ത്രിപുരയിലെ വംശഹത്യക്കെതിരെ സുപ്രീംകോടതി നേരിട്ടിടപെടണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: ഒറ്റപ്പെട്ട ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ തുടങ്ങി ഇപ്പോള്‍ രാജ്യവ്യാപകമായി ഗുജറാത്ത് മോഡല്‍ വംശഹത്യ നടപ്പിലാക്കുന്ന ബി ജെ പിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായ ചെറുത്ത് നില്പ് അനിവാര്യമായിരിക്കുന്നു എന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ത്രിപുരയില്‍ ബി ജെ പി സര്‍ക്കാറിന്റെ കീഴില്‍ സംഘപരിവാര്‍ ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരിലുള്ള കൊള്ളയും കൊലയും പള്ളി തകര്‍ക്കലുകളും ഗുജറാത്ത് വംശഹത്യയുടെ ആവര്‍ത്തനമാണ്. മധ്യപ്രദേശിലും കര്‍ണാടകയിലും ക്രിസ്ത്യന്‍ സമൂഹത്തിനുനേരെ നടക്കുന്ന ആക്രമണങ്ങളും ആസാമിലടക്കമുള്ള കര്‍ഷക ദ്രോഹ നടപടികളും ഗുജറാത്ത് മോഡല്‍ വംശഹത്യാ രാഷ്ട്രീയം രാജ്യവ്യാപകമാക്കാനുള്ള സംഘപരിവാറിന്റെ ഗൂഢ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തെ കലാപകലുഷമാക്കി ക്രിമിനല്‍ രാഷ്ട്രീയത്തിലൂടെ വീണ്ടും അധികാരത്തിലെത്താനുള്ള ബി ജെ പിയുടെ ഭരണകൂട ഭീകരതക്കെതിരെ ജൂഡീഷ്യറി നേരിട്ടിടപെടണം. ത്രിപുരയിലെയും ആസാമിലെ ക്രൂരവും കിരാതവുമായ മനുഷ്യവേട്ടക്കെതിരെയും സുപ്രിം കോടതി നേരിട്ട് കേസ്സെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. എം മൊയ്തീന്‍ കുട്ടി, പി അബ്ദുല്‍അലി, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, പി പി ഖാലിദ്, അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ എ സുബൈര്‍, കെ എല്‍ പി ഹാരിസ്, അലി മദനി മൊറയൂര്‍, മമ്മു കോട്ടക്കല്‍, എം അഹ്മദ് കുട്ടി മദനി, ബി പി എ ഗഫൂര്‍, അബ്ദുസ്സലാം പുത്തൂര്‍, ഡോ. ജാബിര്‍ അമാനി, സുഹൈല്‍ സാബിര്‍, കെ അബ്ദുസ്സലാം, കെ എം കുഞ്ഞമ്മദ് മദനി, ഫൈസല്‍ നന്മണ്ട, കെ പി അബ്ദുറഹ്മാന്‍, ആദില്‍ നസീഫ് മങ്കട, വി സി മറിയക്കുട്ടി സുല്ലമിയ്യ, ഫസഹ പ്രസംഗിച്ചു.