26 Tuesday
March 2024
2024 March 26
1445 Ramadân 16

സര്‍വകലാശാലാ അധ്യാപകരില്‍ നിന്ന് ‘സ്വയാശ്രയ അധ്യാപകരിലേക്കുള്ള’ ദൂരം അത്രയകലെയല്ല

പ്രൊഫ. അമൃത് ജി കുമാര്‍


നളന്ദ, തക്ഷശില, ബി സി 387-ലെ പ്ലേറ്റോയുടെ അക്കാദമി, അരിസ്റ്റോട്ടിലിന്റെ ലൈസിയം എന്നിങ്ങനെ പൗരാണിക കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ധാരാളം സര്‍വകലാശാലകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. നാമിന്നു കാണുന്നതു പോലെയുള്ള ശാസ്ത്രപഠന രീതികളും ശാസ്ത്ര ഗവേഷണങ്ങളും അന്ന് നിലവിലുണ്ടായിരുന്നില്ല. നാമിന്ന് കാണുന്നതു പോലെയുള്ള ഗവേഷണ ജേണലുകളുടെ പ്രസിദ്ധീകരണവും അതില്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ എഴുതുന്നതും പതിനെട്ടാം നൂറ്റാണ്ടോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. ജര്‍മനിയില്‍ ംശഹവലഹാ ്ീി വൗായീഹറ േനെ പോലെയുള്ളവര്‍ അക്കാദമിക സ്വാതന്ത്ര്യം, സെമിനാര്‍ എന്നിങ്ങനെയുള്ള ആശയങ്ങള്‍ മുന്നോട്ട് വെക്കുകയും അതുവഴി സര്‍വകലാശാല സങ്കല്പത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍, അറിവിന്റെ ഉല്‍പാദനം, ശാസ്ത്രീയമായ അന്വേഷണങ്ങള്‍ എന്നിവ അനിഷേധ്യ ഭാഗമായി മാറുകയും ചെയ്യുന്നത് ഈ കാലഘട്ടത്തിലാണ്.
എന്നാല്‍, 19,20 നൂറ്റാണ്ടുകളിലായി സര്‍വകലാശാല സങ്കല്പത്തില്‍ പ്രബലമായ മറ്റൊരു മാറ്റം കൂടി ഉണ്ടാവുന്നുണ്ട്. ദേശീയമായ ഗവണ്‍മെന്റുകളെയും വ്യാവസായിക സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളെയും അഭിമുഖീകരിക്കുക എന്ന സുപ്രധാനമായ ലക്ഷ്യം സര്‍വകലാശാലകളുടെ ഭാഗമാകുന്നത് ഈ കാലഘട്ടത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി 1858-ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന കല്‍ക്കത്ത, ബോംബെ, മദ്രാസ് യൂണിവേഴ്‌സിറ്റികള്‍ അടിസ്ഥാനപരമായി ഇത്തരത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും വ്യാവസായിക താല്‍പര്യങ്ങളുടെയും സ്വാധീനത്തില്‍ ഉണ്ടായി വന്ന സര്‍വകലാശാലകളാണ്. സാമൂഹിക കാര്യക്ഷമത (social efficiency) സിദ്ധാന്തം യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറുന്നത് ഈ കാലഘട്ടത്തിലാണ്.
സാമൂഹിക കാര്യക്ഷമതാ സങ്കല്‍പത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം ഒരു വലിയ പരിവര്‍ത്തനത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണുള്ളത്. വ്യാവസായിക ലക്ഷ്യങ്ങള്‍ ആയിരുന്നു എങ്കില്‍ കൂടിയും പരസ്പര സഹായവും സഹകരണവും ഒരു അളവ് വരെ എങ്കിലും സാമൂഹിക കാര്യക്ഷമത വാദത്തില്‍ ഉള്ളടങ്ങിയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി മത്സരാത്മകത വിദ്യാഭ്യാസത്തെ ഒന്നടങ്കം, വിശിഷ്യ ഉന്നത വിദ്യാഭ്യാസത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ പരസ്പരം മത്സരിക്കുമ്പോള്‍, അധ്യാപകര്‍ സ്‌കോറുകള്‍ ഉയര്‍ത്തുന്നതിനു വേണ്ടി മത്സരിക്കുന്നു. സ്ഥാപനങ്ങള്‍ ഗ്രേഡുകള്‍ ഉയര്‍ത്തുന്നതിനു വേണ്ടി മത്സരിക്കുന്നു. ഇരുപതാം നൂറ്റാണ്ട് വരെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അന്യമായിരുന്ന ഒന്നായിരുന്നു ഈ അതി തീവ്ര മാത്സര്യം. സാമൂഹിക കാര്യക്ഷമതാ വാദത്തില്‍ നിന്ന് അതി മാത്സര്യ വാദത്തിലേക്ക് ഉന്നതവിദ്യാഭ്യാസം ചുവടു മാറുമ്പോള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് സര്‍വകലാശാല സങ്കല്പം വിധേയമാകും.

ഭാവി സര്‍വകലാശാലകള്‍
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കടന്നുവരവോടു കൂടി സര്‍വകലാശാല വിദ്യാഭ്യാസം കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ്. ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തുന്ന രീതിയിലാണ് കോവിഡ് മഹാമാരി ഉണ്ടാവുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസ പ്രക്രിയ പുതിയ ഒരു തലത്തിലേക്ക് തന്നെ കടക്കുകയാണ്. മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (MOOC) എന്നറിയപ്പെടുന്ന സംവിധാനം വഴി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭ്യമാകും. വിദൂര വിദ്യാഭ്യാസ വ്യവസ്ഥയെ അപ്പാടെ ഇത് തൂത്ത് കളയും.
ഡിജിറ്റലായി വിദ്യാര്‍ഥികളിലേക്ക് എത്തപ്പെടുന്ന ഇത്തരത്തിലുള്ള പാഠ്യപദ്ധതിയും പാഠ്യവസ്തുക്കളും സ്ഥാപനവല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആവശ്യമായ സ്ഥലകാല നിബന്ധനകളെ നിരാകരിക്കുന്നുണ്ട്. കുറഞ്ഞ ചിലവിലുള്ള ഡിഗ്രികള്‍, കാലഘട്ടത്തിന് ആവശ്യമായ നൈപുണികള്‍, സാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ ഉപയോഗം, സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി തന്നെ വിദ്യാഭ്യാസം കൂടുതല്‍ ജനകീയവത്കരിക്കുകയും അരികുവത്കരിക്കപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനുള്ള കഴിവ് എന്നിങ്ങനെയുള്ള പല മേന്മകളും ഈ തരത്തിലുള്ള വിദ്യാഭ്യാസത്തിന് അതിന്റെ പ്രയോക്താക്കള്‍ അവകാശപ്പെടുന്നുണ്ട്.
പാര്‍ലമെന്റില്‍ വിദേശസര്‍വകലാശാലാ ബില്‍ പാസ്സാവുന്നതിനു മുന്‍പു തന്നെ മൂക് വഴി ഗുണനിലവാരമുള്ള സര്‍വകലാശാലകളുടെ കീഴില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടുന്ന സാഹചര്യം പല രാജ്യങ്ങളിലും സംജാതമാകും. പ്രബലമായ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ലോകമെമ്പാടും സ്വീകരിക്കപ്പെടുകയും അതുവഴി ഒരു പുതിയ ഉന്നത വിദ്യാഭ്യാസ സംസ്‌കാരം രൂപപ്പെടുകയും ചെയ്യും. മള്‍ട്ടി ചാനല്‍ ടെലിവിഷനുകള്‍ വഴി നമ്മുടെ കുട്ടികളിലേക്ക് ടോം ആന്‍ഡ് ജെറി, സ്‌പൈഡര്‍മാന്‍, ഹാരി പോട്ടര്‍ എന്നിങ്ങനെയുള്ള പരിപാടികള്‍ എത്തുകയും അതുവഴി ആസ്വാദനത്തെ വലിയ അളവില്‍ ക്രോഡീകരിക്കുകയും മാനകീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. ഇതിനെ കുറച്ചുകൂടി ആഴത്തില്‍ സ്വാധീനിക്കുന്ന രീതിയിലാണ് വീഡിയോ ഗെയിമുകളും മറ്റും ഇന്റര്‍നെറ്റ് സഹായത്തോടുകൂടി കടന്നു വന്നത്. ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ ആസ്വാദനത്തെ, താല്പര്യത്തെ, ഒഴിവുസമയങ്ങള്‍ ചിലവാക്കുന്നതിനുള്ള മാര്‍ഗത്തെ വലിയ ആളവില്‍ ഏകീകരിക്കുന്ന ഒരു പ്രക്രിയ നടപ്പാക്കപ്പെടുന്നുണ്ട്. ഇതേ മാതൃകയില്‍ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വഴി ഉന്നത വിദ്യാഭ്യാസരംഗത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ മാനകീകരണം വലിയ അളവില്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇത് അനിവാര്യമായ മാറ്റം കൂടിയാണ്.
തദ്ദേശീയ കോഴ്‌സുകള്‍
പ്രാദേശികമായും മൂക് കോഴ്‌സുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാന്‍ സാധിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. എന്നിരുന്നാല്‍ പോലും ആഗോള തലത്തിലുള്ള സര്‍വകലാശാലകളില്‍ നിര്‍മിക്കപ്പെടുന്ന മൂക് കോഴ്‌സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സര്‍വകലാശാലകളുടെ മത്സരാത്മകത വലിയ ചോദ്യചിഹ്നമായി മാറും. പ്രാദേശികമായ സര്‍വകലാശാലകളില്‍ നിര്‍മിക്കപ്പെടുന്ന മൂക് കോഴ്‌സുകളുടെ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമായി ആശ്രയിക്കാന്‍ പറ്റുന്ന ഘടകമായി മാറാവുന്നത് ഗവണ്‍മെന്റ് ജോലികള്‍ക്ക് യോഗ്യമായ മൂക് കോഴ്‌സുകള്‍ എന്ന തരത്തില്‍ മാത്രമാവും. പുതിയ പെന്‍ഷന്‍ സ്‌കീമിന്റെ വരവോടുകൂടി ഗവണ്‍മെന്റ് ജോലിയും അതിന്റെ ഭാഗമായി ഉണ്ടായിരുന്ന സാമ്പത്തികസ്ഥിരതയും ഏതാണ്ട് പ്രൈവറ്റ് ജോലിക്ക് തുല്യമായി കൊണ്ടിരിക്കുകയാണ്. നയങ്ങളുടെ തുടര്‍ച്ചക്ക് ഭരണമാറ്റം തടസ്സമാവുന്നില്ല എന്നതിന്റെ ഉദാഹരണമാണ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്‍ ഡി എഫ് എതിര്‍ത്ത പുതിയ പെന്‍ഷന്‍ സ്‌കീം അവര്‍ രണ്ടാം തവണ ഭരണത്തില്‍ വരുമ്പോഴും മാറ്റമൊന്നുമില്ലാതെ തുടരുന്നത്.
ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന പുതിയ പെന്‍ഷന്‍ സ്‌കീം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയൊക്കെ തന്നെ സ്വകാര്യ മേഖലയിലും ഇപ്പോള്‍ നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഗവണ്‍മെന്റ് ജോലികള്‍ ഭാവി സമൂഹത്തിന് വലിയൊരു കൊതിപ്പിക്കുന്ന ലക്ഷ്യമൊന്നും ആയിരിക്കണമെന്നില്ല. സ്വകാര്യ മേഖലയിലെ ജോലികള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്ന നിലവാരമുള്ള യൂണിവേഴ്‌സിറ്റികളുടെ മൂക് കോഴ്‌സുകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമ്പോള്‍ സ്വാഭാവികമായും തദ്ദേശീയമായ മൂക് കോഴ്‌സുകള്‍ വലിയ അളവില്‍ ദയനീയമായി പരാജയപ്പെട്ടു പോയേക്കാം.
അന്തര്‍ദേശീയ തലത്തില്‍ കോഴ്‌സുകള്‍ അംഗീകരിക്കപ്പെടുമ്പോള്‍ പ്രാദേശിക കോഴ്‌സുകള്‍ മാത്രം അംഗീകരിച്ചു കൊണ്ട് തൊഴില്‍ അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിന് പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും പരിമിതി നേരിടും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം തദ്ദേശീയമായ മൂക് കോഴ്‌സുകള്‍ മാറാനാണ് സാധ്യത. അതുകൊണ്ടുതന്നെ മൂക് കോഴ്‌സുകളിലൂടെ യൂണിവേഴ്‌സിറ്റികള്‍ക്ക് പഴയ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ നേടിയ പോലെയുള്ള സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുകയില്ലെന്നു ചുരുക്കം.
വരിഞ്ഞുമുറുക്കുന്ന ഈ മത്സരാത്മകതയുടെ ആത്യന്തിക ഫലമായി പൊതു സര്‍വകലാശാല സമ്പ്രദായം വലിയ അസ്തിത്വ പ്രതിസന്ധി നേരിടും. മികവുള്ള അധ്യാപകര്‍ നല്ല മൂക് കോഴ്‌സുകളിലൂടെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുമ്പോഴും ഓരോ വിദ്യാര്‍ഥിയും പല യൂണിവേഴ്‌സിറ്റികളില്‍ നിന്നും തിരഞ്ഞെടുത്ത മൂക് കോഴ്‌സുകളിലൂടെയാവും ബിരുദങ്ങള്‍ പൂര്‍ത്തിയാക്കുക. അതുകൊണ്ട് സര്‍വകലാശാല എന്ന സമഗ്രത ഭാവിയില്‍ നഷ്ടമാവും. ഓരോ സര്‍വകലാശാലയും അവര്‍ പരമ്പരാഗതമായി പ്രദാനം ചെയ്യുന്ന ബിരുദ പരിപാടികളുടെ ഒരു ഭാഗം മാത്രം നല്‍കുന്ന (അതായത് വിദ്യാര്‍ഥികള്‍ സ്വയമേവ തിരഞ്ഞെടുക്കുന്ന സ്വന്തം സര്‍വകലാശാലയിലേതോ മറ്റു സര്‍വകലാശാലയിലേതോ ആയ മൂക് കോഴ്‌സുകള്‍) ഇടങ്ങളായി ചുരുങ്ങി പോവുകയാണ് ചെയ്യുക.

അധ്യാപകരും അവര്‍ പ്രദാനം ചെയ്യുന്ന മൂക് കോഴ്‌സുകളും ഉന്നത സര്‍വകലാശാലായുടെ അടിസ്ഥാന യൂണിറ്റുകളായി മാറും. ഓരോ യൂണിറ്റിനും വിദ്യാഭ്യാസ ഉപഭോക്താക്കളെ കണ്ടെത്തുന്നതില്‍ അധികാരവും സ്വയം പര്യാപ്തതയും അനുവദിച്ചു കൊടുക്കപ്പെടുമ്പോള്‍ ഒരധ്യാപകനും അവര്‍ പഠിപ്പിക്കുന്ന കോഴ്‌സും ഒരു സര്‍വകലാശാലയോടു മാത്രം ബന്ധപ്പെട്ടിരിക്കുക എന്നത് അസാധ്യമായി മാറും. ഇങ്ങനെ യൂണിറ്റുകളുടെ ആകെത്തുകയാണ് സര്‍വകലാശാല വിദ്യാഭ്യാസം എന്നു വരുമ്പോള്‍ വിദ്യാഭ്യാസ അനുഭവങ്ങളുടെ സമഗ്രത നഷ്ടമാവുകയും മത്സരാത്മകത പ്രകടിപ്പിക്കുന്ന അധ്യാപകര്‍, സര്‍വകലാശാലകള്‍ എന്നിവ മാത്രം പ്രസക്തമാവുകയും ചെയ്യുന്ന അവസ്ഥയാണ് സംജാതമാകുന്നത്. ഈ ഒരു സാഹചര്യത്തില്‍ പല പൊതു സര്‍വകലാശാലകളും ഒന്നുകില്‍ ചുരുങ്ങുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയോ ചെയ്യും.
മത്സരം നേരിടാനാവുമോ?
മത്സരാത്മകതക്ക് പറ്റുന്ന രീതിയിലാണോ നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ മുമ്പോട്ടു പോകുന്നത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. യൂണിവേഴ്‌സിറ്റി തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങള്‍ ഭാവി മാറ്റങ്ങള്‍ക്ക് എത്രകണ്ട് ഊന്നല്‍ നല്‍കുന്നുണ്ട് എന്നുള്ളതും പ്രധാനമാണ്. ഇപ്പോള്‍ നമ്മുടെ സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്നവരാണ് ഭാവിയില്‍ ഈ മത്സരാത്മകതയെ നേരിടേണ്ടി വരിക. മത്സരാത്മകതയെ നേരിടുന്നതിനുള്ള കഴിവും പ്രാപ്തിയും ഇല്ലാത്ത, രാഷ്ട്രീയ ബന്ധത്തിന്റെയും മറ്റ് സ്വാധീനങ്ങളുടെയും പേരില്‍ മാത്രം സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്നവര്‍ വലിയ മത്സരങ്ങളുടെ ലോകത്ത് യൂണിവേഴ്‌സിറ്റികളെ എത്രമാത്രം മുന്നോട്ട് കൊണ്ടുപോകും എന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്.
ഉന്നത വിദ്യാഭ്യാസ പ്രക്രിയയില്‍ സ്ഥാപനങ്ങള്‍ക്ക് വലിയ നിയന്ത്രണങ്ങളുള്ള സംവിധാനമാണ് നമുക്കുള്ളത്. എന്നാല്‍ ആഗോള തലത്തില്‍ കോഴ്‌സുകള്‍ ലഭ്യമാകുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ പ്രക്രിയയെ എപ്രകാരം രൂപപ്പെടുത്തണം എന്നതിനുള്ള സവിശേഷമായ സാഹചര്യവും അധികാരവും ചുരുക്കപ്പെടും. മറിച്ച് വ്യാവസായിക താല്‍പര്യങ്ങളുടെയും അതിന്റെ അടിസ്ഥാനത്തില്‍ ജോലികള്‍ അന്വേഷിക്കുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് കോഴ്‌സുകള്‍ രൂപപ്പെടുത്തേണ്ട സാഹചര്യം സംജാതമാകും. ഒരു ആഗോള നിയന്ത്രണ സംവിധാനം ഉന്നത വിദ്യാഭ്യാസത്തില്‍ രൂപപ്പെട്ടു വരുന്നത് വളരെ പ്രകടമായിത്തന്നെ ഇപ്പോഴേ നമുക്ക് കാണാവുന്നതാണ്. ഇതേ സാഹചര്യത്തിലൂടെ നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ കടന്നുപോയിട്ടുണ്ട്. ഒരുകാലത്ത് തങ്ങളുടെ വായനക്കാരുടെ ചിന്തയെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നത് പത്രമാധ്യമങ്ങള്‍ ആയിരുന്നു.
എന്നാല്‍ വാര്‍ത്താമാധ്യമങ്ങളുടെ പിന്നീടുള്ള കാലഘട്ടത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും വാര്‍ത്താ മാധ്യമങ്ങളെ വായനക്കാര്‍ രൂപപ്പെടുത്തുന്ന സാഹചര്യം സംജാതമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങള്‍ വായനക്കാരെ രൂപപ്പെടുത്തുന്ന കാഴ്ചയല്ല മറിച്ച് വായനക്കാര്‍ മാധ്യമങ്ങളെ രൂപപ്പെടുത്തുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വായനക്കാരുടെ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്താതെ ഒരു മാധ്യമത്തിനും നിലനില്‍ക്കാന്‍ സാധിക്കുകയില്ല എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതുവഴി ‘നിര്‍മിച്ചെടുക്കാനുള്ള’ സവിശേഷമായ അധികാരവും ഉത്തരവാദിത്തവും ചോര്‍ന്നു പോവുകയാണ് ചെയ്യുന്നത്. ഇതേ അവസ്ഥ തന്നെയാണ് ഉന്നത വിദ്യാഭ്യാസവും ഭാവി കാലങ്ങളില്‍ നേരിടാന്‍ പോകുന്നത്.
ഉന്നത വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികമായ (സൗജന്യമല്ല) ലഭ്യത, സംഗീതം ചലച്ചിത്രം വീഡിയോ ഗെയിമുകള്‍ എന്നിങ്ങനെയുള്ള മറ്റ് ആസ്വാദന ഉപാധികള്‍ക്ക് സമാനമായ സാഹചര്യത്തിലേക്ക് ഉന്നത വിദ്യാഭ്യാസത്തെ നയിക്കും. യുവത്വം തങ്ങളുടെ ഒഴിവു സമയങ്ങള്‍ മാറ്റിവെക്കുന്നത് വീഡിയോ ഗെയിമുകള്‍ സംഗീതം, ചലച്ചിത്രം എന്നിങ്ങനെ വളരെ ചടുലമായ ദൃശ്യ ശ്രാവ്യ സങ്കലനത്തിലൂടെ നിര്‍മിക്കപ്പെടുന്ന ഉപാധികളെ ആശ്രയിച്ചാണ്. അതുകൊണ്ടു തന്നെ ആഗോള ഡിജിറ്റല്‍ ലോകത്ത് ഉന്നത വിദ്യാഭ്യാസത്തിനും മത്സരിക്കേണ്ടി വരിക ഒരേ ഉപകരണത്തിലൂടെ വന്നെത്തുന്ന മേല്‍പ്പറഞ്ഞ ആസ്വാദന പരിപാടികളുമായിട്ടാവും.
കാരണം ഈ വിനോദോപാധികള്‍ ലഭ്യമാവുന്ന മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടറിലൂടെയാണ് മൂക് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളും എത്തിച്ചേരുക. വിനോദോപാധികള്‍ വ്യത്യസ്തമായ ഭൗതിക സാഹചര്യങ്ങളില്‍ മാത്രമാണ് ലഭ്യമായിരുന്നത് എന്നുള്ളതു കൊണ്ട് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുക എന്നുള്ളത് സമയം, സ്ഥലം എന്നിങ്ങനെയുള്ള ഘടകങ്ങളെ വലിയൊരളവില്‍ ആശ്രയിച്ചിരുന്നു. എന്നാല്‍ സമയവും സ്ഥലവും മാറാതെ സംഗീതവും ചലച്ചിത്രവും ഗെയിമുകളും വിദ്യാഭ്യാസവും ഒരൊറ്റ ഭൗതിക മാര്‍ഗത്തിലൂടെ ലഭ്യമാകുന്ന സാഹചര്യങ്ങള്‍, മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍, ഇവയ്ക്കു വേണ്ടിയുള്ള വീതംവെപ്പ് മുന്‍കാലങ്ങളിലേതിനേക്കാള്‍ എളുപ്പമായി മാറുന്നു. അതായത് മറ്റുള്ള വിനോദോപാധികളുമായി വിദ്യാഭ്യാസത്തിന്റെ മത്സരം മുഖാമുഖം നടക്കേണ്ടുന്ന അവസ്ഥ സംജാതമാകും.
ഇങ്ങനെ ഒരു മത്സരം ഉണ്ടായാല്‍ വിദ്യാഭ്യാസ പ്രക്രിയ ദയനീയ പരാജയമടയാനാണ് സാധ്യത. ഒരു വൈജ്ഞാനിക സമൂഹത്തെ നിലനിര്‍ത്തുന്നതിന്, വൈജ്ഞാനികതയെ ഏറ്റവും ആകര്‍ഷകവും അനിവാര്യവുമായ രീതിയില്‍ അവതരിപ്പിക്കുന്നതിനു ശേഷിയുള്ള അധ്യാപകര്‍ക്കും വിദ്യാഭ്യാസ വ്യവസ്ഥയ്ക്കും മാത്രമേ സാധിക്കൂ. ഇത്തരത്തിലുള്ള ഒരു മാറ്റത്തെ മുന്‍കൂട്ടി കണ്ടു നാം ഇനിയെങ്കിലും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ തയ്യാറെടുപ്പുകളുടെ കാര്യത്തില്‍ നമ്മുടെ കേരളത്തിലെ സര്‍വകലാശാലകള്‍ എന്ത് ചെയ്യുന്നു എന്നുള്ളതാണ് ചോദ്യം.
വ്യാവസായിക ബന്ധം
കൃത്യമായി നിര്‍വചിക്കപ്പെട്ട പഠന ഔട്ട്കമുകളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ പ്രക്രിയ ഒന്നാകെ പുനരേകീകരിക്കപ്പെടുന്നതാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മറ്റൊരു പ്രധാന മാറ്റം. വ്യാവസായികാധിഷ്ഠിതമായ തൊഴില്‍ വിപണിയിലേക്ക് വിദ്യാര്‍ഥിക്കു കടന്നു ചെല്ലുന്നതിനുള്ള പൊതു മാനകങ്ങള്‍ എന്ന നിലയിലാണ് ഔട്ട്കമുകള്‍ കടന്നുവരുന്നത്. കൃത്യമായി നിര്‍വചിക്കപ്പെടാന്‍ സാധിക്കുന്നതും അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുന്നതുമായ രീതിയിലാവും പാഠ്യപദ്ധതിയില്‍ ഔട്ട്കമുകള്‍ നിശ്ചയിക്കുക. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ളിടത്തോളം പഠിപ്പിക്കുക എന്നതില്‍ നിന്ന് നമുക്കാവശ്യമുള്ളത്ര പഠിപ്പിച്ച ശേഷം നിര്‍ത്തുകയെന്നതാണ് ഔട്ട് കം അധിഷ്ഠിതമായ വിദ്യാഭ്യാസം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പത്തു മണിക്കെത്തി നാലുമണിക്ക് വീട്ടില്‍ പോകാവുന്ന ജോലി എന്നതില്‍ നിന്ന് സര്‍വകലാശാല അധ്യാപനം മാറുകയും വ്യാവസായികാധിഷ്ഠിതമായ താത്പര്യങ്ങളെ മനസ്സിലാക്കാനുള്ള ജാഗ്രതയും അവയെ പാഠ്യപദ്ധതിയില്‍ വിളക്കി ചേര്‍ക്കുന്നതിനുള്ള കഴിവും അനിവാര്യമാകും. അങ്ങനെയല്ലാത്ത സര്‍വകലാശാലകള്‍ ഭാവിയില്‍ അന്യം നിന്നു പോകും.
അതിയാന്ത്രികത (automation) ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കും. നിലനില്‍ക്കുന്ന ജോലികള്‍ പലതും യന്ത്രവല്‍ക്കരിക്കപ്പെടുമ്പോള്‍ ബിരുദ പഠനവും അതുവഴി ആര്‍ജിച്ച നൈപുണികളും ശേഷികളുമായി ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ ഒരു ജോലിയില്‍ തുടരാന്‍ കഴിഞ്ഞു എന്ന് വരില്ല. ഒരുപക്ഷേ ഒരിക്കല്‍ ആര്‍ജിച്ച നൈപുണികള്‍ യന്ത്രവല്ക്കരണത്തോടു കൂടി പാടെ പിഴുതെറിയപ്പെട്ടേക്കാം. മനുഷ്യന്റെ ഓര്‍മ എന്ന ബൗദ്ധിക ശേഷിയെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും വെല്ലുവിളിക്കുന്നത് നാം കാണുന്നുണ്ടല്ലോ. സ്വന്തം വീട്ടില്‍ ഉള്ളവരുടെ ഫോണ്‍ നമ്പര്‍ പോലും ഓര്‍മിക്കേണ്ടതിന്റെ ആവശ്യമില്ല എന്ന നിലയില്‍ നമ്മുടെ സംഖ്യാ സംബന്ധിയായ ഓര്‍മകള്‍ക്കു മേല്‍ വലിയ വെല്ലുവിളിയാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ മുന്നോട്ടുവയ്ക്കുന്നത്.
ഇങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളില്‍ പഴയ നൈപുണികള്‍ തുടച്ചു മാറ്റപ്പെടുകയും വിപണിയുടെ ആവശ്യത്തിനനുസരിച്ച് പുതിയ നൈപുണികള്‍ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നു. ഉദാഹരണമായി അധ്യാപകവൃത്തി എടുക്കാം. വിദ്യാര്‍ഥി നല്‍കുന്ന അസൈന്‍മെന്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന കോപ്പിയടി കണ്ടുപിടിക്കുന്നതിന്, ടെണിറ്റിന്‍ പോലുള്ള സോഫ്റ്റ്വെയറുകള്‍ വളരെ കൃത്യമായി ഈ പണി ചെയ്യുമ്പോള്‍ വിദ്യാര്‍ഥികളുടെ അസൈന്‍മെന്റുകള്‍ വായിക്കേണ്ട ആവശ്യമുണ്ടാവില്ല. ഒ എം ആര്‍ പരീക്ഷകള്‍ മാത്രമല്ല, കൃത്യമായ പോയിന്റുകളും മൂല്യനിര്‍ണയത്തിന് മാനദണ്ഡങ്ങളും നല്‍കിയാല്‍ ഉപന്യാസ ചോദ്യങ്ങള്‍ക്കും മാര്‍ക്കിടുന്ന സോഫ്റ്റ്വെയറുകള്‍ പോലും ലഭ്യമാണെന്നിരിക്കെ ഇത്തരത്തിലുള്ള ശേഷി അധ്യാപനത്തിന് ആവശ്യമില്ലാതായി മാറുകയും ചെയ്യുന്നു.
ഇത്തരത്തില്‍ കാലഘട്ടത്തിന് അനുസൃതമായി നൈപുണികള്‍ മാറി മാറി വരുമ്പോള്‍ ഇവയ്ക്ക് അനുസരിച്ച് പാഠ്യപദ്ധതിയും സിലബസും നവീകരിക്കുകയും അവയോരോന്നും ആവശ്യമുള്ളവരില്‍ അത്രയും എത്തിക്കുക എന്നുള്ള മാര്‍ക്കറ്റിംഗ് ജോലിയും ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ ജോലിയുടെ ഭാഗമാകാന്‍ പോവുകയാണ്.
ഈ മാറ്റങ്ങള്‍ക്കൊക്കെ അനുസൃതമായി സ്വയം പരിവര്‍ത്തിപ്പിക്കാന്‍ ഉതകുന്ന ഉന്നത വിദ്യാഭ്യാസ ഇക്കോ സിസ്റ്റം നിലവില്‍ വന്നില്ലെങ്കില്‍ നമ്മുടെ സര്‍വകലാശാലകളുടെ ദാരുണമായ അന്ത്യത്തിന് നാം സാക്ഷിയാകേണ്ടി വരും. സര്‍വകലാശാലാ അധ്യാപകരില്‍ നിന്ന് സര്‍വകലാശാലയുടെ ഭാഗമായ ‘സ്വയാശ്രയ അധ്യാപകരിലേക്കുള്ള’ ദൂരം അത്രയകലെയല്ല. സര്‍വകലാശാലകളുടെ ഘടനാപരമായ അതിരുകളെ ഉല്ലംഘിക്കുന്ന ഒരു ആശയമായി ഉന്നതവിദ്യാഭ്യാസം പരിവര്‍ത്തിപ്പിക്കപെടും. അതുകൊണ്ടുതന്നെ അടിത്തൂണ്‍ പറ്റുന്നത് വരെ ശമ്പളം കിട്ടുന്ന ഉപാധിയായി സര്‍വകലാശാലയെ കണക്കാക്കുന്ന അധ്യാപകരും, ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ പറ്റുന്ന ബിരുദങ്ങള്‍ അന്വേഷിച്ചെത്തുന്ന വിദ്യാര്‍ഥികളുടെയും അവസാനത്തെ കണ്ണി ആയിരിക്കും നമ്മുടെ തലമുറ.
(കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയിലെ എഡ്യൂക്കേഷന്‍ വിഭാഗം പ്രഫസറാണ് ലേഖകന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x