30 Friday
January 2026
2026 January 30
1447 Chabân 11

ട്രംപ് രാജ്യത്തെ തകര്‍ത്തയാളെന്ന് ബൈഡന്‍


വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഡോണള്‍ഡ് ട്രംപ് യു എസിനെ തകര്‍ത്തയാളാണെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ വിമര്‍ശനം. ഇന്തോനേഷ്യയില്‍ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കവെ ട്വിറ്ററിലൂടെയാണ് ബൈഡന്റെ പ്രതികരണം. ട്രംപിന്റെ ഭരണകാലം എല്ലാ നിലയ്ക്കും രാജ്യത്തെ തകര്‍ക്കുന്നതായിരുന്നുവെന്ന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ ബൈഡന്‍ പറഞ്ഞു. 2024-ലെ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. ഫ്‌ളോറിഡയിലെ തന്റെ മറാലാഗോ റിസോര്‍ട്ടില്‍ 400-ഓളം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നിലാണ് 76-കാരന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. മത്സരിക്കുന്നതിനു വേണ്ട പ്രാഥമിക നടപടിക്രമങ്ങള്‍ അദ്ദേഹം ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
2016ല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റനെ തോല്‍പിച്ചാണ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് പ്രസിഡന്റായത്. എന്നാല്‍, 2020ല്‍ ഡെമോക്രാറ്റുകാരനായ ജോ ബൈഡനോട് തോറ്റു. അടുത്ത തവണയും നിലവിലെ പ്രസിഡന്റ് മത്സരിച്ചേക്കുമെന്നതിനാല്‍ വീണ്ടുമൊരു ട്രംപ്-ബൈഡന്‍ പോരിന് അരങ്ങൊരുങ്ങും. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും ക്രിസ്മസ്-പുതുവര്‍ഷ അവധിക്കു പിന്നാലെ അന്തിമ തീരുമാനമെടുക്കുമെന്നും 80കാരനായ ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബൈഡനെതിരെ രൂക്ഷമായ ആക്രമണം നടത്തിയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ”നമ്മള്‍ ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബൈഡനു കീഴില്‍ യുഎസ് ജനത നരകിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. യുഎസിന്റെ തിരിച്ചുവരവ് ഇവിടെ തുടങ്ങുകയാണ്. ഈ രാജ്യത്തിന് എത്ര മഹത്തരമാവാന്‍ പറ്റുമെന്ന് ഇനിയും ലോകം കണ്ടിട്ടില്ല. അതിനുള്ള അവസരമാണിത്. അതിനു വേണ്ടിയാണ് ഞാന്‍ വീണ്ടും ജനവിധി തേടുന്നത്”- ട്രംപ് പറഞ്ഞു.
2020ലെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ട്രംപിന്റെയും അനുയായികളുടെയും പ്രവൃത്തികള്‍ വ്യാപക വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ ഹില്ലിലേക്ക് ഇരച്ചുകയറി. ഇതിന് ട്രംപ് തന്നെ അനുവാദം നല്‍കിയതായും ആരോപണമുയര്‍ന്നിരുന്നു.

Back to Top