3 Tuesday
December 2024
2024 December 3
1446 Joumada II 1

ലക്ഷ്യം കൈവരിക്കാത്ത ഇന്ത്യന്‍ വികസനനയങ്ങള്‍

ജൗഹര്‍ കെ അരൂര്‍


‘ഒരുകാലത്ത് നൂറുകോടി പട്ടിണി വയറുകളുടെ രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് ആ അവസ്ഥ മാറി. 2047 ആകുന്നതോടുകൂടി ഇന്ത്യ ഒരു വികസിത രാജ്യമായിത്തീരും’ വാര്‍ത്ത ഏജന്‍സി ആയ പി ടി ഐക്ക് ഈയടുത്ത് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയാണിത്.
എന്നാല്‍ 2023 ലെ ആഗോള പട്ടിണി സൂചിക പുറത്ത് വന്നപ്പോള്‍ 125 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 111 ആണ്. 2022 ല്‍ ഇത് 107 ആയിരുന്നു. ശിശുക്കളുടെ പോഷകാഹാരത്തിന്റെ കുറവിലും ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നതെന്നാണ് ആഗോള പട്ടിണി സൂചികയില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. സൂചികയില്‍ ഗുരുതരമായ രീതി ശാസ്ത്ര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ അതിനെ തള്ളിയെങ്കിലും രാജ്യത്തിന്റെ അടിസ്ഥാന വികസനം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ ഒരു പരിശോധന ഈ അവസരത്തില്‍ നന്നാവുമെന്ന് തോന്നുന്നു.
സ്വാതന്ത്ര്യം കിട്ടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ഉത്പാദന മേഖലയിലും മറ്റു ശാസ്ത്രസാങ്കേതിക രംഗത്തുമൊക്കെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടും എന്തുകൊണ്ടായിരിക്കും രാജ്യത്തിന്റെ പട്ടിണിയും ദാരിദ്ര്യവും മാറാത്തത്…?
ഒരു രാജ്യത്തിന്റെ ഏത് തരത്തിലുള്ള വികസനവും പൂര്‍ണമായും അതിന്റെ സമ്പത്ത് വ്യവസ്ഥയെയും അടിസ്ഥാന മേഖലയെയും ആശ്രയിച്ചായിരിക്കും നിലകൊള്ളുന്നത് എന്നതുകൊണ്ട് തന്നെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ച് കൊണ്ടും അടിസ്ഥാന മേഖലയുടെ വളര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ടും അനേകം പദ്ധതികള്‍ സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ട്. അവയില്‍ പ്രധാനമാണ് പഞ്ചവത്സര പദ്ധതികള്‍.
പഞ്ചവത്സര
പദ്ധതികള്‍

സാമ്പത്തിക വളര്‍ച്ച, ആധുനികവല്‍ക്കരണം, സ്വാശ്രയത്വം, സമത്വം എന്നീ പ്രാഥമിക ലക്ഷ്യങ്ങളോടെ സാമ്പത്തികവും ക്ഷേമപരവുമായ കാര്യങ്ങള്‍ നടപ്പിലാക്കി രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണ് ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. 1951 മുതല്‍ 1956 വരെയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി. കാര്‍ഷിക മേഖലയടക്കമുള്ള പ്രാഥമിക മേഖലകളുടെ വികസനത്തില്‍ ഊന്നിയുള്ളതായിരുന്നു ഒന്നാം പഞ്ച വത്സര പദ്ധതി. ലക്ഷ്യം നൂറ് ശതമാനം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഒന്നാം പഞ്ചവത്സര പദ്ധതി വിജയകരമായിരുന്നുവെന്ന് തന്നെയാണ് ചരിത്രം വിലയിരുത്തുന്നത്.
അവിടുന്നിങ്ങോട്ട് 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തുന്നതുവരെയും രാജ്യത്തിന്റെ വികസന മുന്നേറ്റത്തില്‍ സുപ്രധാന പങ്കുവഹിച്ചത് പഞ്ചവത്സര പദ്ധതികള്‍ തന്നെയായിരുന്നു. പ്രധാനമന്ത്രി എക്‌സ് ഒഫീഷ്യോ ചെയര്‍മാനായ ആസൂത്രണ കമ്മീഷന്‍ ആയിരുന്നു പഞ്ചവത്സര പദ്ധതികളുടെ ചുമതല. 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആസൂത്രണ കമ്മീഷന്റെ പേര് മാറ്റി നീതി ആയോഗ് ആക്കി. അതോടെ പഞ്ചവത്സര പദ്ധതികള്‍ക്കും വിരാമമായി.
ഓരോ പഞ്ചവത്സര പദ്ധതിയുടെയും ലക്ഷ്യം വ്യത്യസ്തമായിരുന്നുവെങ്കിലും അടിസ്ഥാനപരമായി എല്ലാറ്റിന്റെയും ലക്ഷ്യം സാമ്പത്തിക വളര്‍ച്ചയും ആധുനികവല്‍ക്കരണവും സ്വാശ്രയത്വവും സമത്വവും തന്നെയായിരുന്നു. വിവിധ പഞ്ചവത്സര പദ്ധതികളിലായി പട്ടിണി നിര്‍മാര്‍ജനത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും വേണ്ടി ഒട്ടേറെ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്.
ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസ്
സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ പോഷകാഹാര സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം 1975 ഒക്ടോബര്‍ രണ്ടിന് നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസ് (ICDS). നവജാതശിശു മുതല്‍ ആറു വയസ് വരെയുള്ള കുട്ടികള്‍, അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തുടങ്ങിയവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പോഷകാഹരക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവയാണ് ഐ സി ഡി എസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. രാജ്യത്തെ ശിശുമരണ നിരക്ക് വലിയൊരളവില്‍ കുറക്കാന്‍ കൂടി ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ പദ്ധതി.
സ്വര്‍ണ ജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന
ഗ്രാമീണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 1999 ഏപ്രില്‍ ഒന്നിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്വര്‍ണജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന (SGSY). 1978 ലും അതിനുശേഷവും വിവിധ വര്‍ഷങ്ങളിലായി നിലവില്‍ വന്ന ഐ ആര്‍ ഡി പി, ട്രൈസം, മില്യണ്‍ വെല്‍ പദ്ധതി, ഗംഗാ കല്യാണ്‍ യോജന, ഗ്രാമീണ കൈത്തൊഴിലുപകരണ പരിപാടി, ഡി ഡബ്ല്യു സി ആര്‍ എ എന്നീ പദ്ധതികളെ സംയോജിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വയം സഹായസംഘങ്ങളായി സംഘടിപ്പിക്കുക. അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍, സാങ്കേതികജ്ഞാനം, വായ്പാ സബ്സിഡി, അടിസ്ഥാന സൗകര്യങ്ങള്‍, വിപണന സൗകര്യം മുതലായവ ലഭ്യമാക്കുക എന്നിവയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന
2001ലെ സ്വാതന്ത്ര്യദിനത്തില്‍ ആരംഭിച്ച ഗ്രാമീണ തൊഴില്‍ദാന പരിപാടിയാണ് സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന (SGRY). രാജ്യത്ത് ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തരം നടപ്പിലാക്കിവന്നിരുന്ന ജവഹര്‍ ഗ്രാമീണ റോസ്ഗാര്‍ യോജനയും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ മുഖാന്തരം നടപ്പിലാക്കി വന്നിരുന്ന തൊഴിലുറപ്പു പദ്ധതിയും തമ്മില്‍ സംയോജിപ്പിച്ചാണ് ഈ പദ്ധതിക്കു രൂപം കൊടുത്തത്. നിലവിലുണ്ടായിരുന്ന തൊഴില്‍ദാന പരിപാടികളില്‍ നിന്നും വ്യത്യസ്തമായി തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വേതനത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യുന്നുവെന്നതായിരുന്നു ഈ പദ്ധതിയുടെ സവിശേഷത. അവിദഗ്ധരും കൂലിത്തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുമായ ഗ്രാമീണര്‍ക്ക് അധിക തൊഴില്‍ നല്‍കുക, ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്തുക, ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, തുടങ്ങിയവയായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍
ഇന്ദിര ആവാസ് യോജന/പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍
ഏഴാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1985ല്‍ രാജീവ് ഗാന്ധിയാണ് ഇന്ദിര ആവാസ് യോജനക്ക് തുടക്കം കുറിച്ചത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പട്ടിക ജാതി/പട്ടിക വര്‍ഗക്കാര്‍ക്കും ഇതര സമുദായങ്ങളില്‍പെട്ടവര്‍ക്കും സൗജന്യമായി വീട് നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. 1995 മുതല്‍ വിധവകളെയും, യുദ്ധത്തില്‍ മരിച്ച സൈനിക ഉദ്യോഗസ്ഥരുടെ കുടുംബത്തെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 2016 ല്‍ നരേന്ദ്രമോദി ഇന്ദിര ആവാസ് യോജനയുടെ പേര് മാറ്റി പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ (PMAY-G)എന്ന് പുനര്‍നാമകരണം ചെയ്തു.

അന്നപൂര്‍ണ സ്‌കീം
65 വയസിനു മുകളില്‍ പ്രായമുള്ള വരുമാനമില്ലാത്തവരും തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്നവരുമായ ആളുകള്‍ക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് അന്നപൂര്‍ണ സ്‌കീം. ഒന്‍പതാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്‌കീം ആരംഭിച്ചത്.
അന്ത്യോദയ
അന്ന യോജന

രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക, പട്ടിണി ഇല്ലായ്മ ചെയ്യുക തുടങ്ങി ലക്ഷ്യങ്ങളോട് കൂടി നടപ്പിലാക്കിയ പദ്ധതിയാണ് അന്ത്യോദയ അന്ന യോജന (AAY). ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പൊതു വിതരണ സംവിധാനം വഴി സബ്സിഡി നിരക്കില്‍ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന സംവിധാനമാണ് ഇത്. 2000 ലാണ് പദ്ധതി ആരംഭിക്കുന്നത്.
ദേശീയ ചേരി
നിര്‍മാര്‍ജന പരിപാടി

ചേരി പ്രദേശങ്ങളിലെ അടിസ്ഥാന വികസനം ലക്ഷ്യം വെച്ച് കേന്ദ്ര നഗര വികസന മന്ത്രാലയം 1996-1997 കാലത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ ചേരി നിര്‍മാര്‍ജന പരിപാടി (NSDP). ചേരികളില്‍ തിങ്ങി ജീവിക്കുന്ന മനുഷ്യര്‍ക്ക് ആവശ്യമായ വെള്ളം വൈദ്യുതി അവരുടെ ജീവിത പരിസരത്തിന്റെ ശുചീകരണം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പ് വാരിത്തുന്നതിനു വേണ്ടിയുള്ള പദ്ധതിയായിരുന്നു ഇത്.
ഉച്ചഭക്ഷണ പദ്ധതി
എല്‍ പി യു പി തലങ്ങളില്‍ പഠിക്കുന്ന സ്‌കൂള്‍ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി (MID DAY MEAL SCHEME). തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കാമരാജ് തമിഴ്‌നാട്ടില്‍ തുടക്കമിട്ട ഈ പദ്ധതി മുഴുവന്‍ സംസ്ഥാനങ്ങളോടും ഏറ്റെടുക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇത് രാജ്യവ്യാപകമായി നടപ്പിലാക്കിയത്. എന്‍ ഡി എ മുന്നണി അധികാരത്തില്‍ വന്ന ശേഷം ഈ സ്‌കീമിന്റെ പേര് മാറ്റി പ്രധാന മന്ത്രി പോഷന്‍ ശക്തി നിര്‍മാണ്‍ എന്ന് പുനര്‍നാമകരണം ചെയ്തു.
മഹാത്മാ ഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി

ഗ്രാമീണ മേഖലയിലെ കായികാധ്വാനത്തിനു തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം ഏറ്റവും കുറഞ്ഞത് 100 ദിവസത്തെ അവിദഗ്ദ്ധ തൊഴില്‍ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോട് കൂടി 2005 ല്‍ ഒന്നാം യു പി എ ഗവണ്മെന്റ് കൊണ്ട് വന്ന പദ്ധതിയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി. മണ്ണ്-ജലസംരക്ഷണ പ്രവൃത്തികള്‍, എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസനം ഉറപ്പ് വരുത്തുന്നതിനും ദരിദ്രരുടെ മെച്ചപ്പെട്ട ജീവിത നിലവാരവുമൊക്കെയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ദേശീയ ഭക്ഷ്യസുരക്ഷ നിയമം 2013
2013ല്‍ മന്‍മോഹന്‍സിങ് ന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന ഭക്ഷ്യ സുരക്ഷ പദ്ധതികളെയെല്ലാം നിയമപരമായ അവകാശമാക്കി മാറ്റി. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം കൊണ്ട് വന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യം തന്നെയായിരുന്നു ഇത്തരമൊരു നിയമത്തിലേക്ക് സര്‍ക്കാരിനെ നയിച്ച ഘടകം.
ഇനിയുമുണ്ട് രാജ്യത്ത് നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഇത്തരത്തിലുള്ള അനേകം പദ്ധതികള്‍. എല്ലാത്തിന്റെയും ലക്ഷ്യം അടിസ്ഥാന മേഖലയുടെ വികസനം തന്നെ. എന്നിട്ടും രാജ്യത്തിന്റെ അടിസ്ഥാന മേഖല മാത്രം എന്ത് കൊണ്ടായിരിക്കും വികസിക്കാതെ പോകുന്നത്…?
പദ്ധതികള്‍ ആവിഷ്‌കരിക്കാനും അതിന് തുടക്കം കുറിക്കാനും അതിന്റെ പേര് മാറ്റാനും ഒക്കെ കാണിക്കുന്ന ആവേശം ഈ പദ്ധതികളൊക്കെ അതിന്റെ ഗുണഭോക്താക്കളിലേക്ക് കൃത്യമായി എത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. അങ്ങനെയൊരു പരിശോധനക്ക് കാര്യക്ഷമമായ ഒരു സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ടോ എന്നത് സംശയമാണ്.
പദ്ധതികളുടെ കുറവല്ല അതിന്റെ നിര്‍വഹണത്തിലെ പോരായ്മയാണ് സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ക്കിപ്പുറവും രാജ്യത്തെ പട്ടിണിയിലും ദാരിദ്ര്യത്തിലും തളച്ചിടുന്നത്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോടൊപ്പം അത് കൃത്യമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും അത് കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തില്ലെങ്കില്‍ ഇനിയും അമേരിക്കന്‍ പ്രസിഡന്റ് വരുന്ന വഴികളില്‍ ചേരികള്‍ മറക്കാന്‍ പടുകൂറ്റന്‍ മതിലുകള്‍ നിര്‍മിക്കേണ്ടി വരും, ആഗോള പട്ടിണി സൂചിക ശാസ്ത്രീയമല്ലെന്ന് പറഞ്ഞു തടി തപ്പേണ്ടി വരും.
തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ക്ക് കൃത്യമായ മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തിയ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ അത് വിജയകരമായി നടന്നു പോകുന്നുണ്ടെങ്കിലും ദേശീയതലത്തില്‍ അത്തരം സംവിധാനം ഏര്‍പ്പെടുത്തിയാ ല്‍ മാത്രമേ രാജ്യത്തിന്റെ അടിസ്ഥാന മേഖലയ്ക്ക് ഉയര്‍ച്ച സാധ്യമാവുകയുള്ളൂ.

Back to Top