യുക്രൈന് പ്രാദേശിക പരമാധികാരമുണ്ടെന്ന് ഇസ്‌റാഈല്‍; ഫലസ്തീന് ഇല്ലേയെന്ന് സോഷ്യല്‍ മീഡിയ

യുക്രൈന്‍ -റഷ്യ യുദ്ധത്തില്‍ പരസ്യ നിലപാട് പ്രഖ്യാപിച്ച് ഇസ്‌റാഈല്‍. യു ക്രൈന്‍ എല്ലാവിധ പ്രാദേശിക സമഗ്രതയും പരമാധികാരവും ഉണ്ടെന്നും അതിനെ പിന്തുണക്കുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. യുക്രൈനില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇസ്‌റാഈലി പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ചും രാജ്യത്തെ ജൂതസമൂഹത്തിന്റെ സുരക്ഷയെക്കുറിച്ചും ഞങ്ങള്‍ ആശങ്കാകുലരാണ്. യുക്രൈനിന് എല്ലാവിധ മാനുഷിക സഹായം കൈമാറാന്‍ ഇസ്‌റാഈല്‍ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇസ്‌റാഈലിന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണുയരുന്നത്.
ദീര്‍ഘകാലമായി അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇസ്‌റാഈല്‍ റഷ്യയുമായും യുക്രൈനുമായും ശക്തമായ ബന്ധമാണ് സൂക്ഷിക്കുന്നത്. പ്രതിസന്ധിയോടുള്ള സമീപനത്തില്‍ ഇസ്‌റാഈല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു.
