അമേരിക്കയുടെ കൈയില്‍ അന്യഗ്രഹ പേടകമുണ്ടെന്ന് മുന്‍ ഇന്റലിജന്‍സ് ഓഫിസര്‍
പറക്കുംതളികകളെ (യുഎഫ് ഒ) കുറിച്ചും തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളെ (യുഎപി) കുറിച്ചും പതിറ്റാണ്ടുകളായി നടക്കുന്ന പഠനം യുഎസ് സൈന്യം മറച്ചുവെക്കുകയാണെന്ന് വെളിപ്പെടുത്തി മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. പറക്കും തളികകളെ കുറിച്ച് യുഎസ് കോണ്‍ഗ്രസ് നടത്തുന്ന തെളിവെടുപ്പിനിടെയാണ് എയര്‍ഫോഴ്‌സ് മുന്‍ ഇന്റലിജന്‍സ് ഓഫിസറായിരുന്ന റിട്ട. മേജര്‍ ഡേവിഡ് ഗ്രഷ് ഇക്കാര്യം പറഞ്ഞത്. അതേസമയം, ഡേവിഡ് ഗ്രഷിന്റെ വാദങ്ങള്‍ യുഎസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍ നിഷേധിച്ചു. പറക്കും തളികയുടെ അവശിഷ്ടങ്ങള്‍ യുഎസിന് ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നിന്നു മനുഷ്യന്റേതല്ലാത്ത ജൈവാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഡേവിഡ് ഗ്രഷ് പറഞ്ഞു. അമേരിക്കയുടെ യുഎഫ്ഒ പ്രൊജക്ടുമായി അടുത്ത ബന്ധമുള്ളവരാണ് തനിക്ക് വിവരം നല്‍കിയത്. 1930 മുതല്‍ ‘മനുഷ്യന്റേതല്ലാത്ത പ്രവൃത്തികളെ’ കുറിച്ച് യുഎസിന് വിവരമുണ്ടെന്നും ഇത് ഭരണകൂടം മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറക്കും തളികകളെ കുറിച്ചും അസാധാരണ പ്രതിഭാസങ്ങളെ കുറിച്ചും വിശദമായ തെളിവെടുപ്പാണ് യുഎസ് കോണ്‍ഗ്രസ് നടത്തുന്നത്. തെളിവെടുപ്പിനിടെ, പറക്കും തളികകള്‍ നേരിട്ട് കണ്ടെന്ന് അവകാശപ്പെട്ട മൂന്നു പേര്‍ തങ്ങളുടെ മൊഴി രേഖപ്പെടുത്തി.