20 Thursday
June 2024
2024 June 20
1445 Dhoul-Hijja 13

ഉപവാസവും ആചാരങ്ങളും വിവിധ മതങ്ങളില്‍

ഡോ. ആബിദ് അഹ്മദ്‌


നിശ്ചിത സമയത്തേക്ക് ഭാഗികമായോ പൂര്‍ണമായോ ഭക്ഷണം ഉപേക്ഷിക്കുന്ന ആചാരമാണ് ഉപവാസം.പ്രാചീന കാലം മുതല്‍ക്കേ ലോകത്തെ മിക്ക മതങ്ങളിലും കണ്ടുവരുന്ന ആചാരമാണിത്. ഉപവാസം വ്യക്തിക്ക് ആരോഗ്യകരമാണെന്നും സംവേദനശീലവും ബോധതലവുംവര്‍ധിക്കുമെന്നും ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.തെറ്റുകളും പാപങ്ങളും പൊറുക്കപ്പെടാനോ ആത്മശുദ്ധീകരണത്തിനോ ആചരിക്കപ്പെടുന്ന കര്‍മമാണ് ഉപവാസം. മിക്ക മതങ്ങളും വിശ്വാസികള്‍ക്ക് ഉപവാസത്തിനായി ചില ദിവസങ്ങളോ കാലങ്ങളോ നിര്‍ദേശിച്ചിട്ടുണ്ട്. മിക്ക മതങ്ങളിലും ഉപവാസത്തോടൊപ്പം പ്രാര്‍ഥനയും നടത്തേണ്ടതുണ്ട്. മനുഷ്യന്റെ ശാരീരികവും ധാര്‍മികവും മതപരവുമായ വികാസത്തിനു പറ്റിയ പരിശീലനം കൂടിയാണ് ഉപവാസം. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപവാസം ലോകത്തെ മിക്കവാറും എല്ലാ മതങ്ങളിലും ഉണ്ടെങ്കിലും ഇസ്ലാമിനോളം അതിനു പ്രാധാന്യം നല്‍കുന്ന മറ്റൊരു മതമില്ല. വിശുദ്ധ ഖുര്‍ആന്‍ പ്രകാരം ഇസ്ലാമിനു മുമ്പുള്ള മതങ്ങളില്‍ ഉപവാസം നിര്‍ബന്ധമാക്കിയിട്ടുണ്ടായിരുന്നു. ഏതെല്ലാമാണ് ഈ മതങ്ങളെന്നും അവയിലെ ഉപവാസരീതികള്‍ ഇസ്ലാമിലേതുമായി എങ്ങനെ താരതമ്യം ചെയ്യാമെന്നും നോക്കാം. ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്.” (2:183)
ക്രിസ്തുമതത്തില്‍
ക്രിസ്തു മതത്തില്‍ ഉപവാസം എങ്ങനെയാണെന്ന് പറയാന്‍ പ്രയാസമാണ്. കാരണം ഇത്തരം ചിട്ടകളും ചട്ടങ്ങളും അതില്‍ പൊതുവേ കുറവാണ്. നാല്‍പത് ദിവസത്തെ ഉപവാസവും വന്നുപോയ തെറ്റുകള്‍ക്കായി പശ്ചാത്താപവും അനുഷ്ഠിക്കുന്ന ലെന്റ് ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി ഈസ്റ്ററിനു മുന്നോടിയായി ഇ ത് ആചരിച്ചുവരുന്നു. ഈ നാല്‍പത് ദിവസത്തിന്റെ ചരിത്രപരമായ സാംഗത്യംനാല്‍പതു ദിവസം വ്രതമെടുത്തു സ്വയം ശുദ്ധീകരിച്ച ശേഷം സീനായിലും ഹോരേബിലും ദൈവത്തെ സമീപിച്ച മോസസ്, ഏലിയാസ് എന്നീ പ്രവാചകരിലേക്ക് നീളുന്നു (പുറപ്പാട് 24:18, രാജാക്കന്മാര്‍ 19:18).
പ്രബോധനം തുടങ്ങുന്നതിനു മുമ്പായി യേശു നാല്‍പത് ദിവസം ഉപവസിച്ചു (മത്തായി 4:2). യഹൂദ മതത്തില്‍ നിലവിലിരുന്ന സമ്പ്രദായമനുസരിച്ചു പാപപരിഹാര ദിവസവും അദ്ദേഹം വ്രതമെടുത്തിരിക്കണം. ക്രിസ്ത്യാനികള്‍ ഏത് രാജ്യത്ത് ജീവിക്കുന്നു എന്നതിനനുസരിച്ചു വ്രതമെടുക്കുന്ന സമ്പ്രദായത്തിനും മാറ്റമുണ്ടാവും. ചിലര്‍ വ്രതമെടുക്കുന്ന ദിവസങ്ങളില്‍ മാംസം ഉപേക്ഷിക്കുന്നു, മറ്റു ചിലര്‍ മത്സ്യം ഉപേക്ഷിക്കുന്നു. ചിലര്‍ ഫലവര്‍ഗങ്ങള്‍, മുട്ട, വിശിഷ്ട ഭോജ്യങ്ങള്‍ എന്നിവയൊന്നും കഴിക്കില്ല. മറ്റു ചിലര്‍ വെറും റൊട്ടി കഴിക്കും. ചിലര്‍ ഈ വക ഭക്ഷണങ്ങളെല്ലാം ഉപേക്ഷിക്കും. വ്രതദിവസങ്ങളില്‍ പാനീയങ്ങള്‍ അനുവദനീയമാണ്.
ഉപവാസത്തിലെ അപകടത്തെക്കുറിച്ചും ബൈബിള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചിലര്‍ ഉപവാസത്തെ ദൈവത്തില്‍ നിന്ന് കാര്യസാധ്യത്തിനുള്ള വഴിയായി കണ്ടേക്കാം (യെശയ്യാ 58:3) ആത്മാര്‍ഥമായ പശ്ചാത്താപത്തിനു പകരമായി ഉപവാസത്തെ കണ്ടേക്കാം. അങ്ങനെ അത് വെറുമൊരു ആചാരമായി മാറാം (യെശയ്യാ 58:5, സെഖര്‍യ്യാവു 7:5). തെറ്റായി അനുഷ്ഠിക്കുക വഴി കാണിച്ചുകൂട്ടലായോ മതത്തിന്റെ പരസ്യപ്രകടനമായോ കാണപ്പെട്ടേക്കാം. അതായിരിക്കരുത് ഒരു ഉപവാസത്തിന്റെയും ശരിയായ ഉദ്ദേശ്യം(മത്തായി 6:16-18).

യഹൂദ മതത്തില്‍
യോം കിപ്പര്‍ (ഉമ്യ ീള അീേിലാലി)േ യഹൂദ വിശ്വാസപ്രകാരം വര്‍ഷത്തില്‍ ഏറ്റവും വിശുദ്ധമായ ദിനമാണ്. ജൂതന്മാര്‍ സ്വന്തം പാപങ്ങളില്‍ നിന്ന് മുക്തി നേടാനായി അനുഷ്ഠിക്കുന്ന ആത്മനിരാസത്തിന്റേതായ ദിവസമാണ് യോം കിപ്പര്‍(ലേവ്യപുസ്തകം 2327). ജൂതന്മാരുടെ പുതുവത്സരദിനമായ റോഷ് ഹഷാനക്ക് ശേഷം എട്ടു ദിവസം കഴിഞ്ഞാണ് അത് ആചരിക്കപ്പെടുന്നത്. റോഷ് ഹഷാനയുടെ അന്ന് ദൈവം എല്ലാ ജൂതന്മാരുടെയും പേര് പുസ്തകങ്ങളില്‍ എഴുതിവെക്കുമെന്നും യോം കിപ്പര്‍ ദിവസമാണ് അതില്‍ വിധിയെഴുതി മുദ്ര വെക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ പശ്ചാത്തപിക്കാനും തങ്ങള്‍ക്കു മേല്‍ കല്‍പിച്ച വിധിക്ക് മാറ്റം വരുത്താനും ജൂതന്മാര്‍ക്ക് ലഭിക്കുന്ന അവസാന അവസരമാണ് യോം കിപ്പര്‍. തോറായില്‍ നിര്‍ദേശിച്ചിരിക്കുന്ന ഒരേയൊരു വ്രതദിവസമാണ് യോം കിപ്പര്‍. 25 മണിക്കൂര്‍ തികച്ചും, അതായത് തലേന്ന് സൂര്യാസ്തമയം മുതല്‍ യോം കിപ്പര്‍ ദിവസംഇരുട്ട് വീഴുന്നതുവരെ നീണ്ടുനില്‍ക്കുന്നതാണ് ഈ വ്രതം. ആ സമയത്ത് ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിക്കേണ്ടതാണ്. പോയ വര്‍ഷത്തെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്ത്ആത്മാവിനെ വിമലീകരിക്കാനായി നീക്കിവെച്ച ദിവസമാണത്.
തല്‍മൂദ് അനുസരിച്ചു യോം കിപ്പറിന്റെ അന്ന് ഉപവസിക്കുന്ന അത്രതന്നെ അനുഗ്രഹിക്കപ്പെട്ടതാണ് തലേന്ന് ഭക്ഷണം കഴിക്കുന്നതും. ആ ദിവസത്തെ സദ്യക്ക് ടലൗറമവ ങമളലെസല േ(അവസാനത്തെ ഭക്ഷണം) എന്നാണ് പേര്. ഇതില്‍ മൃഗമാംസം ഉള്‍പ്പെടുത്തില്ല, എന്നാല്‍ പക്ഷികളെ ഭക്ഷിക്കാം. സൂപ്പ് പരമ്പരാഗതമായി വളരെ കുറച്ചു മാത്രം ഉപ്പ് ചേര്‍ത്തു കഴിക്കാറുണ്ട്. മിക്ക ജൂതന്മാരും ഉപവാസം അവസാനിപ്പിക്കുന്നത് പാലുല്‍പന്നങ്ങള്‍ കഴിച്ചാണ്. കുടുംബക്കാരും സുഹൃത്തുക്കളും എല്ലാം ഒരുമിച്ച് ഏതെങ്കിലും ഒരാളുടെ വീട്ടില്‍ വെച്ചാണ് ഉപവാസം അവസാനിപ്പിക്കാറ്.
ഹിന്ദു, ബുദ്ധ, ജൈന മതങ്ങളില്‍
ബുദ്ധമതത്തിലെയും ജൈനമതത്തിലെയും ഉപവാസം സമാനമാണ്. ഹിന്ദു മതത്തിലെ ഉപവാസം കുറിക്കുന്നത് ശാരീരികമായ ആവശ്യങ്ങളെ ത്യജിച്ചുകൊണ്ട് ആത്മീയമായ ഉന്നതി കൈവരിക്കുകയാണ്. ദൈനംദിന ജീവിതം തുടരവേ ആത്മീയപാത പിന്തുടരുന്നത് എളുപ്പമല്ലെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.അതുകൊണ്ട് വിശ്വാസികള്‍ മനസ്സിനെ ഏകാഗ്രമാക്കാനായി സ്വയം നിയന്ത്രണങ്ങള്‍ ഏല്‍പിക്കുന്നു. അത്തരത്തില്‍ ഒരു നിര്‍ബന്ധിത നിയന്ത്രണമാണ് ഉപവാസം.
എന്നാല്‍ ആരാധനയുടെ ഭാഗം മാത്രമല്ല ഉപവാസം. അത് ആത്മനിയന്ത്രണത്തിനുള്ള ഉപാധി കൂടിയാണ്. മനസിനെയും ശരീരത്തെയും വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ പാകപ്പെടുത്തുന്ന പരിശീലനം കൂടിയാണ്. ഹൈന്ദവ ദര്‍ശനമനുസരിച്ചു ഭക്ഷണം എന്നാല്‍ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ്. അതുപോലെ അവയെ തൃപ്തിപ്പെടുത്താതിരിക്കുക വഴി ഇന്ദ്രിയങ്ങളെ വിചിന്തനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. വയറു നിറഞ്ഞിരിക്കുമ്പോള്‍ ബുദ്ധി ഉറക്കമാവുന്നു, വിവേകം നിശ്ശബ്ദമാവുന്നു, ശരീരാവയവങ്ങള്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്ന് ഹിന്ദുമതം പഠിപ്പിക്കുന്നു.
വെളുത്ത വാവ്, ഏകാദശി എന്നിങ്ങനെ മാസത്തില്‍ ചില പ്രത്യേക ദിവസങ്ങളിലാണ് ഹിന്ദുക്കള്‍ വ്രതമെടുക്കുന്നത്. ആഴ്ചയില്‍ ചില ദിവസങ്ങളും ഓരോരുത്തരുടെയും ഇഷ്ടദേവതക്കനുസരിച്ച് ആളുകള്‍ വ്രതമെടുക്കാനായി തെരഞ്ഞെടുക്കുന്നു. ശനിയാഴ്ചകളില്‍ ആ ദിവസത്തിന്റെ ദേവനായ ശനിയുടെ പ്രീതിക്കായി ആളുകള്‍ വ്രതമെടുക്കുന്നു. ചിലര്‍ ഹനുമാന്റെ ദിവസമായ ചൊവ്വാഴ്ച വ്രതമെടുക്കുന്നു. വെള്ളിയാഴ്ചകളില്‍ പുളിപ്പുള്ള ഭക്ഷണം ഒഴിവാക്കിക്കൊണ്ട് സന്തോഷിമായുടെ ഭക്തര്‍ വ്രതമെടുക്കുന്നു. ആഘോഷസമയത്തു വ്രതമെടുക്കുന്നത് സാധാരണയാണ്. ശിവരാത്രിക്കും കര്‍വചൗത് ആഘോഷത്തിനും ഇന്ത്യയിലെങ്ങും ഹിന്ദുക്കള്‍ വ്രതമെടുക്കുന്നു. നവരാത്രി കാലത്തു ഭക്തര്‍ ഒമ്പതു ദിവസം വ്രതമെടുക്കുന്നു. പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ ദുര്‍ഗാപൂജയുടെ എട്ടാമത്തെ ദിവസമായ അഷ്ടമിക്ക് വ്രതമെടുക്കുന്നു.
ഹിന്ദുമതത്തില്‍ ഉപവാസം ആയുര്‍വേദ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പുരാതന ഭാരതീയ ചികിത്സാ സമ്പ്രദായം അനുസരിച്ചു രോഗങ്ങള്‍ക്ക് കാരണം ദഹനവ്യവസ്ഥയില്‍ വിഷാംശങ്ങള്‍ അടിഞ്ഞുകൂടുന്നതാണ്. കൃത്യമായി അവയെ കളഞ്ഞു വൃത്തിയാക്കുന്നതു വഴി ആരോഗ്യം നിലനിര്‍ത്താം. ഉപവാസത്തിലൂടെ ദഹനാവയവങ്ങള്‍ക്ക് വിശ്രമം കിട്ടുകയും അതുവഴി എല്ലാ ശാരീരിക പ്രക്രിയകളും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. പൂര്‍ണമായ ഉപവാസം ആരോഗ്യത്തിനു നല്ലതാണ്. കൂടാതെ ആയുര്‍വേദം അനുസരിച്ചു മനുഷ്യ ശരീരം 80% ദ്രാവകവും 20% ഖരവുമാണ്, ഭൂമിയെപ്പോലെ തന്നെ. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ശരീരത്തിലെ ദ്രാവകങ്ങളെ ബാധിക്കുന്നു. അത് ശരീരത്തിന്റെ വൈകാരിക നില തെറ്റിക്കുന്നു. ചിലരെ സമ്മര്‍ദത്തിലാക്കുന്നു, ചിലര്‍ അസ്വസ്ഥരാവുന്നു, അക്രമാസക്തരാകുന്നു. ഉപവാസം ഇവിടെ ഒരു മറുമരുന്നായി വര്‍ത്തിക്കുന്നു. ശരീരത്തിലെ അമ്ലത്വം കുറക്കുന്നു, അതുവഴി ആളുകളുടെ സമനില വീണ്ടെടുക്കാന്‍ സഹായിക്കുന്നു.
ഭക്ഷണനിയന്ത്രണമെന്നതില്‍ നിന്ന് ഉപവാസം സാമൂഹിക നിയന്ത്രണത്തിനുള്ള ഉപാധിയായി മാറിയിരിക്കുന്നു. അക്രമരഹിതമായ പ്രതിഷേധ മാര്‍ഗമാണത്. ഗാന്ധിജി പലപ്പോഴും സമാധാനപരമായ പ്രതിഷേധമായി ഉപവസിച്ചിരുന്നു. നിരാഹാര സമരത്തിലൂടെ പ്രശ്‌നത്തിലേക്ക് ശ്രദ്ധ പിടിച്ചുപറ്റാനും പരിഹാരം കണ്ടെത്താനും സാധിക്കും. ഉപവാസ സമയത്തു വിശപ്പിന്റെ വേദന അറിയുന്ന ആള്‍ക്ക് ഭക്ഷണം കിട്ടാതെ വലയുന്ന പാവങ്ങളോട് സഹാനുഭൂതി തോന്നും. ആളുകള്‍ വിശപ്പ് പങ്കിട്ട് അനുഭവിക്കുന്നതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ഉപവാസം സമൂഹത്തിന് ഗുണകരമാകുന്നു. അങ്ങനെ ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉപവാസം അവസരമൊരുക്കുന്നു.
സിഖ് മതത്തില്‍
സിഖുകാര്‍ ഉപവാസത്തെ നിരര്‍ഥകമായ പ്രവൃത്തിയായി കാണുന്നതിനാല്‍ അതില്‍ ഏര്‍പ്പെടാറില്ല. സിഖ് മതസ്ഥാപകനായ ഗുരു നാനാക് മുസ്ലിമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അദ്ദേഹം സ്ഥിരമായി ഉപവസിച്ചിരുന്നു. സിഖ് മതപ്രകാരമുള്ള പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിങ് 1675-ല്‍ അധികാരം കൈക്കൊണ്ടതിനു ശേഷമാണ് സിഖ് മതാചാരങ്ങളില്‍ നിന്ന് ഉപവാസത്തെ ഒഴിവാക്കിയത്.

ഇസ്‌ലാമിലെ ഉപവാസം
താരതമ്യം ചെയ്യുമ്പോള്‍

ഉപവാസം എന്ന സമ്പ്രദായത്തെ പരിഷ്‌കരിക്കുന്നതിന് മുമ്പില്‍ നിന്നത് ഇസ്‌ലാമാണ്. ഉപവാസത്തിന്റെ അര്‍ഥം, നിയമങ്ങള്‍, ഉദ്ദേശ്യം എല്ലാം വിപ്ലവകരമായി പരിഷ്‌കരിച്ചു. അങ്ങനെ ഉപവാസം എളുപ്പവും സ്വാഭാവികവും ഫലപ്രദവുമായി. യഹൂദമതത്തിലും ക്രിസ്തുമതത്തിലും ഉപവാസം ദുഃഖത്തിന്റെയും വിലാപത്തിന്റെയും പാപപരിഹാരത്തിന്റെയും ചിഹ്നമായിരുന്നു. ദുരന്തങ്ങളുടെ ഓര്‍മപ്പെടുത്തലും ആത്മപീഡയുമായിരുന്നു. ഉപവാസത്തിന്റെ ഈ ശോകമൂകമായ ഭാവത്തെ മാറ്റി ആത്മശുദ്ധീകരണത്തിന്റേതായ ആശയമാക്കി മാറ്റിയത് ഇസ്ലാമാണ്. ഉപവാസത്തിന്റെ മാസം ഇസ്ലാമില്‍ ആരാധനയുടെ മാസമാണ്.
ഉപവാസത്തെ സംബന്ധിച്ച ഇസ്ലാമിക നിയമങ്ങള്‍ ന്യായവും സാര്‍വത്രികവുമാണ്. മേല്‍പറഞ്ഞ മതങ്ങളില്‍ ഉപവാസം ചില പ്രത്യേക വിഭാഗങ്ങള്‍ക്കായി ഉള്ളതായിരുന്നു. ഹിന്ദുമതത്തില്‍ ബ്രാഹ്മണരില്‍ ഉന്നത പുരോഹിതര്‍ക്കു മാത്രമാണ് വ്രതം നിര്‍ബന്ധമായിരുന്നത്. ചില ലാറ്റിന്‍ മതങ്ങളില്‍ സ്ത്രീകള്‍ മാത്രമാണ് നിര്‍ബന്ധമായി ഉപവസിക്കേണ്ടത്. ഇസ്ലാമില്‍ സ്ഥാനമാനങ്ങള്‍ക്കുപരിയായിപ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഉപവാസം നിര്‍ബന്ധമാണ്.
ഇസ്ലാം ആളുകള്‍ക്ക് വ്രതമെടുക്കുന്നത് എളുപ്പമാക്കുന്നതിന് ഉദാഹരണമാണ് ഉപവാസം തുടങ്ങുന്നതിനു മുമ്പായി ഭക്ഷണം കഴിക്കുന്ന രീതി. സുബ്ഹിക്ക് ഏതാനും നിമിഷം മുമ്പുവരെ വ്രതമെടുക്കുന്നയാള്‍ക്ക് ഭക്ഷണം കഴിക്കാം. അതുപോലെ തന്നെ സൂര്യന്‍ അസ്തമിച്ച ഉടനെ ഒട്ടും വൈകാതെ വ്രതം അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് ചിട്ട. പകല്‍സമയത്ത് ഉറക്കവും വിശ്രമവും അനുവദനീയമാണ്. പണിയെടുക്കുന്നതിനു മുടക്കമില്ല. കച്ചവടങ്ങള്‍ അടച്ചുപൂട്ടേണ്ടതില്ല. യഹൂദര്‍ക്കിടയില്‍ വ്രതകാലത്തു പണിയെടുക്കുന്നതിന് നിരോധനമുണ്ട്. ഉപവാസത്തില്‍ തെറ്റു വരുത്തിയാല്‍ ശിക്ഷിക്കപ്പെടില്ല. മറന്ന് ഭക്ഷണം കഴിച്ചുപോയാല്‍ അത് പൊറുക്കപ്പെടും. ”അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഇച്ഛിക്കുന്നത്, പ്രയാസമല്ല…” (2:186).
മറ്റു മതങ്ങളില്‍ സൗര കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഉപവാസ സമയം നിശ്ചയിക്കുന്നത്. ഇതിന് കലണ്ടര്‍ നിര്‍മിക്കുന്നതിനായി ജ്യോതിശാസ്ത്രത്തില്‍ നല്ല ജ്ഞാനം ആവശ്യമാണ്. കൂടാതെ മാസങ്ങള്‍ പ്രത്യേക ഋതുക്കളില്‍ നിശ്ചിതമാണ്, അവ മാറുകയില്ല. ഇസ്ലാമില്‍ ഉപവാസം ചാന്ദ്ര കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ്. കറുത്ത വാവിനു ശേഷം പുതിയ ചന്ദ്രന്‍ പിറവിയെടുക്കുന്നതിന് അനുസൃതമായാണത്. അല്ലാഹു പറയുന്നു: ”അവര്‍ പുതിയ ചന്ദ്രനെക്കുറിച്ച് നിങ്ങളോട് ചോദിക്കുന്നു. പറയുക: ആളുകള്‍ക്ക് സൗകര്യത്തിനായി സമയം നിര്‍ണയിക്കാനുള്ള മാര്‍ഗമാണത്.” (2:190).
സൂര്യനു പകരം ചന്ദ്രനെ ആധാരമാക്കുന്നതിന് പല കാരണങ്ങളുമുണ്ട്. സൗരവര്‍ഷത്തെ അപേക്ഷിച്ചു 10-11 ദിവസം കുറവായിരിക്കും എപ്പോഴും ചാന്ദ്രവര്‍ഷം. അങ്ങനെ 2001-ല്‍ റമദാന്‍ നവംബര്‍ 17-നു തുടങ്ങിയെങ്കില്‍ 2002ല്‍ അത് നവംബര്‍ 6-നാവും. തുടര്‍ന്ന് 36 വര്‍ഷത്തിനിടെ എല്ലാ മുസ്ലിംകളും വര്‍ഷത്തിലെ എല്ലാ ദിവസവും വ്രതമെടുത്തിട്ടുണ്ടാവും, ദൈര്‍ഘ്യം കുറഞ്ഞ ദിവസവും കൂടിയ ദിവസവും ചൂടേറിയ ദിവസവും തണുപ്പുള്ള ദിവസവും എല്ലാം. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകള്‍ വ്രതമെടുത്ത ദിവസങ്ങളും അതിനിടെ നേരിട്ട ഋതുഭേദങ്ങളും എല്ലാം തുല്യമായിരിക്കും. സൗര കലണ്ടറിനെ ആധാരമാക്കിയാണ് വ്രതം നിശ്ചയിച്ചിരുന്നതെങ്കില്‍ പൊരിവേനലുള്ള നാടുകളിലെ മുസ്ലിംകള്‍ക്ക് എല്ലാ കൊല്ലവും വേനല്‍ക്കാലത്തു റമദാന്‍ വന്നേനെ. ചില മുസ്ലിംകള്‍ നീണ്ട ദിവസങ്ങള്‍ വ്രതമെടുത്തേനെ, മറ്റു ചിലര്‍ ഹ്രസ്വമായ പകലുകളും. കാരണം സൗര കലണ്ടര്‍ അനുസരിച്ചു മാസങ്ങള്‍ നിശ്ചിതമാണ്.മാത്രമല്ല, സൗര കലണ്ടര്‍ അനുസരിച്ചു വ്രതമനുഷ്ഠിക്കുമ്പോള്‍ ചില പ്രത്യേക കാലത്തു മാത്രം കിട്ടുന്ന പഴവര്‍ഗങ്ങള്‍ ലഭിക്കാതെ പോയേക്കാം. എന്നാല്‍ ചാന്ദ്ര കലണ്ടര്‍ ഒരുവട്ടം കഴിഞ്ഞു വരുമ്പോഴേക്കും റമദാന്‍ കാലത്ത് മുസ്ലിംകള്‍ വ്യത്യസ്ത തരം പഴങ്ങളും പച്ചക്കറികളും കഴിച്ചിരിക്കും. അതേസമയം സൗര കലണ്ടറിനനുസരിച്ചാണ് വ്രതമെങ്കില്‍ റമദാന്‍ കാലത്ത് ചില പഴങ്ങള്‍ ലഭ്യമാവില്ല. അതുകൊണ്ടാണ് മുസ്ലിംകള്‍ റമദാന്‍ മാസം മാറ്റുകയോ ദിവസങ്ങള്‍ കൂട്ടുകയോ കുറക്കുകയോ ചെയ്ത് അതിനെ വികൃതമാക്കുകയോ പല മാസങ്ങളിലേക്ക് വ്രതം വിഭജിക്കുകയോ ചെയ്യാതിരുന്നത്.
ചരിത്രത്തില്‍ ഉടനീളം എല്ലാ മതങ്ങളിലും തീവ്രമായ പ്രാര്‍ഥനകളിലൂടെ വിശ്വാസം ഉറപ്പിക്കാനായി ആത്മീയമായ മാര്‍ഗം എന്ന നിലക്ക് വ്രതങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ദൈവത്തോടുള്ള ബാധ്യതയായി കണ്ട് ആളുകള്‍ വ്രതമെടുത്തുപോന്നു. അങ്ങനെ ആരോഗ്യവും ആത്മീയതയും വളര്‍ത്തി. ഉപവാസം ആത്മീയവും മാനസികവും വൈകാരികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു. ഇന്ന് ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗമായി അംഗീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി രോഗികളെ സുഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗങ്ങളില്‍ ഒന്നാണിത്. കൃത്യമായി ഉപവസിക്കുന്നതിലൂടെ ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും പുറത്തുപോയി ശരീരം സ്വയം സുഖപ്പെടുന്നു. മനസ്സിനെയും ആത്മാവിനെയും ഉണര്‍ത്തുന്നു.
വിവ. ഡോ. സൗമ്യ പി എന്‍

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x