ഉപസംവരണത്തിന് എന്താണ് തടസ്സം?
വര്‍ഷങ്ങളായി ഫയലില്‍ വിശ്രമിക്കുകയായിരുന്ന സ്ത്രീ സംവരണ ബില്‍ ലോകസഭയും രാജ്യസഭയും പാസാക്കിയിരിക്കുന്നു. 128-ാമത് ഭരണഘടനാ ഭേദഗതിയായി അവതരിപ്പിച്ച ബില്‍ പകുതി സംസ്ഥാനങ്ങള്‍ കൂടി ശരിവെക്കുന്നതോടെ നിയമമായി മാറും. നിയമമായാല്‍ തന്നെ പ്രായോഗികമായി നടപ്പിലാവാന്‍ വര്‍ഷങ്ങളെടുക്കും എന്നതാണ് യാഥാര്‍ഥ്യം. 2010ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന് പിന്നീട് കാലഹരണപ്പെട്ടുപോയ ബില്ല് തന്നെയാണ് ഇപ്പോള്‍ പാസാക്കിയത്. കാലോചിതമായ ചില ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട് എന്നുമാത്രം. എന്നാല്‍ നിയമനിര്‍മാണ സഭകളിലെ വനിതാ സംവരണത്തെക്കുറിച്ച് പഠിക്കാന്‍ വേണ്ടി 1996ല്‍ നിയമിക്കപ്പെട്ട ഗീതാ മുഖര്‍ജി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ സുപ്രധാനമായ പല നിര്‍ദേശങ്ങളും ഇവിടെയും വിസ്മരിക്കപ്പെട്ടിട്ടുണ്ട്.
1996ല്‍ ബംഗാളില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ഗീതാ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി വനിതാ സംവരണത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയിരുന്നു. അന്നത്തെ പല നിര്‍ദേശങ്ങളും 2010ലെ ബില്ലിലും ഇപ്പോള്‍ പാസായ ബില്ലിലും ഉണ്ട്. എന്നാല്‍, ഒ ബി സി സംവരണം, രാജ്യസഭ ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലെ സംവരണം എന്നിവ സംബന്ധിച്ച നിര്‍ദേശം ഇപ്പോഴും പരിഗണിച്ചിട്ടില്ല.
വനിതാ സംവരണ ബില്‍ നിയമമാകുമ്പോള്‍ അതിനെത്തുടര്‍ന്ന് ഉണ്ടാകാവുന്ന ഏറ്റവും വലിയ പ്രതിസന്ധി സംവരണ സീറ്റില്‍ സവര്‍ണ കുടുംബങ്ങളിലെ സ്ത്രീകള്‍ മാത്രം ജയിച്ചുവരുന്ന സ്ഥിതിവിശേഷമാണ്. നിലവില്‍ വനിതാ സംവരണത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ സ്ത്രീകള്‍ക്ക് ഉപസംവരണം നല്‍കിയിട്ടുണ്ട്. സമാന മാതൃകയില്‍ മുസ്ലിം, ആംഗ്ലോ ഇന്ത്യന്‍ – മറ്റു പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് സംവരണം നല്‍കണം. ഇല്ലെങ്കില്‍, സാമൂഹിക മൂലധനത്തില്‍ മുമ്പില്‍ നില്‍ക്കുന്ന സവര്‍ണ സ്ത്രീകളുടെ മത്സര കേന്ദ്രമായി സംവരണ സീറ്റുകള്‍ മാറും. വനിതാ സംവരണം നടപ്പിലാക്കല്‍ 2029ലേക്ക് നീട്ടിവെച്ചുകൊണ്ട്, ഒരു തെരഞ്ഞെടുപ്പ് പ്രചരണായുധം മാത്രമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ കാണുന്നതെങ്കില്‍ ഒട്ടേറെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ വേറെയും നേരിടേണ്ടിവരും. ആത്മാര്‍ഥതയുണ്ടെങ്കില്‍, അടുത്ത ലോകസഭ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇത് നടപ്പിലാക്കാവുന്നതേ ഉള്ളൂ.
പ്രത്യേക പരിഗണനകള്‍ ഒന്നുമില്ലാത്ത മത്സരാധിഷ്ഠിത സീറ്റുകളിലൂടെ മതിയായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ഉണ്ടാകുന്നില്ല എന്നതാണല്ലോ ഇപ്പോള്‍ വനിതാ സംവരണം കൊണ്ടുവരാനുള്ള സാഹചര്യം. സ്വാതന്ത്ര്യം നേടി ഇത്ര വര്‍ഷമായിട്ടും പാര്‍ലമെന്റിലെ ശരാശരി വനിതാ പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ കൂടിയിട്ടില്ല. നിയമനിര്‍മാണ സഭകളിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 143 ആണ്. ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ വനിതാ പാര്‍ലമെന്ററി ആഗോള റാങ്കിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളേക്കാള്‍ പിറകിലാണ് ഇക്കാര്യത്തില്‍ ഇന്ത്യ. അതുകൊണ്ട് തന്നെ ഇപ്പോള്‍ പാസാക്കിയ ബില്ല് ഇന്ത്യയെ സംബന്ധിച്ചേടത്തോളം ചരിത്രപരവും നിര്‍ണായകവുമാണ്. അക്കാര്യത്തില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ ഒ ബി സി സംവരണത്തില്‍ കാണിച്ച ഇരട്ടത്താപ്പ് അംഗീകരിക്കാനാവാത്തതാണ്.
മുസ്ലിം സ്ത്രീകളുടെ പാര്‍ലമെന്ററി സാന്നിധ്യം പരിശോധിച്ചാല്‍ സ്ത്രീ പ്രാതിനിധ്യത്തേക്കാള്‍ എത്രയോ താഴ്ന്ന നിലയിലാണ് എന്ന് നിസ്സംശയം മനസ്സിലാക്കാനാവും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് പഠിച്ച എല്ലാ കമ്മീഷനുകളും ഇക്കാര്യം വസ്തുതാപരമായി തന്നെ ചൂണ്ടിക്കാണിച്ചതാണ്. മാത്രമല്ല, വനിതാ സംവരണത്തിന് വേണ്ടി ഭരണഘടനാ ഭേദഗതി ചെയ്യുമ്പോള്‍ ഇക്കാര്യം പരിഗണിക്കണമെന്ന് ഗീതാ മുഖര്‍ജി കമ്മിറ്റിയും ആവശ്യപ്പെട്ടതാണ്. മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമല്ല, മതിയായ പ്രാതിനിധ്യം ഇല്ലാത്ത എല്ലാ ന്യൂനപക്ഷ- പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന രൂപത്തില്‍ ഉപസംവരണം കൊണ്ടുവരണം.