യുദ്ധത്തിന്റെ ഒരു മാസം: യുക്രൈനിലെ കുട്ടികളില്‍ പകുതി പേരും പലായനം ചെയ്തു

റഷ്യയുടെ യുക്രൈനു മേലുള്ള അധിനിവേശം ഒരു മാസം പിന്നിടുന്ന വേളയില്‍ യുക്രൈന്‍ ജനസംഖ്യയുടെ പകുതിയിലധികം കുട്ടികളും യുദ്ധഭീതി മൂലം പലായനം ചെയ്തതായി റിപ്പോര്‍ട്ട്. രാജ്യത്തെ ആകെ കുട്ടികളുടെ ജനസംഖ്യ 7.5 ദശലക്ഷമാണ്. ഇതില്‍ 4.3 ദശലക്ഷം കുട്ടികളും പലായനം ചെയ്തുവെന്നാണ് യു എന്നിന്റെ കുട്ടികളുടെ സംഘടനയായ യുണിസെഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വേഗമേറിയ വലിയ തോതിലുള്ള കുട്ടികളുടെ നാടുകടത്തലിന് ഈ യുദ്ധം കാരണമായെന്ന് യുനിസെഫ് മേധാവി കാതറിന്‍ റസ്സല്‍ പറഞ്ഞു. അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളിലേക്ക് കടന്ന 1.8 ദശലക്ഷത്തിലധികം പേരും ഇപ്പോള്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ട 2.5 ദശലക്ഷത്തിലധികം പേരും ഇതില്‍ ഉള്‍പ്പെടുന്നു.
യു.എന്‍ മനുഷ്യാവകാശ ഓഫീസ്, ഒ എച്ച് സി എച്ച് ആര്‍ എന്നിവരുടെ കണക്ക് പ്രകാരം ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈനില്‍ 78 കുട്ടികള്‍ കൊല്ലപ്പെടുകയും 105 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ കണക്കുകള്‍ യു എന്‍ സ്ഥിരീകരിച്ച നാശനഷ്ടങ്ങളെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. യഥാര്‍ഥ എണ്ണം വളരെ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധം സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും അടിസ്ഥാന സേവനങ്ങളെയും കാര്യമായി ബാധിച്ചു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ, ലോകാരോഗ്യ സംഘടന രാജ്യത്തുടനീളമുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളെ ബാധിച്ച 52 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ഞൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി യുക്രൈനിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
