ഉച്ചകോടിയും സനദ് ദാനവും
സുഫ്‌യാന്‍

പൊതുവേദിയിലെ മുസ്‌ലിം സ്ത്രീസാന്നിധ്യത്തെക്കുറിച്ച് ഈ കോളത്തില്‍ തന്നെ മുമ്പ് എഴുതിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ഇനിയും ആവര്‍ത്തിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളാണ് ഉണ്ടായത്. സുന്നികളിലെ പ്രബലമായ രണ്ടു വിഭാഗങ്ങളും കോഴിക്കോട്ട് നടത്തിയ വ്യത്യസ്ത പരിപാടികളെ തുടര്‍ന്ന് സ്ത്രീകളുടെ സാന്നിധ്യം ഒരു ചര്‍ച്ചയായിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു നടന്ന ഉച്ചകോടിയില്‍ ഇതര പുരുഷന്മാരോടൊപ്പമാണ് മുസ്‌ലിം സ്ത്രീകള്‍ വേദി പങ്കിട്ടത്. (പിന്നീട്, നിലപാടില്‍ മാറ്റമില്ല എന്നു പറഞ്ഞുകൊണ്ട് സമസ്ത പത്രക്കുറിപ്പ് ഇറക്കുകയുണ്ടായി. ഇത്തരം സംഭവങ്ങളില്‍ അണികളിലെ ഒരു വിഭാഗത്തെ തണുപ്പിക്കാനുള്ള തന്ത്രം മാത്രമാണിത്). അതേസമയം, മതപഠന വിദ്യാര്‍ഥിനികളുടെ സനദ് ദാന പരിപാടി പൂര്‍ണമായി അവരുടെ നിയന്ത്രണത്തില്‍ തന്നെ നടത്തിയ ഒന്നെന്ന നിലയ്ക്കാണ് ചര്‍ച്ച ഉണ്ടായത്. ഈ പരിപാടിയുടെ പേരില്‍ സമസ്തക്കുള്ളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ കേവലം കക്ഷിരാഷ്ട്രീയ സ്വഭാവമുള്ളതല്ല, മറിച്ച് സമീപനത്തിലെ വ്യത്യാസം കൂടി പ്രകടമാണ്. ഈ രണ്ടു സംഭവങ്ങളിലും പൊതുവായി നിഴലിക്കുന്ന ഒന്നാണ് മുസ്‌ലിം സംഘടനകളുടെ സമകാലികതയുമായുള്ള സംവാദങ്ങള്‍. മുജാഹിദ്-ജമാഅത്ത് വിഭാഗങ്ങള്‍ വളരെ നേരത്തെത്തന്നെ ആരംഭിക്കുകയും പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്ത ഒരു മേഖലയാണ് സമകാലികതയുമായുള്ള അഭിമുഖീകരണം.
സമകാലികത
contemporaneity അഥവാ സമകാലികത എന്നത് ആധുനികതയുടെ പര്യായമായും സാമൂഹികശാസ്ത്ര സംവാദങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സമകാലികത എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ സവിശേഷതകളോട് ചേര്‍ന്നുനിന്ന് സഞ്ചരിക്കാനുള്ള പ്രവണത എന്ന നിലയ്ക്കാണ് നിര്‍വചിക്കപ്പെടുന്നത്. ഇസ്‌ലാമും ആധുനികതയും എന്ന സംവാദമേഖലയില്‍ വരുന്ന ഒരു വിഷയം കൂടിയാണിത്. ഈ സമകാലികതയെ അഭിസംബോധന ചെയ്യാതെ കണ്ണടച്ച് ഇരുട്ടാക്കാനോ യാഥാസ്ഥിതികത്വം പ്രായോഗികമായി നടപ്പില്‍ വരുത്താനോ സജീവമായി നില്‍ക്കുന്ന ഒരു സമൂഹത്തിനും സാധ്യമാവുകയില്ല. സുന്നി സമൂഹം യാഥാസ്ഥിതികത്വം കൈവിട്ട് മാറിയെന്നോ അവര്‍ ആധുനികതയുടെ വഴിയിലൂടെ സഞ്ചരിക്കുന്നുവെന്നോ ഈ രണ്ടു സംഭവങ്ങളെ മുന്‍നിര്‍ത്തി തീര്‍പ്പ് കല്‍പിക്കാനാവില്ല.
എന്നാല്‍, തീര്‍ച്ചയായും സമകാലികതയുമായി ബന്ധപ്പെട്ട സംവാദങ്ങളെ അഭിമുഖീകരിക്കേണ്ടുന്ന ഒരു സമ്മര്‍ദം സുന്നി സമൂഹത്തില്‍ ശക്തമായിരിക്കുന്നു എന്നും, അതിന്റെ പ്രതിഫലനമാണ് കാലാവസ്ഥാ ഉച്ചകോടിയിലും സനദ് ദാന സമ്മേളനത്തിലും നാം കാണുന്നതെന്നും നിരീക്ഷിക്കാനാവും. സമകാലികതയെ ഏതെല്ലാം രൂപത്തില്‍ സമീപിക്കുന്നു എന്നതിനനുസരിച്ച് കേരളത്തിലെ മുസ്‌ലിം സംഘടനകളെ പല തട്ടുകളായി തിരിക്കാന്‍ സാധിക്കും. സമകാലികതയോട് മൗലികവാദ/ നൈതിക/ യാഥാസ്ഥിതിക സമീപനങ്ങളാണ് വിവിധ മുസ്ലിം സംഘടനകള്‍ സ്വീകരിച്ചിരുന്നത്. ആധുനികതയുടെ എല്ലാ വശങ്ങളെയും അപ്പാടെ അവഗണിച്ച്, തിരസ്‌കരിച്ച് പുതിയൊരു ബദല്‍ കൊണ്ടുവരാനുള്ള ശ്രമമാണ് മൗലികവാദ സമീപനത്തില്‍ ഉണ്ടാവുക. അതേസമയം, ആധുനികതയെ പൂര്‍ണമായി നിരാകരിച്ച് പാരമ്പര്യത്തില്‍ മാത്രം മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് യാഥാസ്ഥിതിക ജീവിതത്തില്‍ ഉണ്ടാവുക. സമകാലികതയോടുള്ള നൈതിക സമീപനമാണ് പൊതുവില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ മാറ്റം കണ്ടുവരുന്നു എന്നു പറയുന്ന മേഖലകളിലും, മുസ്‌ലിം സ്ത്രീകളുടെ പൊതുവേദിയിലെ സാന്നിധ്യത്തിലും, അവര്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നതിലും ഈ നൈതിക സമീപനമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ആധുനികതയോട് മൗലികവാദ/ യാഥാസ്ഥിതിക കാഴ്ചപ്പാട് പുലര്‍ത്തുന്ന വിഭാഗങ്ങള്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നിരിക്കെ, കേരളത്തിലെ ഭൂരിപക്ഷ മുസ്ലിംകള്‍ സമകാലികതയുമായി ഒരു നൈതിക സംവാദത്തിന്റെ അഭിമുഖീകരണത്തിന് തയ്യാറാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
