29 Friday
March 2024
2024 March 29
1445 Ramadân 19

മക്ക: കാഴ്‌ചയുടെ പൊരുള്‍

ത്വാഹിറ ഇബ്‌റാഹീം

ആദ്യനോട്ടത്തിന്റെ കാന്തികവലയത്തിലൂടെ ഹൃദയവാതില്‍ തള്ളിത്തുറക്കുന്നതെന്തോ അതിന്റെ ചിറകുകളിലായിരിക്കും റൂഹ്‌ ഊഞ്ഞാല്‍ കെട്ടിയാടുന്നത്‌. മുഹമ്മദ്‌ ശമീമിന്റെ `മക്ക: കാഴ്‌ചയില്‍ നിന്ന്‌ ഹൃദയത്തിലേക്ക്‌’ എന്ന ഈ പേര്‌ തന്നെയാണ്‌ അതിന്റെ ഹൃദയത്തിലേക്കൂര്‍ന്നിറങ്ങാന്‍ മോഹിപ്പിച്ചതും. ഒരു മക്കായാത്രികന്റെ അനുഭവങ്ങളാവാം എന്ന്‌ കരുതി വായനയുടെ ചരടിലൂടെ ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്നപ്പോഴാണ്‌ പുറം കാഴ്‌ചകളുടെ പൊലിമകളില്‍ തട്ടിത്തടയാതെ ഉള്‍ക്കാഴ്‌ചയുടെ പൊക്കിള്‍ക്കൊടിനൂലില്‍ അക്ഷരകുഞ്ഞുങ്ങളുടെ കൊക്കൂണുകള്‍ കോര്‍ത്തുവെച്ചിരിക്കുന്ന ആനന്ദാനുഭൂതി അനുഭവിച്ചറിയാനായത്‌!!
അഞ്ചുഭാഗങ്ങളിലെ ഇരുപത്തിനാല്‌ അധ്യായങ്ങളില്‍ ഏകദൈവ വിശ്വാസത്തിന്റെ യാഥാര്‍ഥ്യത്തെയും പ്രാപഞ്ചിക സത്യങ്ങളെയും ഉള്‍ക്കൊണ്ട്‌ കൊണ്ട്‌ അസത്യങ്ങളുടെയും നിരീശ്വരവാദത്തിന്റെയും പുറംതോട്‌ പൊട്ടിച്ചെറിയുന്ന മാന്ത്രികത വായിച്ചനുഭവിക്കേണ്ടതാണ്‌. സ്വച്ഛന്ദമായൊഴുകുന്ന ഒരു പുഴയിലെ തോണിയാത്രക്കിടയില്‍ ചിലപ്പോഴൊക്കെയുണ്ടാകുന്ന കാറ്റിനോടും മരച്ചില്ലകളോടും പരിഭവിക്കുന്ന പോലെ ചിലപ്പോഴൊക്കെ എഴുത്തുകാരന്റെ എഴുത്തിനോട്‌ തര്‍ക്കിച്ചിട്ടുണ്ട്‌, ഇനിയില്ല ഇവിടെ നിര്‍ത്തുകയാണ്‌ എന്ന്‌ പരിഭവിച്ചിട്ടുണ്ട്‌. എന്നാലും മക്കയുടെ ഹൃദയത്തിലേക്കുള്ള യാത്ര മുടക്കാനായില്ല എന്നതാണ്‌ സത്യം.
കഅ്‌ബയെ ഒരു നോക്കു കാണാന്‍ ആത്മനിര്‍വൃതിയടയാന്‍ വെമ്പല്‍ക്കൊണ്ട്‌ ജീവിതയാത്രക്കിടയില്‍ അവിടെയെത്തിപ്പെടുന്ന വിശ്വാസി കഅ്‌ബയെന്ന കറുത്ത സമചതുരത്തെ കാണുമ്പോള്‍ ഉള്ളില്‍ കരുതിവെച്ച പ്രാര്‍ഥനാ നിവേദങ്ങള്‍ മറന്നുകൊണ്ട്‌ തന്റെ ഹൃദയത്തില്‍ കുടികൊണ്ട നാഥന്റെ സ്‌നേഹസ്‌പര്‍ശത്തില്‍ ആണ്ടുപോകുന്ന അവസ്ഥ. വലത്തോട്ടുള്ള കറക്കത്തെയാണ്‌ `പ്രദക്ഷിണം’ എന്ന്‌ പറയുന്നതെന്നാല്‍ ഹാജി തന്റെ സ്വത്വത്തെ കൈവെടിഞ്ഞുകൊണ്ട്‌ ഇഹ്‌റാം ഡ്രസ്സില്‍ കഅ്‌ബക്ക്‌ ചുറ്റും ഇടത്തോട്ട്‌ കറങ്ങുമ്പോള്‍ സര്‍വ്വഗോളങ്ങളും അതിന്റെ ആന്റിക്ലോക്ക്‌വൈസില്‍ കറങ്ങുന്നതിനു തുല്യമായി മനുഷ്യന്‍ പ്രപഞ്ചവ്യവസ്ഥയുടെ ഭാഗമായി മാറുകയാണെന്ന്‌ വിലയിരുത്തപ്പെടുന്നു.
ഉന്നതാധികാരത്തിലുള്ളവന്‍ എന്ത്‌ കല്‌പിച്ചാലും അനുസരിക്കുക എന്നതിനപ്പുറത്തേക്ക്‌ ഇസ്‌ലാം മതം യഹൂദ മതത്തില്‍ നിന്നും തത്വങ്ങള്‍ സ്വീകരിച്ചതോ വേര്‍പ്പെട്ടതോ അല്ല അതിനു അതിന്റെ സ്വത്വവും വ്യക്തിത്വവും തികച്ചും സ്വതന്ത്രമായിരിക്കേണ്ടതിന്റെ മൂല്യത്തിലേക്ക്‌ ഖിബ്‌ലമാറ്റത്തിനെ വഴികാണിക്കുന്നതോടൊപ്പം നാല്‌ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതല്ല പള്ളിയും ആരാധനയുമെന്ന പാഠം കൂടി പഠിപ്പിക്കുന്നു.
മക്കയെയും ഇബ്‌റാഹിം നബി(അ)യുടെ ചരിത്രത്തെയും കൂട്ടിയിണക്കുന്ന രചനാവൈഭവം, ഇബ്‌റാഹീമെന്ന മഹാസമുദ്രത്തിലേക്കൊഴുകിയെത്തിയ രണ്ടു ദേശ ഭാഷാ വര്‍ണ സംസ്‌കാരങ്ങളുടെ പ്രതിനിധികളായ നദികളായി ഹാജറിനെയും സാറയെയും അവതരിപ്പിക്കുമ്പോള്‍ സ്വഫാ മര്‍വ മലകളെ ഭൂമിക്കുമേല്‍ കനിവിന്റെ അമൃത്‌ ചുരത്തുന്ന മാറിടങ്ങളായി തുറന്നുകാണിച്ചുകൊണ്ട്‌ ആ മടിത്തട്ടിലേക്ക്‌ മനുഷ്യരെന്ന പൈതങ്ങളെ ആകര്‍ഷിക്കുന്നു എഴുത്തുകാരന്‍. അവരിരുവരുടെ മക്കളായ ഇസ്‌മാഈലിന്റെ സഹനശീലത്തെയും ഇസ്‌ഹാഖിന്റെ ജ്ഞാനത്തെയും കാവ്യാത്മകമായി വിവരിക്കുന്നുണ്ട്‌. അതോടൊപ്പം തന്നെ സ്വഫാ മര്‍വാ മലകള്‍ ദൈവികചിഹ്നമാണെന്ന ഊട്ടിയുറപ്പിക്കലും നാഥന്‍ തന്റെ ഭവനത്തിന്റെ ഉമ്മറത്ത്‌ ഹാജറിനെ സ്വീകരിച്ചിരുത്തി എക്കാലത്തേക്കുമവരെ മഹത്വപ്പെടുത്തുന്നതോടൊപ്പം അവര്‍ക്കൊരു ആള്‍ദൈവ രൂപമില്ലാതാക്കുന്ന രക്ഷിതാവിന്റെ ഇടപെടലുകളും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം തന്നെ സ്‌ത്രീയെന്ന സൃഷ്‌ടി നാഥന്റെ മറ്റു സൃഷ്‌ടികളെപ്പോലെ അവകാശവും ഉത്തരവാദിത്വങ്ങളും ഇഷ്‌ടാനിഷ്ടങ്ങളുമുള്ള സ്വതന്ത്ര സൃഷ്ടിയാണെന്ന്‌ വരച്ചു കാണിക്കുന്നുണ്ട്‌.
നബി(സ)യുടെ അറഫാ പ്രസംഗത്തെ ഈസാനബിയുടെ ഗിരിപ്രഭാഷണത്തിന്റെ തുടര്‍ച്ചായി അവതരിപ്പിക്കുന്നു. വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാതെ പ്രപഞ്ചഭംഗിയെ ആസ്വദിച്ചാനന്ദിച്ചു കൊണ്ടായിരിക്കണം മനുഷ്യജീവിതമെന്നു ചൂണ്ടിക്കാട്ടുന്നതോടൊപ്പം അറഫയെന്നാല്‍ വെറുമൊരു കണ്ടുമുട്ടലിന്റെ വൈകാരികതയല്ലായെന്നും അറിവിന്റെ വിഹായസ്സലിലേക്ക്‌ ജാലകം തുറക്കുന്ന പര്‍ണ്ണശാലയാണെന്നും അരക്കിട്ടുറപ്പിക്കുന്നു.
അറഫയെ ശാസ്‌ത്രമായും മുസ്‌ദലിഫയെ ദര്‍ശനമായും മിനയെ മതമായും പരിചയപ്പെടുത്തുന്നിടത്ത്‌ ലോകബോധവും മതചിന്തയുമില്ലാത്ത തത്വചിന്തകള്‍ ധിഷണയെ സത്യത്തില്‍ നിന്നുമകറ്റുന്നുവെന്നത്‌ വളരെ മനോഹരമായവതിരിപ്പിച്ചിട്ടുണ്ട്‌. സ്‌ത്രീകളെയും കുട്ടികളെയും ബലികൊടുത്തിരുന്ന ഒരു സമൂഹത്തില്‍ ഇബ്‌റാഹിം നബി(അ)യിലൂടെ തിന്നാനുതകുന്ന ആടുമാടുകളെ ബലി നല്‍കുന്നൊരു സമ്പ്രദായം സൃഷ്ടിക്കപ്പെടുന്നതിലൂടെ മതത്തിന്റെ യുക്തിയെ എടുത്തുയര്‍ത്തിക്കാണിക്കുന്നുണ്ട്‌.
വിഗ്രഹങ്ങളൊന്നും യഥാര്‍ഥ ദൈവത്തിന്റേതല്ലെന്നും രൂപം തന്നെയാണ്‌ യാഥാര്‍ഥ്യമെന്ന ചിന്തക്കെതിരായാണ്‌ ജംറയിലെ കല്ലേറ്‌ എന്ന്‌ സ്ഥാപിക്കപ്പെടുന്നതിനൊപ്പം `ചെറിയ കല്ല്‌ എന്നര്‍ഥം വരുന്ന ജംറ എന്ന മൂര്‍ച്ചയേറിയ ആയുധം കൊണ്ട്‌ മനുഷ്യന്റെ ഉള്ളില്‍ വസിക്കുന്ന ശൈത്താന്റെ പ്രലോഭനങ്ങളെയും ദുര്‍ബോധനങ്ങളെയും അകറ്റി ശുദ്ധി നേടാനുള്ള പരിശ്രമമായടയാളപ്പെടുത്തുന്നു. രക്ഷാകര്‍തൃത്വം, അധികാരം, ദൈവത്വം എന്നിവയുടെ വ്യാജവാദങ്ങളെ നിരാകരിക്കുക കൂടിയാണ്‌ കല്ലേറിലൂടെ നടക്കുന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു.
പ്രകൃതിയെ രൂപപ്പെടുത്തുകയും ചരിത്രത്തെ നിര്‍മ്മിക്കുന്നവനുമായ മനുഷ്യന്‍ പ്രകൃതിയുടെ സന്തുലനവും പ്രകൃതി നിയമങ്ങളുടെ നൈതികതയും തിരിച്ചറിഞ്ഞു ദൗത്യം നിറവേറ്റണമെങ്കില്‍ ബോധവും ശരീരവും തമ്മില്‍ താളൈക്യമുണ്ടാകണമെന്നും പ്രണയവും രതിയും കാമനയും ആസ്വദിച്ചു ജീവിക്കുന്നതോടൊപ്പം തന്നെ തൃഷ്‌ണാനിവൃത്തി വരുത്തുന്നിടത്ത്‌ പരിധിപാലനം അനിവാര്യമെന്നും അതിനു ആരുടേയും അടിച്ചേല്‍പ്പിക്കലുകളില്ലാതെ ശരിയായ അറിവിനെ നേടിയെടുക്കുകയും പിന്തുടരുകയും വേണമെന്ന്‌ എഴുത്തുകാരന്‍ സമര്‍ഥിക്കുന്നു.
മരണാനന്തര ജീവിതത്തെ മതത്തിനു തെളിയിക്കാനാവുമോ എന്ന ബാലിശമായ ചോദ്യത്തെ മരണാനന്തരം ജീവിതമില്ലെന്നു തെളിയിക്കാനാവുമോ എന്ന മറുചോദ്യത്തിന്റെ അമ്പു കൊണ്ടൊടിച്ചിടുന്നുണ്ട്‌. മരണമെന്നാല്‍ നശ്വരമായ ശരീരത്തിന്റെ വേര്‍പ്പെടലാണെന്നും മരണമാണ്‌ ജീവിതത്തിനു സൗന്ദര്യം നല്‍കുന്നതെന്നും മരിക്കേണ്ടി വരുമെന്ന ചിന്തയാണ്‌ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പറഞ്ഞുകൊണ്ട്‌ മൃതിയുടെ ഭയത്തെ അതിലളിതമായി ലഘൂകരിക്കുന്നു.
ചരിത്രം, തത്വശാസ്‌ത്രം, ശാസ്‌ത്രം, കല, സാഹിത്യം എന്നീ ജ്ഞാനമേഖലകളെയെല്ലാം ഒരൊറ്റ ചതുരംഗ പലകയില്‍ നിരത്തിവെച്ച്‌ കൊണ്ട്‌ ഖുര്‍ആനിന്റെ ജ്ഞാനപ്രകാശത്താല്‍ ചതുരംഗം കളിച്ചു മുന്നേറുകയാണ്‌ എഴുത്തുകാരന്‍ ചെയ്യുന്നത്‌.
ഈയടുത്ത്‌ തന്റെയീ പുസ്‌തകത്തെ സ്വയം പരിചയപ്പെടുത്തുന്നിടത്ത്‌ അദ്ദേഹം പറയുന്നുണ്ട്‌ `ഈ പുസ്‌തകത്തിനു സവിശേഷതയുണ്ട്‌. എന്റെ മറ്റു രചനകള്‍ ശരീരമാണെങ്കില്‍ ഇത്‌ എന്റെ റൂഹാണ്‌, ബാക്കിയെല്ലാ പുസ്‌തകങ്ങളും ഞാനെന്റെ തലച്ചോറ്‌ കൊണ്ടാണ്‌ എഴുതിയതെങ്കില്‍ മക്കയുടെ എഴുത്തുപേന എന്റെ ഹൃദയമായിരുന്നു.”
ഹൃദയമഷി കൊണ്ടെഴുതിയതു കൊണ്ട്‌ തന്നെയാവാം ഇടക്കൊന്നിടയുമ്പോഴും വായനക്കാരനെ അവസാനം വരെ കൂട്ടിക്കൊണ്ട്‌ പോകാന്‍ രചയിതാവിനു കഴിയുന്നതും. ഒരാളുടെ റൂഹിനാല്‍ രചിക്കപ്പെട്ടൊരു പുസ്‌തകത്തിനു ഒരു വായനാകുറിപ്പെഴുതുകയെന്നാല്‍ ആ റൂഹ്‌ വായനക്കാരനിലേക്ക്‌ സന്നിവേശിപ്പിക്കുകയെന്ന പ്രക്രിയ കൂടിയാണ്‌. അതിനാലാവാം വായിക്കാനിരുന്നപ്പോള്‍ ഇഴുകിച്ചേരലിന്റെ ആനന്ദമനുഭവിക്കുകയും പിന്നീടെഴുതാനിരുന്നപ്പോള്‍ നിലാമഴയിലേക്കൊഴുകുന്ന ശ്രുതിമധുരാലാപനം പോലെ കൈവിരലുകള്‍ ചലിച്ചു കൊണ്ടിരുന്നതും.
ഈ പുസ്‌തകത്തിനു അവതാരികയെഴുതിയിരിക്കുന്നത്‌ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവാണെന്നത്‌ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഈ പുസ്‌തകത്തിനു പുറമെ `ബുദ്ധന്‍, യേശു, മുഹമ്മദ്‌: ലോകമതങ്ങളെപ്പറ്റി ഒരു പുസ്‌തകം’, `എട്ടാമിന്ദ്രിയം: ഒരു അക്ഷര പ്രണയിയുടെ ധൈഷണിക സഞ്ചാരങ്ങള്‍’, `ഇസ്‌ലാം: ഒരു പാഠപുസ്‌തകം’, `ചെകുത്താന്റെ വേദപുസ്‌തകം’ എന്നീ പുസ്‌തകങ്ങളും രചയിതാവിന്റേതായിട്ടുണ്ട്‌. പുസ്‌തകങ്ങള്‍ക്ക്‌ പുറമെ മറ്റു പല സമാഹാരങ്ങളിലും ഇദ്ദേഹത്തിന്റെ പഠനങ്ങളും ലേഖനങ്ങളും വന്നിട്ടുണ്ട്‌. ഐ പി എച്ച്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന 191 പേജുള്ള പുസ്‌തകത്തിന്‌ 190 രൂപയാണ്‌ വിലയെന്നത്‌ ആത്മാവും റൂഹും പോലെ വേര്‍പ്പെടാത്ത വ്യത്യാസമാണ്‌.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x