30 Friday
January 2026
2026 January 30
1447 Chabân 11

തുനീഷ്യ: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് 11 പാര്‍ട്ടികള്‍


ഡിസംബര്‍ 17ലെ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ആഫാഖ് തൂനിസ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുന്ന രാജ്യത്തെ പതിനൊന്നാമത്തെ പാര്‍ട്ടിയാണ് ആഫാഖ് തൂനിസ്. അന്നഹ്ദ, ഖല്‍ബ് തൂനിസ്, ഇഅ്തിലാഫ് അല്‍കറാമ, ഹിസ്ബുല്‍ ഹറാക്, അല്‍അമല്‍, അല്‍ഹിസ്ബുല്‍ ജുംഹൂരി, ഹിസ്ബുല്‍ ഉമ്മാല്‍, അല്‍ഖുത്വ്ബ് അദ്ദിമാഖ്‌റതി അല്‍ഹദാസി, അത്തയ്യാര്‍ അദ്ദിമാഖ്‌റാതി, അത്തകത്തുല്‍ അദ്ദിമാഖ്‌റാതി മിന്‍ അജ്‌ലില്‍ അമലി വല്‍ഹുര്‍റിയ്യാത്ത് എന്നീ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 2014ലെ ഭരണഘടന റദ്ദാക്കിയതിനാല്‍ ഖൈസ് സഈദിന് രാഷ്ട്രീയവും നിയമപരവുമായ നിയമസാധുത നഷ്ടപ്പെട്ടുവെന്ന് ഖല്‍ബ് തൂനിസ് പറഞ്ഞു.

രാഷ്രീയ ഏകാധിപത്യവും സ്വേച്ഛാധിപത്യ ഭരണത്തിലേക്കുള്ള വഴിമാറ്റവും ചെറുക്കാന്‍ തുനീഷ്യന്‍ ജനതയോടും എല്ലാ രാഷട്രീയ, സിവില്‍ വിഭാഗങ്ങളോടും ആഫാഖ് തൂനിസ് ആഹ്വാനം ചെയ്തു. കഴിഞ്ഞ ജൂലൈ 25ന് നടന്ന ജനഹിതപരിശോധനക്ക് ശേഷമാണ് രാജ്യത്ത് പുതിയ ഭരണഘടനക്ക് അംഗീകാരം ലഭിച്ചത്. സെപ്റ്റംബര്‍ 15ന് പ്രസിഡന്റ് ഖൈസ് സഈദ് ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ ഭാഗമാകണമെന്ന് രാജ്യത്തെ പൗരന്മാരോട് ഉത്തരവിലൂടെ ആഹ്വാനം ചെയ്തിരുന്നു.

Back to Top