22 Wednesday
October 2025
2025 October 22
1447 Joumada I 0

യു എസ് നിര്‍മിത യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് സ്വീകരിച്ച് ഖത്തര്‍

ഖത്തര്‍ ഇറക്കുമതി ചെയ്യുന്ന യു എസ് നിര്‍മിത അത്യാധുനിക യുദ്ധ വിമാനങ്ങളായ എഫ് 15ന്റെ ആദ്യ ബാച്ച് സ്വീകരിച്ചു. ഖത്തറിനു വേണ്ടി യു എസും വിമാന കമ്പനിയായ ബോയിങ്ങും സംയുക്തമായാണ് പുതുതലമുറ യുദ്ധ വിമാനങ്ങള്‍ നിര്‍മിച്ചത്. യു എസ് സംസ്ഥാനമായ മിസൂരിയിലെ ബോയിങ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിമാനങ്ങള്‍ റോള്‍ ഔട്ട് ചെയ്തത്. ചടങ്ങില്‍ ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അത്വിയ്യയും സന്നിഹതനായിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് ഖത്തര്‍ വിമാനം വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ”ഖത്തറുമായി അമേരിക്ക പങ്കുവയ്ക്കുന്ന ബന്ധം ഉത്തരവാദിത്തത്തിന്റെതാണ്. ഇത് കേന്ദ്ര കമാന്‍ഡ് ഏരിയയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും നിര്‍ണ്ണായകമാണ്, ഞങ്ങളുടെ സഖ്യകക്ഷികള്‍ പരസ്പര സഹകരണത്തിലും സംയുക്ത സന്നദ്ധതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്” -അത്വിയ്യ കൂട്ടിച്ചേര്‍ത്തു. പുതിയ എഫ് 15 യുദ്ധവിമാനങ്ങള്‍ ആക്രമണാത്മകവും പ്രതിരോധപരവുമായ ദൗത്യങ്ങളില്‍ വേഗത്തിലും കൃത്യതയിലും ഏറ്റവും മികച്ചതാണെന്നും പഴയ എഫ് 15 കളേക്കാള്‍ വേഗതയുള്ളതാണെന്നും വിദഗ്ധര്‍ പറഞ്ഞു. ഖത്തറും അയല്‍രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് 2017ല്‍ ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ സമയത്താണ് ഖത്തര്‍ യു എസില്‍ നിന്നും ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറുകളില്‍ ഒപ്പുവച്ചത്.

Back to Top