10 Sunday
December 2023
2023 December 10
1445 Joumada I 27

സഞ്ചാരസാഹിത്യവും മുസ്‌ലിം സമൂഹവും

ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്


ഇസ്‌ലാമിക ലോകത്തിന്റെ ശ്രദ്ധേയമായ സാഹിത്യ സംഭാവനയാണ് ഹജ്ജ് സഞ്ചാരസാഹിത്യം. കഅ്ബ ലക്ഷ്യമാക്കിയ തീര്‍ത്ഥാടനം എന്നതിലുപരി മുസ്‌ലിം ലോകത്തിന്റെ ആഗോളബന്ധത്തിന്റെ ചരിത്രനിമിഷങ്ങളും കൂടിയാണ് ഈ രചനകള്‍. ആത്മീയ ഉന്നമനം, കച്ചവടം, ഉഭയകക്ഷി ബന്ധങ്ങള്‍, നയതന്ത്ര ഇടപാടുകള്‍, നാവികമേഖലകളിലെ ശാക്തിക സന്തുലനം, ഇസ്‌ലാം വ്യാപനം എന്നു തുടങ്ങി വിവിധ വിഷയങ്ങള്‍ ഹജ്ജ് സാഹിത്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മുസ്‌ലിം ലോകത്തു നിര്‍ണായക സ്ഥാനം ലഭിച്ച ഈ കൃതികള്‍ അതതു കാലത്തെ മുസ്‌ലിം മത-സാമൂഹിക പശ്ചാത്തലങ്ങള്‍ വ്യക്തമാക്കിത്തരുന്നു.
ഹജ്ജ് സഞ്ചാരസാഹിത്യം എന്ന നിലയില്‍ കേരളീയ പരാമര്‍ശമുള്ള ആദ്യ കൃതി ഇബ്‌നു ബത്തൂത്തയുടെ ‘രിഹ്‌ല’ ആണ്. 1325-ല്‍ ഹജ്ജ് ലക്ഷ്യം വെച്ച് യാത്ര തിരിച്ച ഇബ്‌നു ബത്തൂത്ത ആഗോള സഞ്ചാരത്തിന് ഹേതുവായ സംഭവകഥയാണ് രിഹ്‌ല എന്ന പേരില്‍ പ്രസിദ്ധമായ ‘തുഹ്ഫതു നുസാര്‍ ഫീ ഗരാഇബുല്‍ അന്‍സാര്‍ വ അജാഇബുല്‍ അസ്ഫാര്‍.’ കേരളത്തില്‍ പോലും എത്തിയ അദ്ദേഹത്തിന്റെ ചരിത്ര വിശദീകരണങ്ങള്‍ പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മത-സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ക്ക് ആധികാരിക രേഖകളായി മാറി.
കേരളത്തില്‍ നിന്നു നിരവധി ഹജ്ജ് യാത്രാനുഭവങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. വെള്ളമുണ്ട മൊയ്തുവിന്റെ ‘ഞാന്‍ കണ്ട അറേബ്യ’ (1946) ആണ് കണ്ടെടുക്കപ്പെട്ട ഏറ്റവും ആദ്യത്തെ മലയാള ഹജ്ജ് യാത്രാ പുസ്തകം. അവികസിത അറേബ്യന്‍ പ്രദേശങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഈ കൃതിയിലുള്ളത്. നീലാമ്പ്ര മരക്കാര്‍ ഹാജിയുടെ ‘ഹജ്ജ് യാത്ര’ (1972)യില്‍ മാറ്റത്തിനു വിധേയമായിക്കൊണ്ടിരുന്ന പ്രാദേശിക വിവരണമുണ്ട്. സി എച്ച് മുഹമ്മദ് കോയ, യൂസഫലി കേച്ചേരി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, യു എ ഖാദര്‍, ഹാജി മുഹമ്മദ് അലി സാഹിബ് എന്നിവരുടെ ഹജ്ജ് യാത്രാനുഭവങ്ങളും പാട്ടുകളിലൂടെ ഹജ്ജ് യാത്ര അവിസ്മരണീയമാക്കിയ മാനു മുസ്‌ലിയാര്‍, പി ടി വീരാന്‍കുട്ടി, കെ വി എം പന്താവൂര്‍ എന്നിവരുടെ രചനകളും ഹജ്ജ് സഞ്ചാരസാഹിത്യത്തിലെ പ്രധാന രചനകളാണ്.
പൊതുവെ അറേബ്യന്‍ യാത്ര ദുഷ്‌കരമായിരുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ നേരിട്ട യാത്രാദുരിതങ്ങള്‍ സൗരഭ് മിശ്രയുടെ Pilgrimage, Politics and Pestilence: The Haj from the Indian subcontinent 1860-1920 ല്‍ വിശദീകരിക്കുന്നുണ്ട്. ആവിക്കപ്പലുകളുടെ വരവിനു ശേഷവും പതിറ്റാണ്ടുകളായി മാനസികമായും സാമ്പത്തികമായും തയ്യാറെടുക്കുന്ന ദക്ഷിണേഷ്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ യാത്ര വളരെ ദുരിതമയമായിരുന്നു. റെയില്‍വേയുടെ വരവോടെ യാത്രാസൗകര്യം വന്നിട്ടുണ്ടെങ്കിലും 19ാം നൂറ്റാണ്ടിന്റെ അന്ത്യം വരെയെങ്കിലും ഹജ്ജ് തീര്‍ഥാടകര്‍ ട്രക്കുകള്‍, കാളവണ്ടികള്‍, ബോട്ടുകള്‍ എന്നിവകളിലായി ബോംബെയിലേക്ക് എത്തിച്ചേരാന്‍ നിര്‍ബന്ധിതരായെന്നു സൗരഭ് മിശ്ര എഴുതിയിട്ടുണ്ട്. കൂടാതെ ബോംബെയിലെ അക്രമികളായ ഏജന്റുമാരുടെ പക്കല്‍ നിന്നു യാത്രാ ടിക്കറ്റ് കരസ്ഥമാക്കുന്നതും പ്രയാസകരമായിരുന്നു.
ഈ യാത്രാ പ്രതിബന്ധങ്ങള്‍ കാരണം മാസങ്ങളോളം അവര്‍ക്കു കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ യൂറോപ്യന്‍ വാണിജ്യ കപ്പലുകള്‍ സൈ്വരവിഹാരം നടത്തുന്നതും കാണാമായിരുന്നു. കോളറ പോലുള്ള പകര്‍ച്ചവ്യാധികളുടെ പ്രധാന കാരണം ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരാണെന്ന യുറോപ്യരുടെ ആരോപണം സമകാലിക ഇന്ത്യന്‍ ഇസ്‌ലാം ഭീതിയോടു സാദൃശ്യമുള്ളതാണ്. അതിനാല്‍ തന്നെ മാസങ്ങളോളം ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ തങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. പ്രയാസപൂര്‍ണമായ ഹജ്ജ് തീര്‍ഥാടനത്തിനു ശേഷം പലരും അറേബ്യ തന്നെ സ്ഥിരവാസത്തിനായി തിരഞ്ഞെടുത്തുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹജ്ജ് യാത്രകള്‍ ആത്മീയസാഫല്യമെന്നപോലെ തന്നെ കച്ചവടലാഭം നേടാനുമുള്ള അവസരമായി ചിലര്‍ ഉപയോഗപ്പെടുത്തി. നല്ലൊരു ശതമാനം ഇന്ത്യന്‍ കച്ചവടക്കാര്‍ മക്കയുടെ പരിസരങ്ങളില്‍ സ്ഥിരതാമസമുറപ്പിക്കാന്‍ തീരുമാനിച്ചത് അറേബ്യന്‍ പ്രദേശങ്ങളില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യത്തിന് ആക്കംകൂട്ടി.

1863ല്‍ ഭോപാല്‍ രാജ്ഞി സിക്കന്ദര്‍ ബീഗം ഉര്‍ദു ഭാഷയില്‍ എഴുതിയ മക്കാ യാത്ര (Journal of a trip to Mecca) SOAS യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ ലൈബ്രറി കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. 19ാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പൊതുവേ ഭരണകേന്ദ്രത്തില്‍ നിന്നു മാറിനില്‍ക്കുന്നത് ഭീഷണിയായിരുന്നെങ്കിലും സിക്കന്ദര്‍ ബീഗം നടത്തിയ കടല്‍മാര്‍ഗമുള്ള ഹജ്ജ് യാത്ര ശ്രദ്ധേയമായിരുന്നു. 1844 മുതല്‍ 1868 വരെ ഭോപാല്‍ ഭരിച്ച സിക്കന്ദര്‍ ബീഗം ഉപദേശക സമിതി സ്ഥാപിച്ചും പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ സൗകര്യമൊരുക്കിയും സൈനിക പുനഃസംഘാടനം നടത്തിയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പേര്‍ഷ്യന്‍ ഭാഷക്ക് പകരം ഔദ്യോഗിക ഭാഷയായി ഉര്‍ദു തിരഞ്ഞെടുത്ത ആദ്യ ഇന്ത്യന്‍ ഭരണാധികാരിയാണവര്‍. ഹജ്ജ് ചെയ്ത ആദ്യ ഇന്ത്യന്‍ ഭരണാധികാരി എന്ന നിലയില്‍ ഈ യാത്രാക്കുറിപ്പിനു സവിശേഷ സ്ഥാനമാണുള്ളത്.
ഈ യാത്രാക്കുറിപ്പിനു രാജ്ഞിയുടെ പുത്രി ശാഹ്ജഹാന്‍ ബീഗം എഴുതിയ പേര്‍ഷ്യന്‍ ഭാഷാന്തരവും എമ്മ ലോറ വില്ലിബി ഒസ്‌ബോണിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും (A Pilgrimage to Mecca) ആണുള്ളത്. രണ്ടു കൃതികളിലും ധാരാളം വ്യത്യാസങ്ങളുണ്ടെന്നു ഗവേഷകര്‍ നിരീക്ഷിക്കുന്നു. എല്ലാ വര്‍ഷവും തുര്‍ക്കി സുല്‍ത്താന്‍ ഹറമുകളുടെ പരിപാലനത്തിനായി 30 ലക്ഷം രൂപ നല്‍കുന്നുണ്ടെങ്കിലും ഇരുപ്രദേശങ്ങളും വൃത്തിഹീനവും അത്യാവശ്യ സജ്ജീകരണങ്ങള്‍ പോലും ഇല്ലാത്തതാണെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് സിക്കന്ദര്‍, നിശ്ചിത തുക തനിക്കു ലഭിച്ചിരുന്നെകില്‍ ഹറമുകളുടെ പരിപാലനം ഏറ്റെടുക്കാമെന്ന് എഴുതിയതായും ഇംഗ്ലീഷ് ഭാഷാന്തരത്തില്‍ കാണാം. എന്നാല്‍ പേര്‍ഷ്യന്‍ കൃതിയില്‍ അവ കാണാന്‍ സാധ്യമല്ല എന്നതുതന്നെ ഉസ്മാനിയാ വിരുദ്ധ ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടിന്റെ മികച്ച ഉദാഹരണമായി കാണാം.
ചൈനീസ് മുസ്‌ലിം യാത്രികന്‍ മാ ദേക്‌സിന്‍ (1794-1874) എഴുതിയ ‘ചാവോജിന്‍ തുജി’ (ഹജ്ജ് യാത്ര) ആദ്യകാല ചൈനീസ് ഹജ്ജ് യാത്രാവിവരണമാണ്. മതകീയ മാനങ്ങള്‍ക്കപ്പുറം ഹജ്ജ് യാത്രയിലൂടെ ലഭിച്ച വിവിധ അനുഭവങ്ങളും മാ ദേക്‌സിന്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ചൈനീസ് സമൂഹത്തിനു മുസ്‌ലിം ലോകവുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഹജ്ജ് യാത്രാവിവരണങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടില്ല എന്നാണ് പഠനം. അറബി ഭാഷയിലെഴുതിയ ഈ കൃതി അദ്ദേഹത്തിന്റെ ശിഷ്യന്‍ മാ ആന്‍ലി 1891-ല്‍ തന്നെ ചൈനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു.
ക്വിങ് ഭരണകാലഘട്ടത്തില്‍, യുന്നാന്‍ പ്രവിശ്യയില്‍ ദു വെന്‍സിഉ എന്ന മുസ്‌ലിം നേതാവിന്റെ നേതൃത്വത്തില്‍ നടന്ന പന്തായ് സമരത്തോടെ രൂപപ്പെട്ട സ്വതന്ത്ര മുസ്‌ലിം ഭരണത്തില്‍ ഇടക്കാലത്തേക്കു മതാധ്യക്ഷസ്ഥാനം നേടാന്‍ പോലും ഹജ്ജ് യാത്രയും അനുഭവങ്ങളും മാ ദേക്‌സിനെ സഹായിച്ചു. ഈ കൃതിയില്‍ വ്യക്തിഗത വിവരങ്ങള്‍ക്കപ്പുറം യാത്രയിലുടനീളം ശ്രദ്ധിച്ച സ്ഥലങ്ങളും മറ്റുമാണ് കൂടുതലുള്ളത്. അദ്ദേഹത്തിന്റെ തന്നെ മിങ്‌ദേ ജിങ് (Scripture of bright virtue) എന്ന കൃതിയില്‍ ഹജ്ജിന്റെ ആത്മീയാനുഭൂതിയുടെ വിവരണമുണ്ട്. ഹജ്ജിനു ശേഷം മാ ദേക്‌സിന്‍ അല്‍അസ്ഹര്‍ സര്‍വകലാശാല, മദീന, മറ്റ് ഉസ്മാനിയാ പ്രദേശങ്ങളും സന്ദര്‍ശിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയി ട്ടുണ്ട്.

പേര്‍ഷ്യന്‍ ഹജ്ജ്
സഞ്ചാരസാഹിത്യം

നാസിര്‍ ഖുസ്‌റുവിന്റെ (1003-1077) സഫര്‍നാമ മുതല്‍ ഖാചാര്‍ ഭരണാന്ത്യം വരെ നൂറുകണക്കിന് ഹജ്ജുമായി ബന്ധപ്പെട്ട യാത്രാവിവരണങ്ങളാണ് രചിക്കപ്പെട്ടത്. ഇവയില്‍ പലതും യൂറോപ്യന്‍ യാത്രയിലോ മറ്റു ലോകഭാഗങ്ങളിലേക്കുള്ള യാത്രാമധ്യേ മക്ക സന്ദര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ വിരചിതമായ ആധുനിക ഹജ്ജ് സഞ്ചാരസാഹിത്യങ്ങളില്‍ പ്രമുഖമായവയില്‍ പലതും ഖാചാര്‍ ഭരണകാലത്തു രചിക്കപ്പെട്ടവയാണ്.
ഉസ്മാനിയാ ഖിലാഫത്തിന്റെ അധീനതയിലായിരുന്ന മക്കയും മദീനയും ഇറാനിനെ സംബന്ധിച്ചു തന്ത്രപ്രധാന ഭൂമേഖലയായിരുന്നതിനാല്‍ ഖാചാര്‍-ഉസ്മാനി രാഷ്ട്രീയബന്ധങ്ങളിലും ഹജ്ജും മറ്റു നയതന്ത്ര വിഷയങ്ങളും നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നു. 1736 സഫവീ ഭരണകൂടത്തെ എതിര്‍ത്തു തോല്‍പിക്കുന്നതില്‍ പോലും ഇരു ഹറമുകളുടെയും രാഷ്ട്രീയ പ്രാധാന്യം ചരിത്രപരമായ വസ്തുതയാണ്. അതിനാല്‍ തന്നെ ഖാചാര്‍ ഭരണകാല ഹജ്ജ് യാത്രകള്‍ കേവല ആത്മീയാനുഭൂതിയുടെ വര്‍ണാഭമായ വിവരണം എന്നതിലുപരി ഉസ്മാനി ഖിലാഫത്തിന്റെ സാമൂഹിക-രാഷ്ട്രീയ വിശകലനം കൂടി ഉള്‍ക്കൊള്ളുന്നതാണ്.
ഇറാഖിന്റെ മലമ്പാതകള്‍, ദമസ്‌കസ് മാര്‍ഗം, കരിങ്കടല്‍-മധ്യധരണ്യാഴി വഴിയുള്ള ഇസ്തംബൂള്‍ പാത, ഇന്ത്യന്‍ സമുദ്ര-ചെങ്കടല്‍ മാര്‍ഗം എന്നിവയായിരുന്നു പേര്‍ഷ്യന്‍ ഹജ്ജ് സംഘങ്ങള്‍ ഉപയോഗിച്ചിരുന്ന വഴികള്‍. ഇമാം ഹുസൈന്റെ മഖ്ബറ ഉള്ളതിനാല്‍ കര്‍ബല മാര്‍ഗേണയുള്ള വഴിയാണ് ഇറാനികള്‍ അധികവും തിരഞ്ഞെടുത്തത്. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയോടെ ആവിക്കപ്പലും റെയില്‍വേയും വന്നതോടെ ഇസ്തംബൂള്‍ മാര്‍ഗവും കൂടുതലായി ഉപയോഗിക്കപ്പെട്ടു. ഈ മാറ്റം ഹജ്ജ് സഞ്ചാരസാഹിത്യ മേഖലയിലും വ്യക്തമായ മാറ്റം കൊണ്ടുവന്നു. രണ്ടാം ഖാചാര്‍ ഭരണാധികാരി ഫതഹ് അലി ഷാഹിന്റെ (1772-1834) മകന്‍ മുഹമ്മദ് മീര്‍സാ സൈഫുദ്ദൗലയുടെ ‘സഫര്‍ നാമ-എ മക്ക’ ഇസ്തംബൂള്‍ യാത്രാനുഭവങ്ങളാല്‍ സമ്പന്നമാണ് (Doris Gruber, Arno Strohmeyer , ‘On the Way to the (Un) Known?: The Ottoman Empire in Travelogues’ c. 1450-1900, 2022).
ഇസ്തംബൂള്‍ നഗരത്തിന്റെ വളര്‍ച്ചയെയും സൗന്ദര്യത്തെക്കുറിച്ചും വാചാലനാകുന്ന സൈഫുദ്ദൗല ഉസ്മാനിയാ ഖിലാഫത്തില്‍ സ്ത്രീകളുടെ സാമൂഹിക വ്യവഹാരങ്ങളെ വാനോളം പുകഴ്ത്തുന്നുണ്ട്. ഒരു ഖാചാര്‍ രാജകുമാരന്‍ എന്ന നിലയില്‍ സൈഫുദ്ദൗലയുടെ ഈ നിരീക്ഷണത്തിനു സവിശേഷമായ രാഷ്ട്രീയ പ്രാധാന്യവും കൂടി കൈവരുന്നുണ്ട്. മറ്റൊരു ഖാചാര്‍ കുടുംബാംഗം യാഖുത് മീര്‍സാ തബ്‌രീസി (മരണം 1909)യുടെ ‘ഹജ്ജ്-എ മന്‍സൂര്‍’ ഇസ്താംബൂളിന്റെ നാഗരിക വളര്‍ച്ച വിശദീകരിക്കുന്ന രചനയാണ്.
ഖാചാര്‍ നേതാവ് (1789 1933) അബ്ബാസ് മീര്‍സയുടെ പുത്രന്‍ ഫര്‍ഹാദ് മീര്‍സ മുഅ്തമദുദ്ദൗലയുടെ ‘ഹിദായത്തു സബീല്‍ വ കിഫായത്തു ദലീല്‍’ എന്ന കൃതിയില്‍ യൂറോപ്യന്‍ ജീവിതശൈലി ഇസ്തംബൂളില്‍ വരുത്തിയ മാറ്റങ്ങള്‍ വിശദീകരിക്കുന്നു. ഹറമുകളുടെ പരിപാലകര്‍ എന്ന നിലയില്‍ ഉസ്മാനിയാ ഖിലാഫത്തിന്റെ നിയമസാധുതയെയും സ്വീകാര്യതയെയും വിശകലനം ചെയ്യുന്ന ഈ പേര്‍ഷ്യന്‍ കൃതികള്‍ ഹജ്ജ് സഞ്ചാരസാഹിത്യ കൃതികളില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നു.
ഉസ്മാനിയാ ഭൂമിശാസ്ത്ര വിവരണങ്ങള്‍, നഗരജീവിതം, പ്രകൃതി, ഭരണനിയന്ത്രണം, വാസ്തുവിദ്യ, ഉദ്യോഗസ്ഥവൃന്ദങ്ങളുടെ സമീപനം, ആരോഗ്യനില, യാത്രാസൗകര്യങ്ങള്‍, ഭരണകൂട-ഭരണീയ ബന്ധങ്ങള്‍, ശീഈ-സുന്നി വിഭാഗീയത, ഭരണകൂട നിലപാടുകള്‍, മതന്യൂനപക്ഷങ്ങളോടുള്ള നിലപാട്, ഉസ്മാനി-ഇറാനി ബന്ധങ്ങള്‍, ഇറാനികളല്ലാത്ത ഹാജിമാരോടുള്ള സമീപനം തുടങ്ങി നിരവധി വിഷയങ്ങള്‍ പേര്‍ഷ്യന്‍ ഹജ്ജ് സഞ്ചാരസാഹിത്യങ്ങളില്‍ ദൃശ്യമാണ്.
ഇറാനി ശീഈ സമൂഹത്തിന്റെ സാങ്കേതിക സംജ്ഞകളിലൂടെ ഹജ്ജിന്റെ സാമൂഹിക ശാസ്ത്ര അവലോകനമാണ് ഡോ. അലി ശരീഅത്തിയുടെ ‘ഹജ്ജ്’ എന്ന കൃതി. ഇറാനികളുടെ മതബോധത്തില്‍ നിര്‍ണായക സ്ഥാനം നേടാന്‍ ഈ കൃതിക്ക് സാധിച്ചിട്ടുണ്ട് എന്നതു വസ്തുതയാണ്.

പാശ്ചാത്യ
ഹജ്ജ് യാത്രകള്‍

15-ാം നൂറ്റാണ്ടു മുതല്‍ ധാരാളം യൂറോപ്യന്മാര്‍ മുസ്‌ലിം വേഷത്തില്‍ മക്കയും മദീനയും സന്ദര്‍ശിച്ചിട്ടുണ്ട്. അതില്‍ പലരും പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു എന്നതാണ് ചരിത്രം. വിവിധ യൂറോപ്യന്‍ ഭാഷകളിലായി രചിക്കപ്പെട്ട ഈ യാത്രാനുഭവങ്ങള്‍ക്ക് കിഴക്കിനെക്കുറിച്ച പാശ്ചാത്യ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ പ്രത്യേക സ്ഥാനമുണ്ട്.
സൈനബ് കോബോള്‍ഡ് എന്ന ലേഡി എവ്‌ലിന്‍ കോബോള്‍ഡ് ആണ് ഹജ്ജ് ചെയ്ത ആദ്യ ഇംഗ്ലീഷ് വനിത എന്നറിയപ്പെടുന്നത്. Pilgrimage to Mecca (1934) എന്ന ഡയറിക്കുറിപ്പില്‍ ആ ഹജ്ജനുഭവം സുന്ദരമായി വിശദീകരിച്ചിട്ടുണ്ട്. അറഫയില്‍ അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ട് കണ്ണുനീര്‍ വാര്‍ക്കുന്ന ഹാജിമാര്‍ക്കിടയില്‍ സര്‍വതും നാഥനു മുമ്പില്‍ സമര്‍പ്പിക്കുന്ന ആത്മീയാനുഭവം അവര്‍ വര്‍ണിക്കുന്നതു കാണാം. അറഫയിലെ നബി(സ)യുടെ ആത്മീയ സാന്നിധ്യം അനുഭവവേദ്യമാകുന്നതും കഴിഞ്ഞ 13 നൂറ്റാണ്ടുകളായി നബി(സ)യുടെ അറഫാ പ്രസംഗത്തിന്റെ തരംഗങ്ങള്‍ വിവിധ പ്രഭാഷകരിലൂടെ അലയൊലികള്‍ തീര്‍ക്കുന്നതും അവര്‍ വിശദീകരിക്കുന്നുണ്ട്.
ബ്ലാക്ക് അമേരിക്കന്‍ ജനതയുടെ ജീവിതാനുഭവങ്ങള്‍ കോറിയിട്ട The Autobiography of Malcolm X ലും ഹജ്ജ് യാത്രാനുഭവങ്ങള്‍ പ്രധാന ഭാഗമാണ്. നേഷന്‍ ഓഫ് ഇസ്‌ലാം എന്ന ബ്ലാക്ക് വംശീയതയില്‍ അധിഷ്ഠിതമായ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന മാല്‍കം എക്‌സിന്റെ ഹജ്ജ് യാത്ര ഇസ്‌ലാമിക സാര്‍വലൗകികത തിരിച്ചറിയുന്നതിലേക്കു നയിച്ചുവെന്ന് അദ്ദേഹം തന്നെ വിവരിച്ചിട്ടുണ്ട്.
മുഹമ്മദ് അസദിന്റെ The Road to Mecca (മക്കയിലേക്കുള്ള പാത, 1954), അറബ്-പശ്ചിമേഷ്യന്‍ സാംസ്‌കാരിക ഭാഷാവൈവിധ്യം, ഗോത്രമേഖലകള്‍, അറബ് രാഷ്ട്രീയ സവിശേഷതകള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ കൂടി ഉള്‍ക്കൊണ്ട യാത്രാനുഭവമാണ്. ഇസ്‌ലാമാശ്ലേഷത്തിനു ശേഷം തന്റെ ആത്മീയ ഔന്നത്യം ലക്ഷ്യംവെച്ച് നടത്തിയ ഈ യാത്ര ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാന രചനകളിലൊന്നായി മാറി. 13 നൂറ്റാണ്ടുകള്‍ക്കിപ്പുറവും നബി(സ)യുടെ അദൃശ്യ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന പരിശുദ്ധ ഹറമിന്റെ സവിശേഷത അദ്ദേഹം വിവരിക്കുന്നു. യസ്‌രിബ് എന്ന ചിതറിക്കിടന്ന ഗ്രാമപ്രദേശത്തെ മദീനത്തുന്നബി എന്ന പേരില്‍ ലോകരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുകയും മുസ്‌ലിംകളുടെ വികാരവിചാരങ്ങളില്‍ സുപ്രധാന സ്ഥാനം ലഭിക്കാനും കാരണമാകുന്നത് മുഹമ്മദ് നബിയുടെ സാന്നിധ്യമാണെന്ന് അസദ് എഴുതുന്നു.
മധേ്യഷ്യന്‍-റഷ്യന്‍ ഹജ്ജ് യാത്രകളും ഇതിലൂടെ ഉസ്മാനി ഖിലാഫത്തുമായി രൂപപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങളും കൈകാര്യം ചെയ്ത നിരവധി കൃതികളുണ്ട്. ഉസ്മാനി സുല്‍ത്താന്മാരുടെ ഹജ്ജ് നിലപാടുകളും അയല്‍പക്ക ഭരണകൂടങ്ങളുമായുള്ള അവരുടെ നയതന്ത്രങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നത് ചരിത്ര വസ്തുതയാണ്. ലാലേ ജാന്‍ എഴുതിയ Spiritual Subjects Central Asian Pilgrims and the Ottoman Hajj at the End of Empire (2020), സുരയ്യ ഫാറൂഖിയുടെ Pilgrims and Sultans the Hajj under the Ottomans 1517þ1683 (1990), അലക്‌സാണ്ടറെ പാപ്പാസ്, തോമസ് വെല്‍സ്‌ഫോര്‍ഡ്, തിയറി സര്‍ക്കോണ്‍ എന്നിവര്‍ എഡിറ്റ് ചെയ്ത Central Asian Pilgrims: Hajj Routes and Pious Visits between Central Asia and the Hijaz (2012) എന്നീ കൃതികളില്‍ മധേ്യഷ്യന്‍ ഹജ്ജ് തീര്‍ഥാടനത്തിന്റെയും ഇന്ത്യന്‍ മുസ്‌ലിം രാജവംശങ്ങളുടെ ഹജ്ജ് സമീപനവും ഉസ്മാനിയാ ഭരണകൂടത്തിന്റെ ഹജ്ജ് നയങ്ങളും വിശദീകരിക്കുന്നു.
സാറിസ്റ്റ് സാമ്രാജ്യത്വ ഘട്ടത്തിലും സോവിയറ്റ് കാലത്തും ഹജ്ജ് തീര്‍ഥാടനത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്യുന്ന ഐലീന്‍ കാനിന്റെ Russian Hajj Empire and the Pilgrimage to Mecca (2015) കിഴക്കന്‍ വന്‍കരകളിലെ മുസ്‌ലിം സമൂഹത്തിന്റെ മതകീയ ജീവിതവും വിശിഷ്യാ കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ നിലപാടും മനസ്സിലാക്കാന്‍ സഹായിക്കുന്നവയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x