24 Tuesday
June 2025
2025 June 24
1446 Dhoul-Hijja 28

ഉഹ്ദിന്റെ താഴ്‌വരയില്‍

എന്‍ജി. പി മമ്മദ് കോയ


ഖുബാ മസ്ജിദും ഉഹ്ദും ഖന്‍ദഖും മസ്ജിദുല്‍ ഖിബ്‌ലത്തൈനിയും മറ്റനേകം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും കാണുക എന്നത് ഏതൊരു മദീനാ സന്ദര്‍ശകന്റെയും ഉത്ക്കടമായ ആഗ്രഹമാണ്. മദീന ടൂറിസ വിഭാഗത്തിന്റെ ഒരു ഇരുനില ബസ് ഹറമിന്റെ മുന്‍ഭാഗത്തെ തെരുവില്‍ കാത്തിരിപ്പുണ്ട്. അതോടൊപ്പം അനേകം സ്വകാര്യ വാഹനങ്ങളുമുണ്ട്. വ്യത്യസ്ത കപ്പാസിറ്റികളിലുളള വലുതും ചെറുതുമായ സ്വകാര്യ വാഹനങ്ങള്‍ ‘സയ്യാറ, സയ്യാറ’ എന്ന് വിളിച്ച് ഹാജിമാരെ ക്ഷണിച്ചു തെരുവോരങ്ങളില്‍ പാര്‍ക്ക് ചെയ്തത് കാണാം.
സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവര്‍ ഭാഷാ സ്വാധീനമുളള ഗൈഡ് കൂട്ടത്തിലുണ്ടോ എന്ന് ഉറപ്പു വരുത്തണം. ചുറ്റുമതിലും മണല്‍ കൂമ്പാരങ്ങളുമെല്ലാം അനേകം പരിപാവനമായ ചരിത്രവസ്തുതകള്‍ പറയുന്നവയാണ്. അവ കൃത്യമായി വിശദീകരിച്ചു തരാന്‍ കഴിയുന്നവരുടെ കൂടെയാണ് പോകേണ്ടത്. കഴിയുമെങ്കില്‍ മദീനയില്‍ ജോലിയുളള പരിചയക്കാരായ ബന്ധുക്കളോ സ്‌നേഹിതരോ ഉണ്ടെങ്കില്‍ അവരുടെ കൂടെ പോകുന്നതാണ് കൂടുതല്‍ സൗകര്യപ്രദം.
ഞങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഒരു ചെറുപ്പക്കാരനെ കിട്ടി. കോഴിക്കോട് നല്ലളം സ്വദേശി നൗഷീര്‍. നൗഷീര്‍ ഞങ്ങളുടെ മരുമകന്‍ ഷമീറിന്റെ കൂട്ടുകാരനും കുടുംബ സുഹൃത്തുമാണ്.
കാലത്ത് മൂന്നര മണിക്ക് മസ്ജിദുന്നബവിയില്‍ നിന്ന് ഇമ്പമാര്‍ന്ന ഈണത്തില്‍ ഒരു ബാങ്ക് കേള്‍ക്കും! തഹജ്ജുദ് നമസ്‌കാരം ഓര്‍മ്മിപ്പിക്കുന്നതാണ് ആ ബാങ്ക്! മിക്കവാറും ഹാജിമാര്‍ ആ സമയത്ത് തന്നെ മസ്ജിദിലേക്ക് പുറപ്പെടും. തഹജ്ജുദും വിത്‌റും കഴിഞ്ഞ് ഖുര്‍ആന്‍ പാരായണവും ദിക്‌റും സലാത്തുമായി സുബഹി നമസ്‌കാരം പ്രതീക്ഷിച്ചിരിക്കും. സുബഹി കഴിഞ്ഞു സാധ്യമെങ്കില്‍ പുണ്യ റസൂലിന് ഒരു സലാമും പറഞ്ഞാണ് പുറത്തേക്ക് പോകുക. പ്രാര്‍ഥന കഴിഞ്ഞ് 10 മണി വരെ ഉറങ്ങാറാണ് പതിവ്! ദിനചര്യകള്‍ പൂര്‍ത്തിയാക്കി 11.30 ന് വീണ്ടും ഹറമിലേക്ക്. ഇതാണ് ഒരു സാധാരണ ഹാജിയുടെ മദീനയിലെ ദിനചര്യ.
രാവിലെ 6.30ന് തന്നെ നൗഷീര്‍ വാഹനവുമായി വന്നു. ആവശ്യത്തിനുള്ള കുടിവെള്ളവും ജൂസും അല്പം ഡ്രൈഫ്രൂട്ട്‌സും കരുതി. കൂടെ പുതിയങ്ങാടിയില്‍ നിന്നു വന്ന ഹിസ്ബുറഹിമാനും ഭാര്യ ഷംസാദും അനുഗമിച്ചിരുന്നു.
ആദ്യ യാത്ര ഉഹ്ദിന്റെ രണാങ്കണത്തിലേക്കായിരുന്നു. ഉഹ്ദ് മലയും താഴ്‌വരയും ഒരുപാട് ചരിത്ര സംഭവങ്ങളുടെ നേര്‍സാക്ഷികളായി ഇന്നും നില്ക്കുന്നു. റസൂലിന്റെ(സ) തന്ത്രപൂര്‍വ്വമായ ഒരു നിര്‍ദ്ദേശം പൂര്‍ണമായി പാലിക്കാതിരുന്നതിനാല്‍ വന്ന വലിയ ദുരന്തത്തിന്റെ കഥകൂടി പറയാനുണ്ട് ഈ ഗിരി ശൃംഗങ്ങള്‍ക്ക്.
ഹംസ(റ)യുടെ രക്തസാക്ഷിത്വം, നബി(സ)യുടെ ജീവന്‍ പോലും അപകടത്തിലായ സന്ദര്‍ഭം, ഉമ്മു അമ്മാറ(റ) എന്ന വനിതാ സഹാബിയുടെ ധീരമായ ചെറുത്തു നില്പ് തുടങ്ങി 14 നൂറ്റാണ്ട് മുമ്പുള്ള സംഭവങ്ങള്‍ക്ക് മൂകസാക്ഷിയായി നിന്ന ഉഹ്ദ് രണാങ്കണം. മദീന പള്ളിയില്‍ നിന്ന് ഏതാണ്ട് അഞ്ചര കിലോമീറ്റര്‍ വടക്ക് പട്ടണത്തിന്റെ അതിര്‍ത്തിയിലാണ് ഈ സ്ഥലം.
ശത്രുസൈന്യത്തെ എവിടെ വെച്ച് നേരിടണമെന്ന് നബി(സ) അനുയായികളോട് കൂടിയാലോചന നടത്തിയപ്പോള്‍ പട്ടണത്തിനകത്ത് വെച്ച് വേണമെന്ന് മുതിര്‍ന്നവരും അതല്ല പട്ടണത്തിന് പുറത്താണ് നല്ലതെന്ന് ചെറുപ്പക്കാരായ സഹാബികളും അഭിപ്രായം പറഞ്ഞു. യുദ്ധമുഖത്തേക്ക് പോകുന്ന പടയാളികളോട് കൂടിയാലോചിച്ച് മാത്രമേ തന്ത്രപരമായ തീരുമാനങ്ങളെടുക്കാവൂ എന്ന പാഠമാണ് മുഹമ്മദ് റസൂലുല്ലാഹ് എന്ന സര്‍വസൈന്യാധിപന്‍ അനുയായികള്‍ക്ക് പഠിപ്പിച്ചു കൊടുക്കാറ്. റസൂല്‍ ചെറുപ്പക്കാരുടെ അഭിപ്രായമാണ് സ്വീകരിച്ചത്. അത് വലിയ തിരിച്ചറിവിന് കാരണമായി. സൈന്യത്തില്‍ കയറിക്കൂടിയ കപട വിശ്വാസികള്‍ ഈ കാരണം പറഞ്ഞു തിരിച്ചു പോയി!
യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ 3000 അംഗസംഖ്യയുള്ള ശത്രു സൈന്യത്തെ പരാജയപ്പെടുത്താനും തുരത്തി ഓടിക്കാനും കേവലം 700-ല്‍ താഴെ അംഗബലമുള്ള മുസ്ലിം സൈന്യത്തിന് കഴിഞ്ഞു. അതൊരു വലിയ തന്ത്രത്തിന്റെയും ദീര്‍ഘ വീക്ഷണത്തിന്റെയും ഫലമായിരുന്നു. ശത്രുക്കള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുള്ള തന്ത്രപ്രാധാന്യമുള്ള ഭാഗത്ത് ‘ജബലു അയ്‌നൈനി’ എന്ന കുന്നിന് മുകളില്‍ റസൂല്‍ കുറേ വില്ലാളികളെ നിറുത്തിയിരുന്നു. അബ്ദുല്ലാഹിബുനു ജുബൈറിന്റെ നേതൃത്വത്തില്‍ കാവല്‍ നിന്ന അവര്‍ക്ക് ഒരു കാരണവശാലും തന്റെ കല്പനയില്ലാതെ താഴേക്കിറങ്ങി വരരുതെന്ന് നിര്‍ദ്ദേശവും റസൂല്‍ കൊടുത്തിരുന്നു.
പക്ഷെ ശത്രുക്കള്‍ തോറ്റോടുന്നതും അവര്‍ വിട്ടേച്ചു പോയ യുദ്ധമുതലുകള്‍ മുസ്ലിം സൈന്യം വാരിക്കൂട്ടുന്നതും കുന്നിന്‍ മുകളില്‍ നിന്ന് കണ്ട വില്ലാളികള്‍ നബിയുടെ കല്പന കിട്ടുന്നതിന് മുമ്പെ താഴേക്കിറങ്ങിവന്നു. ഈ തക്കത്തില്‍ അന്ന് മുശ്‌രിക്കുകളുടെ സൈന്യാധിപനായ ഖാലിദുബ്‌നു വലീദിന്റെ നേതൃത്വത്തിലുളള ശത്രു സൈന്യം അതിലൂടെ നുഴഞ്ഞു കയറുകയും മുസ്ലിം പടയാളികളെ പിന്നിലൂടെ ആക്രമിക്കുകയും ചെയ്തു.
ജയിച്ചുനിന്ന മുസ്‌ലിം സൈന്യത്ത് അത് വലിയ പരാജയം വരുത്തി. റസൂലിന് പോലും അപകടം പറ്റി. ആ തിരുമുഖം മുറിഞ്ഞു ചോരയൊഴുകി! രണ്ടു പല്ലുകള്‍ കൊഴിഞ്ഞുവീണു. ആ ശരീരത്തിന് നേരെ അനേകം ശരങ്ങളും കുന്തങ്ങളും ചീറിപ്പാഞ്ഞു വന്നു. സഹാബികള്‍ സ്വശരീരം കൊണ്ട് നബിക്കു ചുറ്റും കോട്ടതീര്‍ത്തു. നബിക്കു നേരെ ചീറിവരുന്ന അമ്പുകളും കുന്തങ്ങളും അവരുടെ ശരീരങ്ങള്‍ ഏറ്റുവാങ്ങി. ഉമ്മു അമ്മാറ എന്ന അന്‍സാരി വനിത നബിക്കു ചുറ്റും ഓടി നടന്ന് ശത്രുക്കളെ വകവരുത്തി. വാളും പരിചയുമായി ശത്രു പുരുഷന്‍മാരെ നേരിട്ടു പുണ്യ റസൂലിന് സുരക്ഷയൊരുക്കി. റസൂലിനെ സഹാബികള്‍ ഉഹ്ദ് മലയിലെ ഒരു ഗുഹയില്‍ സുരക്ഷിതനാക്കി വെക്കുവോളം ഉമ്മു അമ്മാറ റസൂലിന്റെ ഇടത്തും വലത്തും മുന്നിലും പിന്നിലും നിന്ന് അടരാടി. ഉഹ്ദിലെ പെണ്‍സിംഹം എന്നറിയപ്പെട്ട ആ ധീര വനിതക്ക് അന്ന് 43 വയസ്സായിരുന്നു.
മുഖാവരണമണിഞ്ഞ് വീടിന്റെ അകത്തളങ്ങളില്‍ ചടഞ്ഞ് കൂടിയിരിക്കേണ്ടവളല്ല സ്ത്രീ എന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരിമിതികളില്ലാതെ പ്രവര്‍ത്തിക്കേണ്ടവളാണെന്നും പതിനാലു നൂറ്റാണ്ട് മുമ്പ് തന്നെ ഉമ്മു അമ്മാറ എന്ന ധീര വനിത തെളിയിച്ചു. അവരുടെ ഭര്‍ത്താവും മക്കളും ഉഹ്ദിന്റെ രണാങ്കണത്തിലുണ്ടായിരുന്നു.
ഉഹ്ദില്‍ മുസ്ലിംകള്‍ക്കു സംഭവിച്ച വലിയ നഷ്ടമായിരുന്നു ഹംസ(റ)യുടെ രക്തസാക്ഷിത്വം. റസൂലിന്റെ പിതൃ സഹോദരനായ അദ്ദേഹത്തെ വഹ്ശി ഒളിഞ്ഞു നിന്ന് ചാട്ടുളിയയച്ചു വധിക്കുകയായിരുന്നു. എഴുപതോളം സഹാബികള്‍ ഉഹ്ദില്‍ രക്തസാക്ഷികളായി. അനുസരണക്കേട് വരുത്തി വെച്ച വന്‍ ദുരന്തം.
ഹംസ(റ)യുടേതടക്കം രക്തസാക്ഷികളുടെ ഖബറുകള്‍ ചുറ്റുമതിലുകെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. മതിലിന് പുറത്തുനിന്ന് പ്രാര്‍ഥിക്കാവുന്നതാണ്.
റസൂലിനെ സുരക്ഷിതനാക്കി ഇരുത്തിയ ഗുഹാമുഖം കോണ്‍ക്രീറ്റ് കൊണ്ട് അടച്ചിട്ടുണ്ട്. ജബലു അയ്‌നയ്‌നി എന്ന കുന്നിന് ഇപ്പോള്‍ വലിയ ഉയരമൊന്നുമില്ല. രക്തസാക്ഷികളുടെ അന്ത്യവിശ്രമ സ്ഥലത്തിന്റെ തെക്കു ഭാഗത്താണ് പ്രസ്തുത കുന്ന്.
ഉഹ്ദ് യുദ്ധ ഭൂമിയോട് വിടപറയുകയായി! ചരിത്ര സ്മാരകങ്ങളും അടയാളങ്ങളും സന്ദര്‍ശിക്കുന്നതിന് മുമ്പ് അവയുടെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചറിയുകയോ വായിച്ചറിയുകയോ ചെയ്യണം. എങ്കില്‍ മാത്രമെ അവ കേവലം കല്ലും മണലും കമനീയമായ കാഴ്ച വസ്തുക്കളുമല്ല മറിച്ച് ജീവസ്സുറ്റ ചരിത്ര ശേഷിപ്പുകളാണ് എന്ന് ബോധ്യമാവുകയുള്ളൂ. റസൂലിന്റെ വാക്കുകളായ ‘നാം സ്‌നേഹിക്കുന്ന നമ്മെ സ്‌നേഹിക്കുന്ന ഉഹ്ദ് മല’ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

Back to Top