5 Friday
December 2025
2025 December 5
1447 Joumada II 14

തുനീഷ്യ: പ്രസിഡന്റിനെ വിമര്‍ശിച്ച എം പിയെ അറസ്റ്റ് ചെയ്തു


തുനീഷ്യയില്‍ പ്രധാനമന്ത്രിയെ അട്ടിമറിച്ച പ്രസിഡന്റ് ഖയ്‌സ് സഈദിനെ വിമര്‍ശിച്ച പാര്‍ലമെന്റ് അംഗം യാസീന്‍ അയാരിയെ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് വിദേശ ശക്തികളുടെ പിന്തുണയോടെയാണ് സൈനിക അട്ടിമറി നടത്തിയതെന്ന് യാസീന്‍ നേരത്തെ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ സുരക്ഷാ അംഗങ്ങളില്‍ നിന്നുള്ളവരാണെന്ന് പരിചയപ്പെടുത്തി 20 അംഗ സംഘം തങ്ങളുടെ വീട്ടിലേക്ക് വന്നെന്നും വീട് റെയ്ഡ് നടത്തുകയും അതിക്രമം നടത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയെന്നും യാസീന്റെ ഭാര്യ സിറിന്‍ ഫിതൂരി പറഞ്ഞു. യാസീനെ പ്രസിഡന്റിന്റെ സുരക്ഷാസേന തട്ടിക്കൊണ്ടുപോയതാണെന്ന് ഹോപ് ആന്റ് ലേബര്‍ പാര്‍ട്ടി ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ അനുമതിയില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും എവിടെക്കാണ് കൊണ്ടുപോകുന്നതെന്ന് ഭാര്യയെ അറിയിച്ചില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, ജഡ്ജിയായ ബഷീര്‍ അക്‌രിമിയെയും തുനീഷ്യന്‍ സുരക്ഷാസേന അറസ്റ്റ് ചെയ്ത് 40 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കിയെന്നും തുനീഷ്യന്‍ പ്രാദേശിക റേഡിയോയായ മൊസൈഖ് എഫ് എം അറിയിച്ചു. ഇദ്ദേഹവും പ്രസിഡന്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയയാളായിരുന്നു.

Back to Top