ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയില്‍ അമേരിക്കക്ക് ആശങ്ക
ഇന്ത്യയില്‍ വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളും വീടുകളും തകര്‍ക്കലും ആശങ്കാജനകമാംവിധം വര്‍ധിക്കുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കൂടുതല്‍ സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിവരുകയാണെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ വാര്‍ഷിക മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പുറത്തിറക്കി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചതായി വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 10 എണ്ണത്തിലും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിമുഖതയില്‍ ഒരു വിഭാഗം ന്യൂനപക്ഷങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലത് ന്യൂനപക്ഷ സമുദായാംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനായിരുന്നുവെന്ന് മതസംഘടനകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷവും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ട് അമേരിക്ക പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.