യുക്രെയ്‌നിലെ വന്‍ അണക്കെട്ട് തകര്‍ത്തു; നൂറോളം ഗ്രാമങ്ങള്‍ മുങ്ങി
തെക്കന്‍ യുക്രെയ്‌നില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖേഴ്‌സന്‍ പ്രവിശ്യയിലെ പ്രധാന അണക്കെട്ട് തകര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. സ്‌ഫോടനത്തിലാണ് അണക്കെട്ട് തകര്‍ന്നതെന്നാണ് സൂചന. മേഖലയിലെ നൂറോളം ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ നോവ കഖോവ്ക അണക്കെട്ട് റഷ്യന്‍ സേന തകര്‍ത്തതാണെന്നു യുക്രെയ്ന്‍ സൈന്യവും യുക്രെയ്‌നിന്റെ ഷെല്ലാക്രമണത്തിലാണ് തകര്‍ന്നതെന്നു റഷ്യന്‍ അധികൃതരും ആരോപിച്ചു. നിപ്രോ നദിയില്‍ സോവിയറ്റ് കാലത്തു നിര്‍മിച്ച 6 അണക്കെട്ടുകളില്‍ ഏറ്റവും വലുതാണിത്. ഇവിടെ നിന്നുള്ള വെള്ളമാണ് യൂറോപ്പിലെ ഏറ്റവും വലിയ അണുനിലയമായ സാപൊറീഷ്യയില്‍ റിയാക്ടര്‍ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും ഈ ഡാമില്‍ നിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. റഷ്യന്‍ സേന സ്‌ഫോടനത്തില്‍ ഡാം തകര്‍ത്തുവെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ ആരോപണം. അണക്കെട്ട് തകര്‍ന്നു വെള്ളം കുത്തിയൊഴുകുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപകടമേഖലയില്‍ 16,000 ജനങ്ങള്‍ പാര്‍ക്കുന്നുണ്ടെന്നു ഖേഴ്‌സന്‍ ഗവര്‍ണര്‍ വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം താഴാന്‍ ഏഴു ദിവസമെങ്കിലുമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിനു മൃഗങ്ങള്‍ ചത്തൊടുങ്ങുന്നതിനു പുറമേ മേഖലയിലെ പരിസ്ഥിതി ആവാസവ്യവസ്ഥ തകിടം മറിയുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തെക്കുകിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യയുടെയും യുക്രെയ്‌നിന്റെയും അധീനതയിലുള്ള പ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിക്കും. റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള വന്‍ സൈനിക നീക്കം യുക്രെയ്ന്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഡാം തകര്‍ന്നത്. സാപൊറീഷ്യ അണുനിലയത്തില്‍ ശീതീകരണത്തിനു ബദല്‍ സംവിധാനം ഉള്ളതിനാല്‍ തല്‍ക്കാലം പ്രശ്‌നമില്ലെന്ന് യുഎന്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി അറിയിച്ചു.