യു പിയും യോഗിയും ജനാധിപത്യത്തിന്റെ പരീക്ഷണവും
അഡ്വ. നജാദ് കൊടിയത്തൂര്‍
2024ലെ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശിലെ രാഷ്ട്രീയം ഏത് ദിശയിലേക്ക് നീങ്ങുന്നു എന്ന ചോദ്യം രാജ്യത്തിന്റെ തന്നെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ്. രാജ്യത്തെ പ്രധാനപ്പെട്ട മതങ്ങളും ജാതികളും സമുദായങ്ങളും സംഘടിച്ച് ശക്തിയാര്‍ജിച്ച ഒരു ഭൂപ്രദേശം എന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ രാജ്യത്തൊട്ടാകെ രാഷ്ട്രീയമായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, യോഗി ആദിത്യനാഥിന് രണ്ട് മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രവചിച്ചിരുന്നു. കാരണം, മോദിയും അമിത് ഷായും തങ്ങളുടെ അധികാരത്തിനെതിരായ എല്ലാ ആഭ്യന്തര ഭീഷണികളും നീക്കം ചെയ്യും. ആ കാലഘട്ടത്തെ ആദിത്യനാഥ് അതിജീവിച്ചു, പക്ഷേ മുന്നിലുള്ള പാത ആദിത്യനാഥിന് അത്ര എളുപ്പമല്ല. ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ മോശം പ്രകടനം അവലോകനം ചെയ്യുന്ന പ്രക്രിയ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ആറ് കേന്ദ്രമന്ത്രിമാര്‍ക്ക് സീറ്റ് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, 2019-ലെ 62 സീറ്റില്‍ നിന്ന് 33 സീറ്റിലേക്ക് പാര്‍ട്ടി താഴോട്ട് പോയ മത്സരത്തില്‍ സംസ്ഥാന സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്ക് അവരുടെ നിയമസഭാ മണ്ഡലങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
‘400 പാര്‍’ (400ല്‍ കൂടുതല്‍) എന്ന മുദ്രാവാക്യം മൂലമുണ്ടായ അലംഭാവവും ആശയക്കുഴപ്പവും സിറ്റിംഗ് എം പിമാര്‍ക്കെതിരായ ഭരണവിരുദ്ധതയെ മനസ്സിലാക്കാന്‍ കഴിയാത്തതും, അവസാന നിമിഷം പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് മത്സരിപ്പിച്ചതും, ജാതി കണക്കുകള്‍ ശരിയാകാതെ വന്നതുമൊക്കെ പാര്‍ട്ടിയിലെ രണ്ട് ‘എഞ്ചിനുകള്‍’ ഒരു കൂട്ടിയിടി ഗതിയിലാണെന്ന് സൂചിപ്പിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നവയാണ്. വാരണാസി ഡിവിഷനിലെ (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീറ്റ്) പാര്‍ട്ടിയുടെ മോശം പ്രകടനവും ഗൊരഖ്പൂരിലെ (മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ മണ്ഡലം) മെച്ചപ്പെട്ട സ്ട്രൈക്ക് റേറ്റും എന്തുകൊണ്ട് സംഭവിച്ചു എന്നതിന് വിശദീകരണമായി ഉദാസീനതയുടെയും നിസ്സംഗതയുടെയും കഥകള്‍ പാര്‍ട്ടിയിലെ തന്നെ വിവിധ സ്രോതസ്സുകളില്‍ നിന്നു ഉയര്‍ന്നുവരുന്നുണ്ട്.
ബി ജെ പിയുടെ സഖ്യകക്ഷിയായ നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആം ദള്‍ (നിഷാദ്) പാര്‍ട്ടിയുടെ ചെയര്‍മാന്‍ സഞ്ജയ് നിഷാദ്, ‘400 പാര്‍’ എന്ന മുദ്രാവാക്യം സംസ്ഥാനത്തെ എന്‍ ഡി എയുടെ സാധ്യതകള്‍ തകര്‍ത്തതായി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടന മാറ്റുന്നത് സംബന്ധിച്ച് ലല്ലു സിങ്ങും അരുണ്‍ ഗോവിലും ഉള്‍പ്പെടെയുള്ള ചില സ്ഥാനാര്‍ഥികള്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി എന്നതാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം, യോഗി മന്ത്രിസഭയില്‍ അംഗമായ ജയവീര്‍ സിംഗ് ‘400 പാര്‍’ മുദ്രാവാക്യം ഒ ബി സി, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ തങ്ങളുടെ റിസര്‍വേഷന്‍ ക്വാട്ടകള്‍ എടുത്തുകളഞ്ഞേക്കുമോ എന്ന ഭയവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടു. മൊറാദാബാദിലെ തന്റെ ഹോം ഡിവിഷനില്‍ ഒരു മാന്ത്രികതയും കാണിക്കാന്‍ സാധിക്കാതെ പരാജയപ്പെട്ട സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ഭൂപീന്ദര്‍ സിങ്ങിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു, അവിടെ പാര്‍ട്ടിക്ക് ആറില്‍ അഞ്ച് സീറ്റും നഷ്ടപ്പെട്ടു. മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മൊറാദാബാദ് മണ്ഡലത്തില്‍ ബി ജെ പിയുടെ താക്കൂര്‍ സ്ഥാനാര്‍ഥിയെ വൈശ്യ സമുദായത്തില്‍പ്പെട്ട എസ് പി വനിതാ സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയതാണ് പാര്‍ട്ടിക്ക് ഏറ്റവും വലിയ ആഘാതമുണ്ടായത്.
സഞ്ജീവ് ബല്യാനിന്റെയും പ്രദീപ് ചൗധരിയുടെയും ജാതീയ രാഷ്ട്രീയവും മുസാഫര്‍ നഗറിലും കൈരാനയിലും ആളിക്കത്തിയ രാജ്പുത് അസംതൃപ്തിയുടെ തീപ്പൊരിയും സംസ്ഥാനത്തുടനീളമുള്ള പാര്‍ട്ടിയുടെ സാധ്യതകളെ തകര്‍ത്തുവെന്ന് ആദിത്യനാഥുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന മുസാഫര്‍നഗറിലെ മുതിര്‍ന്ന നേതാവ് ആരോപിച്ചു. ടിക്കറ്റ് വിതരണത്തില്‍ ആര്‍ എസ് എസ് അയച്ച സിഗ്‌നലുകള്‍ പാര്‍ട്ടി അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഇത് പല സീറ്റുകളിലും മാതൃസംഘടനയുടെ കേഡറിന്റെ തണുത്ത മനോഭാവത്തിന് കാരണമായി’ – അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2013-ലെ മുസാഫര്‍ നഗറിലെ വര്‍ഗീയ കലാപത്തിനുശേഷം, മുസ്ലിംകളെയും ഹിന്ദുക്കളെയും ധ്രുവീകരിക്കാന്‍ കുടിയേറ്റം, ലവ് ജിഹാദ് തുടങ്ങിയ സെന്‍സിറ്റീവ് വിഷയങ്ങള്‍ കളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വര്‍ഗീയ ലാബായി ഈ പ്രദേശം മാറിയിരുന്നു. 2024- ലെ തെരഞ്ഞെടുപ്പില്‍ ഇത്തരം മരുന്നുകള്‍ വിലപോകാതെ വരികയും കൂടുതല്‍ അടിസ്ഥാനപരമായ വിഷയങ്ങളായ തൊഴിലില്ലായ്മയും സംവരണവും വിലക്കയറ്റവുമൊക്കെ ചര്‍ച്ചയാവുകയും ചെയ്യുന്നതാണ് കാണാന്‍ സാധിച്ചത്.
ഇത് ഒരുപക്ഷെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വളക്കൂറുള്ള മണ്ണ് എന്ന നിലയില്‍ ഉത്തര്‍പ്രദേശ് അതിന്റെ ജനാധിപത്യ മൂല്യം പുറത്തുകാണിച്ചതു കൊണ്ടാവാം. അടിസ്ഥാനപരമായി മനുഷ്യന്റെ നന്മക്കും പുരോഗതിക്കും വേണ്ടിയാവണം സര്‍ക്കാരുകള്‍ നിലകൊള്ളേണ്ടത് എന്ന അടിസ്ഥാന ജനാധിപത്യ ബോധ്യത്തിന്റെ പ്രകടനമായി വേണം അതിനെ മനസ്സിലാക്കാന്‍. തീര്‍ച്ചയായും ഈ മനസ്സിലാക്കല്‍ ഉത്തര്‍പ്രദേശിലെ നിലനില്‍ക്കുന്ന ജാതി അധിഷ്ഠിത രാഷ്ട്രീയത്തിന്റെ ശരികേടിനെ കണ്ടില്ലെന്നു നടിക്കലല്ല, മറിച്ച് ഇന്ത്യ എന്ന ദേശത്തിന്റെ സമീപ ഭാവിയെ കുറച്ചുകൂടി പ്രതീക്ഷയോടെ കാണലാണ്.
ശ്രദ്ധ തിരിക്കല്‍
യജ്ഞങ്ങളും
പ്രതിധ്വനികളും
ഇത്തരത്തിലൊക്കെ സംസ്ഥാനത്തെ രാഷ്ട്രീയ ഭൂമിക ഇളകിമറിഞ്ഞു നില്‍ക്കുന്ന സമയത്താണ് ആഗസ്റ്റ് ഒന്നിന് ഉത്തര്‍പ്രദേശ് വിധാന്‍ സഭയില്‍ യോഗിയുടെ നേതൃത്വത്തില്‍ ‘ഉത്തര്‍പ്രദേശ് നാസൂല്‍ പ്രോപ്പര്‍ട്ടീസ് (മാനേജ്മന്റ് ആന്‍ഡ് യൂട്ടിലൈസേഷന്‍ ഫോര്‍ പബ്ലിക് പര്‍പസസ്) ബില്ല്-2024’ പാസ്സാകുന്നത്. ഈ നിയമം പതിനായിരക്കണക്കിന് ഹെക്ടര്‍ വരുന്ന ബ്രിട്ടീഷ് ഭരണത്തില്‍ വിവിധ നാട്ടുരാജ്യങ്ങളില്‍ നിന്നു പിടിച്ചെടുത്ത് പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനത്തിന് ലഭിക്കുകയും ചെയ്ത ഭൂമി റെഗുലറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമമാണ്.
ഈ പുതിയ നിയമം മൂലം 1992 മുതല്‍ 2019 വരെ തുടര്‍ന്ന് പോന്നിരുന്ന, നുസൂല്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് റവന്യു ഉണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ വ്യക്തികള്‍ക്ക് നല്‍കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പോളിസിയില്‍ നിന്നുള്ള വ്യതിചലനമായിരുന്നു. എന്നാല്‍ ഇത് സാധാരണ ഗതിയില്‍ ബി ജെ പി ക്ക് സാധ്യമായിരുന്ന പോലെ ഐകകണ്‌ഠേ്യന പാസ്സാക്കിയെടുക്കാന്‍ സാധിക്കാതെ വരികയും ആയത് ഷെല്‍ഫിലേക്ക് മാറ്റി വെക്കേണ്ടി വരികയും ചെയ്തു.
ഇതിനൊരു പ്രധാന എതിര്‍പ്പ് നിഷാദ് പാര്‍ട്ടിയില്‍ നിന്നു തന്നെയായിരുന്നു. സഞ്ജയ് നിഷാദ് ഈ വിഷയത്തില്‍ പറഞ്ഞത് ‘നമ്മള്‍ അവരെ അവിടെ നിന്നു പുറത്താക്കിയാല്‍ 2027-ല്‍ അവര്‍ നമ്മളെയും പുറത്താക്കും’ എന്നായിരുന്നു.
ഇങ്ങനെ കുഴഞ്ഞുമറിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗിയുടെ ശ്രദ്ധതിരിക്കല്‍ പരിപാടികള്‍ ഒന്നിന് പുറകെ ഒന്നായി സംസ്ഥാനത്ത് അരങ്ങേറുന്നത്. ജൂലൈ 19-നു സംസ്ഥാനത്തെ പ്രധാനപ്പെട്ട തീര്‍ഥാടനമായ കന്‍വര്‍ യാത്രയില്‍ വഴിയോര കച്ചവടക്കാര്‍ ഉടമയുടെ പേരും അതിനോട് ചേര്‍ത്ത് ജാതി, മതം തുടങ്ങിയ വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന ഒരു ഓര്‍ഡര്‍ മുസാഫര്‍ നഗര്‍ പോലീസ് ഇറക്കുകയുണ്ടായി. ഇതിനെതിരില്‍ വലിയ പ്രതിഷേധമുണ്ടാവുകയും അവസാനം സുപ്രീം കോടതി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ ഇങ്ങനെ കച്ചവടക്കാരെ നിര്‍ബന്ധിക്കുന്നതില്‍ നിന്നു വിലക്കിക്കൊണ്ട് വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തു.
അതിനു ശേഷം ആഗസ്റ്റ് 14-നു പാകിസ്താന്‍ സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ ജില്ലാ അഡ്മിനിസ്‌ട്രേഷനുകളോട് ‘വിഭജന്‍ വിഭിഷിക സ്മൃതി ദിവസ്’ (ജമൃശേശേീി ഒീൃൃീൃ െഞലാലായൃമിരല ഉമ്യ) ആയി ആചരിക്കാന്‍ പറഞ്ഞു. ഇത് 2021-ല്‍ മോദി തുടങ്ങി വെച്ച പദ്ധതിയായിരുന്നു. ലക്നൗവില്‍ നടന്ന ചടങ്ങില്‍ ഓറോബിന്ദോവിനെ ഉദ്ധരിച്ചുകൊണ്ട് ആദിത്യനാഥ് ഇങ്ങനെ പറഞ്ഞു: ” ഒന്നുകില്‍ അത് ഇന്ത്യയോട് ചേരും. അല്ലെങ്കില്‍ ചരിത്രത്തില്‍ നിന്നു തുടച്ചുനീക്കപ്പെടും”.
ഈ സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിന്റെ മൂന്നാമത് ചരമ വാര്‍ഷികം ബി ജെ പി ആചരിക്കുന്നത്. ഇത്തവണ ലക്‌നൗവില്‍ വെച്ച് ആദിത്യനാഥ് മറ്റൊരു പ്രസംഗത്തില്‍ പറഞ്ഞത് ”ഹിന്ദു ഐക്യം തകര്‍ക്കപ്പെട്ടാല്‍ ഇന്ത്യയെ വിവിധ ചേരികളായി തിരിക്കാനുള്ള വൈദേശിക ശക്തികളുടെ ഗൂഢാലോചനയാണ് വിജയിക്കുക” എന്നായിരുന്നു. ഇങ്ങനെ രാഷ്ട്രീയ തിരിച്ചടികളെ ശ്രദ്ധതിരിച്ചുവിടാനുള്ള യോഗിയുടെ ശ്രമങ്ങള്‍ ഒരു വശത്തു നടന്നുകൊണ്ടേയിരുന്നു.
എന്നാല്‍ വീണ്ടുമൊരു തിരിച്ചടിയെന്നോണം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പട്ടികജാതി വിഭാഗങ്ങളെ വീണ്ടും സബ് കാറ്റഗറൈസ് ചെയ്യാം എന്ന സുപ്രീം കോടതിയുടെ വിധിയിലുണ്ടായ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ തോതില്‍ ദളിത് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നു. ഒരു പക്ഷെ നിഷാദ് പോലുള്ള സഖ്യകക്ഷികള്‍ക്കും ബി ജെ പിക്കും ഈ വിധി സ്വീകാര്യമായിരുന്നെങ്കില്‍ പോലും ജനങ്ങളുടെ സംവരണത്തോടുള്ള മനോഭാവവും ജനാധിപത്യ പ്രക്രിയയില്‍ പ്രാതിനിധ്യം എന്ന സുപ്രധാന ആവശ്യവും സംസ്ഥാനത്ത് യോഗിയുടെ പദ്ധതികള്‍ക്ക് എതിരെയുള്ള കാറ്റായി വീശിത്തുടങ്ങി. അംബേദ്കറുടെ രാഷ്ട്രീയ ആശയങ്ങള്‍ക്കുള്ള സംസ്ഥാനത്തെ വേര് പാര്‍ട്ടിക്ക് കൃത്യമായ ബോധ്യമുള്ളതാണ്. അതുകൊണ്ട് തന്നെ ദളിത് പ്രതികരണങ്ങളെ പരസ്യമായി നിരാകരിച്ചാല്‍ ഭവിഷ്യത്ത് വലുതായിരിക്കും.
നിലവില്‍ ഒരു ഉപതെരഞ്ഞെടുപ്പ് കാത്തിരിക്കുന്ന സംസ്ഥാനത്ത് ആദിത്യനാഥ് തന്റെ അടുത്ത ഊഴം ഉറപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് തുടങ്ങിയെങ്കിലും എസ് പി ലോകസഭാ പ്രതിനിധി അവധേശ് പ്രസാദ് പോലുള്ള നേതാക്കള്‍ക്ക് മറ്റൊരു വിലയിരുത്തല്‍ കൂടി ഉണ്ട്. അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത് ‘ബി ജെ പി ക്ക് യോഗി ആദിത്യനാഥിനെതിരില്‍ ഒരു ഗൂഢാലോചനയുണ്ടെന്നും വരുന്ന മില്‍ക്കിപുര്‍, കതേഹാരി സീറ്റുകളില്‍ വരാനിരിക്കുന്ന ബൈ ഇലക്ഷനുകളില്‍ ബി ജെ പിക്ക് പരാജയമുറപ്പിക്കുന്നതുകൊണ്ടാണ് യോഗി ആദിത്യനാഥിന് ആ ചുമതല നല്‍കിയിട്ടുള്ളതെന്നുമാണ്’.
പൊതുവെ വിലയിരുത്തിയാല്‍ യോഗിക്ക് തന്റെ ചെങ്കോല്‍ ഒരിക്കല്‍ കൂടി കയ്യിലെടുക്കണമെങ്കില്‍ പാര്‍ട്ടിക്കകത്തും പുറത്തും നിന്നുമുള്ള പ്രതികൂല കാലാവസ്ഥയെ മറികടന്നേ പറ്റൂ. അത് 2024 തെരഞ്ഞെടുപ്പിന് ശേഷമുള്ള ഉത്തര്‍പ്രദേശിലെ സാഹചര്യത്തില്‍ അത്ര എളുപ്പമായിരിക്കില്ല എന്നതില്‍ സംശയമില്ല. കാരണം യു പിയിലെ മുന്നറിയിപ്പുകള്‍ അവഗണിക്കുക എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല.