യു എ ഖാദര്‍ റങ്കൂണില്‍നിന്ന് വിരുന്നെത്തിയ ഇതിഹാസം
ഹാറൂന്‍ കക്കാട്
ഉസ്സുങ്ങാന്റകത്ത് അബ്ദുല്‍ഖാദര്‍ എന്ന യു എ ഖാദര്‍, ഏഴ് പതിറ്റാണ്ടോളം മലയാളത്തിന്റെ സാഹിത്യ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞുനിന്ന ഉജ്വല പ്രതിഭയാണ്. ദേശത്തിന്റെ ഭൂതകാലത്തില്‍ ഖനനം ചെയ്താല്‍ കിട്ടാവുന്ന നാട്ടോര്‍മകളെയും ഗ്രാമീണ കഥകളെയും അപാരമായ സൗന്ദര്യത്തോടെയാണ് യു എ ഖാദര്‍ കൃതികളില്‍ ആവിഷ്‌കരിച്ചത്. ദേശത്തില്‍ ഇത്രയേറെ വേരുകളാഴ്ത്തിയ മറ്റ് എഴുത്തുകാരില്ല. ദേശ, ഭാഷാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത നാള്‍വഴികളായിരുന്നു ഈ എഴുത്തുകാരന്റെ ജീവിതം.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്ന് വഴിയോര കച്ചവടത്തിനായി ബര്‍മയിലെത്തിയ മൊയ്തീന്‍കുട്ടി ഹാജിയുടെയും ബര്‍മക്കാരിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് കിഴക്കന്‍ മ്യാന്മറിലെ ബില്ലിന്‍ എന്ന ചെറുപട്ടണത്തിലാണ് യു എ ഖാദറിന്റെ ജനനം. ജനിച്ച് മൂന്നാം ദിവസം വസൂരി ബാധിച്ച് മാതാവ് മരിച്ചു. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ഏഴാം വയസ്സില്‍ പിതാവിനൊപ്പം പിന്നീടദ്ദേഹം കേരളത്തിലെത്തി. തുടര്‍ന്ന് കൊയിലാണ്ടി ഗവ. ഹൈസ്‌കൂളില്‍ പഠിച്ചു. ശേഷം ചിത്രകല അഭ്യസിക്കാന്‍ മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചേര്‍ന്നു. നിറങ്ങളെക്കുറിച്ചും അതിന്റെ ചേരുവകളെക്കുറിച്ചും നന്നായി അറിയാവുന്ന ചിത്രകാരനായിരുന്നു അദ്ദേഹം. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലര്‍ത്തിയ അടുപ്പം എഴുത്തിന് പ്രോത്സാഹനമായി.
സംഭവ ബഹുലമായിരുന്നു ഈ ബഹുമുഖ പ്രതിഭയുടെ ജീവിതം. ജീവിത സന്ധാരണത്തിനായി പല മേഖലകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല മേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം നിരന്തരമായ എഴുത്തില്‍ അദ്ദേഹത്തിന് ഇന്ധനമായിത്തീര്‍ന്നു.
1956-ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഒരു മരക്കമ്പനിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. 1957-ല്‍ ദേശാഭിമാനി പ്രസിദ്ധീകരണമായിരുന്ന പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി. പിന്നീട് കുറച്ചു കാലം തേയില വ്യാപാരം നടത്തി. 1964ല്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പില്‍ ജീവനക്കാരനായി. ഡെപ്യൂട്ടേഷനില്‍ അഞ്ച് വര്‍ഷം കോഴിക്കോട് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും കോഴിക്കോട് ബീച്ചിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി അഡ്മിനിസ്‌ട്രേഷനിലും ജോലി ചെയ്തു. 1990ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.
ഏഴ് വയസ്സുവരെ യു എ ഖാദര്‍ ഓടി നടന്നത് റങ്കൂണിലെ ഐരാവതി തീരത്തുള്ള ബില്ലിന്‍ ഗ്രാമത്തിലൂടെയായിരുന്നു. പഗ്രാഡ എന്നറിയപ്പെടുന്ന ഉത്സവപ്പറമ്പുകളിലെ ആഘോഷങ്ങളാണ് ഈ എഴുത്തുകാരന്റെ ശൈശവകാല ഓര്‍മ. മാതൃഭാഷ മലയാളമല്ലാതിരുന്നിട്ടും മലയാള ഭാഷയുടെ തിരുമുറ്റത്ത് ഒരു സിംഹാസനം സ്വന്തമായി രൂപപ്പെടുത്താന്‍ ഈ പ്രതിഭക്ക് കഴിഞ്ഞത് കഠിനാധ്വാനത്തിലൂടെയാണ്.
യു എ ഖാദറിന്റെ കഥാലോകം പന്തലായനിയില്‍ നിന്ന് തൃക്കോട്ടൂരിന്റെ പെരുമയിലേക്ക് ചേക്കേറുന്നത് തിക്കോടി വടക്കേട്ടില്‍ ഫാത്തിമയെ വിവാഹം ചെയ്യുന്നതോടെയാണ്. തികച്ചും ഗ്രാമീണ ജീവിതം നയിച്ചുവന്ന വീട്ടമ്മയായ ഫാത്തിമ എഴുത്തിന്റെ വഴികളില്‍ അദ്ദേഹത്തിന് പ്രചോദനമായി. കലര്‍പ്പില്ലാത്ത നാട്ടുഭാഷയുടെ ചൂരും ഭംഗിയും ആവാഹിക്കാന്‍ ഫാത്തിമയുമായുള്ള ബന്ധം നിമിത്തമായി.
യു എ ഖാദറിലെ എഴുത്തുകാരനെ കണ്ടെത്തിയത് സി എച്ച് മുഹമ്മദ് കോയ എന്ന പത്രാധിപരായിരുന്നു. ‘എന്റെ സാഹിത്യജീവിതത്തില്‍ വലിയ കടപ്പാട് സി എച്ചിനോടാണ്’ എന്ന് യു എ ഖാദര്‍ എഴുതിയിട്ടുണ്ട്. അയല്‍പക്കത്തെ അനാഥക്കുട്ടിയുടെ ദുഃഖം ശമിപ്പിക്കാന്‍ ‘ബാല്യകാല സഖി’ ആദ്യം വായിക്കാന്‍ നല്‍കിയത് സി എച്ചായിരുന്നു. ആദ്യത്തെ കഥ അച്ചടിച്ചു വന്നതും സി എച്ചിന്റെ കൈകളിലൂടെയാണ്.
ആദ്യകഥ എഴുതിയത് ‘കൊയിലാണ്ടി യു എ ഖാദര്‍’ എന്ന പേരിലായിരുന്നു. 1952 ഡിസംബര്‍ 20-നാണ് ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ എന്ന ആ കഥ അച്ചടിച്ചു വന്നത്. ബേപ്പൂര്‍ സുല്‍ത്താനെ കാണാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എറണാകുളം വരെ ഒളിച്ചോടിയ കഥ യു എ ഖാദര്‍ എഴുതിയിട്ടുണ്ട്. പില്‍ക്കാലത്ത് വൈക്കം മുഹമ്മദ് ബഷീര്‍ ‘മാമൈദിയുടെ മകന്‍’ എന്ന പേരില്‍ യു എ ഖാദറിനെക്കുറിച്ച് എഴുതുകയും ചെയ്തു.
വടക്കന്‍പാട്ടുകളും നാടന്‍ശൈലികളും ഈ എഴുത്തുകാരനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ചരിത്രകാരന്മാര്‍ ഗ്രാമചരിതം പറയുമ്പോലെ ചൊടിയും ചുണയുമുള്ള ഭാഷയില്‍ യു എ ഖാദര്‍ കഥ പറഞ്ഞു. അദ്ദേഹത്തിന്റെ രചനകളെ സമൂലം പൊളിച്ചുപണിയുന്ന ഒരു സര്‍ഗാത്മക നിര്‍മിതിയായിരുന്നു തൃക്കോട്ടൂര്‍ കഥകള്‍. മലയാളത്തിലെ ആദ്യകാല രചനകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ‘നാട്ടുകാരായ ഞങ്ങള്‍’ എന്നത് ഖാദറിന്റെ രചനകളിലെത്തുമ്പോള്‍ ‘തൃക്കോട്ടൂരുകാരായ ഞങ്ങള്‍’ എന്നു പറഞ്ഞുകൊണ്ട് ഒരു ദേശത്തിന്റെ ആഖ്യാനരൂപത്തിലെത്തുന്നു.
പ്രാദേശികാഖ്യാനങ്ങള്‍ ഇന്ന് മലയാള നോവലിന്റെ പ്രധാന ധാരകളിലൊന്നായി മാറിക്കഴിഞ്ഞു. അതിനും അരനൂറ്റാണ്ടോളം മുമ്പാണ് അദ്ദേഹം ‘തൃക്കോട്ടൂര്‍ പെരുമ’ എഴുതിയത്. പ്രദേശത്തെ കഥനവല്‍ക്കരിക്കുക മാത്രമല്ല, അദ്ദേഹം ദേശാനുഭവത്തെ ഭാഷാനുഭവമാക്കി മാറ്റുകയും ചെയ്തു.
നോവല്‍, കഥ, ലേഖനം, യാത്രാ വിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികള്‍ യു എ ഖാദര്‍ രചിച്ചു. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ അദ്ദേഹത്തിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട് തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം, നേടിയ കഥപോലെ ജീവിതം, ഒരുപിടി വറ്റ്, വായേ പാതാളം, മേശവിളക്ക്, കലശം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശിക്കൂട്ടം, ഓര്‍മകളുടെ പഗോഡ, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, തൃക്കോട്ടൂര്‍ കഥകള്‍, ഖാദര്‍ കഥകള്‍, ഖാദറിന്റെ കഥാലേഖനങ്ങള്‍, ഖാദര്‍ എന്നാല്‍, പ്രകാശനാളങ്ങള്‍, നന്മയുടെ അമ്മ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
1984ല്‍ ‘തൃക്കോട്ടൂര്‍ പെരുമ’ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2009 ല്‍ ‘തൃക്കോട്ടൂര്‍ നോവെല്ലകള്‍’ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. അബുദാബി ശക്തി പുരസ്‌കാരം, എസ് കെ പൊറ്റെക്കാട് പുരസ്‌കാരം, മലയാറ്റൂര്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ യു എ ഖാദറിന് ലഭിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍, പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ്, കേരള ലളിതകലാ അക്കാദമി, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്നു. മംഗളം ദിനപത്രത്തിന്റെ മലബാര്‍ എഡിഷനില്‍ റെസിഡന്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
കലര്‍പ്പില്ലാത്ത സ്‌നേഹവും ഗ്രാമീണ ഭാഷയും ചേര്‍ത്ത് യു എ ഖാദര്‍ പറഞ്ഞതത്രയും മനുഷ്യജീവിതത്തിന്റെ കലര്‍പ്പില്ലാത്ത കഥകളായിരുന്നു. ഗ്രാമീണ വിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന ഒട്ടേറെ രചനകള്‍ സമ്മാനിച്ച അദ്ദേഹം 2020 ഡിസംബര്‍ 12-ന് എണ്‍പത്തിയഞ്ചാം വയസ്സില്‍, കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ നിര്യാതനായി. ഭൗതികശരീരം തിക്കോടിയില്‍ സംസ്‌കരിച്ചു.