യുനെസ്കോക്ക് മിണ്ടാട്ടമില്ല; ഗുഡ്വില് അംബാസഡര്‍ പദവിയൊഴിഞ്ഞ് ശൈഖ മൗസ
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ നിസ്സംഗത പാലിക്കുന്ന യുനെസ്കോയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗുഡ്വില് അംബാസഡര്‍ പദവിയൊഴിഞ്ഞ് ശൈഖ മൗസ ബിന്ത് നാസര്‍. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ മാതാവും അന്താരാഷ്ട്ര വിദ്യാഭ്യാസ സംഘടനയായ എജ്യൂക്കേഷന്‍ എബൗള്‍ ഓള് ഫൗണ്ടേഷന് ചെയര്‍പേഴ്സണുമാണ് ശൈഖ മൗസ. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇസ്താംബൂളില്‍ ചേര്‍ന്ന ‘യുനൈറ്റഡ് ഫോര്‍ പീസ് ഇന്‍ ഫലസ്തീന്’ ഉന്നതതല ഉച്ചകോടിയിലാണ് യുനെസ്കോ ഗുഡ്വില് അംബാസഡര്‍ പദവി ഒഴിയുന്നതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക വിഭാഗമായ യുനെസ്കോയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി 2003 മുതല്‍ ശൈഖ മൗസ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പ്രധാന ഇരകള്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ്. നവംബര്‍ 13 വരെയുള്ള കണക്കുകള്‍ പ്രകാരം 4600ലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്.