22 Sunday
December 2024
2024 December 22
1446 Joumada II 20

ഉദ്യോഗ രാഷ്ട്രീയ പ്രാതിനിധ്യം ആരാണ് കേരളം ഭരിക്കുന്നത്?

വി കെ ജാബിര്‍


ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സമുദായ പ്രീണനം, മതവിദ്വേഷം, ഇസ്ലാം പേടി തുടങ്ങിയ ചീഞ്ഞ മുദ്രാവാക്യങ്ങള്‍ സജീവമായി നില്‍ക്കുന്ന കേരളത്തിന്റെ അന്തരീക്ഷത്തിലേക്കാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച ഒരു കണക്ക് പുറത്തുവരുന്നത്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനു കീഴില്‍ (കെ എസ് സി ബി സി) 2017ല്‍ വികസിപ്പിച്ചെടുത്ത ഇ സിഡെസ്‌ക് (ലഇമേെല ഉമമേയമലെ ീള ഋാുഹീ്യലല െശി ടലൃ്ശരല ഗലൃമഹമ) വെബ് പോര്‍ട്ടല്‍ വഴിയാണ് പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗ പ്രാതിനിധ്യം സംബന്ധിച്ച് 2024 ജൂണ്‍ 19 വരെയുള്ള കണക്കുകള്‍ ശേഖരിച്ചത്.
മന്ത്രിസ്ഥാനം ഒഴിയുന്നതിനു മുമ്പ് കെ രാധാകൃഷ്ണന്‍, പി ഉബൈദുല്ല എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായായാണ് ഈ കണക്കുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. കേരളത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യ കണക്ക് ഔദ്യോഗികമായി പുറത്തുവിടുന്നത്.
വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, എയ്ഡഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ബോര്‍ഡ്, കോര്‍പറേഷനുകള്‍ എന്നിവയില്‍ നിന്നുള്ള 316 ഓഫീസുകളില്‍ നിന്ന് അപ്ലോഡ് ചെയ്യപ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ ജാതി, വകുപ്പ് എന്നിവ തിരിച്ചുള്ള കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ടുകളിലൂടെ കണ്ണോടിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുക.
ഉദ്യോഗത്തില്‍ ഓരോ വകുപ്പിലെയും ജീവനക്കാരുടെ സമുദായം തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല എന്നത് റിപ്പോര്‍ട്ടിന്റെ പോരായ്മയായി നില്‍ക്കുന്നു. കാറ്റഗറി തിരിച്ചുള്ള കണക്കും പുറത്തുവിട്ട രേഖയിലില്ല. ഉദ്യോഗസ്ഥര്‍ നിയമിതരായത് സംവരണാനുകൂല്യത്തിലാണോ, എല്ലാവര്‍ക്കും ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ആണോ എന്നും ഇവിടെ വ്യക്തമല്ല. ഈ പരിമിതികള്‍ നിലനില്‍ക്കുമ്പോഴും പുറത്തുവന്ന കണക്ക് അസന്തുലിതാവസ്ഥയുടെ ഭീകരമായ നേര്‍ചിത്രം വ്യക്തമാക്കുന്നു.

അമ്പരപ്പിക്കുന്ന
അസന്തുലിതത്വം

രാജ്യപുരോഗതിയിലും സമഗ്ര വികാസത്തിലും മുഖ്യ പങ്കുവഹിക്കുന്നത് ഭരിക്കുന്നവരും സര്‍ക്കാര്‍ സംവിധാനം ചലിപ്പിക്കുന്ന ഉദ്യോഗസ്ഥരുമാണ്. സാമൂഹികമായും സാംസ്‌കാരികമായും മുന്നിലാണെന്നു കരുതുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യം വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സമഞ്ജസമായ സമ്മേളനമാകുമ്പോഴാണ് അതു മനോഹരമാകുന്നത്; സാമൂഹിക നീതി ഉറപ്പാക്കപ്പെടുന്നത്.
നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ പി ഉബൈദുല്ലയുടെ 2851 നമ്പര്‍ ചോദ്യത്തിന് മറുപടിയായി പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്‍ സഭയില്‍ വെച്ച രേഖകളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. മുസ്ലിംകള്‍ക്കും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കും കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ലെന്ന് സംശയലേശമെന്യേ തെളിയിക്കുന്നു. അമ്പരപ്പിക്കുന്ന അസന്തുലിതാവസ്ഥയുടെ കണക്കുകളാണ് സര്‍ക്കാര്‍ സഭയില്‍ വെച്ചത്.
2024 ജൂണ്‍ 19ലെ കണക്കു പ്രകാരം സംസ്ഥാനത്ത് ആകെ 5,45,423 സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. അതില്‍ 1,96,837 പേരും മുന്നാക്ക വിഭാഗത്തില്‍ നിന്നാണ് (36.09 ശതമാനം). സര്‍വീസിലെ ഒ ബി സി പ്രാതിനിധ്യം 2,85,335 ആണ്. ഇതു മൊത്തം സര്‍വീസിലുള്ളവരുടെ 52.31 ശതമാനം വരും. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 51,783 പേരാണ് സര്‍വീസിലുള്ളത്. പത്ത് ശതമാനത്തില്‍ താഴെയാണ് (9.49%) ഈ പ്രാതിനിധ്യം. പട്ടിക വര്‍ഗ വിഭാഗത്തിന്റെ പ്രാതിനിധ്യവും വളരെ പിന്നിലാണ്. 10,513 പേര്‍ (1.92 ശതമാനം). ജനസംഖ്യയില്‍ പട്ടികജാതി വിഭാഗം 9.10 ശതമാനവും പട്ടികവര്‍ഗ വിഭാഗം 1.45 ശതമാനവുമാണ് എന്നറിയണം.
സര്‍ക്കാര്‍ ജോലിയില്‍ ഗുരുതരമായ കുറവ് നേരിടുന്ന സമൂഹം മുസ്ലിംകളാണ്. സംവരണമുണ്ടായിട്ടും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു പ്രകാരമുള്ള ബാക്ക്ലോഗ് നികത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടും മുസ്ലിം പ്രാതിനിധ്യത്തില്‍ കനത്ത കുറവാണ് കണക്കു കാണിക്കുന്നത്. മുസ്ലിം വിഭാഗത്തില്‍നിന്ന് ആകെയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 73,774 പേര്‍ മാത്രം. അഥവാ 13.51 ശതമാനം. കേരളത്തിലെ ജനസംഖ്യയില്‍ 27- 28 ശതമാനം മുസ്ലിം ജനവിഭാഗമാണെന്നാണ് കണക്ക്. ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നോക്കുമ്പോള്‍ സര്‍ക്കാര്‍- അനുബന്ധ വകുപ്പുകളില്‍ മുസ്ലിം സമുദായത്തിനു നിഷേധിക്കപ്പെട്ടത് 102 ശതമാനം പോസ്റ്റുകള്‍!
പൊതുവിഭാഗത്തില്‍ പെട്ട നായര്‍ക്കും സിറിയന്‍ ക്രിസ്ത്യാനിക്കും ഒ ബി സി വിഭാഗത്തിലെ ഈഴവര്‍ക്കും മുസ്ലിംകള്‍ക്കും ഉദ്യോഗതലത്തില്‍ ലഭിച്ച പ്രാതിനിധ്യം പരിശോധിക്കുന്നത് സംഗതമായിരിക്കും. അത് ഇങ്ങനെയാണ്: നായര്‍: ഉദ്യോഗ പ്രാതിനിധ്യം 1,08,012 അഥവാ 19.8 ശതമാനം. ജനസംഖ്യാപരമായി ലഭിക്കേണ്ടത് 8 ശതമാനം. സിറിയന്‍ ക്രിസ്ത്യന്‍: 73,717 അഥവാ 13.51 ശതമാനം. ജനസംഖ്യയനുസരിച്ച് ലഭിക്കേണ്ടത് 9%. ഈഴവ: ഉദ്യോഗ പ്രാതിനിധ്യം 1,15,075 അഥവാ 21.09 ശതമാനം. ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് ലഭിക്കേണ്ടത് 23 ശതമാനം. മുസ്ലിം: ഉദ്യോഗ പ്രാതിനിധ്യം 73,774 അഥവാ 13.51 ശതമാനം. ജനസംഖ്യയനുസരിച്ച് ലഭിക്കേണ്ടത് 27-28 ശതമാനം.
നായര്‍ സമുദായത്തിന് അര്‍ഹതപ്പെട്ടതിലും ഇരട്ടിയിലേറെ ഉദ്യോഗ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസില്‍ നിലവിലുണ്ട്. ഉന്നത ക്രിസ്ത്യന്‍ വിഭാഗത്തിനും അര്‍ഹതപ്പെട്ടതിലും അഞ്ചു ശതമാനത്തോളം കൂടുതല്‍ പ്രാതിനിധ്യമുണ്ട്. ഈഴവ വിഭാഗത്തിന് അര്‍ഹതപ്പെട്ടതിലും നേരിയ കുറവു മാത്രമാണ് ഉദ്യോഗതലത്തില്‍ ഇപ്പോള്‍ കാണുന്നത്. അതേസമയം 27-28 ശതമാനം ജനസംഖ്യയുള്ള മുസ്ലിംകള്‍ക്ക് ഉദ്യോഗതലത്തിലെ പ്രാതിനിധ്യം 13.51 ശതമാനം മാത്രമാണ്. യഥാര്‍ഥത്തില്‍ ലഭിക്കേണ്ടതിലും പകുതിയിലേറെ കുറവാണ്, ഏറെ നേടിയെടുത്തു എന്ന ആരോപണത്തിന് വിധേയരായ മുസ്ലിംകള്‍ക്ക് യഥാര്‍ഥത്തില്‍ കിട്ടിയത്.
പി എസ് സി 20 യൂനിറ്റുകളുടെ അടിസ്ഥാനത്തില്‍ നിയമന ശുപാര്‍ശ പട്ടിക തയ്യാറാക്കുമ്പോള്‍ സംവരണ സമുദായക്കാര്‍ സംവരണ ടേണുകളില്‍ മാത്രം ഉള്‍പ്പെടുന്നതിനാല്‍ അവരുടെ മെറിറ്റ് അവസരം നഷ്ടപ്പെടുകയും സംവരണ സമുദായക്കാര്‍ക്ക് നിയമനങ്ങളില്‍ പ്രാതിനിധ്യക്കുറവ് ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ പി.എസ്.സിയുടെ നിയമന രീതി മാറ്റണമെന്നത് കാലങ്ങളായുള്ള ആവശ്യമാണെന്ന് വിഷയം സഭയില്‍ ഉന്നയിച്ച പി ഉബൈദുല്ല എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. 20ന്റെ യൂനിറ്റായി നിയമന നിര്‍ദേശം നടത്തുന്ന രീതി അവസാനിപ്പിച്ച് ഓരോ സമയത്തും റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ ഒറ്റ യൂനിറ്റായി കണക്കാക്കി നിയമനവും സംവരണവും 50:50 എന്ന അനുപാതത്തില്‍ നടത്തണമെന്ന് 1697/07 നമ്പര്‍ റിട്ട് അപ്പീലിന്‍മേല്‍ തീര്‍പ്പ് കല്‍പ്പിച്ച് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണെന്നും അദ്ദേഹം പറയുന്നു.

അധികാര പ്രാതിനിധ്യം
അമിതവും അനര്‍ഹവുമായ പ്രാതിനിധ്യം ആരാണ് നേടിയത് എന്ന് കണക്കുകള്‍ വെളുക്കെ ചിരിച്ചുകൊണ്ടു പറയുന്നുണ്ട്. രാഷ്ട്രീയ-മന്ത്രിസഭാ പ്രാതിനിധ്യത്തിലെ ജാതിയും മതവും കൂടി പരിശോധിക്കുമ്പോള്‍ ചിലരുയര്‍ത്തുന്ന ബഹളങ്ങളുടെ പിന്നിലൊളിപ്പിച്ച താല്‍പര്യം കൂടുതല്‍ പ്രകടമാകും.
സംസ്ഥാന മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കാബിനറ്റ് പദവിയുള്ള 11 നായന്മാര്‍ ഉണ്ട്. മുസ്ലിംകള്‍ക്കുള്ളത് രണ്ടു പേര്‍, അഥവാ 9.5 ശതമാനം പ്രാതിനിധ്യം. ജനസംഖ്യാപരമായി അര്‍ഹതപ്പെട്ടതിലും വളരെ പിന്നില്‍! പട്ടികജാതി വിഭാഗത്തിന് ഒരു പ്രതിനിധി പോലുമില്ല. പട്ടികവര്‍ഗത്തില്‍ നിന്ന് ഒരാള്‍. അഥവാ 4.8 ശതമാനം പ്രാതിനിധ്യം. ഈഴവരില്‍ നിന്ന് 5 പേര്‍ മന്ത്രിമാരായുണ്ട്. ജനസംഖ്യാപരമായി ലഭിക്കണ്ടത് നേടി എന്നര്‍ഥം. സിറിയന്‍ ക്രിസ്ത്യാനികളില്‍ നിന്ന് 4 പേര്‍ മന്ത്രിസഭയിലിടം പിടിച്ചിട്ടുണ്ട്. അഥവാ 19 ശതമാനം. വേണ്ടതിലുമധികം പ്രാതിനിധ്യം ഈ വിഭാഗത്തിനും ലഭിച്ചിരിക്കുന്നു.
എംഎല്‍എമാരുടെ കാര്യത്തിലും നായര്‍ വിഭാഗവും ഉന്നത ക്രിസ്ത്യന്‍ വിഭാഗവും ജനസംഖ്യാ പ്രാതിനിധ്യത്തിലുമേറെ നേടിയിട്ടുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു. മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ കീഴില്‍ നടത്തിയ മുന്നേറ്റം കാരണം 33 എംഎല്‍എമാര്‍ മുസ്ലിംകളില്‍ നിന്നുണ്ട്. അഥവാ 23.6 ശതമാനം. എന്നിട്ടും ജനസംഖ്യാപരമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പത്തു ശതമാനത്തില്‍ താഴെയുള്ള നായര്‍ വിഭാഗത്തില്‍ നിന്ന് 31 എംഎല്‍എമാരും (22.1%) പത്തു ശതമാനത്തിനടുത്ത് ജനസംഖ്യയുള്ള സിറിയന്‍ ക്രിസ്ത്യാനികളായ 20 എംഎല്‍എാരും (14.3%) ഈഴവരില്‍ നിന്ന് 23 എംഎല്‍ എമാരും (16.4%) ലത്തീന്‍ ക്രിസ്ത്യാനികളില്‍ നിന്ന് 6 പേരും (4.3 ശതമാനം) മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് 10 പേരും (7.2 ശതമാനം) പട്ടികജാതിയില്‍ നിന്ന് 14 പേരും (പത്ത് ശതമാനം) പട്ടികവര്‍ഗത്തില്‍ നിന്ന് 2 പേരും (1.4 ശതമാനം) ആണ് നിയമസഭാംഗങ്ങളായുള്ളത്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ നായര്‍-7, സിറിയന്‍ ക്രിസ്ത്യന്‍-4, മുസ്ലിം-3, ഈഴവ-2, പട്ടികജാതി-2, ലത്തീന്‍ ക്രിസ്ത്യന്‍-1, ബ്രാഹ്മണ-1 എന്നിങ്ങനെയാണ് സാമുദായിക പ്രാതിനിധ്യം. ആകെയുള്ള ഇരുപത് സീറ്റില്‍ ഓരോ വിഭാഗത്തിനും എത്രമാത്രം പ്രതിനിധികളുണ്ടായി എന്നും ആരാണ് അനര്‍ഹമായി നേടിയത് എന്നും ആര്‍ക്കൊക്കെയാണ് അര്‍ഹതപ്പെട്ട പ്രാതിനിധ്യം കിട്ടാത്തത് എന്നും കണക്കുകള്‍ പറയുന്നുണ്ട്. മുസ്ലിംകള്‍ക്ക് 15 ശതമാനവും ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും 10 ശതമാനവും ലഭിച്ചപ്പോള്‍ സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് 20 ശതമാനവും നായര്‍ വിഭാഗത്തിന് 35 ശതമാനവും പ്രാതിനിധ്യം ലഭിച്ചിരിക്കുന്നു.

ബഹളങ്ങള്‍
എന്തിനു വേണ്ടി?

വിവാദങ്ങളും കണക്കുകളും കൂട്ടിവെച്ചാല്‍ മനസ്സിലാകുന്ന മറ്റൊരു സുപ്രധാന കാര്യം, മുസ്ലിം സമുദായത്തിന് ലഭ്യമാകേണ്ട സര്‍ക്കാര്‍ സര്‍വീസ് പ്രാതിനിധ്യം അവര്‍ക്കു ലഭിക്കാതിരിക്കാനുള്ള ഭരണപരവും സാമൂഹികവും രാഷ്ട്രീയവുമായ സംവിധാനങ്ങള്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മുസ്ലിം സമുദായത്തിന് മതിയായ പ്രാതിനിധ്യം നിഷേധിക്കപ്പെടുമ്പോള്‍ അവ എങ്ങോട്ടാണ് ഒഴുകിപ്പോകുന്നത് എന്നു മനസ്സിലാക്കുന്നത് നല്ലതാണ്. അപ്പോഴറിയാം മുസ്ലിം പ്രാതിനിധ്യ അട്ടിമറി പദ്ധതികള്‍ ആരാണ് സംവിധാനം ചെയ്യുന്നതെന്നും അതിന് ആരാണ് കാര്‍മികത്വം വഹിക്കുന്നതെന്നും.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനാപരമായി രാജ്യത്ത് സംവരണം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. അതനുസരിച്ചാണ് സംസ്ഥാന ഗവണ്‍മെന്റുകള്‍ സംവരണത്തിന് അനുകൂലമായ നിയമം നിര്‍മിച്ചിട്ടുള്ളത്. ഉദ്യോഗതലത്തിലും വിദ്യാഭ്യാസരംഗത്തും സാമൂഹികനീതി ഉറപ്പാക്കുന്ന തരത്തില്‍ സംവരണത്തെ സമീപിച്ചാല്‍ മാത്രമേ വികസിത ജനാധിപത്യരാഷ്ട്രം എന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഈ വിഭാഗത്തെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തി രാജ്യത്തിനു സാമൂഹിക സാമ്പത്തിക മുന്നേറ്റം സാധ്യമാവില്ല.
മുസ്ലിം പ്രീണനമെന്ന ബോംബ് തുടര്‍ച്ചയായി പൊട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഗുട്ടന്‍സ് സിംപിളാണ്. ബഹളവും നുണയും തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുക. പ്രീണനപ്പേടിയില്‍ സമുദായത്തിന് ലഭിക്കേണ്ട ഉദ്യോഗ- വിദ്യാഭ്യാസാവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുക. അര്‍ഹമായ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങുന്നതില്‍ നിന്ന് മുസ്ലിംകള്‍ പോലും പിന്നാക്കം പോവേണ്ടിവരിക. സമുദായത്തെ വീണ്ടും വീണ്ടും അവഗണനയുടെ പിന്നാമ്പുറങ്ങളില്‍ തളച്ചിടുക.
സമുദായത്തിനു ലഭിക്കേണ്ട പ്രാതിനിധ്യം കുറച്ചുകൊണ്ടുവരാനുള്ള രാഷ്ട്രീയ- ഉദ്യോഗ കളികള്‍ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കെ തന്നെ അതിന്റെ ആനുകൂല്യം നേടുന്നവര്‍ നുണകളുടെ ബഹളം സൃഷ്ടിച്ച് രാഷ്ട്രീയ- സാമ്പത്തിക- ഉദ്യോഗ പ്രാതിനിധ്യത്തില്‍ മുന്നില്‍ തന്നെ നടന്നുകൊണ്ടിരിക്കും. മുന്നാക്കം നില്‍ക്കുന്നവര്‍ പൊതുസ്വത്തിന്റെ മുക്കാല്‍ പങ്കും കൈകളിലൊതുക്കി കസേരകളില്‍ സുഖമായി ചമ്രം പടിഞ്ഞിരിക്കും, ചോദ്യം ചെയ്യപ്പെടാതെ. സത്യം പറയുന്ന മുസ്ലിം-പിന്നാക്ക നേതാക്കളെ വര്‍ഗീയത പറയുന്നവരായി മുദ്ര കുത്തി, വിഭാഗീയതയുടെ പ്രചാരകര്‍ നവോത്ഥാന നായകരായി പ്രൗഢിയുള്ള കസേരകളില്‍ വിലസിക്കൊണ്ടിരിക്കും.
ജാതി സെന്‍സസ് നടത്തുക, ഉദ്യോഗസ്ഥ പ്രാതിനിധ്യക്കുറവ് നികത്തുക തുടങ്ങിയവ മുസ്ലിംകള്‍, ദലിതുകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ യഥാര്‍ഥ ആവശ്യമാണ്. അതു മുന്നില്‍വെച്ചൊരു പ്രക്ഷോഭത്തിന് ന്യായമായും കോപ്പുണ്ട്. പക്ഷേ സമകാലിക കേരളത്തില്‍ രൂപംകൊണ്ടുവരുന്ന മുസ്ലിം വിരുദ്ധതയുടെയും ഇസ്ലാമോഫോബിക് സാമൂഹികാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ഈ സാധ്യതയെ നിശ്ശബ്ദമാക്കാന്‍ സര്‍ക്കാരിന് വലിയ പ്രയാസമുണ്ടാകില്ല. ഭീമമായ അവഗണനയുണ്ടെന്നു കണക്കുകള്‍ സമ്മതിക്കുമ്പോഴും മുസ്ലിം രാഷ്ട്രീയ കക്ഷികളില്‍ നിന്നോ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ നിന്നോ പോലും ഇത്തരമൊരു ആവശ്യം പ്രക്ഷോഭമായി ഉയരാന്‍ അതുകൊണ്ടുതന്നെ സാധ്യത കുറവാണ്.
പ്രബുദ്ധമെന്നു നാം വിചാരിക്കുന്ന സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക നേതൃത്വവും നീതി നിഷേധത്തിന്റെ ഇക്കണക്കിനു മുന്നില്‍ ഏറെക്കാലമായി ഒന്നും പറയുന്നില്ലെന്നതിന് കേരളം മൂകസാക്ഷിയാണ്. സാമുദായിക സന്തുലനത്തിന്റെ കത്തി ഉയര്‍ത്തിക്കാട്ടി ഭരണ-രാഷ്ട്രീയ നേതൃത്വം മിണ്ടരുതെന്ന് വിലക്കുമ്പോള്‍, അവകാശം ചോദിച്ചു തന്നെ വാങ്ങേണ്ടിവരുമെന്ന ലളിതമായ കാര്യമാണ് മുസ്ലിംകള്‍ക്കും ഹിന്ദു സമുദായത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കും മുന്നിലുള്ള ഏക വഴി.

Back to Top