ഉത്തമമായ ആഘോഷങ്ങള്‍
എം ടി അബ്ദുല്‍ഗഫൂര്‍
അനസുബ്‌നു മാലിക്(റ) പറയുന്നു: നബി(സ) മദീനയിലേക്ക് വന്നപ്പോള്‍ വര്‍ഷത്തില്‍ രണ്ട് ദിവസം അവര്‍ ഉത്സവ ദിവസങ്ങളായി കൊണ്ടാടിയിരുന്നു. അപ്പോള്‍ നബി(സ) ചോദിച്ചു. എന്താണ് ഈ രണ്ട് ദിവസങ്ങള്‍? അവര്‍ പറഞ്ഞു: ജാഹിലിയ്യത്തില്‍ ഞങ്ങള്‍ ഉല്ലാസത്തിനും വിനോദത്തിനുമായി മാറ്റിവെച്ച ദിവസങ്ങളാണിത്. അപ്പോള്‍ നബി തിരുമേനി പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക് ഇതിനേക്കാള്‍ ഉത്തമമായ രണ്ട് ദിവസങ്ങളെ പകരമാക്കി നല്കിയിരിക്കുന്നു. ഈദുല്‍ അദ്ഹയും ഈദുല്‍ഫിത്വ്‌റുമാണവ. (അബൂദാവൂദ്)
മനുഷ്യന്റെ പ്രകൃതിപരമായ എല്ലാ ആവശ്യങ്ങളെയും അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ട് ഇസ്‌ലാം. പ്രകൃതിപരമായ ആവശ്യങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് അതിന് കൃത്യമായ ചിട്ടയും വ്യവസ്ഥയുമുണ്ടാക്കി ജനോപകാരപ്രദമായ തരത്തില്‍ അത് ക്രമീകരിക്കുകയാണ് ഇസ്‌ലാം ചെയ്തത്.
ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യുകയെന്നത് മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. അതിനെയെല്ലാം നന്മയുടെ മാര്‍ഗത്തിലേക്ക് തിരിച്ചുവിടുകയെന്നതാണ് നബി(സ) നിര്‍വഹിച്ച ദൗത്യം. ”(നബിയേ) പറയുക. അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാരവസ്തുക്കളും വിശിഷ്ടമായ ആഹാര പദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്ക് മാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു” (7:32) എന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തില്‍ നിന്നും മനസ്സിലാവുന്നത് അലങ്കാരവും ആനന്ദവും ഒരിക്കലും മതം നിഷിദ്ധമാക്കിയിട്ടില്ല എന്നത്രെ.
അതിരുവിടാത്ത ആഹ്ലാദത്തിനും വിനോദത്തിനുമായി അനുവദിക്കപ്പെട്ട ദിനങ്ങളാകുന്നു പെരുന്നാള്‍ സുദിനങ്ങളെന്ന് ഈ തിരുവചനം വ്യക്തമാക്കുന്നു.
നോമ്പനുഷ്ഠിക്കല്‍ നിഷിദ്ധമായ ഈ ദിനത്തിലെ ആഘോഷങ്ങള്‍ ആരാധനകൊണ്ടാണ് നബി(സ) ആരംഭിച്ചിരുന്നത്. സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തി സാഹോദര്യം കാത്തുസൂക്ഷിച്ച് ഇസ്‌ലാമിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് പെരുന്നാള്‍ ആഘോഷത്തിന്റേതാക്കി മാറ്റുകയാണ് ഈ സുദിനത്തില്‍ വിശ്വാസി.
സന്തോഷം പകുത്തുനല്‍കി സഹകരണത്തിന്റെയും സഹായത്തിന്റെയും വലിയൊരു മേഖലതന്നെ തുറന്നിടുന്നതാണ് പെരുന്നാള്‍. പെരുന്നാളിന്റെ പകലില്‍ ഒരാളും പട്ടിണി കിടക്കരുതെന്ന നിഷ്‌കര്‍ഷയാണ് ഫിത്വ്ര്‍ സകാത്തിലൂടെ യാഥാര്‍ഥ്യമാവുന്നത്. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച് അയല്‍പക്ക ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച് സാഹോദര്യബന്ധങ്ങള്‍ സുദൃഢമാക്കി പെരുന്നാള്‍ ആഘോഷിക്കുകയെന്നത് തിരുനബിയുടെ നടപടിക്രമമത്രെ.