13 Saturday
December 2025
2025 December 13
1447 Joumada II 22

ഏക സിവില്‍കോഡ്: സമരകേന്ദ്രം ന്യൂഡല്‍ഹിയാണ്‌

ടി റിയാസ് മോന്‍


രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്നത് ബിജെപിയുടെ ദീര്‍ഘകാലത്തെ രാഷ്ട്രീയ അജണ്ടയാണ്. ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പേ രാജ്യത്ത് മുസ്‌ലിം വ്യക്തിനിയമവും ക്രിസ്ത്യന്‍ വ്യക്തിനിയമവുമുണ്ട്. ഇന്ത്യന്‍ ക്രിസ്ത്യന്‍ മാരേജ് ആക്ട് 1872-ലാണ് രാജ്യത്ത് നിലവില്‍ വന്നത്. മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ട് 1936ല്‍ രാജ്യത്ത് നിലവില്‍ വന്നു.
ഭരണഘടനാ അസംബ്ലി ഇന്ത്യയില്‍ ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തതാണ്. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ആര്‍ട്ടിക്കിള്‍ 44 ആയി ഏകസിവില്‍കോഡ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ പറഞ്ഞെങ്കിലും രാജ്യത്ത് പ്രത്യേക സിവില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതിനും, സംരക്ഷിക്കുന്നതിനുമാണ് ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ശ്രദ്ധ നല്‍കിയത്. ഓരോ മത-ഗോത്രവിഭാഗത്തിനും പ്രത്യേകമായ നിയമങ്ങള്‍ അതത് ജനവിഭാഗങ്ങളുടെ ആവശ്യം അനുസരിച്ച് രാജ്യത്ത് കൊണ്ടുവന്നു. തികച്ചും യാഥാര്‍ഥ്യബോധത്തോടെയാണ് ജവഹര്‍ലാല്‍ നെഹ്‌റു മുതലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അക്കാര്യത്തില്‍ ഇടപെട്ടത്. ഇന്ത്യ റിപബ്ലിക് ആയതിനു ശേഷം ‘ഹിന്ദു കോഡ്’ എന്നു വിശേഷിപ്പിക്കുന്ന ഹിന്ദു വ്യക്തിനിയമ പരിഷ്‌കരണങ്ങള്‍ക്കു വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങളുണ്ടായി. ഹിന്ദു വിവാഹനിയമം (1956), ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം (1956), ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റനന്‍സ് ആക്ട് (1956) എന്നിവ നെഹ്‌റുവിന്റെ കാലത്ത് കൊണ്ടുവന്നു.
ഹിന്ദു വ്യക്തിനിയമത്തിന് രാജ്യത്ത് നിയമസാധുത ഉറപ്പാക്കുകയും, ഹിന്ദു സമൂഹത്തിന്റെ നവീകരണവും ക്ഷേമവും ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ചെയ്തത്. ഹിന്ദുകോഡ് ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതത്തില്‍ പെട്ടവര്‍ക്ക് മാത്രം ബാധകമാണെന്ന് നെഹ്‌റുവിന്റെ കാലത്ത് നിലവില്‍ വന്ന നിയമങ്ങള്‍ ഊന്നിപ്പറഞ്ഞു. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ നിയമങ്ങള്‍ക്ക് നിയമപരമായ സാധുതയുള്ള ജനാധിപത്യ രാഷ്ട്രത്തെയാണ് നെഹ്‌റു യാഥാര്‍ഥ്യമാക്കിയത്. 1954ല്‍ തന്നെ മതങ്ങളുടെ ചട്ടക്കൂട്ടില്‍ ജീവിക്കാന്‍ തയ്യാറല്ലാത്തവര്‍ക്കു വേണ്ടി പ്രത്യേക വിവാഹ നിയമവും രാജ്യത്ത് പാസാക്കി. മതത്തിന്റെ ചട്ടക്കൂടിനു പുറത്ത് പ്രത്യേക വിവാഹ നിയമവും പിന്തുടര്‍ച്ചാവകാശ നിയമവും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.
1962ല്‍ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്നു മുക്തമായി ഗോവ ഇന്ത്യയുടെ ഭാഗമായി. 1869 മുതല്‍ ഗോവയില്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്ന പോര്‍ച്ചുഗീസ് സിവില്‍ കോഡ് 1867ലെ സ്വാതന്ത്ര്യത്തിനു ശേഷം ഗോവയില്‍ ഗോവ സിവില്‍ കോഡ് ആയി തുടര്‍ന്നു. ഗോവയില്‍ രാജ്യത്തെ മത വ്യക്തിനിയമങ്ങള്‍ ബാധകമല്ല. ഗോവ സിവില്‍ കോഡ് ഗോവയില്‍ തുടരാന്‍ തീരുമാനിക്കുമ്പോഴും ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. ഗോവന്‍ ജനത പാലിച്ചുപോന്ന നിയമങ്ങള്‍ക്കു മേല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ നെഹ്‌റു സര്‍ക്കാര്‍ തയ്യാറായില്ല എന്നും നിരീക്ഷിക്കാവുന്നതാണ്.
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണവേളയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അതിനു ശേഷം വ്യക്തിനിയമത്തില്‍ സ്വീകരിച്ച വൈവിധ്യപൂര്‍ണവും സഹിഷ്ണുതാപരവുമായ നിലപാട് വ്യക്തമാണ്. ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോത്ര-ആദിവാസി വിഭാഗങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ കൂടി പില്‍ക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്നു.
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അവരുടെ പാരമ്പര്യത്തെയും വിശ്വാസങ്ങളെയും പരിഗണിക്കുകയും ആദരിക്കുകയും ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ പിന്തുണക്കില്ല എന്ന കാര്യം തീര്‍ച്ചയാണ്.
ഏക സിവില്‍കോഡ്
അനുകൂല വാദങ്ങള്‍

22-ാം നിയമ കമ്മീഷന്‍ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് 2023 ജൂണ്‍ 14ന് അഭിപ്രായം തേടുകയുണ്ടായി. ഒരു മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മതം, ജാതി, വര്‍ഗം, ലിംഗം എന്നിവ പരിഗണിക്കാതെ രാജ്യത്തെ പൗരന്മാര്‍ക്ക് പൊതുവായ സിവില്‍ കോഡ് കൊണ്ടുവരാനാണ് ഏക സിവില്‍കോഡ് ലക്ഷ്യമിടുന്നത്. ഏക സിവില്‍കോഡ് വരുന്നതോടെ മറ്റു സിവില്‍ കോഡുകള്‍ ദുര്‍ബലപ്പെടും.
രാജ്യത്തിന്റെ ഐക്യത്തെയും ദേശീയോദ്ഗ്രഥനത്തെയും ശക്തിപ്പെടുത്തുന്നതിന് ഏക സിവില്‍ കോഡ് സഹായിക്കും എന്നാണ് അതിനെ അനുകൂലിക്കുന്നവരുടെ വാദം. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം എന്നിവയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ലിംഗസമത്വത്തില്‍ അധിഷ്ഠിതവുമായിരിക്കും ഏക സിവില്‍ കോഡ് എന്ന് ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ വാദിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന മത വ്യക്തിനിയമങ്ങള്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്നതും പുരുഷകേന്ദ്രിതവുമാണ് എന്നാണ് ഫെമിനിസ്റ്റ് വിമര്‍ശനം.
21-ാം നിയമ കമ്മീഷന്‍ അനാവശ്യവും അപ്രായോഗികവുമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ഏക സിവില്‍ കോഡ് 22-ാം നിയമ കമ്മീഷന്‍ വീണ്ടും അജണ്ടയാക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ താത്പര്യം കാരണമാണ്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വ്യക്തിനിയമങ്ങള്‍ ബാധകമല്ലാത്ത ഗോവയിലെ ഗോവ സിവില്‍ കോഡ് രാജ്യത്തുടനീളം അവതരിപ്പിക്കാം എന്നു വാദിക്കുന്നവരുണ്ട്. ചരിത്രപരമായി ഗോവ ഇന്ത്യയുടെ പൊതുധാരയുടെ ഭാഗമല്ല. ഗോവ കുടുംബനിയമം ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിവാഹനിയമങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് അധീന ഗോവയില്‍ മുസ്‌ലിം ജനസംഖ്യ രണ്ട് ശതമാനത്തില്‍ താഴെയായിരുന്നതിനാല്‍ ആയിരിക്കാം മുസ്‌ലിംകളെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

എതിര്‍പ്പുകള്‍
ബിജെപിയെ പിന്തുണച്ചിരുന്ന ശിരോമണി അകാലിദള്‍ ഏക സിവില്‍ കോഡിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സിഖ് വ്യക്തിനിയമം രാജ്യത്ത് നിലനില്‍ക്കുന്നില്ലെങ്കിലും വിവാഹനിയമം (ആനന്ദ് മാരേജ് ആക്ട് 1909) നിലനില്‍ക്കുന്നുണ്ട്. സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും ഏക സിവില്‍ കോഡിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. ഏക സിവില്‍ കോഡിനോട് താത്വികമായി ആദ്യഘട്ടത്തില്‍ യോജിച്ചിരുന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാടിനോട് വിരുദ്ധമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിലപാട് സ്വീകരിച്ചത് സിഖ് സമുദായത്തിന്റെ പ്രതിഷേധം മുന്‍കൂട്ടി കണ്ടാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പരിഗണിച്ച് ഏക സിവില്‍ കോഡ് നടപ്പാക്കരുത് എന്ന ആവശ്യം ബിജെപിയുടെ പാര്‍ലമെന്റ് അംഗമായ സുശീല്‍ കുമാര്‍ മോദി പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ തന്നെ ഉന്നയിച്ചുകഴിഞ്ഞു. ”മുസ്‌ലിംകളുടെ ശരീഅത്ത് നിയമത്തെ എതിര്‍ക്കുക എന്നത് മാത്രമായിരിക്കരുത് ഏക സിവില്‍ കോഡിന്റെ അടിസ്ഥാനം. നിയമത്തിലും നീതിയിലും തുല്യത ഉറപ്പുവരുത്തുന്നതായിരിക്കണം ഏക സിവില്‍ കോഡ്” എന്നാണ് ശിവസേന മുഖപത്രമായ സാമ്‌ന പറഞ്ഞത്. ഏക സിവില്‍ കോഡ് നിയമത്തിന്റെ കരട് പുറത്തുവന്നതിനു ശേഷം പ്രതികരിക്കാം എന്ന നിലപാടാണ് ശിവസേന ഉദ്ദവ് താക്കറെ പക്ഷം സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തെ മുസ്‌ലിം വ്യക്തിനിയമം ഏക സിവില്‍ കോഡ് നടപ്പാക്കുന്നതോടെ ദുര്‍ബലപ്പെടുമെന്ന ആശങ്കയാണ് മുസ്‌ലിം സമുദായത്തിന് ഉള്ളത്. മുസ്‌ലിംകളോട് കടുത്ത ശത്രുത വെച്ചുപുലര്‍ത്തിയിരുന്ന ബ്രിട്ടീഷുകാര്‍ പോലും വ്യക്തിനിയമത്തിന് നിയമ പരിരക്ഷ നല്‍കിയിരുന്നുവെന്ന് ഓര്‍ക്കണം. മുസ്‌ലിം വ്യക്തിനിയമം സംരക്ഷിക്കേണ്ടത് മുസ്‌ലിംകളുടെ ബാധ്യത തന്നെയാണ്.
രാജ്യത്തെ ക്രിസ്ത്യന്‍, സിഖ്, ആദിവാസി സമൂഹങ്ങളുടെയും വിവിധ ഹിന്ദു വിഭാഗങ്ങളുടെയും സിവില്‍ നിയമങ്ങള്‍ വരാനിടയുള്ള ഏക സിവില്‍ കോഡിലൂടെ റദ്ദു ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ ഏക സിവില്‍ കോഡിനെതിരായ യോജിച്ച പ്രക്ഷോഭം നടത്തേണ്ടത് വിവിധ മത-ജാതി വിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനിന്നാണ്. അതൊരു വൈകാരിക പ്രക്ഷോഭത്തിനപ്പുറം രാഷ്ട്രീയ മുന്നേറ്റമായിരിക്കണം.
ഏക സിവില്‍ കോഡിനെതിരായ രാഷ്ട്രീയ സമരങ്ങളുടെ കേന്ദ്രം കോഴിക്കോടല്ല, ന്യൂഡല്‍ഹിയാണ്. നേതൃത്വം വഹിക്കേണ്ടത് മതസംഘടനകളല്ല, രാഷ്ട്രീയ പാര്‍ട്ടികളാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും ഏക സിവില്‍ കോഡിന് എതിരാണ് എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ചേടത്തോളം മുസ്‌ലിം വ്യക്തിനിയമം ഉള്‍പ്പെടെ എല്ലാ വ്യക്തിനിയമങ്ങളും കാലോചിതമായി പരിഷ്‌കരിക്കണം എന്ന് അഭിപ്രായമുണ്ട്. പ്രത്യേകിച്ച് അനന്തരാവകാശ വിഭജനം പോലുള്ള വിഷയങ്ങള്‍. അത് ഈ ഘട്ടത്തില്‍ ഇടതുപക്ഷം ഉന്നയിക്കുന്നില്ല എന്നത് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ഒടുവിലത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചാല്‍, 2005നു ശേഷമുള്ള കേരളത്തിലെ ഇടതുപക്ഷ വിജയങ്ങളുടെ പ്രധാന കാരണം മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പിന്തുണയാണ്. അതിനാല്‍ തന്നെ മുസ്‌ലിം പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍ണമായ ഇടപെടലിന് ശ്രമിക്കാന്‍ ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്.
എന്നാല്‍ ദേശീയതലത്തില്‍ നടക്കേണ്ട രാഷ്ട്രീയ മുന്നേറ്റത്തിനു നേതൃത്വം നല്‍കാന്‍ ഇടതുപക്ഷത്തിന് ശേഷിയുണ്ടോ എന്നു സംശയമാണ്. അതിനാല്‍ തന്നെ ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭങ്ങളുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഇടതുപക്ഷത്തിനു കഴിയില്ല. അതേസമയം രാജ്യത്തെ പ്രബലമായ മതേതര കൂട്ടായ്മ എന്ന നിലയില്‍ ഇടതുപക്ഷത്തിന് ഏക സിവില്‍ കോഡിനെതിരായ നീക്കങ്ങളില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കാനാകും.
സമരങ്ങളെ രാഷ്ട്രീയവത്കരിക്കേണ്ട രീതിയിലേക്ക് കര്‍ണാടകയിലെ അനുഭവം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വഴി കാണിക്കുന്നുണ്ട്. കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ മുസ്‌ലിം സമുദായം നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ കൂടി വിജയമായിരുന്നു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. സമരങ്ങളെ രാഷ്ട്രീയവത്കരിക്കുകയും മുഖ്യധാരയോട് ചേര്‍ന്നുനില്‍ക്കുകയും ജനങ്ങളെ ഫാസിസ്റ്റ് വിരുദ്ധ ചേരിയില്‍ ഒന്നിച്ച് അണിനിരത്തുകയും ചെയ്യുമ്പോഴാണ് സമരങ്ങള്‍ക്ക് ഫലമുണ്ടാകുന്നത്.
ബിജെപിയുടേത് ഹിന്ദു-മുസ്‌ലിം വിഭജന അജണ്ടയാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടകളെ പരാജയപ്പെടുത്തണം. തെരുവില്‍ അക്രമാസക്തമാകുന്ന സമരങ്ങളിലേക്ക് മുസ്‌ലിം സമുദായത്തെ വിട്ടുകൊടുക്കാനും പറ്റില്ല. ദേശീയ കാഴ്ചപ്പാടോടെയുള്ള രാഷ്ട്രീയ പ്രതിരോധത്തിലൂടെ ഏക സിവില്‍ കോഡിനു വേണ്ടിയുള്ള ബിജെപിയുടെ നീക്കത്തെ പരാജയപ്പെടുത്താന്‍ സാധിക്കണം.

Back to Top