ഉദ്ഹിയ്യത്ത്: കഴിവുണ്ടായിട്ടും മാറി നില്‍ക്കരുത്
അനസ് എടവനക്കാട്

ഇന്ന് ലോകത്ത് നിലവിലുള്ള ഒട്ടുമിക്ക മതങ്ങളിലും മൃഗബലി ഒരു പ്രധാന ആരാധനാ കര്‍മമാണ്. മുന്‍ സമുദായങ്ങള്‍ക്ക് ബലികര്‍മം ഒരു ആരാധനയായി അല്ലാഹു നിശ്ചയിച്ചിരുന്നു എന്നാണ് ഖുര്‍ആനില്‍ നിന്നു (സൂറ അല്‍ഹജ്ജ് 34) മനസ്സിലാകുന്നത്. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും പ്രതീക്ഷിച്ചുകൊണ്ട് പെരുന്നാള്‍ ദിനത്തിലോ തശ്‌രീഖിന്റെ ദിനത്തിലോ ആടുമാടുകളെ അറുക്കുന്നതിനാണ് ഉദ്ഹിയ്യത്ത് എന്നു പറയുന്നത്. ഹജ്ജ് – ഉംറ വേളകളില്‍ ഹറമിന്റെ പരിധിയില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്ന ബലികര്‍മത്തിന് ഹദിയ്യ് എന്നാണ് പറയുക.
ബലികര്‍മത്തിന്റെ അടിസ്ഥാന ലക്ഷ്യം തഖ്‌വയാണ്. അന്നദാനവും ദൈവ പ്രകീര്‍ത്തനങ്ങളും പ്രസ്തുത കര്‍മത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അല്ലാഹു പറയുന്നു: ”ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലിയര്‍പ്പിക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദി കാണിക്കാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പ്പെടുത്തി തന്നിരിക്കുന്നു. അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തി തന്നിരിക്കുന്നു…” (സൂറ അല്‍ ഹജ്ജ് 36-37).
ഇഹലോകത്തും പരലോകത്തും നബി(സ)ക്ക് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിസൂചകമായി നബി തിരുമേനി(സ)യോട് നമസ്‌കരിക്കാനും ബലികര്‍മം നിര്‍വഹിക്കാനും അല്ലാഹു കല്‍പിച്ചത് സൂറത്തുല്‍ കൗസറില്‍ കാണാം. തന്‍മൂലം തിരുമേനി (സ) ബലിപെരുന്നാളിനും, ഹജ്ജ് – ഉംറ വേളകളിലും ധാരാളമായി ബലികര്‍മം നിര്‍വഹിച്ചിരുന്നു.
ഹനഫി മദ്ഹബില്‍ ഉദ്ഹിയ്യത്ത് നിര്‍ബന്ധ കര്‍മവും (വാജിബ്), ശാഫിഈ മദ്ഹബില്‍ ഇത് പ്രബലമായ സുന്നത്തും (സുന്നഃ മുഅക്കദ) ആണ്. മാലികി, ഹമ്പലി മദ്ഹബുകളിലെ രണ്ട് അഭിപ്രായങ്ങളില്‍ പ്രബലമായതും ഇതുതന്നെ. ഉദ്ഹിയ്യത്ത് നിര്‍വഹിക്കാന്‍ സാധ്യമാകുന്ന വീട്ടുകാര്‍ക്ക് അത് ബലപ്പെട്ട സുന്നത്താണ് എന്നതാണ് ശരിയായ അഭിപ്രായമായി തോന്നുന്നത്. ഒരു വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി ഒരാള്‍ ഇത് നിര്‍വഹിച്ചാല്‍ മതിയാകുന്നതാണ്.
പ്രവാചകന്റെ കാലത്ത് എപ്രകാരമായിരുന്നു ഉദ്ഹിയ്യത്ത് നിര്‍വഹിക്കപ്പെട്ടിരുന്നത് എന്ന ചോദ്യത്തിന് മറുപടിയായി, അബൂഅയ്യൂബില്‍ അന്‍സ്വാരി(റ) പറയുന്നു: ”ഒരുവന്‍ തന്റെ സ്വന്തത്തിനും കുടുംബത്തിനും വേണ്ടി ഒരു ചെമ്മരിയാടിനെ ബലിയറുക്കും. അവരത് ഭക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് (ഭക്ഷിക്കാന്‍) നല്‍കുകയും ചെയ്യും. പിന്നീട് ആളുകള്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങി. അങ്ങനെ നിങ്ങള്‍ ഇപ്പോള്‍ കാണുന്നതുപോലെയായി” (തിര്‍മിദി 1505 ഇബ്‌നുമാജ 3147, മുവത്വ 921).
ഉദ്ഹിയ്യത്ത് നിര്‍ബന്ധമാണെന്നു പറയുന്നവര്‍ അവലംബിച്ചുവരാറുള്ള ഹദീസ് ഇപ്രകാരമാണ്: ”മിഹ്‌നഫ് ബിന്‍ സുലൈമാന്‍(റ) പറയുന്നു: ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതരോടൊപ്പം അറഫയില്‍ നില്‍ക്കുമ്പോള്‍ തിരുമേനി പറഞ്ഞു: ജനങ്ങളേ, ഉദ്ഹിയ്യത്തും അതീറയും (റജബിലെ മൃഗബലി) എല്ലാ വര്‍ഷവും നിര്‍വഹിക്കല്‍ എല്ലാ കുടുംബങ്ങളുടെ മേലും നിര്‍ബന്ധമാണ്” (അബൂദാവൂദ് 2788, തിര്‍മിദി 1518, നസാഇ, ഇബ്‌നുമാജ). എന്നാല്‍ ഇതിന്റെ നിവേദകരില്‍ പെട്ട ആമിര്‍ അബീറംലത്ത് അജ്ഞാതനാണ്. കൂടാതെ ഈ റിപ്പോര്‍ട്ട് അസാധുവാക്കപ്പെട്ടതാണെന്ന് ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം അബൂദാവൂദ് തന്നെ പറയുന്നുമുണ്ട്. എന്നാല്‍ ഇതോടൊപ്പം ഒരു കാരണവും കൂടാതെ ബലികര്‍മം ഒഴിവാക്കുന്നവര്‍ക്കുള്ള താക്കീതുകള്‍ ഹദീസുകളില്‍ കാണാന്‍ കഴിയുന്നതാണ്. നബി(സ) പറഞ്ഞു: ”ആര്‍ക്കെങ്കിലും ഉദ്ഹിയ്യത്ത് കര്‍മം നിര്‍വഹിക്കാന്‍ കഴിവുണ്ടായിട്ടും അപ്രകാരം ചെയ്യാതിരിക്കുന്നുവെങ്കില്‍ അവന്‍ നമ്മുടെ (പെരുന്നാള്‍) നമസ്‌കാര സ്ഥലത്തേക്ക് വരരുത്” (അഹ്മദ് 2:321, ഇബ്‌നുമാജ 3123).
ഉദ്ഹിയ്യത്ത് ഉദ്ദേശിക്കുന്നവന്‍ ദുല്‍ഹിജ്ജ് പിറന്നാല്‍, ബലിയറുത്തു കഴിയുന്നതുവരെ മുടിയോ നഖമോ മുറിക്കാന്‍ പാടുള്ളതല്ല. നബി(സ) പറയുന്നു: ”നിങ്ങളില്‍ ആരെങ്കിലും ദുല്‍ഹിജ്ജ മാസപ്പിറവി കാണുകയും ബലിയറുക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ മുടിയോ നഖമോ മുറിക്കരുത്” (മുസ്‌ലിം 1977).
എപ്പോഴാണ്
അറുക്കേണ്ടത്?
ഈദ് നമസ്‌കാരത്തിനു ശേഷമാണ് ഉദ്ഹിയ്യത്ത് നിര്‍വഹിക്കേണ്ടത്. ആരെങ്കിലും നമസ്‌കാരത്തിനു മുമ്പായി അറവ് നിര്‍വഹിച്ചാല്‍ അവന്‍ അത് വീണ്ടും ആവര്‍ത്തിക്കാന്‍ പ്രവാചകന്‍(സ) നിര്‍ദേശിക്കുന്നത് നമുക്ക് കാണാന്‍ കഴിയും (ബുഖാരി 5549). പ്രവാചകന്‍(സ) പെരുന്നാള്‍ ദിനത്തില്‍ ഈദ്ഗാഹില്‍ വെച്ചുതന്നെയായിരുന്നു പ്രസ്തുത ബലികര്‍മം നിര്‍വഹിച്ചിരുന്നത് (ബുഖാരി 5552, അഹ്മദ് 22475). അബൂസഈദുല്‍ ഖുദ്‌രി(റ), അബൂഹുറയ്‌റ(റ), ഇബ്‌നു അബ്ബാസ്(റ), അലി(റ) മുതലായവരില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തശ്‌രീഖിന്റെ അവസാന ദിവസം അഥവാ ദുല്‍ഹിജ്ജ 13ന്റെ അന്ന് സൂര്യാസ്തമയത്തിനു മുമ്പുവരെ അറവ് നിര്‍വഹിക്കാവുന്നതാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ അന്യൂനമല്ല (അഹ്മദ് 4:82, ബൈഹഖി 9:295, സില്‍സിലത്തു സ്വഹീഹ 2476).
എന്താണ്
അറുക്കേണ്ടത്?
ആട്, മാട്, ഒട്ടകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കാലികളെയാണ് ഉദ്ഹിയ്യത്തിനു വേണ്ടി അറുക്കേണ്ടത് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. ജുമുഅഃയുടെ ദിവസം ആദ്യം വരുന്നവര്‍ക്കുള്ള പ്രതിഫലം പറയുന്ന ഹദീസിനെ (ബുഖാരി 881) അടിസ്ഥാനപ്പെടുത്തി, ബലിയറുക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠം ഒട്ടകവും പിന്നീട് പശു ഉള്‍പ്പെടുന്ന മാടുവര്‍ഗവും ശേഷം ആടുകളുമാണെന്ന് ഇമാം അബൂഹനീഫയും ഇമാം ശാഫിഈയും അഭിപ്രായപ്പെടുന്നു. മാടുകളില്‍ പങ്കുപറ്റി അറുക്കുന്നതിനെ അതിനു ശേഷമാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ എണ്ണിയിട്ടുള്ളത്.
ഒരു വയസ്സില്‍ താഴെ പ്രായമുള്ള ചെമ്മരിയാട് ബലിക്ക് യോജിച്ചതല്ല. കോലാടിനെയാണ് അറുക്കുന്നതെങ്കില്‍ ചുരുങ്ങിയപക്ഷം അതിന് ഒരു വയസ്സ് പൂര്‍ത്തിയായി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതായിരിക്കണം. പശുക്കളാണെങ്കില്‍ രണ്ടു വയസ്സ് പൂര്‍ത്തിയായി മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതും ഒട്ടകങ്ങളാണെങ്കില്‍ 4 വയസ്സ് പൂര്‍ത്തിയായി അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതും ആയിരിക്കണം. ബലിമൃഗത്തിന് പ്രത്യക്ഷത്തിലുള്ള ന്യൂനതകള്‍ ഒന്നും തന്നെ ഉണ്ടാകാന്‍ പാടുള്ളതല്ല. മുടന്തുള്ളതോ ഒറ്റക്കണ്ണുള്ളതോ പ്രകടമായ രോഗം ബാധിച്ചതോ മജ്ജയെല്ലാം വറ്റി മെലിഞ്ഞുണങ്ങിയതോ ആയ മൃഗങ്ങളെ ഉദ്ഹിയ്യത്തിനു പറ്റുന്നതല്ല (അബൂദാവൂദ് 2802, തിര്‍മിദി 1497). ചെവിയോ കൊമ്പോ മുറിഞ്ഞതോ ചെവി കീറിയതോ തുള വീണതോ ആയ കാലികളെ ബലിയറുക്കുന്നത് അനഭിലഷണീയമാണ് (അഹ്മദ് 663, അബൂദാവൂദ് 2804). എന്നാല്‍ വരിയുടക്കപ്പെട്ട മൃഗത്തെ ബലിയറുക്കാവുന്നതാണ് (അഹ്മദ് 6:225 ഇബ്‌നുമാജ 3122).
എങ്ങനെ
അറുക്കണം?
അറവിനായുള്ള ഉരുക്കളില്‍, ഒരു ആട് ഒരാള്‍ക്ക് മതിയാകുന്നതാണ്. ഒട്ടകം, പശു, പോത്ത് മുതലായവയില്‍ ഏഴു പേര്‍ക്കു വരെ പങ്കു പറ്റാവുന്നതുമാണ്. പ്രവാചക തിരുമേനി(സ) ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ടിട്ട് ഹുദൈബിയയില്‍ വെച്ച് തടയപ്പെട്ട സന്ദര്‍ഭത്തില്‍ അറുക്കപ്പെട്ട ഒട്ടകങ്ങളിലും പശുക്കളിലും ഏഴു പേര്‍ വീതം പങ്കുപറ്റിയിരുന്നു (അഹ്മദ് 3:353, മുസ്‌ലിം).
ഒരാള്‍ സ്വന്തം കരങ്ങളാല്‍ തന്റെ ബലിമൃഗത്തെ അറുക്കുന്നതാണ് ഉത്തമമെങ്കിലും അയാള്‍ക്ക് വേണമെങ്കില്‍ അറവിനായി മറ്റൊരാളെ ഏല്‍പിക്കാവുന്നതുമാണ്. ഹജ്ജ് വേളയില്‍ പ്രവാചക തിരുമേനി 63 ഒട്ടകങ്ങളെ സ്വകരങ്ങളാല്‍ ബലി അറുക്കുകയും അവശേഷിച്ചവയെ അറുക്കാന്‍ അലി(റ)യെ ഏല്‍പിക്കുകയും ചെയ്തിരുന്നു (മുസ്‌ലിം 1218, ഇബ്‌നുമാജ 3074).
അറുക്കുന്നതിനു മുമ്പ് ഒട്ടകം ഒഴികെയുള്ള കാലികളാണെങ്കില്‍ ആ ബലിമൃഗത്തെ ചരിച്ചു കിടത്തുക, കത്തിക്ക് മൂര്‍ച്ച കൂട്ടുക മുതലായവ സുന്നത്തായ കാര്യങ്ങളില്‍ പെട്ടതാണ് (മുസ്‌ലിം 1967). അറുക്കുന്ന വേളയില്‍ ‘ബിസ്മില്ലാഹി, അല്ലാഹു അക്ബര്‍, അല്ലാഹുമ്മ തകബ്ബല്‍ മിന്നീ’ എന്ന് പറയാവുന്നതുമാണ് (മുസ്‌ലിം 1967, അബൂദാവൂദ് 2792, 2794, തിര്‍മിദി 1521).
ബലിമൃഗത്തെ അറുക്കുന്ന വേളയില്‍ പ്രവാചകന്‍(സ) വജ്ജഹ്തു ചൊല്ലിയിരുന്നു (അബൂദാവൂദ് 2795, ഇബ്‌നുമാജ 3121). അല്ലെങ്കില്‍ ‘അല്ലാഹുമ്മ മിന്‍ക വ ലക’ എന്ന് പറഞ്ഞിരുന്നു (ബൈഹഖി 9:287, 19184, ഇബ്‌നുമാജ 3121, ഇര്‍വാഉല്‍ ഖലീല്‍ 1138) എന്നെല്ലാം പറയുന്ന റിപ്പോര്‍ട്ടുകളെ പറ്റി പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
വിതരണം
ഉദ്ഹിയ്യത്തിന്റെ മാംസം ഭക്ഷിക്കുകയും സാധുക്കളെ ഭക്ഷിപ്പിക്കുകയും ചെയ്യേണ്ടതാണ്. അമുസ്‌ലിംകള്‍ക്കും ബലിമാംസത്തില്‍ നിന്നു നല്‍കാവുന്നതാണ്. കുടുംബബന്ധമോ അയല്‍പക്കബന്ധമോ ഉള്ള സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍ നിന്ന് മുജാഹിദ് നിവേദനം ചെയ്യുന്നു: അദ്ദേഹത്തിനു വേണ്ടി ഒരു ആടിനെ അറുത്തു. അപ്പോള്‍ അദ്ദേഹം തന്റെ ഭൃത്യനോട് ചോദിച്ചു: ഞങ്ങളുടെ യഹൂദിയായ അയല്‍ക്കാരന് നീ (ഇതില്‍ നിന്ന്) എന്തെങ്കിലും നല്‍കിയോ? റസൂല്‍(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ അയല്‍ക്കാരെ എന്റെ അനന്തരാവകാശികളാക്കി കല്‍പിച്ചേക്കുമെന്ന് ഞാന്‍ കരുതുന്നതുവരെ അവരോട് നന്നായി പെരുമാറണമെന്ന് ജിബ്‌രീല്‍(അ) നിര്‍ദേശിച്ചുകൊണ്ടേയിരുന്നു എന്ന് (അദബുല്‍ മുഫ്‌റദ് 105).
ബലിമാംസത്തില്‍ നിന്നു പകുതിയോ മൂന്നിലൊന്നോ എടുത്ത ശേഷം ബാക്കിയുള്ളത് ദാനം ചെയ്യുന്നതാണ് നല്ലത്. നാട്ടില്‍ പട്ടിണി നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ബലിമാംസം സൂക്ഷിച്ചുവെക്കരുതെന്ന് പ്രവാചകന്‍ നിര്‍ദേശിച്ചത് കാണാം. പട്ടിണിയില്ലാത്ത സന്ദര്‍ഭത്തില്‍ അതില്‍ കൂടുതല്‍ ദിവസം സൂക്ഷിച്ചുവെക്കാവുന്നതുമാണ് (ഇബ്‌നുമാജ 3160, അബൂദാവൂദ് 2813). ബലിമൃഗത്തിന്റെ തുകലോ അത് വിറ്റുകിട്ടുന്ന തുകയോ അഗതികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. കശാപ്പുജോലിക്കുള്ള പ്രതിഫലമായി ബലിമൃഗത്തില്‍ നിന്ന് ഒന്നും തന്നെ നല്‍കാന്‍ പാടുള്ളതല്ല.
ദുര്‍ബലമായ
നിവേദനങ്ങള്‍
”ബലിദിനത്തില്‍ രക്തം ഒഴുക്കുന്നതിനേക്കാള്‍ അല്ലാഹുവിന് പ്രിയപ്പെട്ട ഒരു കര്‍മവും ആദമിന്റെ മകന്‍ ചെയ്യുന്നില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അത് കൊമ്പുകളും കുളമ്പുകളും മുടിയുമായി വരും. അതിന്റെ രക്തം ഭൂമിയില്‍ എത്തുന്നതിനു മുമ്പുതന്നെ അല്ലാഹു അത് സ്വീകരിക്കും” (ഇബ്‌നുമാജ 3126, തിര്‍മിദി 1493). ഇപ്രകാരം ഒരു നിവേദനം ഉദ്ഹിയ്യത്തുമായി ബന്ധപ്പെട്ട് സ്ഥിരം കേട്ടുവരാറുണ്ട്. എന്നാല്‍ ഈ ഹദീസിന്റെ നിവേദകനില്‍ പെട്ട അബീ അല്‍മുസന്ന സുലൈമാന്‍ ബിന്‍ യസീദ് എന്ന റാവി ദുര്‍ബലനായതിനാല്‍ ഈ ഹദീസ് ദഈഫാണ്.
മറ്റൊരു ദുര്‍ബലമായ ഹദീസ് ഇപ്രകാരമാണ്: ”അല്ലാഹുവിന്റെ ദൂതരേ, എന്താണ് ഈ ഉദ്ഹിയ്യത്ത് എന്ന് റസൂലിന്റെ(സ) അനുചരന്മാര്‍ അദ്ദേഹത്തോട് ചോദിച്ചു. ‘നിങ്ങളുടെ പിതാവ് ഇബ്‌റാഹീമിന്റെ നടപടിക്രമമാണ്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, അതില്‍ എന്താണ് ഞങ്ങള്‍ക്കുള്ളത്?’ അവര്‍ (വീണ്ടും) ചോദിച്ചു. ‘ഓരോ രോമത്തിനും ഓരോ നന്മകള്‍.’ ‘അല്ലാഹുവിന്റെ ദൂതരേ, കമ്പിളിയുടെ കാര്യമോ’ എന്നവര്‍ ചോദിച്ചതിന് ‘കമ്പിളിയുടെ ഓരോ രോമത്തിനും ഓരോ നന്മകള്‍’ എന്ന് തിരുമേനി മറുപടി പറഞ്ഞു” (ഇബ്‌നുമാജ 3127, ബൈഹഖി 9:261). അബൂദാവൂദ് നഫീഅ് ബിന്‍ ഹാരിസ്, തല്‍മീദ് മുതലായ ദുര്‍ബലരായ റാവിമാര്‍ ഈ ഹദീസിന്റെ പരമ്പരയില്‍ വരുന്നുണ്ട്.
”രാത്രി ഉദ്ഹിയ്യത്ത് അറുക്കുന്നതിനെ നബി(സ) വിരോധിച്ചു” (മജ്മൂഉ സവാഇദ് 5980) എന്നു പറയുന്ന നിവേദനമാകട്ടെ മനുഷ്യ നിര്‍മിതവുമാണ്.
