9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

ഏകസിവില്‍കോഡിന്റെ പിന്നാമ്പുറങ്ങള്‍

പി കെ മൊയ്തീന്‍ സുല്ലമി


ഇന്ത്യ എന്നത് നിരവധി മതങ്ങളും ജാതികളും ഉള്‍ക്കൊള്ളുന്ന ഒരു രാജ്യമാണ്. അവര്‍ക്കൊക്കെ വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. ഒരു നിയമം വഴി അതൊക്കെ എടുത്തുകളയാമെന്ന് ആരു വിചാരിച്ചാലും അത് നടക്കുമെന്നു തോന്നുന്നില്ല. ഇസ്‌ലാം ആരുടെയും വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇടപെടുന്നില്ല. അല്ലാഹു അരുളി: ”നിങ്ങളില്‍ ഓരോ വിഭാഗത്തിനും നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ചുതന്നിരിക്കുന്നു” (മാഇദ: 48).
നിരോധനം കൊണ്ടോ നിയമം കൊണ്ടോ ജനങ്ങളുടെ വിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ തടയിടാന്‍ സാധ്യമല്ലെന്നതിന് ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ തന്നെയുണ്ട്. ഉദാഹരണത്തിന് ആര്‍എസ്എസും സിമിയും എന്‍ഡിഎഫുമെല്ലാ നിരോധിക്കപ്പെട്ട സംഘടനകളാണ്. അവയെല്ലാം ചിലത് മറ്റു പേരുകളിലായിരുന്നാലും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഇസ്ലാം ആരുടെയും വിശ്വാസാചാരങ്ങളുടെ മേല്‍ കൈകടത്തുന്നില്ല. ”പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ” (കഹ്ഫ് 29).
വിശ്വാസങ്ങളും ആചാരങ്ങളും ഓരോ വ്യക്തിക്കും ഭരണഘടന നല്‍കുന്ന മൗലികാവകാശ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. അതില്‍ കൈവെക്കാന്‍ ഭരണഘടനയെ തന്നെ തള്ളിക്കളയലാണ് ഏക സിവില്‍ കോഡിനു പിറകിലുള്ളത്, ഏതെങ്കിലും ഒരു സമുദായത്തെ സമുദ്ധരിക്കുക എന്ന ലക്ഷ്യമല്ല എന്ന യാഥാര്‍ഥ്യം ഇന്ത്യയിലെ എല്ലാവര്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യമാണ്. മറിച്ച്, അതിനു പിന്നിലുള്ളത് 2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ഭരണം നിലനിര്‍ത്തുകയെന്നതാണ്.
അതിന് ഏകസിവില്‍കോഡ് കൊണ്ടുവന്ന് മുസ്‌ലിംകളെ ഒരു മൂലയിലിരുത്തി വര്‍ഗീയതയില്‍ നിന്നു മുതലെടുപ്പ് നടത്തുക മാത്രമാണ് ഇതിനു പിന്നിലെ ലക്ഷ്യം. മുസ്‌ലിംകള്‍ക്ക് ഇപ്പോള്‍ ഒരു ഏക സിവില്‍ കോഡിന്റെ ഒരാവശ്യവുമില്ല. കാരണം അവരുടെ ഒന്നാമത്തെ അടിസ്ഥാന പ്രമാണ ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്. അത് ദൈവം അവതരിപ്പിച്ചിട്ടുള്ളത് മുന്‍ വേദഗ്രന്ഥങ്ങളിലുള്ള സത്യസന്ധമായ കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തിക്കൊണ്ടുമാണ്. അല്ലാഹു അരുളി: ”മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഇതിനു മുമ്പ് അവന്‍ തൗറാത്തും ഇഞ്ചീലും അവതരിപ്പിച്ചു. സത്യവും സത്യാസത്യ വിവേചനത്തിനുള്ള പ്രമാണവും (ഖുര്‍ആന്‍) അവന്‍ അവതരിപ്പിച്ചിരിക്കുന്നു” (ആലുഇംറാന്‍ 3-4).
ഒരു ഉദാഹരണം: ആദ്യകാലത്ത് (മനുഷ്യോല്‍പത്തിക്കു മുമ്പ്) മനുഷ്യവര്‍ഗത്തിന്റെ വ്യാപനത്തിന് ആദം നബി(അ)യുടെ പെണ്‍മക്കളെ ആണ്‍മക്കള്‍ വിവാഹം കഴിക്കുന്നതിന് അനുവദിച്ചിരുന്നു. പിന്നീടത് നിരോധിച്ചു. അതുപോലെ നബി(സ)യുടെ ആദ്യ കാലഘട്ടം വരെ ബഹുദൈവ വിശ്വാസികളെ വിവാഹം കഴിക്കാമായിരുന്നു. പിന്നീടത് നിരോധിച്ചു: ”ബഹുദൈവ വിശ്വാസികളെ അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്” (അല്‍ബഖറ 221).
ഇങ്ങനെ ആവശ്യമുള്ള നിയമങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും അല്ലാത്തവ തിരുത്തിക്കൊണ്ടുമാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്. അതില്‍ ഏതെങ്കിലും ഒരു നിയമം പ്രായോഗികമല്ലെന്നോ അബദ്ധമാണെന്നോ വസ്തുനിഷ്ഠമായും പ്രമാണബദ്ധമായും ഇന്നേവരെ ആര്‍ക്കും ഒരു വിമര്‍ശനവും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഒരു ഏകസിവില്‍കോഡ് നിയമം ഇപ്പോള്‍ അപ്രസക്തമാണ്. അങ്ങനെ ഒരു കോഡ് വേണമെന്നോ വേണ്ടേ എന്നോ തീരുമാനിക്കേണ്ടത് മുസ്‌ലിം നേതൃത്വവും അവരുടെ പണ്ഡിതന്‍മാരുമാണ്, അല്ലാതെ നാസ്തികരോ സംഘ്പരിവാറുകാരോ അല്ല. മുസ്‌ലിംകള്‍ക്ക് ഏക സിവില്‍ കോഡ് ആവശ്യമാണ് എന്നതിന് ഇസ്‌ലാമിന്റെ ശത്രുക്കള്‍ പറയുന്ന പല ന്യായവാദങ്ങളും അകം പൊള്ളയാണ്.
ഒന്ന്: ഇസ്‌ലാം സ്ത്രീകളോട് നീതി പുലര്‍ത്തുന്നില്ല എന്നാണ്. ഏതെങ്കിലും വ്യക്തി ചെയ്യുന്ന തെറ്റുകള്‍ ഇസ്‌ലാമിന്റെ മൊത്തം കുറ്റമായി പരിഗണിക്കുന്നപക്ഷം ലോകത്തുള്ള എല്ലാവരും പാപികളാണെന്ന് വിധി പറയേണ്ടിവരും. ലോകത്ത് ഇസ്‌ലാമിനോളം സ്ത്രീകളെ ആദരിക്കുകയും അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ചെയ്ത മതം വേറെയില്ല എന്നുതന്നെ പറയാം. നബി പ്രവാചകനായി നിയോഗിക്കപ്പെടുമ്പോള്‍ സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. അക്കാലത്ത് പെണ്‍കുട്ടികള്‍ ജനിക്കുന്നതു തന്നെ അക്കാലത്തെ ജാഹിലിയ്യാ മുശ്‌രിക്കുകള്‍ക്ക് അപമാനവും ലജ്ജയുമായിരുന്നു. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടലായിരുന്നു അവരുടെ സമ്പ്രദായം. അത് നിര്‍ത്തലാക്കിയത് ഇസ്‌ലാമായിരുന്നു.
ഖുര്‍ആന്‍ അക്കാര്യം വിശദീകരിക്കുന്നു: ”അവരില്‍ ഒരാള്‍ക്ക് പെണ്‍കുഞ്ഞ് ഉണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായ അവസ്ഥയില്‍ അവന്റെ മുഖം കറുത്തിരുണ്ടുപോകുന്നു. അവന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതായിരിക്കും അവരുടെ ചിന്ത. അവര്‍ എടുത്തിരുന്ന തീരുമാനം എത്ര ചീത്ത” (നഹ്‌ല് 58-59). ഇപ്പണി ചെയ്തിരുന്നവരുടെ തലമുറയാണ് വിശുദ്ധ ഖുര്‍ആനില്‍ സ്ത്രീകളോട് അനീതി കാണിക്കാന്‍ കല്‍പനയുണ്ടെന്ന് ജല്‍പിക്കുകയും പുലമ്പുകയും ചെയ്യുന്നത്! കഷ്ടം തന്നെ!
രണ്ട്: ഇസ്‌ലാമിനു മുമ്പും ശേഷവും സ്ത്രീകള്‍ക്ക് വിവാഹരംഗത്ത് യാതൊരുവിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ജാഹിലിയ്യാ കാലത്ത് മുശ്‌രികുകള്‍ എട്ടും പത്തും വിവാഹം കഴിച്ച് സ്ത്രീകളെ പീഡിപ്പിക്കാറുണ്ടായിരുന്നു. അതിന് അറുതിവരുത്തിയത് ഇസ്‌ലാമാണ്. ഇസ്‌ലാം അത് നാലില്‍ മാത്രം ഒതുക്കി. അതും നാലു ഭാര്യമാരോടും തുല്യമായ നിലയില്‍ നീതി പാലിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രം. തുല്യനിലയില്‍ നീതി പാലിക്കാന്‍ കഴിയാത്തവര്‍ ഏക ഭാര്യയില്‍ ഒതുക്കാനും വിശുദ്ധ ഖുര്‍ആന്‍ കല്‍പിച്ചു. അല്ലാഹു അരുളി: ”സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ കഴിയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്നപക്ഷം ഒരുവളെ മാത്രം വിവാഹം കഴിക്കുക” (നിസാഅ് 3).
ഇസ്‌ലാം ഒരു പെണ്ണുകെട്ടി മതമല്ല. ചില സന്ദര്‍ഭങ്ങളില്‍ ഒന്നിലധികം വിവാഹം കഴിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. അതും ഭാര്യമാരോട് തുല്യനീതി പാലിക്കുന്നവര്‍ക്ക് മാത്രം. ഒരു ഭാര്യയോടു പോലും നീതി പുലര്‍ത്താന്‍ കഴിയാത്ത ചിലരൊക്കെ ഒന്നിലധികം വിവാഹം കഴിച്ചുവരുന്നുണ്ട്. അത് ഇസ്‌ലാമിന്റെ കുറ്റമല്ല, വ്യക്തികളുടെ കുറ്റമാണ്. അല്ലാഹു അരുളി: ”നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കില്ല. അതിനാല്‍ നിങ്ങള്‍ ഒരാളിലേക്ക് പൂര്‍ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടതുപോലെ വിട്ടേക്കരുത്” (നിസാഅ് 129).
ജാഹിലിയ്യാ കാലത്ത് ചില മുശ്‌രികുകള്‍ ഒന്നിലധികം വിവാഹം കഴിച്ച് ചില സ്ത്രീകളെ സംരക്ഷിക്കുകയുമില്ല, ത്വലാഖ് ചെയ്യുകയുമില്ല. ‘അത്തരക്കാരെക്കുറിച്ചാണ് ഖുര്‍ആനില്‍ ‘മറ്റവളെ കെട്ടിയിട്ടതുപോലെ ആക്കരുത്’ എന്ന് പറഞ്ഞത്. അവരുടെ പിന്‍ഗാമികളാണ് സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും ഖുര്‍ആനെയും കുറ്റപ്പെടുത്തുന്നത് എന്നോര്‍ക്കണം. അപ്പോള്‍ ഇസ്‌ലാമിനോളം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും അവരെ ആദരിക്കുകയും ചെയ്ത മതം വേറെയില്ലെന്ന് പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.
മൂന്ന്: പുരുഷന്മാര്‍ക്ക് ഭാര്യയുമായി ഒത്തുപോകാന്‍ കഴിയാത്ത അവസ്ഥയില്‍ ത്വലാഖ് നിശ്ചയിച്ചു. അതും മൂന്നു ഘട്ടമായിട്ടാണ്. മുത്തലാഖ് ഇസ്‌ലാമില്‍ പെട്ടതല്ല. ഇബ്നു അബ്ബാസി(റ)ന്റെ പ്രസ്താവന മാത്രം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. അത് ഇപ്രകാരമാണ്: ”നബി(സ)യുടെ കാലത്തും അബൂബക്കറി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഭരണകാലത്തും രണ്ടു വര്‍ഷം വരെയും ഒരാള്‍ മൂന്ന് ത്വലാഖ് ഒന്നായി ചൊല്ലിയാല്‍ അത് ഒരു ത്വലാഖ് മാത്രമായിട്ടാണ് പരിഗണിച്ചിരുന്നത്” (മുസ്‌ലിം).
പക്ഷേ, മുത്തലാഖിനെതിരില്‍ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ മുസ്‌ലിം സംഘടനകള്‍ എതിര്‍ത്തത്, മുസ്‌ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് അവരെ മാത്രം ജയിലിലടക്കാനുള്ള ശ്രമം അതില്‍ ഉള്ളതുകൊണ്ടാണ്. എന്നാല്‍ പുരുഷന് ഭാര്യയെ ത്വലാഖ് ചെല്ലാനുള്ള അവകാശം നല്‍കിയപ്പോള്‍ ഭര്‍ത്താവുമായി യോജിച്ചുപോകാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് രണ്ട് അവകാശങ്ങള്‍ നല്‍കി. അതിലൊന്ന് ഖുല്‍ഉം മറ്റൊന്ന് ഫസ്ഖുമാണ്.
നാല്: ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് കുടുംബം പുലര്‍ത്തേണ്ട ബാധ്യതയില്ല. കുടുംബം പുലര്‍ത്താന്‍ വേണ്ടി ഭര്‍ത്താവ് എല്ലു മുറിയെ തൊഴിലെടുക്കുമ്പോള്‍ ഭാര്യക്ക് കുഞ്ഞുങ്ങളെ പരിപാലിച്ചാല്‍ മതിയാകും. എന്നിട്ടും അവര്‍ പുരുഷന്റെ പകുതി സ്വത്തിന് അവകാശിയാണ്. പുരുഷനേക്കാളും സ്ത്രീകള്‍ക്ക് അവകാശമായി സമ്പത്ത് ലഭിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. അതിവിടെ വിശദീകരിക്കുന്നില്ല. ഇസ്‌ലാമിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ വിമര്‍ശിക്കുമ്പോള്‍ ഏതെങ്കിലും ഒരു ഭാഗം മാത്രം മനസ്സിലാക്കി വിമര്‍ശിക്കരുത്.
അഞ്ച്: സ്ത്രീകള്‍ക്കും പുരുഷനും വ്യത്യസ്ത ഉത്തരവാദിത്തങ്ങളാണ് അല്ലാഹു നല്‍കിയത്. പള്ളിപരിപാലനം, ജുമുഅഃ ജമാഅത്ത് എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്തം അല്ലാഹു പുരുഷനാണ് നല്‍കിയത്. എന്നാല്‍ അല്ലാഹു സ്ത്രീകള്‍ക്ക് നല്‍കിയത് വീടിന്റെ ഉത്തരവാദിത്തമാണ്. നബി(സ) പറഞ്ഞു: ”സ്ത്രീ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധിപതിയാണ്. അവള്‍ തന്റെ പ്രജകളെക്കുറിച്ച് ചോദിക്കപ്പെടും” (ബുഖാരി).
ഇസ്‌ലാമില്‍ പുരുഷനേക്കാള്‍ സംരക്ഷണവും ആദരവും സ്ത്രീകള്‍ക്കു തന്നെയാണ്. ചില ഉദാഹരണങ്ങള്‍: അല്ലാഹു അരുളി: ”സദ്‌വൃത്തകളായ സ്ത്രീകളുടെ മേല്‍ വ്യഭിചാരം ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവനെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക” (അന്നൂര്‍ 4).
ഇവിടെ സ്ത്രീകളെ മുന്തിച്ചത് പുരുഷന്മാരുടെ മേല്‍ വ്യഭിചാര ആരോപണം നടത്താം എന്ന നിലയിലല്ല. മറിച്ച് സ്ത്രീ പുരുഷനേക്കാള്‍ ദുര്‍ബലയാണ്, അവളുടെ മേല്‍ പ്രസ്തുത ആരോപണം വന്നാല്‍ അവളുടെ വിവാഹം തന്നെ മുടങ്ങാനാണ് സാധ്യത. എന്നാല്‍ പുരുഷനെ സംബന്ധിച്ചിടത്തോളം അത്തരം ആരോപണങ്ങള്‍ അധികവും അവനെ ബാധിക്കാറുമില്ല.
ഒരു വ്യക്തി നബി(സ)യുടെ അടുക്കല്‍ വന്ന് ഇപ്രകാരം ചോദിച്ചു: ”ഞാന്‍ ഏറ്റവും നല്ല നിലയില്‍ പെരുമാറാന്‍ കടപ്പെട്ട വ്യക്തി മനുഷ്യരില്‍ ആരാണ്? നബി മൂന്നു തവണ പറഞ്ഞു: നിന്റെ മാതാവ്. നാലാം പ്രാവശ്യം പറഞ്ഞു: നിന്റെ പിതാവ്” (ബുഖാരി, മുസ്‌ലിം). അപ്പോള്‍ മാതാവായ സ്ത്രീക്ക് പുരുഷനായ പിതാവിനേക്കാള്‍ മൂന്ന് ഇരട്ടിയാണ് ഇസ്‌ലാമിലെ സ്ഥാനം. ഒരു ഹദീസില്‍ നബി പറഞ്ഞു: ”സ്വര്‍ഗം മാതാക്കളുടെ പാദങ്ങള്‍ക്കടിയിലാണ്” (നസാഈ).
മാത്രവുമല്ല വിശുദ്ധ ഖുര്‍ആനില്‍ സത്യവിശ്വാസികള്‍ക്ക് ഉദാഹരണം പോലും പറഞ്ഞത് സ്ത്രീകളെയാണ്. അല്ലാഹു അരുളി: ”സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്റെ ഭാര്യയെ എടുത്തുപറഞ്ഞിരിക്കുന്നു. ഇംറാന്റെ പുത്രിയായ മര്‍യമിനേയും” (തഹ്‌രീം 11-12). മറ്റൊരു നബി വചനം ഇപ്രകാരമാണ്: ”നിങ്ങളില്‍ ഉത്തമന്‍ ഭാര്യമാര്‍ക്ക് നല്ലവരാരോ അവരാണ്” (തിര്‍മിദി).
ചുരുക്കത്തില്‍, വിശ്വാസപരമായും കര്‍മപരമായുമുള്ള കാര്യങ്ങളില്‍ ഏകസിവില്‍കോഡിന്റെ ആവശ്യം മുസ്‌ലിംകള്‍ക്കില്ല. അതിനു പിന്നിലുള്ളത് വര്‍ഗീയമായ ഹിഡന്‍ അജണ്ടകളാണ്. നാസ്തികരും വര്‍ഗീയവാദികളും യോജിച്ച് ഇസ്‌ലാമിനെതിരെ നണകള്‍ യഥേഷ്ടം പറഞ്ഞു പ്രചരിപ്പിക്കുകയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x