26 Thursday
December 2024
2024 December 26
1446 Joumada II 24

ഉറപ്പ് ജലരേഖയാകരുത്‌


ഭിന്നശേഷി സംവരണ തോത് വര്‍ധിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്നും മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട സംവരണത്തില്‍ യാതൊരു കുറവും ഉണ്ടാവില്ല എന്നുമായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഭിന്ന ശേഷി സംവരണ ഉത്തരവ് പ്രകാരം മുസ്ലിം പിന്നാക്ക സംവരണത്തിന് വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംവരണം ലഭിക്കേണ്ടവരും അതുവഴി അധികാര പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുമായ ഒരു വിഭാഗമാണ് ഭിന്നശേഷിക്കാര്‍. ആ കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഒരു വിഭാഗത്തിന്റെ സംവരണം നടപ്പിലാക്കുമ്പോള്‍, അതുപോലെ അര്‍ഹമായ മറ്റൊരു വിഭാഗത്തിന്റേത് കവര്‍ന്നെടുക്കുക എന്നത് സാമാന്യനീതിക്ക് ചേര്‍ന്നതല്ല.
കേരളത്തിലെ പി എസ് സി സംവരണം നടപ്പിലാക്കുന്നത് റൊട്ടേഷന്‍ വ്യവസ്ഥയിലാണ്. സംവരണത്തിന് അര്‍ഹമായ മുഴുവന്‍ സമുദായങ്ങള്‍ക്കും ഓരോ ടേണ്‍ നിശ്ചയിച്ചു നല്‍കിയിരിക്കുകയാണ്. ഈ റൊട്ടേഷന്‍ സമ്പ്രദായത്തില്‍ തന്നെ അപാകതകള്‍ ഉണ്ടെങ്കിലും കാലങ്ങളായി സംവരണം പ്രായോഗികമായി നടപ്പിലാക്കുന്നത് ഇതുവഴിയാണ്. നിലവില്‍, ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകളല്ലാത്ത മറ്റെല്ലാ തസ്തികകളിലേക്കും നടക്കുന്ന നിയമനങ്ങളില്‍ 6, 16, 26, 30, 36, 46, 56, 66, 76, 80, 86, 96 എന്നീ പന്ത്രണ്ട് ടേണുകള്‍ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. അതുവഴിയാണ് 12 ശതമാനം സംവരണം നടപ്പിലാക്കുന്നത്. ഇപ്പോള്‍, ഭിന്നശേഷി സംവരണം നാല് ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ അതിനായി കണ്ടെത്തിയിരിക്കുന്നത് 1, 26, 51, 76 എന്നീ ടേണുകളാണ്. 2019 ലാണ് ഇതു സംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങുന്നത്. അന്ന് തന്നെ ഇതില്‍ 26, 56 എന്നീ രണ്ട് ടേണുകള്‍ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണെന്നും അത് കവര്‍ന്നെടുക്കുന്നത് പ്രസ്തുത സമുദായത്തിന് സംവരണത്തില്‍ ഭീമമായ നഷ്ടമുണ്ടാക്കുമെന്നും എല്ലാ മുസ്ലിം സംഘടനകളും ചൂണ്ടിക്കാണിച്ചതാണ്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച് നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവരികയും ചെയ്തു. അതിനെ തുടര്‍ന്ന് മുസ്ലിം പിന്നാക്ക സംവരണത്തില്‍ നഷ്ടമുണ്ടാകില്ലെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. പിന്നീട് ഇതുസംബന്ധിച്ച് പല ഉത്തരവുകളും പുറത്തിറങ്ങിയെങ്കിലും ടേണുകള്‍ മാറ്റിക്കൊണ്ടുള്ള തീരുമാനം ഉണ്ടായില്ല. ഒടുവില്‍, 189 തസ്തികകളിലേക്കുള്ള ഭിന്നശേഷി സംവരണ ഉത്തരവ് പുറത്തിറക്കിയപ്പോഴും ഈ പ്രതിസന്ധി തുടരുകയാണ്. മുസ്ലിം ടേണുകള്‍ കവര്‍ന്നെടുക്കുന്നതോടെ, സംവരണത്തോത് 12 ല്‍ നിന്ന് 10 ശതമാനമായി കുറയും. അധ്യാപക നിയമനങ്ങളില്‍ മാത്രം 700 ലധികം പോസ്റ്റുകളാണ് സമുദായത്തിന് നഷ്ടപ്പെടുക. നേരത്തെ പിന്നാക്ക കമ്മീഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം കേരളത്തില്‍ മുസ്ലിംകള്‍ ജനസംഖ്യാനുപാതികമായി പോലും സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംവരണ അട്ടിമറിയുടെ പ്രതിഫലനം ഭീകരമായിരിക്കും.
ഭിന്നശേഷി സംവരണം ഫലപ്രദമായി നടക്കേണ്ടതുണ്ട്. അതിന്റെ മറവില്‍ മുസ്ലിം പിന്നാക്ക സംവരണം അട്ടിമറിക്കാനുള്ള സവര്‍ണ തന്ത്രത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുത്. 27, 76 ടേണുകള്‍ക്ക് പകരം 27, 77 എന്നീ പൊതുക്വാട്ടയില്‍ നിന്നുള്ള ടേണുകള്‍ ഉപയോഗിക്കാമെന്നും അതിന് സര്‍വീസ് റൂള്‍ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് 2022ല്‍ പി എസ് സി തന്നെ സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതനുസരിച്ച് ഭേദഗതി വരുത്താനോ ടേണുകള്‍ പുനഃക്രമീകരിക്കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മുസ്ലിംകള്‍ക്ക് സംവരണ നഷ്ടം ഉണ്ടാകില്ല എന്ന വാക്കാലുള്ള ഉറപ്പ് മാത്രമാണ് ഈ കാര്യത്തില്‍ ആകെ സംഭവിച്ചിട്ടുള്ള പുരോഗതി.
മുഖ്യമന്ത്രിയുടെ ഉറപ്പ് ജലരേഖ മാത്രമായി മാറുന്ന സ്ഥിതിയുണ്ടാവരുത്. സംവരണം എന്നത് ആരുടെയെങ്കിലും ഔദാര്യമല്ല. ജനാധിപത്യ രാജ്യത്ത് പ്രായോഗികമായി ചെയ്യേണ്ട സാമൂഹിക നീതിയുടെ അടിസ്ഥാന പാഠമാണ് പിന്നാക്ക സംവരണം. അതിനെ റദ്ദ് ചെയ്യുന്ന ഏത് നീക്കവും അധികാര പങ്കാളിത്തത്തിലേക്കുള്ള പ്രവേശനത്തെ തടയുകയാണ് ചെയ്യുക. രണ്ട് ടേണുകള്‍ എന്നാല്‍ 20 ശതമാനമാണ് നഷ്ടപ്പെടുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ഇപ്പോഴുള്ള മുസ്ലിം പിന്നാക്ക പ്രാതിനിധ്യത്തിന് 100 ശതമാനം വര്‍ധനയുണ്ടായെങ്കില്‍ മാത്രമേ ജനസംഖ്യാനുപാതികമായ തോതിലേക്ക് എത്തുകയുള്ളൂ എന്നതാണ് ഗ്രൗണ്ട് റിയാലിറ്റി. ഈ പരിതസ്ഥിതിയില്‍, ഉള്ള അവകാശം പോലും വെട്ടിക്കുറക്കുന്നത് അംഗീകരിക്കാനാവില്ല.

Back to Top