23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ഉംറയുടെ മഹത്വം

എം ടി അബ്ദുല്‍ഗഫൂര്‍

അബൂഹൂറൈറ(റ) പറയുന്നു: നബി(സ) പറഞ്ഞു. ഒരു ഉംറ അടുത്ത ഉംറ വരെയുള്ള ചെറിയ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുന്നു. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി)

മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണം സാധ്യമാവുന്നത് സ്വര്‍ഗപ്രവേശത്തിലൂടെയാണ്. അവിടെയാണ് ജീവിതവിജയം. ”ആര്‍ നരകത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്” (3:185) എന്ന വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശം ഈ വസ്തുതയിലേക്ക് സൂചന നല്‍കുന്നു.
സ്വര്‍ഗപ്രവേശത്തിലൂടെ ജീവിതവിജയം നേടാനുതകുന്ന വിശ്വാസ കര്‍മ ധര്‍മ മണ്ഡലങ്ങളെ ഇസ്‌ലാം പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍ ശ്രേഷ്ഠമായ ഒന്നത്രെ ഹജ്ജും ഉംറയും. ഹജ്ജിന്റെയും ഉംറയുടെയും പ്രാധാന്യവും മഹത്വവും വിവരിക്കുന്ന തിരുവചനമാണിത്. നന്മയുടെ പ്രതിഫലമായി പാപമോചനം ലഭിക്കുകയും പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുകയെന്നത് അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹമാണ്.
മീഖാത്തില്‍വെച്ച് ഇഹ്റാമില്‍ പ്രവേശിച്ച് കഅ്ബാലയത്തെ പ്രദക്ഷിണം വെച്ച് സ്വഫാ മര്‍വകള്‍ക്കിടയില്‍ സഅ്യ് നടത്തി മുടിയെടുത്ത് തഹല്ലുലാകുന്നതോടെ ഉംറയുടെ കര്‍മം പൂര്‍ത്തിയായി. പ്രാര്‍ഥനകൊണ്ടും ദൈവസ്മരണകൊണ്ടും മനസ്സ് ശാന്തമാവുകയും മനസ്സിലെ പാപക്കറകളെ കഴുകി ശുദ്ധീകരിക്കുകയും ചെയ്യുന്നതിലൂടെ പുതിയ ഒരു ജീവിതത്തിലേക്കാണ് നാം പ്രവേശിക്കുക. മനുഷ്യസഹജമായ ചെറിയ വീഴ്ചകള്‍ പരിഹരിക്കപ്പെടാന്‍ പര്യാപ്തമായ ഒരു ആരാധനയായി ഉംറയെ പരിചയപ്പെടുത്തുന്നു.
പരിശുദ്ധമായ സ്ഥലങ്ങളെ ഉദ്ദേശിച്ചുകൊണ്ട് യാത്ര ചെയ്ത് പ്രത്യേകമായ സ്ഥലങ്ങളിലും സമയങ്ങളിലും നിര്‍വഹിക്കുന്ന ഹജ്ജിന് മറ്റ് ആരാധനകളെക്കാള്‍ ശാരീരിക സാമ്പത്തിക സാങ്കേതിക സൗകര്യങ്ങള്‍ ആവശ്യമാണ്. നിരന്തരമായ പ്രാര്‍ഥനയും ദൈവസ്മരണയും തന്നെയാണ് ഈ ആരാധനയിലുടനീളം നടക്കുന്നത്. അനുസരണശീലവും അര്‍പ്പണ ബോധവും കൈമുതലാക്കാനും സ്രഷ്ടാവിലേക്ക് സ്വയം സമര്‍പ്പിക്കുവാനും മനസ്സിനെ മാലിന്യമുക്തമാക്കി ശുദ്ധീകരിക്കാനുള്ള അവസരമാണ് ഹജ്ജ്.
പാപങ്ങള്‍ കലരാതെ പ്രകടനപരതയോ പ്രശസ്തിയോ ആഗ്രഹിക്കാതെ നിബന്ധനകളും നിര്‍ദേശങ്ങളും പാലിച്ചകൊണ്ട് ഹജ്ജ് നിര്‍വഹിച്ച് തിരിച്ചുവരുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ തുടര്‍ന്നും നന്മയുടെ പ്രതിഫലനങ്ങളും പ്രതികരണങ്ങളും ഉണ്ടാവുകയെന്നത് ഹജ്ജിന്റെ പുണ്യത്തെ അടയാളപ്പെടുത്തുന്നു. ”അങ്ങിനെ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ അല്ലാഹുവെ നിങ്ങള്‍ സ്മരിക്കുക” (2:200) എന്ന ഖുര്‍ആന്‍ വചനം മനുഷ്യ ജീവിതത്തില്‍ നിരന്തരമായി ഉണ്ടായിരിക്കേണ്ടതാണ് ദൈവസ്മരണയും സല്‍പ്രവര്‍ത്തനങ്ങളും എന്ന് സൂചിപ്പിക്കുന്നു.
ദൈവസ്മരണയും സഹജീവികളോടുള്ള കാരുണ്യവും സല്‍പ്രവര്‍ത്തനങ്ങളും ഒരാള്‍ക്ക് മനസ്സമാധാനം പ്രദാനം ചെയ്യുന്നു. അതോടൊപ്പം നല്ല മടക്കത്തിലേക്ക് അവരെ സന്നദ്ധരാക്കുകയും ചെയ്യുന്നു. ജീവിതത്തിലുടനീളം ഈ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഹജ്ജ് നിര്‍വഹിക്കുന്ന ഒരാള്‍ക്ക് കഴിയുമെങ്കില്‍ സ്വര്‍ഗമല്ലാതെ മറ്റെന്ത് പ്രതിഫലമാണ് അയാള്‍ക്ക് ലഭിക്കാനുള്ളത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x