യു എസ് മുസ്‌ലിംകള്‍ മറ്റ് മതങ്ങളേക്കാള്‍ അഞ്ചിരട്ടി പീഡനം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്

മതത്തിന്റെ പേരില്‍ രാജ്യത്ത് മുസ്‌ലിംകള്‍ പോലീസ് പീഡനത്തിനിരയാകുന്നതായി റിപ്പോര്‍ട്ട്. യു എസ് മുസ്‌ലിംകള്‍ തങ്ങളുടെ മതത്തിന്റെ പേരില്‍ പോലീസില്‍ നിന്ന് പീഡനം നേരിടാനുള്ള സാധ്യത മറ്റ് മതങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണെന്ന് റൈസ് സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കറുത്ത വര്‍ഗക്കാരനും മിഡില്‍ഈസ്റ്റുകാരനും അറേബ്യനും ഉത്തരാഫ്രിക്കക്കാരനുമായ പ്രായപൂര്‍ത്തിയായ മുസ്‌ലിംകള്‍, വെളുത്ത വര്‍ഗക്കാരായ മുസ്‌ലിംകളേക്കാള്‍ പീഡനം നേരിടാനുള്ള സാധ്യത കൂടുതലാണെന്ന് ‘സൊസൈറ്റി ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ പ്രോബ്ലംസി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഈ പഠനത്തിനായുള്ള ഡാറ്റ 2019ലെ ഇ ആര്‍ ഡി എസ് സര്‍വേയില്‍ നിന്നാണ് എടുത്തിരിക്കുന്നത്. മതത്തിന്റെ പേരില്‍ വ്യക്തികള്‍ തമ്മിലുള്ള ശത്രുത, വിവേചനം, ഇരവത്കരണം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പരിശോധനാവിധേയമാക്കുന്ന ഡാറ്റയാണിത്. യു എസില്‍ മുസ്‌ലിം സമൂഹവും പോലീസും തമ്മിലുള്ള ബന്ധം എല്ലായ്‌പോഴും അസ്വസ്ഥപൂര്‍ണമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പീഡനത്തിനിരയാകുമ്പോള്‍ മുസ്‌ലിം സമൂഹത്തിലുള്ളവര്‍ പോലീസ് സുരക്ഷ തേടുന്നുണ്ടെങ്കിലും 9/11നു ശേഷം പലരും പോലീസിനെ അവിശ്വസിക്കുകയാണ്. ജൂലൈയില്‍, അറബ് അമേരിക്കന്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്ക് വിവരാവകാശ നിയമത്തിലൂടെ 235 ‘സംശയാസ്പദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍’ കണ്ടെത്തിയിരുന്നു.
