1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഉപ്പ് കലക്കിയ തടാകത്തിലെ വെള്ളം

സി കെ റജീഷ്‌


എപ്പോഴും പരാതികള്‍ മാത്രം പറയുന്നത് ശീലമാക്കിയ ഒരു ശിഷ്യനുണ്ടായിരുന്നു. ഒരു ദിവസം ഗുരു അവനോട് പറഞ്ഞു: നീ ഒരു പിടി ഉപ്പും ഒരു ഗ്ലാസ് വെള്ളവും കൊണ്ടു വരിക. അവ കൊണ്ടുവന്നപ്പോള്‍ ഗുരു പറഞ്ഞു: പകുതി ഉപ്പ് വെള്ളത്തില്‍ കലക്കി കുടിച്ച് നോക്കൂ. ഉപ്പ് കാരണം അവന് അത് കുടിച്ചിറക്കാനായില്ല.
ഗുരു അവനേയും കൂട്ടി തടാകത്തിനടുത്ത് ചെന്നിട്ട് പറഞ്ഞു: ബാക്കി ഉപ്പ് ഇതില്‍ കലക്കിയിട്ട് കുറച്ച് വെള്ളം കുടിച്ച് നോക്കൂ. അങ്ങനെ ചെയ്ത് ശേഷം അവന്‍ പറഞ്ഞു: ഇത് നല്ല വെള്ളമാണ്. ഗുരു പറഞ്ഞു: ഇടുങ്ങിയ പാത്രത്തിലെ ഇത്തിരി വെള്ളത്തെ അശുദ്ധമാക്കിയ ഉപ്പിന് വിശാലമായ തടാകത്തില്‍ ഒന്നും ചെയ്യാനായില്ല. നിന്റെ മനസ്സ് വിശാലമാക്കൂ.
ചിന്തയുടെ വ്യാപാര കേന്ദ്രമാണ് മനസ്സ്. മനസ്സിന്റെ കരുത്താണ് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നത്. മനസ്സ് പറയുന്നത് പോലെയാണ് നമ്മുടെ ശരീരം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ശരീരത്തോളം തന്നെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആരോഗ്യകരമായിരിക്കണം മനസ്സ്.
മനസ്സ് സങ്കുചിതമായാല്‍ ചിതലരിച്ച വികാരങ്ങള്‍ അതില്‍ കൂട് കെട്ടും. പരാതിയും പരിഭവവുമായി മുന്നോട്ട് പോവാനായിരിക്കും ഇവര്‍ക്ക് താല്പര്യം. മനസ്സ് വിശാലമാക്കിയവര്‍ക്ക് മറ്റുള്ളവരിലെ സാധ്യത കണ്ടെത്താനുള്ള കഴിവുണ്ടായിരിക്കും. ചിലതൊക്കെ മനസ്സൊന്നു വലുതാക്കിയാല്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നങ്ങളെ കാണൂ. എന്നാല്‍ മനസ്സ് ചുരുങ്ങിത്തുടങ്ങിയതുകൊണ്ട് പ്രശ്നങ്ങള്‍ തലപൊക്കും. പോരായ്മകള്‍ മാത്രം കണ്ണില്‍പ്പെടും. സ്വന്തം പിഴവുകള്‍ മറയ്ക്കാന്‍ അന്യരുടെ തെറ്റുകള്‍ പരിചയാക്കും. അപരന്റെ കുറ്റം പറയാനാണ് നാം വായ തുറക്കുന്നതെങ്കില്‍, നമ്മുടെ കാതുകളും പരദൂഷണം കേട്ട് മുരടിച്ച് പോവും.
ജീവിത വഴികളില്‍ ഓരോരുത്തര്‍ക്കുമുണ്ട് സ്വന്തമായ ശൈലികള്‍- ഒരാള്‍ ശീലിച്ച ശൈലികളോട് പൊരുത്തപ്പെടാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അന്യനെ അവനവനെപ്പോലെയാക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്. പൊരുത്ത ക്കേടുകള്‍ക്കിടയിലും പൊരുത്തപ്പെടാനുള്ള സന്നദ്ധതയാണ് മനസ്സിന്റെ വിശാലത. പിടിവാശി ആയുധമാക്കുന്നത് പിടിപ്പുകേടുള്ളവരാണ്.
സങ്കുചിത മനസ്സിന്റെ ശാഠ്യങ്ങളാണ് സൗഹൃദങ്ങളെ തകര്‍ത്തെറിയുന്നത്. ഊഷ്മളത നഷ്ടപ്പെട്ട ബന്ധങ്ങളായിരിക്കും അതിന്റെ ബാക്കിപത്രം. മനസ്സൊന്ന് വിശാലപ്പെടുത്തിയവര്‍ക്ക് മറ്റുള്ളവരെയുള്‍ക്കൊള്ളാനുള്ള സന്നദ്ധതയുണ്ടായിരിക്കും. സങ്കുചിത വൃത്തത്തിലാണ് മനസ്സിന്റെ ഇടമെങ്കില്‍ കുറവുകളെ പരതുന്ന കണ്ണുകള്‍ നമുക്ക് കൂട്ടിനുണ്ടാവും. കലത്തില്‍ കലക്കിയ വിഷം കൊണ്ടുവന്ന് കടലില്‍ കലക്കിയിട്ട് കാര്യമേതുമില്ല. അടിച്ചു കയറുന്ന ആദ്യ തിരയില്‍തന്നെ അതിന്റെ ഓരോ കണികയും അപ്രത്യക്ഷമാകും.
മനസ്സ് എന്തിനെ തേടുന്നുവോ അതാണ് നമ്മുടെ കാഴ്ചകളില്‍ ഉടക്കി നില്‍ക്കുന്നത്. എന്താണോ നാം കണ്ണുവെക്കുന്നത് അത് തന്നെയാണ് നാം കണ്ടെത്തുന്നത്. ഓരോ കാഴ്ചയിലും നമ്മുടെ കാഴ്ചപ്പാടുകള്‍കൂടി നിഴലിക്കുന്നുണ്ടെന്നര്‍ഥം. തേനീച്ചകള്‍ പൂവിലെ തേന്‍ മാത്രം തേടുന്നു. ക്ഷുദ്ര ജീവികള്‍ പൂവിനെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. എതിര്‍ ശബ്ദമുയര്‍ത്തിയവരോട് പോലും കാണിച്ച പരിഗണനയാണ് പ്രവാചകന്റെ ദൗത്യ വിജയം. അല്ലാഹു ഇക്കാര്യം ഇങ്ങനെ പറഞ്ഞു: ‘നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ? നിന്നില്‍ നിന്ന് നിന്റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.” (94:2)

Back to Top