യു എസ് റിപ്പോര്‍ട്ട് ഈ രാജ്യത്തിന്റെ ചുവരെഴുത്താണ്
എം കെ ഭദ്രകുമാര്‍
യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (ഡടഇകഞഎ) പുറത്തിറക്കിയ 2022ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള കണ്ടെത്തലുകളെ നിരാകരിക്കാന്‍ സാധിക്കാത്തതാണ്. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കടുത്ത ലംഘനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു രാജ്യമായ ഇന്ത്യയെ ‘പ്രത്യേക ഉത്കണ്ഠയുള്ള’ രാജ്യമായി കണക്കാക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കണമെന്നും അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള അവരുടെ പ്രവേശനം തടയുകയും ചെയ്തുകൊണ്ട് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി, ഉഭയകക്ഷി ചര്‍ച്ചകളില്‍ ഈ വിഷയം ഉന്നയിക്കുകയും ഉഭയകക്ഷി ബന്ധത്തില്‍ അത് ഏറ്റെടുക്കുകയും യു എസ് കോണ്‍ഗ്രസിലൂടെ ഈ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ട് അമേരിക്കന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നുണ്ട്.
റിപ്പോര്‍ട്ട് മോദി സര്‍ക്കാരിനെയും ബിജെപിയെയും നേരിട്ട് ലക്ഷ്യം വെക്കുന്നതാണ്. ”ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ദേശീയ-സംസ്ഥാന-പ്രാദേശിക തലങ്ങളിലുള്ള നേതാക്കളും വര്‍ധിച്ചുവരുന്ന ഹിന്ദു ദേശീയ ഗ്രൂപ്പുകളും വിഭാഗീയ നയങ്ങള്‍ക്കായി വാദിക്കുകയും സ്ഥാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ മതേതര അടിത്തറയ്ക്ക് വിരുദ്ധമായി, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഗുരുതരമായ അപകടം സൃഷ്ടിക്കുന്ന വിധത്തില്‍ ഇന്ത്യയെ ഒരു പ്രത്യക്ഷ ഹിന്ദു രാഷ്ട്രമായി സ്ഥാപിക്കാനാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്”. ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാത്ത വിധം റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു.
ഈ മുറിവില്‍ ഉപ്പു പുരട്ടാന്‍ എന്നോണം, ജൂണ്‍ രണ്ടി ന് വാഷിംഗ്ടണില്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രകാശന സമയത്ത്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഒരു മൂര്‍ച്ചയേറിയ പരാമര്‍ശം നടത്തുകയുണ്ടായി: ”ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ ഭവനവുമായ ഇന്ത്യയില്‍, ആളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ഞങ്ങള്‍ കണ്ടു. ഇവിടെ തിരിമറിക്ക് ഇടമില്ലെങ്കിലും, ഇന്ത്യന്‍ സര്‍ക്കാറിനെ വേഗത്തില്‍ ഇടപെടാന്‍ ഇത് നിര്‍ബന്ധിക്കുന്നു”. ”അന്തര്‍ദേശീയ ബന്ധങ്ങളില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം പ്രയോഗിക്കുന്നു” എന്നാണ് ഇന്ത്യയുടെ വിദേശകാര്യ വക്താവ് ഒഴിഞ്ഞു മാറിക്കൊണ്ട് പ്രതികരിച്ചത്. ”അമേരിക്കയില്‍ വംശീയവും വംശീയ പ്രേരിതമായ ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തോക്കുപയോഗിച്ചുള്ള അക്രമങ്ങളും വര്‍ധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നു” എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഈ സന്ദര്‍ഭം എങ്ങനെയെങ്കിലും കടന്നുപോകുമെന്ന പ്രതീക്ഷയില്‍ റിപ്പോര്‍ട്ടിനെ നിസ്സാരവത്കരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യു എസ്, ഒ ഐ സി അല്ല. മുന്‍കാല സമ്പ്രദായമനുസരിച്ച്, ബൈഡന്‍ ഭരണകൂടത്തെ മറ്റ് ഉല്‍പാദനപരമായ മേഖലകളില്‍ (ഉദാ. പ്രതിരോധ ബന്ധങ്ങള്‍) ‘സൃഷ്ടിപരമായി ഇടപഴകുക’ എന്ന നയത്തില്‍ കൊണ്ടുപോകാനായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്മേല്‍ കൊമ്പുകോര്‍ക്കാനുള്ള പാതയില്‍ നിന്ന് എങ്ങനെയെങ്കിലും പിന്മാറുക എന്നതാണ് ഇന്ത്യയുടെ താല്‍പര്യം.
ഹിന്ദുത്വ അജണ്ടയില്‍
മാറ്റമുണ്ടാകുമോ?
ഡടഇകഞഎന്റെ അപലപനം ഹിന്ദുത്വ അജണ്ടയില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാനുള്ള സാധ്യതയില്ലെന്നാണ് മനസ്സിലാക്കുന്നത്. അതേസമയം, ദേശീയതലത്തില്‍ ഹിന്ദുത്വ ആചാരങ്ങളുടെ തീവ്രത കാലാകാലങ്ങളില്‍ വ്യത്യാസപ്പെട്ടേക്കാം. എന്നിരുന്നാലും, സൂക്ഷ്മമായി നോക്കുമ്പോള്‍, ഈ റിപ്പോര്‍ട്ടിലെ ‘പ്രത്യേക ആശങ്കയുള്ള രാജ്യങ്ങള്‍’ എന്നു പരാമര്‍ശിച്ചിട്ടുള്ള മറ്റെല്ലാ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2021-ല്‍ സ്ഥിതിഗതികള്‍ ‘ഗണ്യമായി വഷളായതായി’ കാണിക്കുന്നത് ഇന്ത്യയില്‍ മാത്രമാണ്. കൗതുകകരമെന്ന് പറയട്ടെ, താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനും മ്യാന്‍മറിലെ സൈനിക സ്വേച്ഛാധിപത്യവും നിലനില്‍ക്കെ തന്നെയാണ് ഇന്ത്യയില്‍ സ്ഥിതിഗതികള്‍ വഷളാവുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പാകിസ്താനിലെ സ്ഥിതിഗതികള്‍ അവരുടെ നിഷേധാത്മകമായ പാത തുടരുകയും ഇറാനില്‍ ‘ദരിദ്രമായി തുടരുകയും ചെയ്യുന്നു’; അതേസമയം, സുഊദി അറേബ്യയില്‍ ചില മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. എരിത്രിയയില്‍ സ്ഥിതിഗതികള്‍ പൊതുവെ ദരിദ്രമാണെങ്കിലും കുറച്ചധികം മെച്ചപ്പെട്ടിട്ടുണ്ട്.
മനുഷ്യാവകാശ പ്രശ്നങ്ങള്‍ പോലെ തന്നെ ഇന്ത്യയുടെ ജനാധിപത്യ പിന്നാക്കാവസ്ഥയും ഇന്ന് യുഎസ് റഡാറില്‍ ഉണ്ട് എന്നതാണ് വാസ്തവം. കൂടാതെ, യുഎന്‍ ഫോറങ്ങള്‍, ജി-20, ഡാറ്റാ ലോക്കലൈസേഷന്‍ നിയമങ്ങള്‍, സൈബര്‍ സുരക്ഷിതത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളില്‍ ഇന്ത്യയുടെ നിലപാട് യുഎസിനേക്കാള്‍ ചൈനയുമായോ റഷ്യയുമായോ യോജിച്ചതാണ്. ചുരുക്കത്തില്‍, യു എസുമായി ഒരു മൂല്യാധിഷ്ഠിത ബന്ധം ഉണ്ടായിരിക്കുന്നതിനും നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യമെന്ന നിലയിലും പൊതുതാല്‍പര്യങ്ങള്‍ പങ്കിടാന്‍ ഇന്ത്യ സന്നദ്ധമാവണം. അത്തരം പ്രവൃത്തികള്‍ക്ക് മൂല്യം കല്‍പിക്കണം.
പാകിസ്താന്‍, സുഊദി അറേബ്യ അല്ലെങ്കില്‍ റഷ്യ, ചൈന എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍ നിന്ന് ഉയര്‍ന്ന ജനാധിപത്യബോധം പ്രതീക്ഷിക്കാന്‍ യു എസിന് എല്ലാ അവകാശവുമുണ്ട്. അതുപോലെ, ജനാധിപത്യത്തിന്റെ ആ ഉയര്‍ന്ന ബോധത്തെ പ്രതിഫലിപ്പിക്കാനുള്ള എല്ലാ ബാധ്യതയും ഇന്ത്യക്കുണ്ടായിരിക്കണം. ആത്മാര്‍ഥമായ പരിശ്രമമെങ്കിലും നടത്തണം. ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങളുടെ കാരണങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് ഇന്ത്യയുടെ പ്രതിഛായ നഷ്ടപ്പെടാന്‍ ഇടവരരുത്. അതേസമയം ഇന്ത്യക്ക് കഴിയാത്തതോ അല്ലാത്തതോ ആയ കാര്യത്തില്‍ അതാണ് എന്നു നടിക്കുന്നത് അവസാനിപ്പിക്കണം. അടിസ്ഥാനപരമായി, ഇന്ത്യ സ്വയം അസാധ്യമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ലിബറല്‍ ജനാധിപത്യ ക്രമത്തില്‍ യാഥാര്‍ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ്.
സമീപകാലത്ത് വേണ്ടത്ര മുന്നറിയിപ്പുകള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സപ്തംബറില്‍ വെര്‍ച്വല്‍ സമ്മിറ്റ് ഫോര്‍ ഡെമോക്രസിക്ക് മുന്നോടിയായി, അമേരിക്കയിലെ പോളിസി മേക്കറും നിരീക്ഷകരുമായ ഫ്രീഡം ഹൗസ്, പങ്കെടുത്ത രാജ്യങ്ങളുടെ സ്‌കോര്‍ കാര്‍ഡ് പുറത്തിറക്കിയിരുന്നു. അവിടെ ഇന്ത്യയെ വേര്‍തിരിക്കുകയുണ്ടായി. മുസ്ലിംകളുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്ക് ഭീഷണി നേരിടുന്ന രാജ്യമായാണ് ഇന്ത്യയെ കണക്കാക്കിയത്. ജനസംഖ്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സമ്പൂര്‍ണ രാഷ്ട്രീയ പ്രാതിനിധ്യത്തിന് തടസ്സങ്ങള്‍ നേരിടുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ ഭീഷണി, നിയമപരമായ ഉപദ്രവം, അമിതമായ പോലീസ് നടപടികള്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന അക്രമങ്ങള്‍ എന്നിവക്ക് വിധേയമാവുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ‘ഉപദ്രവിക്കുന്നതും’ ‘ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതും’ സ്ഥിരം പല്ലവിയായി മാറിയിട്ടുണ്ടെന്ന് ഫ്രീഡം ഹൗസ് അഭിപ്രായപ്പെട്ടു. യുഎസ് ഗവണ്‍മെന്റ് ധനസഹായത്തോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസ് ഇന്ത്യയുടെ പദവി ‘സ്വതന്ത്ര’ എന്നതില്‍ നിന്ന് ‘ഭാഗിക സ്വതന്ത്ര’ രാജ്യമായി തരംതാഴ്ത്തുകയുണ്ടായി. ഇതിനെതിരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഉടനടി പ്രതിഷേധം അറിയിക്കുകയും വിദേശകാര്യ മന്ത്രി, യു എസിന്റെ വിലയിരുത്തല്‍ കൃത്യമല്ല എന്നു പറയുകയും ചെയ്തു.
മറുവശത്ത്, ജനാധിപത്യത്തിനായുള്ള വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഇടപെടലില്‍ ‘ജനാധിപത്യ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ വിഭാവനം ചെയ്ത മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ആവശ്യകത’ അടിവരയിട്ടു പറയുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ജനാധിപത്യ ഗവണ്‍മെന്റിന്റെ ‘നാല് തൂണുകള്‍’ എന്നത് ‘സംവേദനക്ഷമത, ഉത്തരവാദിത്തം, പങ്കാളിത്തം, പരിഷ്‌കരണം’ എന്നിവയാണെന്നും മോദി അവകാശപ്പെട്ടു. യഥാര്‍ഥത്തില്‍ ഈ ഉയര്‍ന്ന നിലവാരങ്ങളുമായി നമ്മുടെ രാജ്യം പൊരുത്തപ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍, ഡടഇകഞഎ ന്റെ റിപ്പോര്‍ട്ടിനെ അമേരിക്കന്‍ ഇരട്ടത്താപ്പായി തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നതിനു പകരം ഈ രാജ്യത്തിന്റെ ചുവരെഴുത്തായി കാണേണ്ടതുണ്ട്.
(ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ നിന്ന്
വിരമിച്ച അംബസഡറാണ് ലേഖകന്‍)
വിവ. നാദിര്‍ ജമാല്‍
(കടപ്പാട്: ഇന്ത്യ പഞ്ച് ലൈന്‍)