ഉപ്പ
നാണിപ്പ അരിപ്ര
നെഞ്ചിലുറഞ്ഞ
ഉപ്പിന്റെ നീറ്റലുകള്‍
കണ്ണീരായി ഒഴുക്കിവിടാറുണ്ട്..
നീരുവറ്റിയ കാല്‍പാദങ്ങളില്‍
കിനിഞ്ഞിറങ്ങിയ ചോരച്ചാലുകള്‍…
തലനരച്ചു തുടങ്ങിയപ്പോഴാണ്,
നിറച്ചുവെച്ച ബാധ്യതകളുടെ
മണം അറിഞ്ഞുതുടങ്ങിയത്…
കയ്യിലുറച്ച തഴമ്പിനും
ശ്വാസത്തിന്റെ കുറുകലിനെ
പിടിച്ചു നിര്‍ത്താനാവുന്നില്ല..
വളഞ്ഞുനടക്കുന്നത്
ചുമലിലേറ്റിയ പ്രാരാബ്ധങ്ങളുടെ
ഭാരം കൊണ്ട് തന്നെയാണ്….
നെഞ്ച് കലങ്ങിയതൊക്കെ
മണ്ണുപറ്റാതെ
പോറ്റിയതുകൊണ്ടും…
വയറു വിശന്നപ്പോഴൊക്കെ
നിന്റെ വയറുനിറച്ചവന്‍
ചിരിക്കാറുണ്ട്..
വരിഞ്ഞുകെട്ടിയ
മുണ്ട് വലിച്ചെടുത്തു
വിയര്‍പ്പു തുടക്കുന്നത്
നീ കാണാറില്ല.
കവിളൊട്ടിയ
മുഖത്തേക്കാള്‍ ഭംഗി
തെളിഞ്ഞുകാണുന്ന
വാരിയെല്ലുകള്‍ക്കാണ്.
അതിന്നുള്ളിലാണ് ഒരാള്‍
ചിരിക്കാന്‍ ശ്രമിച്ച്
മറക്കാന്‍ പഠിക്കുന്നത്.