26 Friday
July 2024
2024 July 26
1446 Mouharrem 19

‘ഉത്തമ സമുദായത്തി’ന്റെ വിശ്വാസ വ്യതിയാനം

ശംസുദ്ദീന്‍ പാലക്കോട്‌


മുസ്ലിം സമുദായത്തെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ഉത്തമ സമുദായം (3:110) എന്നാണ്. ജനങ്ങള്‍ക്ക് മാതൃകയും മാര്‍ഗദര്‍ശികളുമായി ജീവിക്കേണ്ടവരാണ് മുസ്ലിംകള്‍ എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു ഖുര്‍ആന്‍ (2:143, 3:110). നന്മ പ്രബോധനം ചെയ്യുക, തിന്മക്കെതിരെ ബോധവല്‍കരണം നടത്തുക, സത്യ ശുദ്ധമായ വിശ്വാസം ഉള്‍ക്കൊള്ളുക എന്നീ ഉത്തരവാദിത്ത നിര്‍വഹണത്തിലൂടെയാണ് ഈ ഉന്നത വിശേഷണത്തിന് മുസ്ലിംകള്‍ അര്‍ഹരാകുക എന്ന സൂചനയും ഖുര്‍ആന്‍ 3:110 ല്‍ നിന്ന് വായിച്ചെടുക്കാം. പൗരോഹിത്യത്തെ ഉപജീവിച്ച് കഴിയേണ്ടി വരികയോ പൗരോഹിത്യ ചൂഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയോ ചെയ്യാതെ ജീവിക്കേണ്ടവരാണ് മുസ്ലിം സമുദായം എന്ന സൂചനയും ഖുര്‍ആന്‍ ഈ ഉത്തമ സമുദായത്തിന് സഗൗരവം തന്നെ പകര്‍ന്നു നല്‍കിയിട്ടുമുണ്ട്.(9:34 കാണുക)
തത്വവും സത്യവും ഇതായിരിക്കെ മുസ്ലിം സമുദായം ഇപ്പോള്‍ എന്തുകൊണ്ട് മന്ത്രവാദികളും ‘ജിന്നു ബാധിതരും’ വിളയാട്ടം നടത്തുന്ന ഒരു സമൂഹമായി മാറി എന്നത് പ്രമാണബദ്ധമായി തന്നെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ആരോപിക്കപ്പെടുന്നത് പോലെ ഈ സമുദായത്തില്‍ മന്ത്രവാദവും ജിന്നു ബാധയും പൗരോഹിത്യ ചൂഷണവും നിലനില്‍ക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. സമീപ കാലത്ത് വന്ന കുറെ പത്ര വാര്‍ത്തകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും ഉത്തമ സമുദായത്തില്‍ മന്ത്രവാദികളുടെയും പൗരോഹിത്യത്തിന്റെയും വിളയാട്ടം എത്ര ഭീകരവും ബീഭത്സവുമാണെന്നറിയാന്‍. വിശദാംശം ഒഴിവാക്കി ചില സൂചനകള്‍ മാത്രം ഉദാഹരണമായി താഴെ കൊടുക്കാം:

കാല് മുറിച്ച അന്ധവിശ്വാസം!
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍വാടിയിലെ ഒരു ദര്‍ഗയില്‍ നടന്ന സംഭവം. മലപ്പുറത്തുകാരനായ ഒരു അബ്ദുറഹിമാന്‍ ഇവിടെ ‘ആത്മിയ ചികിത്സ’ക്കെത്തുകയും രോഗം മാറ്റുന്നതിന്റെ ഭാഗമായി ദര്‍ഗയിലെ കിങ്കരന്മാര്‍ അയാളെ ചങ്ങലയില്‍ കെട്ടിയിടുകയും കാലിലെ ചങ്ങലക്കുടുക്കില്‍ ഞരുങ്ങി കാല്‍ വ്രണിതമാവുകയും ഒടുവില്‍ കാല്‍ മുറിച്ചു മാറ്റപ്പെടുകയും ചെയ്തത് വാര്‍ത്തയായിട്ടുണ്ട്. രോഗം മാറിയതുമില്ല, കാല്‍ നഷ്ടപ്പെടുകയും ചെയ്തു എന്നതായിരുന്നു ദര്‍ഗയിലെ ആത്മീയ ചികിത്സയുടെ ബാക്കിപത്രം. കാല് മുറിക്കുന്ന അന്ധവിശ്വാസം എന്ന പേരില്‍ ഇതിനെതിരെ അക്കാലത്ത് സ്റ്റേജിലും പേജിലും ജന രോഷമുയരുകയും ചെയ്തിരുന്നു.

കണ്ണ് ചൂഴ്ന്ന ‘ചികിത്സ’!
ഇടുക്കിയിലെ റഹ്മത്ത് കുട്ടി എന്ന പിഞ്ചു ബാലനെ മന്ത്രവാദ ചികിത്സ നടത്തി ഒരു സിദ്ധ വാദി കുട്ടിയുടെ കണ്ണു ചൂഴ്ന്നും വയര്‍ കുത്തിക്കീറിയും ദാരുണമായി കൊലപ്പെടുത്തിയ കാര്യം പത്രത്തില്‍ വായിച്ചത് പലരും മറന്നിട്ടുണ്ടാവില്ല.

ജിന്ന് ബീവിയുടെ കഥ
മാഹിക്കടുത്ത് ഒരു ‘ജിന്ന് ബീവി’യുണ്ടായിരുന്നു. അവള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. എന്നാലും സന്താന സൗഭാഗ്യത്തിനും കളഞ്ഞു പോയ മാലയും വളയും മറ്റും കണ്ട് കിട്ടാനും ബീവിയെ സമീപിച്ചാല്‍ മതി എന്ന് വിശ്വസിപ്പിച്ച് അവള്‍ മരണപ്പെടുന്നത് വരെയും അന്ധവിശ്വാസികളായ പാമര ജനത്തെ ബിവിയുടെ സവിധത്തിലേക്ക് തെളിച്ചു കൊണ്ടു പോവുകയും ചില പേരു കേട്ട പുരോഹിതന്മാര്‍ തന്നെ ബീവിയുടെ സിദ്ധി വിശേഷം വഅദ് പറഞ്ഞ് പൊലിപ്പിച്ച് ഈ ചൂഷണത്തിന് മതകീയ നേതൃത്വം കൊടുക്കുകയും ചെയ്ത കാര്യം തലശ്ശേരി, മാഹി, വടകര ഭാഗത്തുള്ളവരെങ്കിലും മറന്നിരിക്കാന്‍ സാധ്യതയില്ല.

അതും ഒരു കറാമത്ത്!
മുമ്പൊരിക്കല്‍ ഒരു നബീസ ‘ജിന്ന് ബീവി’യായപ്പോള്‍ നിരവധി യുവാക്കളോടൊപ്പം ഊരുചുറ്റല്‍ പതിവാക്കുകയും അതിലൊരുത്തനെ കല്യാണം കഴിക്കുകയും അഞ്ച് മാസം തികയും മുമ്പ് ‘ജിന്ന് ബീവി’ പ്രസവിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. അപ്പോഴും ചില പുരോഹിതന്മാര്‍ അതിനെ ന്യായീകരിച്ചു, അത് ജിന്ന് ബീവിയുടെ ‘കറാമത്താ’ണെന്ന്!
സന്താന സൗഭാഗ്യത്തിന് അന്ധവിശ്വാസികള്‍ക്കിടയില്‍ ജീവിച്ച ഒരു അബൂബക്കര്‍ ഹാജിയുടെ കഥ മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അഥവാ കല്യാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും സന്താന സൗഭാഗ്യമണയാത്ത ഹാജി ദര്‍ഗകളും മഹാന്മാരെന്ന് കരുതപ്പെടുന്നവരുടെ മൃതകുടീരങ്ങളും സമൃദ്ധമായി സന്ദര്‍ശിച്ച് സങ്കടമുണര്‍ത്തിച്ചെങ്കിലും സന്താനമുണ്ടായില്ല. അങ്ങനെയാണയാള്‍ ഒരു കൂട്ടുകാരന്റെ ഉപദേശം സ്വീകരിച്ച് ഇതേ ആവശ്യാര്‍ഥം ശബരിമല അയ്യപ്പനെ വിളിച്ചു തേടിയത്. അത് കഴിഞ്ഞ് അയാള്‍ക്ക് കുട്ടി ജനിച്ചു. അബൂബക്കര്‍ ഹാജി ഇസ്ലാമില്‍ നിന്ന് പുറത്ത് പോയി എന്ന മുറവിളിയും പുരോഹിത പക്ഷത്തു നിന്നുണ്ടായി. അബൂബക്കര്‍ ഹാജി പക്ഷെ കുലുങ്ങിയില്ല. കാരണം തെറ്റാണെങ്കില്‍ ആ വിളിയും (ദര്‍ഗയിലുള്ളവരെ വിളിച്ചത്) ഈ വിളിയും (അയ്യപ്പനെ വിളിച്ചത്) രണ്ടും തെറ്റാവണം. ആ വിളി ശരിയെങ്കില്‍ ഈ വിളിയും ശരി തന്നെ, ഇതായിരുന്നു ഹാജിയുടെ യുക്തിബോധ്യം. ഈ ബോധ്യത്തിന്റെയും ചോദ്യത്തിന്റെയും മുമ്പില്‍ പുരോഹിതന്മാര്‍ക്കുത്തരമില്ലായിരുന്നു. തനിക്ക് കുട്ടിയെ തന്നത് പ്രപഞ്ചനാഥനോ ശബരിമല അയ്യപ്പനോ എന്ന ചോദ്യത്തിന് ഹാജിയും മറുപടി പറയാന്‍ കഴിയാതെ കുഴങ്ങി!

ജിന്നാണ്! അടിച്ചിറക്കണം.
മലപ്പുറം മുണ്ടേങ്ങര സ്വദേശിനിയായ ഒരു യുവതിയെ അവള്‍ക്ക് ജിന്നു ബാധയുണ്ടെന്ന് പറഞ്ഞ് ഒരു നവയാഥാസ്ഥിതിക മൗലവി ‘അടിച്ചിറക്കല്‍’ ചികിത്സ നടത്തിയത് വന്‍ കോലാഹലം സൃഷ്ടിക്കുകയും കേരള ശബ്ദം പോലെയുള്ള വാര്‍ത്താ വാരികയില്‍ ഇത് സവിസ്തരം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തത് പലരും ഓര്‍ക്കുന്നുണ്ടാകും.

അടിച്ചു കൊല്ലുന്ന മന്ത്രവാദം!
മുപ്പത്തഞ്ച്കാരിയായ ഒരു നഫീസത്ത് ബീവിയെ അബ്ദുല്‍ ഹമീദ് തങ്ങള്‍ എന്ന മന്ത്രവാദി അടിച്ചു കൊന്ന കാര്യം പത്രത്തില്‍ വായിച്ചത് നമുക്ക് മറക്കാന്‍ കഴിയുന്നതാണോ? അന്ധവിശ്വാസികളായ മാതാപിതാക്കളുടെ അറിവോടെയും മൗനാനുവാദത്തോടെയുമാണ് ഈ ക്രൂരത അരങ്ങേറിയത്!

പിശാചിന്റെ കുട്ടി!
2006 ല്‍ കാവനൂരില്‍ നടന്ന ഒരു മന്ത്രവാദ ക്രൂരത അന്നത്തെ പത്രങ്ങളില്‍ വന്നതിന്റെ ചുരുക്കമിങ്ങനെ: അബ്ദുറഹിമാന്‍ എന്ന് പേരുള്ള ഒരു അന്ധവിശ്വാസിയുടെ ഇരുപത്കാരിയായ മകള്‍ എട്ടു മാസം ഗര്‍ഭിണിയായിരിക്കെ സക്കീനാ ബിവി എന്ന പേരില്‍ അറിയപ്പെട്ട ഒരു ജിന്നു ബീവി (മന്ത്രവാദിയുടെ മറ്റൊരു വകഭേദം!)യുടെ സവിധത്തിലെത്തിച്ചു. മന്ത്രവാദി ഗര്‍ഭിണിയെ പരിശോധിച്ചു, ഒരു മഹാത്ഭുത വാര്‍ത്ത അറിയിച്ചു. അഥവാ യുവതിയുടെ വയറ്റില്‍ വളരുന്നത് ശിരസ്സില്‍ രണ്ട് ചുകന്ന പൂക്കളുള്ള പിശാചിന്റെ കുട്ടിയാണത്രെ! ചികിത്സിക്കാതെ തരമില്ലത്രെ. ജിന്ന് ബീവി മന്ത്രവാദവും അടി ചികിത്സയുമൊക്കെയായി മുന്നേറിയപ്പോള്‍ ഗര്‍ഭിണി മരണ വെപ്രാളത്തിലായി. അവള്‍ രക്തത്തില്‍ കുളിച്ചു, നാട്ടുകാര്‍ ഓടിക്കൂടി. സക്കീന എന്ന ആ മന്ത്രവാദി, ജിന്ന്‌വാദി പെണ്ണിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

കുപ്പിയിലിറങ്ങുന്ന ബാധ!
2014ല്‍ സിറാജുദ്ദീന്‍ മുസ്ല്യാര്‍ എന്ന മന്ത്രവാദി ഹസീന എന്ന യുവതിയെ ‘മന്ത്രവാദ ചികിത്സ’ നടത്തി കൊന്നത് എങ്ങനെയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത വാര്‍ത്താ വരികളിലൂടെ തന്നെ ഉദ്ധരിക്കട്ടെ:
‘യുവതിയെ തറയില്‍ കമിഴ്ത്തിക്കിടത്തിയ ശേഷം ഇരു കൈകളും പിന്നിലേക്ക് കൂട്ടിപ്പിടിച്ചു. മന്ത്രവാദി തന്റെ കാല്‍ മുട്ട് മടക്കി യുവതിയുടെ നട്ടെല്ലില്‍ അമര്‍ത്തി വെച്ച് മുതുകില്‍ ഇരുന്ന ശേഷം തലമുടിക്ക് കുത്തിപ്പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി. മൂക്കിന് മുന്നില്‍ കുപ്പി വെച്ച് അതില്‍ ഊതാന്‍ നിര്‍ദ്ദേശിച്ചു. ഉച്ചത്തില്‍ ശ്വാസം വിടാന്‍ വേണ്ടി കത്തികൊണ്ട് ശരീരത്തില്‍ കുത്തുകയും പലവിധത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. ബാധ പുറത്തേക്ക് വന്നിട്ടില്ലെന്ന് പറഞ്ഞ് പലവട്ടം ഇതാവര്‍ത്തിച്ചു. മര്‍ദ്ദനം മൂലം യുവതിയുടെ നട്ടെല്ലൊടിഞ്ഞു. നട്ടെല്ലിനും മഹാധമനിക്കും മാരകമായി മുറിവേറ്റ് രക്തം വാര്‍ന്ന് വയറ്റില്‍ നിറഞ്ഞു. ഇതാണ് യുവതി മരിക്കാനുണ്ടായ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്.’ (മാതൃഭൂമി- 18/7/2014)

മന്ത്രവാദ ഭീകരത
2014ല്‍ ഫര്‍സാന എന്ന 20 കാരി മന്ത്രവാദ ചികിത്സയില്‍ മരണപ്പെട്ട വാര്‍ത്ത ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ:
‘ഭര്‍ത്താവിന്റെ എടപ്പാള്‍ കാലടി മൂര്‍ച്ചിറയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടു പോയി മന്ത്രവാദ ചികിത്സ തുടങ്ങുകയായിരുന്നു എന്നും ഇതിനിടെയാണ് മരിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. ശരീരത്തില്‍ ജിന്ന് കയറിയിട്ടുണ്ടെന്നും അത് കൊണ്ട് മന്ത്രവാദ ചികിത്സ മാത്രമാണ് പ്രതിവിധിയെന്നുമാണ് യുവതിയെ വിശ്വസിപ്പിച്ചിരുന്നതത്രെ. സംശയത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ വെള്ളിയാഴ്ച്ച വൈകിട്ട് ചികിത്സ നടക്കുന്ന വീട്ടിലെത്തുമ്പോള്‍ ഫര്‍സാനക്ക് ബോധമുണ്ടായിരുന്നില്ല. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു.’ (ദേശാഭിമാനി 10/8/2014)

ചികിത്സ വേണ്ട, ഊത്ത് മതി!
ഏറ്റവുമൊടുവില്‍ കണ്ണൂര്‍ സിറ്റിയില്‍ പതിനൊന്നുകാരി ഫാത്വിമ മരണപ്പെട്ടതും മന്ത്രവാദ വിവാദത്തില്‍ സജീവ വാര്‍ത്തയാവുകയും മന്ത്രവാദം നടത്തുന്ന ഒരു പള്ളി ഇമാമിനെയും മരണപ്പെട്ട കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുന്ന അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്ന പുതിയ വാര്‍ത്ത! ഇവ്വിഷയകമായി ‘ഡോക്ടര്‍ വേണ്ട; എല്ലാത്തിനും ജപിച്ചൂതലും ഏലസ്സും’ എന്ന ഹെഡിംഗില്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്താശകലം കൂടി ഉദ്ധരിച്ച് മന്ത്രവാദ ഭീകരതയുടെ ഉദാഹരണ വിവരണം നിര്‍ത്താം.
‘കണ്ണൂര്‍ സിറ്റിയില്‍ വിദ്യാര്‍ഥിനി ഫാത്വിമയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത് മന്ത്രവാദ ചികിത്സയുടെ പേരിലുള്ള തട്ടിപ്പ് .സിദ്ധന്‍ ചമഞ്ഞ് ചികിത്സ നടത്തി വന്ന പള്ളി ഇമാം പിന്തുടര്‍ന്നത് വെള്ളം ജപിച്ചൂതലും ഏലസ്സ് കെട്ടിയുള്ള ചികിത്സാരീതിയും. രോഗം എന്തായാലും ചികിത്സ ഒന്നു തന്നെ.ഇയാളുടെ അരികിലെത്തുന്നവരോട് ഒരു രോഗത്തിനും ആശുപത്രിയില്‍ പോകരുതെന്നും മരുന്ന് കഴിക്കരുതെന്നുമാണ് നിര്‍ദ്ദേശിക്കാറ്.അലോപ്പതി, ആയുര്‍വേദം അടക്കമുള്ള ചികിത്സാരീതികള്‍ വിശ്വാസത്തിനും മതത്തിനും എതിരാണെന്നും പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.ഇതേ തുടര്‍ന്നാണ് ഫാത്വിമയുടെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസ് അറസ്റ്റിലാവുന്നത് ‘(മാധ്യമം 4/11/2021)
2017 ഫെബ്രവരി 22 ന് കൊല്ലപ്പെട്ട നാദാപുരത്തെ 29 കാരിയായ ഷമീനയും മന്ത്രവാദചൂഷണ പീഢനത്തിന്റെ ബലിയാടായിട്ട് തന്നെയാണ് അന്നത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇതിനോട് ചേര്‍ത്ത് വായിക്കാം.

ഒട്ടേറെ സമാനതകള്‍!
മുപ്പത്തഞ്ച് കാരിയായ നഫീസത്ത് ബീവി, 26 കാരിയായ ഹസീന, 20കാരിയായ ഫര്‍സാന, പതിനൊന്നുകാരിയായ ഫാത്വിമ എന്നിവരുടെയെല്ലാം ദുരന്തമരണങ്ങളില്‍ കുറെ സമാനതകള്‍ കാണാന്‍ കഴിയും.സമീപകാലത്ത് മാത്രം നടന്ന ഈ മരണങ്ങളെല്ലാം മന്ത്രവാദക്കൊലകളായോ മന്ത്രവാദികളുടെ പ്രേരണയാല്‍ നിയമാനുസൃത ചികിത്സ നിഷേധിക്കപ്പെട്ട് മരണപ്പെട്ടവരോ ആയി ആരോപിക്കപ്പെടുകയും ആ വിധത്തില്‍ പത്രങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു എന്നതാണ് അതിലൊന്ന്. മന്ത്രവാദചൂഷകരുടെ വലയിലെ ഇരകളാകുന്നവരിലധികവും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത.
മന്ത്രവാദചൂഷണത്തിന് ഇരയാകുന്നവരുടെ കുടുംബ സാഹചര്യം മതപരമായ ശരിയായ അവബോധം ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു സമാനത. ഇത്തരക്കാര്‍ പലപ്പോഴും മതപരമായി അറിയപ്പെടുന്ന കാര്യങ്ങളില്‍ ശരിയേത്? തെറ്റേത്? എന്ന് പ്രമാണബദ്ധമായി അറിയാനോ പഠിക്കാനോ ശ്രമിക്കാതെ മതപരമായ വിശ്വാസാചാരങ്ങള്‍ക്ക് പൂര്‍ണമായും പൗരോഹിത്യത്തെ മാത്രം അവലംബിക്കുകയും അവരെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്നു എന്നതും ഒരു സമാനതയാണ്. പുരോഹിതന്മാന്‍ ഓതിത്തരുകയും ഊതിത്തരുകയും ചെയ്യുന്നത് സംശയമേതുമില്ലാതെ സ്വീകരിച്ചു കൊള്ളണം എന്ന് ഇവരെല്ലാം വിശ്വസിക്കുകയോ ഇവരെ അപ്രകാരം ആരൊക്കെയോ വിശ്വസിപ്പിക്കുകയോ ചെയ്തു എന്നതും ഒരു സമാനതയാണ്. അഥവാ ഒരു നിക്ഷിപ്ത താല്‍പര്യക്കാരനായ ഒരു യാഥാസ്ഥിതിക മുസ്ല്യാരോ ഒരു നവയാഥാസ്ഥിതിക മൗലവിയോ വന്ന് ഇത് ജിന്ന് ബാധയാണ്, കൂടോത്രമാണ്, റൂഹാനിയാണ്, മന്ത്രവാദ ചികിത്സ നടത്തണം എന്ന് പറയുമ്പോഴേക്ക് അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന സാഹചര്യമുള്ളവര്‍! ഇസ്ലാം മതത്തില്‍ പൗരോഹിത്യത്തിന് തരിമ്പും ഇടമില്ല എന്ന വസ്തുത പോലും അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത കേവല മത നാമധാരികള്‍!

ബലിയാടുകള്‍
പെണ്ണുങ്ങള്‍!

മന്ത്രവാദ ചൂഷണ ഭീകരതയുടെ ബലിയാടുകളധികവും മതാവബോധവും ശാസ്ത്രബോധവും ഇല്ലാത്ത കുടുംബങ്ങളിലെ പെണ്ണുങ്ങളാണ് എന്നതാണ് ഇത്തരം വാര്‍ത്തകള്‍ നിരീക്ഷിച്ചാല്‍ ബോധ്യപ്പെടുന്ന ഒരു വസ്തുത. അഥവാ ഇതൊന്നും മതമല്ല എന്ന് കുടുംബത്തിലെ മതാവബോധമുള്ള ആരെങ്കിലും പറഞ്ഞാല്‍ ആ പറഞ്ഞയാളെ പുരോഹിത ഭക്തരും മന്ത്രവാദമാണ് പരിഹാരം എന്ന് വിശ്വസിച്ച് നടക്കുന്ന കുടുംബത്തിലെ അന്ധവിശ്വാസികളും കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യും. കണ്ണൂര്‍ സിറ്റിയിലെ സംഭവം സൂക്ഷ്മ വിശകലനം ചെയ്താല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും.
മന്ത്രവാദികളും അവരുടെ സ്‌പോണ്‍സര്‍മാരായ പുരോഹിതക്കൂട്ടങ്ങളും മതാവബോധം കുറഞ്ഞ പെണ്ണുങ്ങളെ ലക്ഷ്യമിട്ട് വട്ടമിട്ട് പറക്കുന്നത് അവരെ വേഗത്തില്‍ വലയില്‍ ചാടിക്കാന്‍ കഴിയുമെന്നത് കൊണ്ടോണോ എന്നത് മനശ്ശാസ്ത്ര വിശാരദന്മാര്‍ വിശകലനം ചെയ്തു പറഞ്ഞു തരേണ്ട കാര്യമാണ്. മന്ത്രവാദ വിളയാട്ടം വര്‍ധിക്കുകയും ഒട്ടേറെ സ്ത്രീകള്‍ അതിന്റെ ബലിയാടാവുകയും ചെയ്യുന്ന കാര്യത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സാമൂഹ്യ വിശകലനം നമുക്കിങ്ങനെ വായിക്കാം:
‘ജിന്ന് ബാധയും പിശാച് ബാധയും ഏറിയ പങ്കും സ്ത്രീകളിലാണ് കാണപ്പെടുന്നത്. ഇതിനുള്ള പ്രതിവിധിയായി ‘അടിച്ചിറക്കല്‍’ ഉള്‍പ്പെടെയുള്ള ക്രൂരമായ ചികിത്സ കൂടുതലായും സ്ത്രീകളിലാണ് പ്രയോഗിക്കപ്പെടാറുള്ളതും. പുരുഷന്മാരില്‍ അടിച്ചിറക്കല്‍ ചികിത്സ പയറ്റിയാല്‍ ഒരു പക്ഷെ മന്ത്രവാദിയുടെ ആരോഗ്യ നിലയെ അത് ബാധിക്കുമെന്നതിനാല്‍ ഒരു മന്ത്രവാദിയും അടിച്ചിറക്കല്‍ ചികിത്സക്ക് പുരുഷന്മാരെ വിധേയമാക്കാറില്ല.'(കേരള ശബ്ദം 13/5/2007 പേജ്: 16)

പരിഹാരമില്ലേ?
താഴെ കൊടുത്ത രണ്ട് ദിവ്യസൂക്തങ്ങളില്‍ വിശ്വാസികള്‍ക്ക് മന്തവാദ ചൂഷണത്തില്‍ നിന്ന് മോചനം നേടാനുള്ള പരിഹാര മാര്‍ഗങ്ങളുടെ കൃത്യമായ സൂചനകളുണ്ട്.
‘സത്യ വിശ്വാസികളേ, തീര്‍ച്ചയായും (ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം;) പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുന്നവരാകുന്നു. അവര്‍ ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്യുന്നു.'(9:34)
‘ഇന്ന് നിങ്ങളുടെ മതം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണമാക്കിത്തരികയും ചെയ്തു. ഇസ്‌ലാമിനെ നിങ്ങള്‍ക്ക് നാം മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.'(5:3)
ഈ രണ്ട് ദിവ്യസൂക്തങ്ങളില്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന നിരവധിയായ മത മാര്‍ഗ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ ജീവിതത്തില്‍ സ്വാംശീകരിക്കുക എന്നത് മാത്രമാണ് പരിഹാരം.
അതിലെ രണ്ട് സൂചനകള്‍ ഇവയാണ്:
‘പണ്ഡിതന്മാരെയും പുരോഹിതന്മാരെയും വല്ലാതെ ഡിപ്പെന്റ് ചെയ്യാതിരിക്കുക. കാരണം അവരില്‍ അധിക പേരും (എല്ലാവരുമല്ല) ദുഷ്ട മനസ്ഥിതിക്കാരും വഴിതെറ്റിക്കുന്നവരുമാണ്. അത്തരക്കാരില്‍ നിന്ന് സാമൂഹ്യ അകലം പാലിക്കുക.
ഇസ്ലാം മതത്തില്‍ വിശ്വാസികള്‍ക്ക് ആവശ്യമായ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും അല്ലാഹു പ്രവാചകനിലൂടെ പൂര്‍ണമായി അവതരിപ്പിച്ചു തന്നിട്ടുണ്ട്.ആവശ്യമായ വിശദീകരങ്ങളും പ്രവാചകന്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുക. അല്ലാതെ നാട്ടില്‍ നടക്കുന്ന മന്ത്രവാദം പോലെയുള്ള അന്ധവിശ്വാസ വഴിയില്‍ വിശ്വാസി അപഥ സഞ്ചാരം നടത്തരുത്. കാലിടറി വീഴരുത്. രോഗം വന്നാല്‍ നിയമാനുസൃത ചികിത്സ സ്വീകരിച്ച് പ്രാര്‍ഥനയും ക്ഷമയും മുറുകെ പിടിച്ച് അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പിച്ച് നിലകൊള്ളുകയാണ് വേണ്ടത്.അല്ലാതെ നമുക്ക് ചുറ്റും കഴുകക്കണ്ണുമായി വട്ടമിട്ട് പറക്കുന്ന മന്ത്രവാദചൂഷകപ്പരിഷകളുടെ മുമ്പില്‍ നമ്മുടെ വിലപ്പെട്ട സമ്പത്തും സമയവും ജീവിതവും ജീവനും ഹോമിക്കാന്‍ വിട്ടു കൊടുക്കുകയല്ല ചെയ്യേണ്ടത്. യഥാര്‍ഥ വിശ്വാസി ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല. കാരണം മന്ത്രവാദം ഒരു ചികിത്സയായി അല്ലാഹുവോ റസൂലോ നിര്‍ദേശിച്ചിട്ടോ സൂചിപ്പിച്ചിട്ടു പോലുമോ ഇല്ല.

എന്നിട്ടും എന്ത് കൊണ്ട്?
മതത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇത്രമേല്‍ സത്യ ശുദ്ധമായിട്ടും എന്ത് കൊണ്ടാണ് വിശ്വാസി സമൂഹം മന്ത്രവാദ, കൂടോത്ര വീരന്മാര്‍ ഒരുക്കുന്ന കെണി വലയില്‍ ഇയ്യാം പാറ്റകളെ പോലെ വീണടിഞ്ഞ് ചിറക് കരിഞ്ഞു പോകുന്നത് എന്ന കാര്യവും തീര്‍ച്ചയായും കാര്യകാരണസഹിതം പ്രമാണബദ്ധമായിത്തന്നെ വിശകലനമര്‍ഹിക്കുന്നു! .

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x