20 Saturday
April 2024
2024 April 20
1445 Chawwâl 11

ഉന്നത വിദ്യാഭ്യാസം കുതിക്കാനൊരുങ്ങി കേരളം ഒപ്പമെത്താതെ മലബാര്‍

പ്രൊഫ. കെ എ നാസര്‍

രേഖാരൂപം – എസ് എസ് എല്‍ സിക്കു ശേഷം സംസ്ഥാനത്തെ ഉന്നത പഠനാവസരങ്ങളുടെ ജില്ല തിരിച്ചുള്ള വിഹിതം ശതമാന കണക്കില്‍ (വിദ്യാര്‍ഥി ജനസംഖ്യയുള്‍പ്പെടെ)


അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങള്‍ക്കനുസൃതമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്‌കരിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിയില്‍ ഗണ്യമായ കുതിച്ചുചാട്ടം ലക്ഷ്യംവെച്ചും അംബേദ്കര്‍ സര്‍വകലാശാലാ മുന്‍ വി സി ശ്യാം ബി മേനോന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ഇപ്പോള്‍ പഠനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. അതേസമയം തന്നെ പഠിക്കാന്‍ അവസരങ്ങളില്ലാതെ മലബാറിലെ, കുട്ടികളും രക്ഷിതാക്കളും നെട്ടോട്ടമോടുന്ന പതിവു കാഴ്ച കൂടുതല്‍ തീവ്രതയോടെ അരങ്ങേറിയ വര്‍ഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മനുഷ്യവിഭവസൂചിക (HDI) വികസിത രാജ്യത്തോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനത്തിന്റെ മികവ് അന്തര്‍ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. എന്നാല്‍ ഈ നേട്ടത്തിന്നാധാരമായ ആരോഗ്യ, വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയെന്നത് ഗണ്യമായും, തിരു-കൊച്ചി മേഖലയുടെ സംഭാവനയാണെന്നതാണ് യാഥാര്‍ഥ്യം. അതില്‍ മലബാറിന് ഏറെയൊന്നും അവകാശപ്പെടാനില്ല.
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 45 ശതമാനവും ഉള്‍ക്കൊള്ളുന്ന മലബാറും തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളും ചേര്‍ന്നാണ് ഐക്യകേരളം രൂപീകൃതമായിട്ടുള്ളത്. തിരുവിതാംകൂറിലും കൊച്ചിയിലും ഭദ്രമായ രാജഭരണം നിലനിന്നിരുന്നതിനാല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ആഘാതങ്ങളൊന്നും അവര്‍ക്കേല്‍ക്കേണ്ടി വന്നിരുന്നില്ല. എന്നാല്‍ മലബാറിന്റെ ഭാഗമായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും തൃശൂര്‍ ജില്ലയിലെ ചില ഭാഗങ്ങളും നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്നു. അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് പല കാര്യങ്ങളിലും വഴങ്ങാതിരുന്ന മലബാറുകാരോട് വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്നതായിരുന്നു ബ്രിട്ടീഷുകാരുടെ രീതി. നിരന്തര പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും സ്വന്തം ജീവിതം കരുപിടിപ്പിക്കുന്നതില്‍ നിന്ന് മലബാറുകാരെ അന്യഥാ വ്യാപൃതരാക്കിയിരുന്നു. തങ്ങള്‍ക്ക് ഭരണം നിര്‍വഹിക്കാന്‍ വേണ്ട ഗുമസ്തന്മാരെ സൃഷ്ടിക്കാനല്ലാതെ സാര്‍വത്രികമായി വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. തിരുവിതാംകൂര്‍- കൊച്ചി ഭരണകര്‍ത്താക്കള്‍ ആധുനിക വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് പ്രോത്സാഹനം നല്‍കുകയുണ്ടായി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സാമ്പത്തിക പിന്തുണയും ലഭ്യമായിരുന്നു. തന്മൂലം ആധുനിക വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവര്‍ ഏറെ മുന്നോട്ടുപോയി.
എന്നാല്‍, മലബാറിന്റെ കടുത്ത അധിനിവേശ വിരുദ്ധ വൈകാരികതയും സാമ്പത്തിക പിന്നാക്കാവസ്ഥയും ആധുനിക വിദ്യാഭ്യാസത്തില്‍ നിന്നും വീണ്ടും ഏറെക്കാലം അവരെ അകറ്റി നിര്‍ത്തുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കിയുള്ള ചില നടപടികള്‍ ബ്രിട്ടീഷുകാരുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും തദനുസൃതമായൊരു അനുകൂല പ്രതികരണം സമൂഹത്തില്‍ ശക്തിപ്പെട്ടില്ല. മുസ്ലിം സമുദായത്തില്‍ അക്കാലത്ത് രൂപപ്പെട്ട നവോത്ഥാന മുന്നേറ്റമാണ് പരമ്പരാഗത വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സമുദായത്തെ ആധുനിക വിദ്യാഭ്യാസത്തിലേക്കുള്ള ചിന്തയിലേക്ക് വഴി നടത്തുന്നത്. അയ്യങ്കാളി, ശ്രീനാരായണ ഗുരു തുടങ്ങിയ നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങള്‍ ഈഴവരുടെയും ദളിതരുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിതെളിയിച്ച സന്ദര്‍ഭമായിരുന്നു അത്.
ഐക്യകേരള രൂപീകരണത്തിന് ശേഷം സമസ്ത മേഖലകളിലും മലബാര്‍ നേരിടുന്ന വികസന അസന്തുലിതാവസ്ഥയെക്കുറിച്ച് നിരവധി സന്ദര്‍ഭങ്ങളിലായി ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഏറ്റവും താഴെ തട്ടിലെ വില്ലേജ് ഓഫീസുകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍, കാര്‍ഷിക, മൃഗപരിപാലന, മത്സ്യബന്ധന, വ്യവസായ, വികസന ഏജന്‍സികള്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങി നാടിന്റെ സമഗ്ര വികസനത്തിന്ന് നിമിത്തമാകേണ്ട സ്ഥാപനങ്ങളുടെ ജനസംഖ്യാനുപാതിക വിന്യാസവും പൊതുവിഭവങ്ങളുടെ ചെലവഴിക്കലും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ശാസ്ത്രീയത അവലംബിച്ചും നിര്‍വഹണം ഏറ്റെടുക്കേണ്ടിയിരുന്ന ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ഒരുപോലെ അറിഞ്ഞോ അറിയാതെയോ നിരുത്തരവാദ നിലപാട് സ്വീകരിച്ചതാണ് മലബാറിന്റെ വികസന ഒറ്റപ്പെടലിന് പ്രധാന കാരണം. മലബാര്‍- തിരു-കൊച്ചി മേഖലകളില്‍ ലഭ്യമായ ഉന്നത പഠന സൗകര്യങ്ങളുടെ വിഹിതം ശതമാനത്തില്‍ കൊടുത്തിരിക്കുന്നതു നോക്കൂ. (പട്ടിക-01)

പട്ടിക 1 – മലബാര്‍ തിരുകൊച്ചി മേഖലകളിലെ മൊത്തവും കോഴ്‌സടിസ്ഥാനത്തിലും ലഭ്യമായ ഉന്നത പഠന സീറ്റുകളുടെ വിഹിതം ശതമാനത്തില്‍


1956, കേരളപ്പിറവി സമയത്ത് ഉന്നത വിദ്യാഭ്യാസ സീറ്റ് വിഹിതത്തില്‍ വലിയ തോതിലുള്ള അസന്തുലിതാവസ്ഥ നിലനിന്നിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ അനുപാതത്തില്‍ വലിയ വ്യത്യാസങ്ങള്‍ വന്നിട്ടില്ലായെന്നത് ആശ്ചര്യകരമായ കാര്യമാണ്.
ഭരണ കേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളില്‍ പ്രാദേശിക താല്‍പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ചില ഉപജാപകരുടെ പ്രവര്‍ത്തനവും മലബാര്‍ മേഖലയുടെ മുന്നേറ്റത്തിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ സാംസ്‌കാരിക വൈജ്ഞാനിക മണ്ഡലങ്ങള്‍ തകര്‍ന്നു തരിപ്പണമായൊരു ജനതയെ പ്രത്യേകമായി പരിഗണിച്ച് മറ്റുള്ളവര്‍ക്കൊപ്പം കൈ പിടിച്ചുയര്‍ത്തുന്നതിന്ന് പകരം അവരുയര്‍ത്തുന്ന ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പോലും ഭരണകര്‍ത്താക്കള്‍ മുതിരാറില്ലായെന്നതാണ് ആക്ഷേപം.
എല്ലാ വിഭാഗം കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ അവകാശ നിയമം (2009) രാജ്യത്ത് നിലവില്‍ വന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നാലാമത്തേത് ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്നതാണ്. ദേശീയ വിദ്യാഭ്യാസ നയം (2020) പോരായ്മകളൊക്കെ നിലനില്‍ക്കുമ്പോഴും എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാസം ഉറപ്പാക്കുന്നു. ഈ നയ നിലപാടുകളുടെ പരിസരത്താണ് മലബാറിലെ കുട്ടികള്‍ പഠിക്കാന്‍ സീറ്റില്ലാതെ നെട്ടോട്ടമോടുന്ന അവസ്ഥ നിലനില്ക്കുന്നത്. ഇത് കേരളം പോലൊരു സംസ്ഥാനത്തിന് നാണക്കേടാണ്.
എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയവര്‍ക്ക് പോലും ഇഷ്ട വിഷയങ്ങളോ സ്‌കൂളോ ലഭിക്കാതെ അസംതൃപ്തരായി പഠനം തുടരേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. വലിയ വിഭാഗം സ്വാശ്രയ, വിദൂര പഠന കോഴ്‌സുകളില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്നു. ഓപ്പണ്‍ സ്‌കൂള്‍ വഴി പ്ലസ്ടു ചെയ്യുന്നവരില്‍ 77.3% വും മലബാറിലാണ്. തിങ്ങിനിറഞ്ഞ ക്ലാസ് മുറികള്‍ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഹയര്‍സെക്കന്ററി മേഖലയുടെ പരിഷ്‌കരണത്തിന് ലബ്ബ കമ്മിറ്റി നിര്‍ദേശിച്ചത് ഒരു ബാച്ചില്‍ 40 കുട്ടികളാണ്. എന്നാല്‍ മലബാറിലത് 65-ഉം 70-ഉം ആണ്. ഉപരി പഠനത്തിന് യോഗ്യത നേടുന്ന മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസ ആവശ്യങ്ങളെ ലാഘവത്തോടെ കാണുകയും ശാശ്വത പരിഹാരങ്ങള്‍ക്കു പകരം ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയും ചെയ്യുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചു പോരുന്നത്.

പത്താംക്ലാസിന് ശേഷം
മലബാറിലെ ഉപരിപഠന
സാധ്യതകള്‍

പത്താംക്ലാസ് പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ കുട്ടികള്‍ക്ക് പോകാവുന്ന പ്രധാന മേഖലകളാണ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐ ടി ഐ, പോളിടെക്‌നിക് കോളജ് തുടങ്ങിയവ. ഈ നാലു വിഭാഗങ്ങളിലായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണം, പത്താംക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണം എന്നിവ ജില്ല തിരിച്ച് കണക്ക് കൊടുത്തിരിക്കുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തെക്കന്‍ ജില്ലകളിലൊക്കെയും സീറ്റ് ബാക്കിയാണെന്നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും സീറ്റ് കുറവാണെന്നും കാണാം. (പട്ടിക 02 നോക്കുക).

പട്ടിക 2 – ജില്ലകളിലെ മൊത്തവും കോഴ്‌സടിസ്ഥാനത്തിലും ലഭ്യമായ ഉന്നത പഠന സീറ്റുകളുടെ വിഹിതം


ബിരുദ, ബിരുദാനന്തര, ഗവേഷണ പഠന മേഖലകളിലും യോഗ്യത നേടുന്ന കുട്ടികളുടെ എണ്ണവും ലഭ്യമായ ഗവ./എയ്ഡഡ് സീറ്റുകളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിലെ വിടവ് വളരെ വലുതാണ്. പ്ലസ്ടു വിജയികളില്‍ 1000 കുട്ടികള്‍ക്ക് ഓരോ ജില്ലയിലും ലഭിക്കുന്ന ബിരുദ സീറ്റുകളുടെ ശതമാനം (പട്ടിക-3) ശ്രദ്ധിക്കുക.

പട്ടിക 3 – മലബാര്‍- തിരു-കൊച്ചി മേഖലകളിലെ 1000 കുട്ടികള്‍ക്ക് പഠിക്കാന്‍ ലഭിക്കുന്ന ബിരുദ സീറ്റുകള്‍


പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്ലസ്ടു വിജയികളില്‍ 40% പേര്‍ക്ക് ബിരുദ പഠന ത്തിന് സര്‍ക്കാര്‍ സീറ്റ് ലഭിക്കുമ്പോള്‍ കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ 12% പേര്‍ക്ക് പോലും അഡ്മിഷന്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ സംസ്ഥാനത്ത് ആകെയുള്ള 65,000 ബിരുദ സീറ്റുകളില്‍ 44,000 സീറ്റുകളും (67%) തൃശൂര്‍ മുതലുള്ള തെക്കന്‍ ജില്ലകളിലാണെന്നതാണ് കാരണം. നാക് അക്രഡിറ്റേഷന്‍, എന്‍ ഐ ആര്‍ എഫ് റാങ്കിംഗുകളിലൊക്കെയും മലബാറിലെ സര്‍വകലാശാലകളും കോളജുകളും സംസ്ഥാനാടിസ്ഥാനത്തില്‍ പിന്നിലാകുന്നത് മാറ്റമില്ലാതെ തുടര്‍ന്നു വരുന്ന മലബാര്‍ പിന്നാക്കാവസ്ഥയുടെ ഫലം തന്നെയാണ്.
അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ കൂടി ഉന്നത പഠനം സാധ്യമാകുന്ന തരത്തില്‍ 2020 നവംബര്‍ മുതല്‍ മൂന്ന് ഉത്തരവുകളിലായി സംസ്ഥാനത്ത് 213 നൂതന ബിരുദ, ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ മൂന്നിലൊന്നു കോഴ്‌സുകളാണ് മലബാര്‍ മേഖലക്ക് അനുവദിച്ചത്. ഇത്തരത്തില്‍ അശാസ്ത്രീയമായി കോഴ്‌സുകള്‍ വിന്യസിക്കാന്‍ അധികൃതര്‍ കണ്ടെത്തിയ ഉപായം ചഅഅഇ A++ ഗ്രേഡുള്ള കോളജുകള്‍ക്ക് മാത്രം കോഴ്‌സുകള്‍ കൊടുക്കുക എന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ രീതിയാണ്.
കോഴ്‌സ് ലഭിക്കാന്‍ നാക് ഗ്രേഡ് വ്യവസ്ഥയായി കേരളത്തിലെ ഒരു സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടും പറയുന്നില്ല. ഉന്നത പഠനത്തിന് അവസരങ്ങളില്ലാതെ മലബാറിലെ കുട്ടികള്‍ പലായനം നടത്തുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ പോലും എതിര്‍ത്തിട്ടും ഗ്രാമീണ മലയോര മേഖലകളെയും ന്യൂനപക്ഷ, പിന്നാക്ക പ്രദേശങ്ങളിലെ സ്ഥാപനങ്ങളെയും അവഗണിച്ച് വലിയൊരു പരിഷ്‌കരണം നടപ്പിലാക്കിയത്. വലിയ എതിര്‍പ്പുകള്‍ വന്നപ്പോള്‍ മാത്രമാണ് പേരിനെങ്കിലും മലബാറിലെ ചില ഗവ./എയ്ഡഡ് കോളജുകള്‍ക്ക് ഓരോ കോഴ്‌സുകള്‍ നല്കിയത്. കഴിഞ്ഞതിന്റെ മുമ്പത്തെ സര്‍ക്കാര്‍ കോളജില്ലാത്ത മണ്ഡലങ്ങളില്‍ അനുവദിച്ച ഗവ. കോളജുകളും മള്‍ട്ടി ഡിസിപ്ലിനറിയായി പരിവര്‍ത്തിപ്പിച്ച ഓറിയന്റല്‍ അറബിക് കോളജുകളും പിന്നാക്ക മേഖലയിലെ ന്യൂനപക്ഷ മാനേജ്‌മെന്റുകളും വലിയ പ്രതീക്ഷ ആ പരിഷ്‌കരണത്തില്‍ പുലര്‍ത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
2013-14 കാലയളവില്‍ സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ സീറ്റുകള്‍ക്ക് പഞ്ഞമുള്ള മലബാര്‍ മേഖലയിലെ കോളജുകളില്‍ രണ്ട് വീതം കോഴ്‌സുകളും തിരു-കൊച്ചി മേഖലയില്‍ ഓരോ കോഴ്‌സ് വീതമാക്കിയും കാലങ്ങളായി തുടര്‍ന്നു പോരുന്ന വിടവ് നികത്താനുള്ള ശ്രമമുണ്ടായി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ രണ്ടു മുന്നണികളുടെ ശ്രദ്ധയിലും വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തില്‍ മലബാര്‍ അനുഭവിക്കുന്ന കടുത്ത വിവേചനം സംബന്ധിച്ച് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരു മുന്നണികളും പ്രശ്‌ന പരിഹാരം ഉറപ്പു നല്കിയതുമാണ്. ഇടതു മുന്നണി പ്രകടന പത്രികയില്‍ ഇക്കാര്യം പ്രത്യേകം ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. മലബാര്‍ അനുഭവിക്കുന്ന വികസന വിവേചനം പഠന വിധേയമാക്കുമെന്നും അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നുമാണ് അന്ന് വ്യക്തമാക്കിയത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭരണത്തിന്റെ കുറഞ്ഞ കാലയളവില്‍ തന്നെ സര്‍ക്കാറില്‍ നിന്നുണ്ടായ നടപടികളിലൊന്നും ആ പ്രഖ്യാപനത്തിന്റെ സ്പിരിറ്റ് വെളിപ്പെടുത്തുന്ന യാതൊന്നും ഉണ്ടായില്ല.
ഉദാഹരണത്തിന് നടേ പറഞ്ഞ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിമുടി പരിഷ്‌കരണത്തിതിന് നിയോഗിച്ച കമ്മീഷന്റെ പരിഗണനാ കാര്യങ്ങളുടെ പരിധിയില്‍ മലബാറിന്റെ വിദ്യാഭ്യാസ വിടവ് സംബന്ധിച്ച വിഷയങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല. 2021-22 വര്‍ഷത്തെ ബഡ്ജറ്റ് പ്രസംഗത്തില്‍ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകള്‍ക്കുള്ള എന്റോള്‍മെന്റ് (GER) വര്‍ധിപ്പിക്കുന്നതിന് പുതിയ കോഴ്‌സുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായതിന്റെ ചുവട് പിടിച്ച് ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് (No. B3/159/2021 dtd 06-09-2021) പ്രകാരം വീണ്ടും അക്രഡിറ്റഡ് കോളജുകളില്‍ നിന്ന് മാത്രം കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പൊതുവെ GER വളരെ കുറവുള്ള ഇന്ത്യയിലെ 374 ജില്ലകളില്‍ കേരളത്തില്‍ നിന്ന് നാലെണ്ണം വന്നത് മലബാറില്‍ നിന്നാണെന്നതാണ് കാണേണ്ടത്. (മലപ്പുറം 8.40, പാലക്കാട് 10.60, വയനാട് 12.0 കാസര്‍ഗോഡ് 10.5. അവലംബം: എസ് പി ത്യാഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്-2007)
വളരെ നാളുകള്‍ക്ക് ശേഷം വരുത്തുന്ന പരിഷ്‌കരണങ്ങളില്‍ പാലിക്കേണ്ട ഉള്‍ക്കൊള്ളല്‍ ജനാധിപത്യം, തുല്യത, എല്ലാവര്‍ക്കും പ്രാപ്യത തുടങ്ങിയ ജനാധിപത്യ മൂല്യങ്ങള്‍ അധികൃതര്‍ പാലിക്കുന്നില്ലയെന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഇത്തരം ജീവല്‍ പ്രധാന വിഷയങ്ങള്‍ പ്രാദേശിക, രാഷ്ട്രീയ വിഷയമായി കാണാതെ സാമൂഹിക നീതി മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. അതിനുള്ള വിവേകം ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടതുണ്ട്.
(മലബാര്‍ എഡ്യുക്കേഷന്‍ മൂവ്‌മെന്റ്
വൈസ് ചെയര്‍മാനാണ് ലേഖകന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x