5 Friday
December 2025
2025 December 5
1447 Joumada II 14

തുനീഷ്യന്‍ പ്രസിഡന്റിനോടുള്ള വിയോജിപ്പ്; നാദിയ അക്കാശ രാജിവെച്ചു


പ്രസിഡന്റ് ഖൈസ് സഈദിന്റെ ചീഫ് ഓഫ് സ്റ്റാഫ് നാദിയ അക്കാശ രാജിവെച്ചു. ജൂലൈയില്‍ രാജ്യത്തെ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് വലിയ തോതില്‍ വിമര്‍ശനം നേരിടുന്ന പ്രസിഡന്റ് ഖൈസ് സഈദിന്റെ നയങ്ങളില്‍ ‘അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍’ ചൂണ്ടിക്കാട്ടിയാണ് നാദിയ അക്കാശ രാജി സമര്‍പ്പിച്ചത്. ”രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം, ചീഫ് ഓഫ് സ്റ്റാഫ് പദവയില്‍ നിന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റിന് രാജി സമര്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ മികച്ച താല്‍പര്യവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളില്‍ ‘അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍’ നിലനില്‍ക്കുന്നതിനാല്‍, എന്റെ പദവയില്‍ നിന്ന് പിന്മാറുന്നത് എന്റെ ഉത്തരവാദിത്തമായി ഞാന്‍ ഗണിക്കുന്നു” -നാദിയ അക്കാശ ഫേസ്ബുക്കില്‍ കുറിച്ചു. അന്നഹ്ദ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് സ്പീക്കറുമായ റാശിദ് ഗന്നൂശിയെ അറസ്റ്റ് ചെയ്യാനുള്ള തന്റെ കല്‍പന ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അല്‍ഗൂല്‍ നിരസിച്ചത് മൂലമാണ് അക്കാശ രാജിവെച്ചതെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് 21 വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് പ്രസിഡന്റ് ഖൈസ് സഈദ് രാജ്യത്തെ അധികാരം പിടിച്ചെടുക്കുകയും സര്‍ക്കാറിനെ പിരിച്ചുവിടുകയും പാര്‍ലമെന്റ് മരവിപ്പിക്കുകയും ചെയ്തത്. പ്രസിഡന്റ് ഖൈസ് സഈദിന്റെ ‘അട്ടിമറി’ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

Back to Top