യൂണിഫോം വര്‍ഷാവര്‍ഷം മാറേണ്ടതുണ്ടോ?
ഉമര്‍ മാടശ്ശേരി
നമ്മുടെ കലാലയങ്ങളില്‍ ഇപ്പോള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒരേ വസ്ത്രം നടപ്പില്‍ വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് ടിവിയിലും പ്രസിദ്ധീകരണങ്ങളിലും വായിക്കാനും കേള്‍ക്കാനും സാധിക്കുന്നത്. നമ്മുടെ കലാലയങ്ങളില്‍ വര്‍ഷാവര്‍ഷം മാറുന്ന യൂണിഫോം പരിഷ്‌കാരങ്ങളെ സംബന്ധിച്ച് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകളില്‍ പോലും ഇങ്ങനെ മാറ്റം വരുത്തുന്നതാണ് കണ്ടുവരുന്നത്. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ ഒരു യൂണിഫോം, അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ ഒരു യൂണിഫോം. മിക്ക വര്‍ഷവും യൂണിഫോമിന്റെ നിറം മാറ്റുകയും ചെയ്യുന്നു. എന്നാല്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മറ്റൊരു യൂണിഫോം പോരേ? മാതൃകാ യൂണിഫോമിന്റെ കാര്യത്തില്‍ നാട്ടില്‍ ഞാന്‍ പഠിച്ചു വളര്‍ന്ന ഒരു സ്‌കൂളുണ്ട്. അതുപോലെ പല സ്‌കൂളുകളും ഉണ്ടാവാം. അവിടെ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒരു യൂണിഫോമാണ്. രണ്ടും മൂന്നും കുട്ടികളെ ഒരുമിച്ച് സ്‌കൂളില്‍ വിടുന്ന രക്ഷിതാക്കള്‍ക്ക് ഇത് എന്തൊരു ആശ്വാസമാണ്. ഈ മാതൃക പ്രശംസനീയമാണ്. രക്ഷിതാക്കളും വിദ്യാര്‍ഥികളും ബോധവാന്മാരാകേണ്ടതുണ്ട്. എന്തിനാണ് ഓരോ വര്‍ഷവും യൂണിഫോമിന്റെ നിറം മാറ്റുന്നത്? വിദ്യാര്‍ഥികളുടെ യൂണിഫോം മാറ്റം കൊണ്ട് പഠനമികവില്‍ എന്തെങ്കിലും മാറ്റം വരുന്നുണ്ടോ വിദ്യാര്‍ഥികള്‍ക്ക്?