9 Saturday
November 2024
2024 November 9
1446 Joumada I 7

ഇക്കാലം കഴിഞ്ഞ്…

മുബാറക് മുഹമ്മദ്


ഇക്കാലം
കഴിഞ്ഞു വേണം
എനിക്കു നിന്റെ
വിരലിലൊന്നു തൊടാന്‍

എങ്ങോട്ടു പോകുവതെന്നറിയാത്ത
ഉച്ചവണ്ടിയിലിരുന്ന്
പാതയോരത്തെ
പൊടിമണ്‍ കുളിയില്‍
ചിരി മാഞ്ഞു പോയ
ചെടികളെ, വീടുകളെ
നോക്കിച്ചിരിക്കുവാന്‍

പള്ളിക്കുളത്തിലെ
പൂപ്പല്‍പ്പടവുകളിലിരുന്ന്
വിണ്ണിലെച്ചന്ദ്രികയെ
ജലക്കണ്ണാടിയില്‍ കോരി
കണ്ണില്‍ ചേര്‍ക്കുവാന്‍

നിനയ്ക്കാതെ
പെയ്ത മഴയില്‍
പിന്നിലൂടോടി വന്ന്
കുടയില്‍ കേറി
മഴ നനയുമിടവഴിയില്‍
ചേര്‍ന്നു നടക്കുവാന്‍

ഇക്കാലം
കഴിഞ്ഞു വേണം
അത്തര്‍ മണമുള്ള
പെരുന്നാള്‍ വസ്ത്രത്തിലെ
നിന്നെ
ഖല്‍ബിലേക്ക്
ചേര്‍ത്തലിയിക്കുവാന്‍…

Back to Top