30 Friday
January 2026
2026 January 30
1447 Chabân 11

ഫലസ്തീന്‍ ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ബൈഡന്‍


ഫലസ്തീനുമായി ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ബൈഡ ന്‍ ഭരണകൂടം. അടുത്തമാസം ബൈ ഡന്‍ ഫലസ്തീന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഫലസ്തീനികളെ സേവിക്കുന്ന കോണ്‍സുലേറ്റ് തുറക്കാന്‍ തന്റെ ഭരണകൂടം ആഗ്രഹിക്കുന്നതായി ജോ ബൈഡന്‍ അറിയിച്ചു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ സര്‍ക്കാരിലെ നിരവധി പേര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഫലസ്തീനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു എസ് കഴിഞ്ഞയാഴ്ച പി എ യുവിനെ (Palestinian Affairs Unit) ഒ പി എ (US Office of Palestinian Affairs) എന്നാക്കി മാറ്റിയിരുന്നു.
അതേസമയം, ജറൂസലമിലെ യു എസ് കോണ്‍സുലേറ്റ് തുറക്കണമെന്ന് ഫലസ്തീന്‍ അതോറിറ്റി ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പി എല്‍ ഒയെ യു എസിന്റെ വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ ജറൂസലം പോസ്റ്റ് പത്രത്തോട് പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ യു എസ് പ്രതിനിധി സംഘം റാമല്ല സന്ദര്‍ശിച്ച സാഹചര്യത്തിലാണ് ഫലസ്തീന്‍ അതോറിറ്റി പ്രതികരണം. പി എ യു എന്നറിയപ്പെടുന്നതിനു മുമ്പ് ഇത് ജറൂസലമിലെ യു എസ് കോണ്‍സുലേറ്റായിരുന്നു. വിവിധ ശക്തികളുടെ കീഴിലായി 175 വര്‍ഷത്തോളം ഫലസ്തീനികള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട് കിഴക്കന്‍ ജറൂസലമിലെ യു എസ് കോണ്‍സുലേറ്റ്. 2019 മാര്‍ച്ചില്‍ ജറൂസലമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്‌റാ ഈലിന് യു എസ് പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നത്.

Back to Top