര്‍മം. അതുകൊണ്ട് തന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള ഏത് വിമര്‍ശനത്തെയും വൈകാരികമായാണ് സംഘപരിവാര്‍ കക്ഷികള്‍ സമീപിക്കുക. പലവിധ ശ്രമങ്ങളിലൂടെ തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ വിവാദവും എന്ന് കാണാവുന്നതാണ്. ഹിന്ദുമതത്തിന്റെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളും ചരിത്രവും രാജ്യത്തിനകത്തും പുറത്തും ആഘോഷിക്കപ്പെടുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അതേസമയം, സനാതന ധര്‍മമാണ് തങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് എന്ന് ഹിന്ദുത്വവാദികളും അവകാശപ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തെ ജാതീയമായി വേര്‍തിരിച്ചതിന്റെ സൈദ്ധാന്തിക അടിത്തറ നിലകൊള്ളുന്നത് ഈ സനാതന ധര്‍മത്തിലാണ്.
നൂറ്റാണ്ടുകളായി ഇന്ത്യയെ അലട്ടിയിരുന്ന, ഇന്ന് നിയമം മൂലം നിരോധിക്കപ്പെട്ട വ്യവസ്ഥയാണ് അയിത്തം. വഞ്ചനാപരമായ ഒരു സാമൂഹിക വര്‍ഗീകരണമാണ് അതിലൂടെ പ്രയോഗവത്കരിക്കപ്പെട്ടിരുന്നത്. ജാതി വ്യവസ്ഥയുടെ ഒരു രൂപം മാത്രമാണ് ഈ അയിത്തം. അനേകം ജാത്യാചാരങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നു. അതില്‍ പലതും മാനവിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതായിരുന്നില്ല. ഈ ശ്രേണീകൃതമായ ജാതിവ്യവസ്ഥയെ തൂത്തെറിയണമെന്നാണ് അംബേദ്കറും പെരിയോര്‍ രാമസ്വാമി നായ്ക്കരുമെല്ലാം വാദിച്ചിരുന്നത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍, പഴയ ജാതിവ്യവസ്ഥയിലേക്ക് തിരികെ പോകില്ലെന്ന് ഉറപ്പാക്കാന്‍ അന്നത്തെ സ്വാതന്ത്ര്യസമര സേനാനികള്‍ ശ്രമിച്ചിരുന്നു. ജനാധിപത്യവും സാമൂഹിക നീതിയും ഉദ്‌ഘോഷിക്കുന്ന ഭരണഘടനാ നിര്‍മാണത്തിലൂടെ അത് ഉറപ്പിക്കുകയും ചെയ്തു. പക്ഷെ, നൂറ്റാണ്ടുകളായി തുടരുന്ന ഒരു വ്യവസ്ഥ കേവലം നിയമനിര്‍മാണത്തിലൂടെ മാത്രം ഇല്ലാതാവുകയില്ല. ജാതീയത അതിന്റെ പുതിയ രൂപങ്ങളിലേക്ക് ചേക്കേറി എന്നതാണ് യാഥാര്‍ഥ്യം.
ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ ദാരിദ്ര്യത്തിന്റെ ആവര്‍ത്തനം, ജനാധിപത്യത്തെ തുരങ്കം വെക്കുന്ന ജാതീയത, വിഭവ വിതരണത്തിലുള്ള അസമത്വം, സവര്‍ണ ആചാരങ്ങളോടുള്ള അനുരാഗം, പഴയ കാല ഫ്യൂഡല്‍ ബിംബങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍, ഭരണകൂടം നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളിലെ ജാതീയമായ അസമത്വം തുടങ്ങിയവ ഇന്നും പല വിധത്തില്‍ നടക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ സനാതന ധര്‍മം തിരികെ കൊണ്ടുവരണമെന്ന് ഹിന്ദുത്വവാദികള്‍ രാഷ്ട്രീയ മായി ആവശ്യപ്പെടുമ്പോള്‍, അതില്‍ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമതവിശ്വാസികള്‍ പോലും ഉള്‍പ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയെ ഒരു സവര്‍ണ രാഷ്ട്രമാക്കി മാറ്റുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ഇത്തരമൊരു രാഷ്ട്രീയ ആവശ്യത്തിന് പിന്നിലില്ല. പുരോഗതിയുടെ പാതയിലേക്ക് രാജ്യം നടന്നുതീര്‍ത്ത വഴികളെ ഉപേക്ഷിച്ച്, പിന്തിരിഞ്ഞ് നടക്കണമെന്ന ആവശ്യം ഒട്ടും തന്നെ ധാര്‍മികതയുടെയോ മൂല്യബോധത്തിന്റെയോ അടിസ്ഥാനത്തില്‍ ഉണ്ടാവുന്നതല്ല. മറിച്ച്, അതൊരു രാഷ്ട്രീയമാണ്.
ജാതിവിവേചനങ്ങള്‍ക്ക് അറുതിയുണ്ടാവുന്ന ഒരു സമൂഹത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ രാജ്യത്തിന്റെ പുരോഗതിക്കും ആഗോള പ്രതിച്ഛായക്കും അത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ വിവക്ഷിക്കപ്പെടുന്ന സനാതന ധര്‍മം ഭൂരിപക്ഷം വരുന്ന ഹിന്ദുമതവിശ്വാസികള്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒന്നല്ല എന്നതാണ് യാഥാര്‍ഥ്യം. ജാതീയമായ അസമത്വങ്ങളുടെ ഭീഷണി ഇല്ലാത്ത ഒരു സംസ്‌കാരം ഇവിടെ ഉണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉഴുതുമറിക്കാന്‍ ഒരു കൂട്ടരും തിന്നാന്‍ വേറൊരു കൂട്ടരും എന്ന പൂര്‍വാധുനിക കാലത്തെ സംസ്‌കാരം മറ്റൊരു രൂപത്തില്‍ ഇവിടെ കൊണ്ടുവരാന്‍ ജനാധിപത്യവാദികള്‍ അനുവദിച്ചുകൂടാ.

Back to Top