3 Sunday
August 2025
2025 August 3
1447 Safar 8

ഐക്യരാഷ്ട്ര സഭ ഇങ്ങനെയായാല്‍ മതിയോ?

ടി കെ മൊയ്തീന്‍ മുത്തനൂര്‍

ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ വിദ്വേഷവും യുദ്ധവും ഉണ്ടാവുമ്പോള്‍ അവിടെ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി അത് പരിഹരിക്കാനും ലോകസമാധാനം നിലനിര്‍ത്താനുമാണല്ലോ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്നത്. എന്നാല്‍ ഇതില്‍പ്പെട്ട അഞ്ച് രാഷ്ട്രങ്ങള്‍ക്ക് വീറ്റോ പവര്‍ ഉണ്ട്. ഇതില്‍ ഏതെങ്കിലും ഒരു രാഷ്ട്രം അനുകൂലിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച ഒരു പ്രമേയവും പാസ്സാക്കാന്‍ സാധിക്കുകയില്ല.
അതിന് ഉദാഹരണമാണല്ലോ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് സാധിച്ചിട്ടില്ല എന്നത്. പിന്നീട് ഇസ്‌റായേല്‍- ഹമാസ് യുദ്ധം. ഈ യുദ്ധം ചര്‍ച്ച ചെയ്യാനും കൂട്ടക്കുരുതി അവസാനിപ്പിക്കാനും ഐക്യരാഷ്ട്ര സഭ ലോകരാഷ്ട്രങ്ങളുടെ യോഗം കൂടി. അതില്‍ ഖത്തര്‍ യുദ്ധം അവസാനിപ്പിക്കാനും ഫലസ്തീനിലും ഇസ്രായേലിലും സമാധാനം ആഗ്രഹിച്ചും ഒരു പ്രമേയം കൊണ്ടുവന്നു. അമേരിക്ക മാത്രം ആ പ്രമേയത്തെ വീറ്റോ ചെയ്തു. അത് പാസായില്ല. ഐക്യരാഷ്ട്ര സഭയുടെ മീറ്റിംഗ് ചേര്‍ന്നത് എന്തിന്? ഇങ്ങനെ ഒരു ഐക്യരാഷ്ട്ര സഭ ഉണ്ടായിട്ട് എന്തുകാര്യം?
ഇത്രയും കാര്യങ്ങള്‍ മുകളില്‍ സൂചിപ്പിച്ചത് ഒരു അധ്യാപകന്റെ ചോദ്യത്തിന് വിദ്യാര്‍ഥിയുടെ രസകരമായ മറുപടി കുറിക്കാനാണ്: എസ് എസ് എല്‍ സിക്ക് പഠിക്കുന്ന കാലത്ത് അധ്യാപകര്‍ വിദ്യാര്‍ഥികളോട് ചോദിക്കാറുണ്ട്, നിങ്ങള്‍ക്ക് ഭാവിയില്‍ എന്താവാനാണ് ആഗ്രഹം എന്ന്. പല വിദ്യാര്‍ഥികളും ഡോക്ടര്‍, എന്‍ജിനീയര്‍, വക്കീല്‍, ഇന്ത്യയുടെ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിങ്ങനെയുള്ള മറുപടി ആയിരുന്നു പറഞ്ഞത്.
എന്നാല്‍ ഒരു വിദ്യാര്‍ഥി പറഞ്ഞത് എനിക്ക് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ആവണമെന്നാണ്. അധ്യാപകന്‍ വിദ്യാര്‍ഥിയോട് ചോദിച്ചു: എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ആഗ്രഹം? വിദ്യാര്‍ഥിയുടെ മറുപടി: ‘ഡോക്ടറും എന്‍ജിനീയറും ആയാല്‍ അധ്വാനിക്കേണ്ടിവരും. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ആയാല്‍ ഒരു പണിയും എടുക്കേണ്ടിവരില്ല. ലോകത്ത് എന്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാലും. ‘അരുതാത്തത്, സംഭവിക്കാന്‍ പാടില്ലായിരുന്നു, ഞെട്ടുന്നു, എന്നിങ്ങനെ രേഖപ്പെടുത്തിയാല്‍ മതി. ഐക്യരാഷ്ട്ര സഭ കൂടുമ്പോള്‍ എന്തെങ്കിലും ഒരു പ്രമേയം വന്നാല്‍ അഞ്ചു വീറ്റോ രാഷ്ട്രങ്ങളില്‍ ആരെങ്കിലും അത് വീറ്റോ ചെയ്യും. അതും നടപ്പിലാക്കേണ്ടതില്ല. ഒരു പണിയും ഇല്ല. ശമ്പളം ധാരാളം. ലോകരാഷ്ട്ര നേതാക്കള്‍ എന്റെ അടുത്തേക്ക് വരും. അഞ്ച് വര്‍ഷം സുഭിക്ഷമായ ഒരു ജീവിതം അതാണ് ഞാന്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആവാന്‍ ആഗ്രഹിക്കുന്നത്.’

Back to Top