5 Friday
December 2025
2025 December 5
1447 Joumada II 14

യു എസ്- ഫലസ്തീന്‍ ബന്ധം പുന:സ്ഥാപിക്കുമെന്ന് ബൈഡന്‍


യു എസ് ഫലസ്തീന്‍ ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബൈഡന്‍ ഭരണകൂടം പദ്ധതി ആവിഷ്‌കരിക്കുന്നതായി ആഭ്യന്തര കരട് പത്രിക ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യു എസ്- ഫലസ്തീന്‍ ബന്ധം മുന്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കാലത്ത് വഷളായിരുന്നു. ഇത് ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണ്. ഇസ്‌റാഈലിനെ പക്ഷപാതപരമായി അനുകൂലിക്കുന്നുവെന്ന് ഫലസ്തീന്‍ വിമര്‍ശിച്ച ട്രംപ് സമീപനത്തില്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതിന് ഇത് അടിസ്ഥാനമായേക്കാം. യു എ ഇ ആസ്ഥാനമായുള്ള ‘ദി നാഷണല്‍’ പത്രം ആദ്യം റിപ്പോര്‍ട്ട് ചെയ്ത യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രേഖ വിലയിരുത്തി രണ്ട് പേര്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 20-ന് ജോ ബൈഡന്‍ അധികാരമേറ്റതിന് ശേഷം ഫലസ്തീന്‍- യു എസ് ബന്ധം പുനഃപരിശോധിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നൂറ് മില്യണ്‍ ഡോളറിന്റെ സാമ്പത്തിക മാനുഷിക സഹായം പുനരാരംഭിക്കുമെന്നും, വാഷിങ്ടണില്‍ ഫലസ്തീന്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്നും ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഫലസ്തീന്‍- ഇസ്‌റാഈല്‍ പോരാട്ടവുമായി ബന്ധപ്പെട്ട യു എസ് നയം മുന്‍ഗണ നല്‍കുന്നത് ദ്വിരാഷ്ട്ര പരിഹാരത്തിനാണെന്ന് ബൈഡന്‍ അനുയായികള്‍ വ്യക്തമാക്കിയിരുന്നു.

Back to Top