യുക്രൈന്‍: സമാധാന ദൗത്യത്തിന് ഇന്ത്യ മുന്നിട്ടിറങ്ങണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: യുക്രൈനിലെ മനുഷ്യക്കുരുതിക്ക് അറുതിവരുത്താനും സമാധാനം പുനസ്ഥാപിക്കാനും ഇന്ത്യാഗവണ്‍മെന്റ് സമാധാന ദൗത്യവുമായി മുന്നിട്ടിറങ്ങണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യുക്രൈനിലെ നിരപരാധികളായ സിവിലിയന്മാരെ കൊന്നൊടുക്കുന്ന റഷ്യന്‍ അധിനിവേശം അപലപനീയമാണ്. സാമ്രാജ്യത്വ ആധിപത്യം സ്ഥാപിക്കാനുള്ള കിടമത്സരത്തില്‍ നിരപരാധികളെ ബലിയാടാക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതിക്കെതിരെ ആഗോള മനസ്സാക്ഷി ഉണരണം. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു.കോവിഡ് മഹാമാരി ലോകത്തുണ്ടാക്കിയ ദുരിതങ്ങളും മരവിപ്പും അതിജീവിക്കാന്‍ ലോകം ഒന്നിക്കേണ്ട സമയത്ത് യുദ്ധവും കലാപവും സൃഷ്ടിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരില്‍ ആഗോള സമൂഹം ഒന്നിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആഹ്വാനം ചെയ്തു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പി അബ്ദുല്‍ അലി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ഡോ. അനസ് കടലുണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, സി മമ്മു കോട്ടക്കല്‍, അബ്ദുല്‍ജബ്ബാര്‍ കുന്നംകുളം, ഡോ. ജാബിര്‍ അമാനി, ഡോ. അന്‍വര്‍ സാദത്ത്, ഫൈസല്‍ നന്മണ്ട, ഹമീദലി ചാലിയം, കെ എം കുഞ്ഞമ്മദ് മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എം എം ബഷീര്‍ മദനി, ശംസുദ്ദീന്‍ പാലക്കോട്, പി പി ഖാലിദ്, കെ എ സുബൈര്‍ അരൂര്‍, ഹസ്‌ന പര്‍വീന്‍, റുക്്‌സാന വാഴക്കാട്, അബ്ദുസ്സലാം പുത്തൂര്‍, എം കെ മൂസാ സുല്ലമി പ്രസംഗിച്ചു.
