2 Tuesday
December 2025
2025 December 2
1447 Joumada II 11

യു പി അബ്ദുറഹ്‌മാന്‍ മൗലവി ചമയങ്ങളില്ലാത്ത പണ്ഡിതന്‍

കെ വി നദീര്‍


അധ്യാപകന്‍, മതപണ്ഡിതന്‍, സംഘാടകന്‍, പ്രഭാഷകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നിങ്ങനെ മനുഷ്യരോട് ഇണക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാറ്റത്തിന്റെ വഴിവെട്ടിയ നവോത്ഥാന പ്രവര്‍ത്തകനെയാണ് യു പി അബ്ദുറഹ്‌മാന്‍ മൗലവിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ഖുര്‍ആനിന്റെ ആശയ സമ്പന്നതയെ സാധാരണ മനുഷ്യരിലേക്ക് എത്തിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതശ്രേഷ്ഠനായിരുന്നു അദ്ദേഹം. ലളിതവും മനോഹരവുമായി ഖുര്‍ആന്‍ പഠനത്തെ ജനകീയവത്കരിക്കുന്നതില്‍ മുന്നില്‍ നിന്ന പരിഷ്‌ക്കര്‍ത്താവുകൂടിയായിരുന്നു.
വിശുദ്ധ ഖുര്‍ആനിലും പ്രവാചക അധ്യാപനങ്ങളിലും കര്‍മശാസ്ത്രത്തിലും അഗാധ ജ്ഞാനം കൈമുതലായുണ്ടായിട്ടും പാണ്ഡിത്യത്തിന്റെ യാതൊരു ചമയവും എടുത്തണിഞ്ഞില്ല. പൗരോഹിത്യത്തിനെതിരായ നിരന്തര കലഹമായിരുന്നു ആ ജീവിതം. മനുഷ്യരെ ചൂഷണം ചെയ്യുന്ന ആത്മീയ വാണിഭത്തിനെതിരെ സന്ധിയില്ലാതെ നിലകൊണ്ടു. മതത്തെ വില്പനച്ചരക്കാക്കുന്നവര്‍ക്കെതിരെ പല ഘട്ടത്തിലും ഒറ്റയാള്‍ പോരാളിയായിരുന്നു. പൗരോഹിത്യത്തിന്റെ ഊരുവിലക്ക് നേരിടേണ്ടി വന്നു. നാട്ടുകാരും ബന്ധുക്കളും ഭ്രഷ്ട് കല്‍പിച്ചു. വീട്ടിലേക്കുള്ള വഴിയടച്ച് ഒറ്റപ്പെടുത്തല്‍ വരെയുണ്ടായി. കയ്യില്‍ കരുതിയ ആശയത്തിന്റെ ദൃഢത കൊണ്ട് അതിനെയൊക്കെയും നേരിട്ടു. മതത്തിന്റെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യാന്‍ വിട്ടുതരില്ലെന്നതായിരുന്ന ആ ആശയം. ഒരു ഘട്ടത്തിലും അതിനെ കൈവിട്ടില്ല.
മുജാഹിദ് പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്തായിരുന്നു ജീവിതം. ഒരേസമയം സാധാരണ പ്രവര്‍ത്തകനും സംഘാടകനും പണ്ഡിതനും പ്രഭാഷകനുമായി നിലകൊണ്ടു. പ്രസ്ഥാനത്തിന്റെ പ്രതിസന്ധികളിലൊക്കെയും ചേര്‍ന്നുനിന്നു. അവസാനകാലം വരെ സംഘടനാ പ്രവര്‍ത്തകന്‍ എന്ന സജീവതക്കൊപ്പമായിരുന്നു. പണ്ഡിതസഭയുടെ സംസ്ഥാന ഉപാധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ കെ എന്‍ എമ്മിന്റെ പ്രാദേശിക ഭാരവാഹിയായും പ്രവര്‍ത്തിച്ചു. മൗലവി അധ്യാപകനായ പൊന്നാനിയിലെ ഖുര്‍ആന്‍ പഠന വേദിയില്‍ നിന്ന് രൂപപ്പെട്ടതാണ് ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്. അതിലേക്കുള്ള ആദ്യ സാമ്പത്തികസഹായം മൗലവിയുടേതായിരുന്നു. ദീര്‍ഘകാലം അതിന്റെ തലപ്പത്ത് അദ്ദേഹമായിരുന്നു. ആദ്യകാല സംഘാടകരും വളണ്ടിയര്‍മാരും ഖുര്‍ആന്‍ ക്ലാസിലെ പഠിതാക്കളായിരുന്നു.
പണ്ഡിത കുടുംബത്തിലായിരുന്നു മൗലവിയുടെ ജനനം. യു പി അബ്ദുല്ലത്തീഫ് മുസ്ലിയാരുടെയും (ബാപ്പുട്ടി മുസ്ലിയാര്‍) കെ കെ ഫാത്തിമയുടെയും മകനായി 1946 ജനുവരി 11-നാണ് ജനനം. അതളൂര്‍ എല്‍ പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കന്മനം, പറവന്നൂര്‍ എന്നിവടങ്ങളിലെ ദര്‍സുകളില്‍ പഠനം നടത്തി. പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബി കോളജില്‍ രണ്ടു വര്‍ഷത്തോളം തുടര്‍ പഠനം. വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്ന് ഒ സി അബ്ദുല്ല മൗലവി, കുഞ്ഞബ്ദുല്ല മൗലവി എന്നിവര്‍ക്ക് കീഴില്‍ മതപഠനം നടത്തി. കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ ശിഷ്യനായിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂമിലെ മൂന്ന് വര്‍ഷത്തെ പഠനശേഷം ദാറുല്‍ ഉലൂം ദയൂബന്ദില്‍ ഒരു വര്‍ഷം പഠിച്ചു. ഹദീസ് കോഴ്‌സ് പൂര്‍ത്തിയാക്കി ബിരുദം നേടി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം, മലപ്പുറം ജില്ലയിലെ ചമ്രവട്ടം എന്നിവിടങ്ങളില്‍ മുദരിസായി ജോലി ചെയ്തു. ചമ്രവട്ടത്ത് ജോലി ചെയ്യുന്ന കാലയളവിലാണ് മുജാഹിദ് ആദര്‍ശവുമായി ബന്ധപ്പെടാന്‍ തുടങ്ങിയത്.
കൊടിയത്തൂര്‍ അബ്ദുല്‍അസീസ് ഖാസി, ടി സി മുഹമ്മദ് മൗലവി എന്നിവരുടെ സഹകരണത്തോടെ ‘ജംഇയ്യത്തുല്‍ ഉലമ അസ്സുന്നിയ’ എന്ന സംഘടനക്ക് രൂപം നല്‍കി. ജുമുഅയുടെ ഹുകുമുകള്‍ വിവരിക്കുന്ന ‘ജുമുഅ ഖുതുബ’ രചിച്ചു. കാസര്‍കോഡ് ജില്ലയിലെ ശംനാട് ജോലി ചെയ്യുന്ന കാലത്ത് കെ പി മുഹമ്മദ് മൗലവി, രണ്ടത്താണി സെയ്ദ് മൗലവി, സി പി ഉമര്‍ സുല്ലമി തുടങ്ങിയ ഇസ്ലാഹി നേതൃത്വവുമായി അടുത്തു. അവസാന നാളുവരെ മുജാഹിദ് പ്രസ്ഥാനത്തിന്റെ എല്ലാമായിനിലകൊണ്ടു. 2024 ഒക്ടോബര്‍ 21 നായിരുന്നു മരണം. 78 വയസ്സായിരുന്നു.
ഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുല്ലത്തീഫ്, റാബിയ, മുഹമ്മദ് ആസിം (ദുബായ്), മുഹമ്മദ് ആമിര്‍ (കുവൈത്ത്), ഡോ. മുഹമ്മദ് ആബിദ് യു പി (അസി. പ്രഫസര്‍, ഫാറൂഖ് കോളേജ്), ഡോ. മുഹമ്മദ് ആഷിഖ് (ജപ്പാന്‍). അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ(ആമീന്‍)

Back to Top