5 Tuesday
March 2024
2024 March 5
1445 Chabân 24

കുടിയാന്മാര്‍ക്ക് വേണ്ടി നിലകൊണ്ട ഉപ്പി സാഹിബ്‌

ഹാറൂന്‍ കക്കാട്‌


മലബാറില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന് അസ്തിവാരമിട്ട നേതാവായിരുന്നു കോട്ടാല്‍ ഉപ്പി സാഹിബ്. ആദര്‍ശ രാഷ്ട്രീയത്തിന്റെ ദീപ്തസരണി തെളിയിച്ച മികച്ച പണ്ഡിതനും ഉജ്ജ്വല പ്രതിഭയുമായിരുന്നു അദ്ദേഹം. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവും ആദര്‍ശ സംരക്ഷണവുമായിരുന്നു ആ ഇതിഹാസ നായകന്റെ മുഖ്യ ലക്ഷ്യം. സാമൂഹിക പരിഷ്‌കരണ സംരംഭങ്ങളില്‍ നക്ഷത്രശോഭയുള്ള നിരവധി അധ്യായങ്ങള്‍ രചിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
1891-ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനു സമീപമുള്ള കോട്ടയം താലൂക്കിലെ കോട്ടാല്‍ എന്ന ജന്മി കുടുംബത്തില്‍ മായിന്‍ അധികാരിയുടെയും കയ്യുമ്മയുടെയും മകനായാണ് ഉപ്പി സാഹിബിന്റെ ജനനം. തലശ്ശേരി മാപ്പിള സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളജ്, മദിരാശി മുഹമ്മദന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. 1920-ല്‍ മദിരാശിയില്‍ പഠിക്കുന്ന സമയത്താണ് ഖിലാഫത്ത്-നിസ്സഹകരണ സമരത്തിന്റെ ആഹ്വാനം രാജ്യത്ത് അലയടിച്ചത്. ഇതേത്തുടര്‍ന്ന്, സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രധാന അജണ്ടയായി ഉള്‍ക്കൊണ്ട ഉപ്പി സാഹിബ് കോളജ് പഠനത്തോട് വിടപറഞ്ഞ് സ്വാതന്ത്ര്യസമരങ്ങളുടെ അഗ്നിപരീക്ഷണങ്ങളിലേക്ക് ആവേശത്തോടെ പറന്നിറങ്ങി.
1920-ലും 1926-ലും സ്വരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മദിരാശിയിലെ ബ്രാഹ്മണ-അബ്രാഹ്മണ വിവേചനത്തിനെതിരെ അദ്ദേഹം സഭയില്‍ ആഞ്ഞടിച്ചു. ഉദ്യോഗവൃത്തിയിലെ സംവരണ നീതിക്കായി അതിശക്തമായി പോരാടി. 1930-ല്‍ കേന്ദ്ര നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1946-ല്‍ വീണ്ടും മദിരാശി ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗമായി. 1952-ല്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് കെ ദാമോദരനെ പരാജയപ്പെടുത്തി മദിരാശി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മാപ്പിളമാരെ തെരഞ്ഞുപിടിച്ച് ആന്തമാനിലേക്ക് നാടുകടത്തുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കിരാത നടപടിക്കെതിരെ അദ്ദേഹം സഭയ്ക്കകത്തും പുറത്തും ശക്തമായി നിലയുറപ്പിച്ചു. കര്‍ഷക കുടിയാന്മാരുടെയും തൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. കേരള മുസ്ലിംകള്‍ക്കിടയില്‍ രൂപംകൊണ്ട നിഷ്പക്ഷ സംഘവുമായി ഉപ്പി സാഹിബ് സഹകരിച്ചിരുന്നു. ഇത് പിന്നീട് കേരള മുസ്ലിം മജ്‌ലിസ് എന്ന സംഘടനയില്‍ ലയിച്ചു. മജ്‌ലിസിന്റെ നേതൃനിരയില്‍ ഇ മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവരോടൊപ്പം ഉപ്പി സാഹിബുമുണ്ടായിരുന്നു.
1930-ല്‍ രൂപീകൃതമായ കേരള മുസ്ലിം മജ്‌ലിസിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിംലീഗിന്റെ രൂപീകരണത്തിനു മുന്‍നിരയില്‍ നിന്ന് ത്യാഗങ്ങള്‍ ചെയ്ത നേതാവായിരുന്നു കെ ഉപ്പി സാഹിബ്. മദ്രാസ് സ്റ്റേറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റിയംഗമായി ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിനൊപ്പം പ്രവര്‍ത്തിച്ച ഉപ്പി സാഹിബ് സത്താര്‍ സേട്ട് പ്രസിഡന്റായ മലബാര്‍ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായിരുന്നു. കോട്ടയം താലൂക്ക് മുസ്‌ലിം ലീഗ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റ്, കേരള സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ പദവികളും ഉപ്പി സാഹിബ് വഹിച്ചു. തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ പ്രദേശങ്ങളില്‍ മുസ്ലിം ലീഗിന്റെ നേതൃത്വം അദ്ദേഹത്തിന്റെ കൈകളിലായിരുന്നു.
സംഭവബഹുലമായിരുന്നു ഉപ്പി സാഹിബിന്റെ പൊതുജീവിതം. വലിയ ഭൂസ്വത്തിന്റെ അധിപനായിരുന്നപ്പോഴും പ്രയാസം അനുഭവിക്കുന്നവരുടെയും പീഡിതരുടെയും കൂടെയായിരുന്നു അദ്ദേഹത്തിന്റെ മുഴുസമയ പൊതുപ്രവര്‍ത്തനങ്ങള്‍. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ പാര്‍ലമെന്റ് ഉണ്ടായിരുന്നില്ല. സെന്‍ട്രല്‍ അസംബ്ലിയായിരുന്നു അന്നുണ്ടായിരുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റുവിനൊപ്പം സെന്‍ട്രല്‍ അസംബ്ലിയില്‍ അംഗമായിരുന്നു ഉപ്പി സാഹിബ്.
1929-ല്‍ മദ്രാസ് അസംബ്ലിയില്‍ പാവപ്പെട്ട കുടിയാന്മാര്‍ക്കു വേണ്ടി അദ്ദേഹം നടത്തിയ ഇടപെടല്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. കുടിയാന്മാര്‍ക്കു വേണ്ടി ആദ്യമായി ഭൂമി ആവശ്യപ്പെട്ട ഇതിഹാസ പുരുഷനാണ് അദ്ദേഹം. ആറളം ഫാമിലും കൂത്തുപറമ്പ് പാലപ്പറമ്പിലുമായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള കുടുംബത്തില്‍ നിന്നു വന്ന് കുടിയാന്മാര്‍ക്കു വേണ്ടി ധീരതയോടെ അദ്ദേഹം വാദിച്ചത് ബ്രിട്ടീഷ് ഭരണാധികാരികളെ പോലും ഞെട്ടിച്ചു.
അന്നത്തെ ഗവര്‍ണര്‍ സര്‍ ആര്‍ച്ച് ബാള്‍സ്‌നേ (1895- 1967) ചോദിച്ചു: ”മിസ്റ്റര്‍ ഉപ്പി, താങ്കള്‍ ജന്മിത്തറവാട്ടില്‍ നിന്ന് വരുന്ന ആളല്ലേ, എന്നിട്ടും എന്തിന് കുടിയാന്മാര്‍ക്കു വേണ്ടി പോരാടുന്നു?” അര്‍ഥഗര്‍ഭമായ ഉപ്പി സാഹിബിന്റെ പ്രതികരണം കേട്ട് സഭ സ്തബ്ധമായി. ”എന്നെ ഈ അസംബ്ലി മണ്ഡലത്തിലേക്ക് വിജയിപ്പിച്ച് അയച്ചത് തിരൂര്‍ മണ്ഡലത്തിലെ ജനങ്ങളാണ്. കോട്ടാല്‍ തറവാടിന്റെ പ്രതിനിധിയായല്ല ഞാനിവിടെ എത്തിയത്” എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്!
വലിയ വായനാപ്രിയനായിരുന്നു അദ്ദേഹം. തലശ്ശേരി മുസ്ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറായി അദ്ദേഹം നിരവധി സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ പിറവിക്കും പ്രചാരണത്തിനും വേണ്ടിയുള്ള ആലോചനകളിലും ചര്‍ച്ചകളിലും നിര്‍ണായകമായ പങ്കാളിത്തം വഹിച്ച വ്യക്തിയാണ് അദ്ദേഹം. വൈജ്ഞാനിക മുന്നേറ്റത്തിനും വിദ്യാഭ്യാസ വിപ്ലവത്തിനും അദ്ദേഹം എല്ലാവരുമായും അകമഴിഞ്ഞ് സഹകരിച്ചു.
1952 വരെ നിരവധി തവണ അദ്ദേഹം മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിവേഗം പൊതുസമ്മതനായ പ്രിയപ്പെട്ട നേതാവായി അദ്ദേഹം ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി. അദ്ദേഹം മത്സരിച്ച അവസാനത്തെ തെരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായി. 1952-ല്‍ മദ്രാസ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലായിരുന്നു. രാജഗോപാല്‍ ആചാരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 375-ല്‍ 152 സീറ്റിലാണ് വിജയിക്കാനായത്. പി രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 59 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിനായിരുന്നു മുസ്‌ലിം ലീഗ് പിന്തുണ നല്‍കിയത്. ഈ അസംബ്ലിയില്‍ മുസ്‌ലിം ലീഗ് അവതരിപ്പിച്ച മുസ്‌ലിം പേഴ്‌സണല്‍ ലോ പാസാക്കാനായത് ഉപ്പി സാഹിബിന്റെയും കെ എം സീതി സാഹിബിന്റെയും തന്ത്രപരമായ നീക്കങ്ങള്‍ കൊണ്ടായിരുന്നു. മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്റി പാര്‍ട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ഉപ്പി സാഹിബ് തന്റെ മന്ത്രിസഭയില്‍ അംഗമാവണമെന്ന് രാജഗോപാല്‍ ആചാരി വളരെയേറെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം മന്ത്രിയായാല്‍ അത് സര്‍ക്കാരിനെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന് ആചാരി തുറന്നുപറഞ്ഞു. എന്നാല്‍, അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു വേണ്ടിയല്ല മുസ്ലിം ലീഗ് കോണ്‍ഗ്രസ് സര്‍ക്കാരിനു പിന്തുണ നല്‍കിയത് എന്നു പറഞ്ഞ് ഉപ്പി സാഹിബ് മന്ത്രിപദവി നിരസിച്ചു.
വിവാഹത്തിനു ശേഷം മൂന്നു പതിറ്റാണ്ടോളം ഉളിയില്‍ എറിഞ്ഞാല്‍ കരുവാന്റെവളപ്പില്‍ തറവാട്ടിലായിരുന്നു ഈ സാമൂഹിക പരിഷ്‌കര്‍ത്താവ് താമസിച്ചത്. 1972 മെയ് 11-ന് 81-ാം വയസ്സില്‍ ഉപ്പി സാഹിബ് നിര്യാതനായി. കണ്ണൂര്‍ ഉളിയില്‍ കാട്ടില്‍ ജുമാമസ്ജിദ് ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x