19 Sunday
May 2024
2024 May 19
1445 Dhoul-Qida 11

ജന്മലിംഗത്തിന്റെ സ്വാഭാവിക ധര്‍മങ്ങളെ നിഷേധിക്കുന്നത് പുരോഗമനപരമോ?

കെ എം ജാബിര്‍


ഫെബ്രുവരി 8-ാം തിയ്യതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ‘ട്രാന്‍സ്മാന്‍’ എന്നവകാശപ്പെട്ടിരുന്ന ഒരു യുവതി പ്രസവിച്ചു. ഇത്തരമൊരു കാര്യം നമ്മുടെ രാജ്യത്തെ ആദ്യ സംഭവമാണെന്നു ചില മീഡിയകള്‍ നിരീക്ഷിച്ചതോടെ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറലുമായി. താമസംവിനാ, ചേരിതിരിഞ്ഞുള്ള വ്യാപകമായ ചര്‍ച്ചകള്‍ക്കും അത് വഴിയൊരുക്കി. പല ചര്‍ച്ചകളും നിരീക്ഷിച്ചപ്പോള്‍ കണ്ടത്, മതങ്ങള്‍ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളെ അനുകൂലിക്കുന്നവര്‍ (പ്രത്യേകിച്ച് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവര്‍) ഒരുവശത്തും, മതങ്ങളുടെ തീരുമാനങ്ങളും രീതികളും അറുപഴഞ്ചനാണെന്നും തള്ളപ്പെടേണ്ടതാണെന്നും വാദിക്കുന്നവര്‍ മറുവശത്തും അണിനിരക്കുന്ന കാഴ്ചയാണ്.
പുരുഷന്‍ പ്രസവിച്ചു എന്ന രീതിയില്‍ ബോധപൂര്‍വം ഇതിനെ തെറ്റായി വ്യാഖ്യാനിച്ചതു കൊണ്ടോ സംഭവം തെറ്റായി മനസ്സിലാക്കിയതുകൊണ്ടോ എന്നറിയില്ല, പലരും ആശയക്കുഴപ്പത്തിലകപ്പെട്ടു. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന പല ഗ്രൂപ്പുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെപ്പറ്റിയും പുരുഷപ്രസവത്തെപ്പറ്റിയും, ആണെന്നും പെണ്ണെന്നുമുള്ള രണ്ടു വര്‍ഗമല്ലാത്ത ഒരു മൂന്നാം വര്‍ഗം യാഥാര്‍ഥ്യമോ അല്ലയോ എന്നതിനെപ്പറ്റിയും, ഇസ്‌ലാമിക വ്യവസ്ഥയില്‍ ട്രാന്‍സ്‌ജെന്‍ഡറുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രത്തെപ്പറ്റിയുമെല്ലാമുള്ള അന്വേഷണങ്ങള്‍ ഉയര്‍ന്നു. അങ്ങനെ ഉയര്‍ന്നുവന്ന ശ്രദ്ധേയമായ ചില അന്വേഷണങ്ങള്‍ ഇപ്രകാരമായിരുന്നു:
1. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
2. പുരുഷന്‍മാര്‍ പ്രസവിക്കുമെന്ന് ഖുര്‍ആനിലോ ഹദീസിലോ വല്ല പ്രവചനവും വന്നിട്ടുണ്ടോ?
3. ആണ്‍-പെണ്‍ ലിംഗങ്ങളല്ലാത്ത മറ്റേതെങ്കിലും ലിംഗങ്ങളെക്കുറിച്ച് ഖുര്‍ആനിലോ ഹദീസിലോ പരാമര്‍ശമുണ്ടോ?
4. ആണും പെണ്ണും എന്നീ രണ്ടു വര്‍ഗത്തിലും ഉള്‍പ്പെടുത്താന്‍ കഴിയാത്തവര്‍ സംഭവലോകത്തുണ്ടല്ലോ. ആ സ്ഥിതിക്ക് ഈ യാഥാര്‍ഥ്യത്തെ ഇസ്‌ലാം അംഗീകരിക്കേണ്ടതല്ലേ? ആണ്‍വര്‍ഗത്തിന്റെയും പെണ്‍വര്‍ഗത്തിന്റെയും ശാരീരിക വ്യത്യാസങ്ങള്‍ പരിഗണിച്ച്, പല കാര്യങ്ങളിലും ഇരു കൂട്ടരിലും നിയമവ്യത്യാസങ്ങളുള്ളതുപോലെ ഈ വര്‍ഗത്തിന്റെ കാര്യത്തിലും പ്രത്യേക നിയമങ്ങള്‍ വേണ്ടിയിരുന്നില്ലേ?
5. ഇസ്‌ലാം ഈ മൂന്നാം വര്‍ഗത്തിന്റെ അസ്തിത്വ യാഥാര്‍ഥ്യം തന്നെ നിഷേധിക്കുകയല്ലേ? അതോടെ അവരുടെ അവകാശങ്ങളും നിഷേധിക്കുകയല്ലേ? അങ്ങനെ ഇസ്‌ലാം യാഥാര്‍ഥ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയല്ലേ? മേല്‍പ്പറഞ്ഞ ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

ഈ വിധത്തിലുള്ള അന്വേഷണങ്ങളില്‍ പലതും തെറ്റിദ്ധാരണകളില്‍ നിന്നുടലെടുത്തതാണ്. ഈ വിഷയത്തില്‍ ഇസ്‌ലാമിക ദര്‍ശനം യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാത്ത പ്രശ്‌നവുമില്ല, ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന പ്രശ്‌നവുമില്ല എന്ന് തെറ്റിദ്ധാരണകള്‍ നീങ്ങുന്നതോടെ ബോധ്യമാകും.
ട്രാന്‍സ്‌ജെന്‍ഡര്‍
പ്രകൃതിയിലെ
മൂന്നാംലിംഗമല്ല

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് നപുംസകങ്ങളാണെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ട്. ആ ധാരണ ശരിയല്ല. വാസ്തവത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രകൃത്യാ ജന്‍മം കൊള്ളുന്ന ഒരു പുതിയ മൂന്നാം ലിംഗമല്ല. ബാഹ്യവും ആന്തരികവുമായി ഏതെങ്കിലും ഒരു ലിംഗിയായി അഥവാ ആണായിട്ടോ പെണ്ണായിട്ടോ ജനിക്കുകയും അതേസമയം തന്നെ ജന്മലിംഗത്തെ വേണ്ടാ എന്നു താല്‍പര്യപ്പെടുകയും എതിര്‍ലിംഗിയാകാന്‍ ആഗ്രഹിച്ചും ആണെന്നവകാശപ്പെട്ടും സാധ്യമാവുംവിധം അവയവ നശീകരണമോ മാറ്റമോ വരുത്തി വേഷവിധാനങ്ങളിലൂടെയും കേശാലങ്കാരങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയും ലൈംഗിക താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിലൂടെയുമെല്ലാം എതിര്‍ലിംഗിയായി ജീവിക്കുന്നവരെയാണ് ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു വിളിക്കുന്നത്.
ഇതില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് ഒരു ‘ഇന്‍ബോണ്‍’ പ്രതിഭാസത്തിലൂടെ ഉണ്ടാകുന്ന പുതിയ പ്രകൃതിവര്‍ഗമല്ല എന്നും, മറിച്ച്, പലപ്പോഴും കൃത്രിമമെന്നോ വ്യാജമെന്നോ വിളിക്കേണ്ട കൈക്രിയകളിലൂടെ ഉണ്ടാകുന്ന വികൃത വര്‍ഗമാണതെന്നും മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒരു ശരീരത്തിലെ ജന്മനാ ഉള്ള, ആരോഗ്യമുള്ള ഒരവയവത്തെ ന്യായമായ കാരണം കൂടാതെ ഛേദിച്ച് ഇല്ലാതാക്കേണ്ടതോ പ്രവര്‍ത്തനക്ഷമമല്ലാത്ത മറ്റൊന്നു വെച്ചുപിടിപ്പിക്കേണ്ടതോ മനുഷ്യാവകാശമായി കാണാനും സാധ്യമല്ല.
എന്നാല്‍ ആണിന്റെയോ പെണ്ണിന്റെയോ ബാഹ്യാവയവം വ്യക്തമാവാത്ത നിലയില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം കുഞ്ഞുങ്ങളെ പരമ്പരാഗതമായി നപുംസകങ്ങള്‍ എന്നു വിളിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആനില്‍, സൃഷ്ടിപ്പിലെ ഇത്തരം ന്യൂനത വരുത്തലുകളെ സംബന്ധിച്ച് സ്രഷ്ടാവ് ഉദ്‌ബോധിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, ട്രാന്‍സ്‌ജെന്‍ഡറുകളെ നപുംസകങ്ങള്‍ എന്നു പരിഭാഷപ്പെടുത്തുന്നത് തീര്‍ച്ചയായും ആശയക്കുഴപ്പമുണ്ടാക്കും. ഇക്കാലത്ത് ഭിന്നലിംഗികള്‍ എന്നാണ് ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ച് പത്രഭാഷകളില്‍കാണാറുള്ളത്.
ലൈംഗികാവയവ
മാറ്റവും ധര്‍മ-അധര്‍മ
വിചാരങ്ങളും

ഭൂമിയിലേക്ക് പിറന്നുവീണ്, ചുരുങ്ങിയത് ടീനേജ് പ്രായം വരെയുള്ള ഒരു ദീര്‍ഘകാലയളവ് ജന്‍മലിംഗിയായിക്കഴിഞ്ഞ്, പിന്നീട് യൗവനഘട്ടത്തിലോ അല്ലെങ്കില്‍ അതും കഴിഞ്ഞ് മധ്യഘട്ടത്തിലോ ആയിരിക്കും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മിക്കവാറും തന്റെ ഇഷ്ടലിംഗത്തിനു വേണ്ടിയുള്ള ശസ്ത്രക്രിയക്ക് (ലെഃ ൃലമശൈഴിാലി േൗെൃഴലൃ്യ) വിധേയമാകുന്നത്. അഥവാ ട്രാനീ/ ട്രാന്‍സ്‌സെക്ഷ്വല്‍ എന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നത്. ഭൗതികവീക്ഷണത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്? പെണ്ണായി ജനിച്ചവള്‍ ആണാകാന്‍ തന്റെ സ്തനങ്ങള്‍ മുറിച്ചുമാറ്റുന്നു! ഗര്‍ഭപാത്രം എടുത്തുകളയുന്നു! ലിംഗം വെച്ചുപിടിപ്പിക്കുന്നു! ആണായി ജനിച്ചവന്‍ പെണ്ണാകാന്‍ തന്റെ താടി-മീശ-ദേഹ രോമങ്ങള്‍ ഇല്ലാതാക്കുന്നു! താടിയെല്ല് ശസ്ത്രക്രിയ നടത്തുന്നു. ലിംഗം നീക്കം ചെയ്ത് യോനി നിര്‍മിക്കുന്നു. ജീവിതകാലം മുഴുവന്‍ നീളുന്ന ഹോര്‍മോണ്‍ ചികില്‍സയിലൂടെ ജന്‍മലിംഗത്തില്‍ മാറ്റം വരുത്തുന്നു!
ഇതൊന്നും പ്രകൃതിയുടെ സ്വാഭാവിക താല്‍പര്യങ്ങളല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? പ്രകൃതി ഓരോ അവയവങ്ങള്‍ക്കും ഓരോ ധര്‍മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടല്ലോ. ആ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തടസ്സമായി നില്‍ക്കുന്ന കാര്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അതിനെ രോഗമായിക്കണ്ട് ചികില്‍സിക്കുകയാണ് വേണ്ടത്. അതാണ് ബുദ്ധിപരമായിട്ടുള്ളത്. അതുതന്നെയാണ് പുരോഗമനപരമായിട്ടുള്ളതും. അല്ലാതെ അവയവ വൈകൃതം വരുത്തലല്ല. ആകെ പറഞ്ഞുകേള്‍ക്കുന്ന ന്യായം, ജന്‍മലിംഗത്തിനു വിരുദ്ധമായി മാത്രം ഇത്തരം ചിലരുടെ മനസ്സ് ചിന്തിക്കുന്നു എന്നാണ്. മതത്തെ മാറ്റിനിര്‍ത്തി ചിന്തിച്ചാല്‍ പോലും ഇത്തരം നടപടി പ്രകൃതിവിരുദ്ധമായ അതിസാഹസികതയാണെന്ന് നിഷ്പ്രയാസംഗ്രഹിക്കാം.
ഒരാള്‍ തന്റെ കാഴ്ചശക്തിയുള്ള, ആരോഗ്യമുള്ള കണ്ണുകള്‍ വേണ്ടെന്നുവെക്കുന്നു. അല്ലെങ്കില്‍ കൈപ്പത്തിയോ കാല്‍പ്പാദമോ ചെവിയോ മുറിച്ചുകളയുന്നു! എന്നിട്ട്, ‘സമൂഹത്തിലെ അന്ധന്‍മാരുടെയും വികലാംഗരുടെയും ദുഃഖങ്ങളും പ്രയാസങ്ങളും സ്വയം അനുഭവിച്ചു ജീവിക്കാന്‍ എന്റെ മനസ്സു പറഞ്ഞുകൊണ്ടേയിരിക്കുന്നു, അത്തരം ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടേയിരിക്കുന്നു’ എന്നെല്ലാം തന്റെ ചെയ്തിക്ക് ന്യായം ചമയ്ക്കുകയും ചെയ്യുന്നു എന്നു വിചാരിക്കുക. എങ്കില്‍ വിവേകമുള്ള ആരെങ്കിലും ഈ നടപടിയെയും ന്യായീകരണത്തെയും അംഗീകരിക്കുമോ?
ഇല്ലെന്നു മാത്രമല്ല, അവനു ഭ്രാന്താണെന്നു വിധിയെഴുതുകയും ചെയ്യും. അങ്ങനെയെങ്കില്‍, എതിര്‍ലിംഗി ആയിത്തീരുന്നതിനു വേണ്ടി മനസ്സു മോഹിക്കുന്നു എന്ന കാരണം പറഞ്ഞ് ഒരാള്‍ പ്രത്യുല്‍പാദന അവയവങ്ങള്‍ ഛേദിച്ചുകളയുമ്പോഴും വിവേകമുള്ളവര്‍ക്ക് അതംഗീകരിക്കാനാവില്ല. കാരണം വ്യക്തമാണ്. ഇതൊന്നും വ്യക്തിയുടെ സ്വാഭാവിക അവകാശങ്ങളല്ല. ഇതൊക്കെ അവകാശങ്ങളായി അംഗീകരിക്കുന്നത് പുരോഗമനവുമല്ല; മറിച്ച്, അധഃപതനവും ജീര്‍ണതയുമാണ്, ഒരുവേള കുറ്റകൃത്യവുമായാണ് അതിനെ കാണാന്‍ കഴിയുക.
നമ്മുടെ മീഡിയകളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലെ ലിംഗമാറ്റ ശസ്ത്രക്രിയകളില്‍ അധികവും മുകളില്‍ സൂചിപ്പിച്ച വിധമുള്ള വികല മനസ്സുകളില്‍ നിന്ന് ഉടലെടുക്കുന്നതാണ്. യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ മനസ്സിനെ പാകപ്പെടുത്തുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥ പരിഹാരം. എത്തിക്‌സ് ഉയര്‍ത്തിപ്പിടിക്കുന്ന ഭിഷഗ്വരന്‍മാരും മനഃശാസ്ത്രജ്ഞന്‍മാരും അതിനെയാണ് പ്രമോട്ട് ചെയ്യേണ്ടത്. അല്ലാതെ, ഇതിനൊന്നും മതതീരുമാനങ്ങളെ കുറ്റപ്പെടുത്തിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അതൊട്ടു നീതിയുമല്ല. സ്വന്തം അജ്ഞതയും അഹങ്കാരവും ധിക്കാരവും പൊള്ളയായ അതിമോഹങ്ങളും തിരിച്ചറിയുന്ന ഒരു വീണ്ടുവിചാരത്തിലേക്ക്, അഥവാ ഇന്‍ബോണ്‍ സ്വത്വത്തിലേക്ക് അവര്‍ മടങ്ങിവരേണ്ടതുണ്ട്. അത്ര മാത്രമേ വേണ്ടതുള്ളൂ.
ലിംഗമാറ്റം: ഇസ്‌ലാമിക പരിപ്രേക്ഷ്യം
ലിംഗമാറ്റ ശസ്ത്രക്രിയകളില്‍ ചിലത് ചികില്‍സ എന്ന നിലയില്‍ ചെയ്യേണ്ടിവരുന്ന ശസ്ത്രക്രിയകളാണ്. മുസ്‌ലിംകളായ ദമ്പതിമാര്‍ക്ക് വൈകല്യം ബാധിച്ച ഒരു കുഞ്ഞു പിറന്നുവെന്നു വിചാരിക്കുക. അതായത്, അതിന് ബാഹ്യമായ ആണ്‍ലിംഗമോ പെണ്‍ലിംഗമോ അല്ലാത്ത നിലയിലുള്ള ഒരു അവയവമാണെന്നും കരുതുക. അല്ലെങ്കില്‍ ആണിന്റെയും പെണ്ണിന്റെയും അവയവങ്ങള്‍ ഒരേപോലെ കാണപ്പെടുന്ന ഒരു ഉഭയലിംഗിയായ കുഞ്ഞു പിറന്നുവെന്നു വിചാരിക്കുക. അപ്പോള്‍ എന്തു ചെയ്യും?
രോഗം വന്നാല്‍ ചികില്‍സിക്കണമെന്ന ലളിതമായ നിര്‍ദേശമാണ് ഇവിടെയും പ്രയോഗവത്കരിക്കേണ്ടത്. ദേഹം ഒട്ടിച്ചേര്‍ന്ന ഇരട്ട ശിശുവാണ് (സയാമീസ്) പ്രസവിക്കപ്പെടുന്നതെങ്കില്‍ അത്തരം സാഹചര്യത്തില്‍ എന്ത് നിലപാടാണോ ഉള്ളത്, അതേ നിലപാട് തന്നെയാണ് ലിംഗവൈകല്യമുള്ള ഒരു കുഞ്ഞിന്റെ കാര്യത്തിലുമുള്ളത്.
കുഞ്ഞിന്റെ ആന്തരിക പ്രത്യുല്‍പാദനാവയവങ്ങള്‍ വിദഗ്ധനായ ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുക. ആ അവയവങ്ങള്‍ പുരുഷ പ്രത്യുല്‍പാദനാവയവങ്ങളാണോ? സ്ത്രീ പ്രത്യുല്‍പാദനാവയവങ്ങളാണോ? അവയുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തക്കവണ്ണം ആരോഗ്യപൂര്‍ണമാണോ? ഈ കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. അത്തരം പരിശോധനയില്‍ ആന്തരികാവയവങ്ങളും അതിന്റെ ധര്‍മങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും ഉല്‍പാദനശേഷി ഉള്ളതാണ് എന്നും തെളിയുന്നുണ്ടെങ്കില്‍, അങ്ങനെ തെളിയുന്നത് ഏതു വര്‍ഗത്തിന് അനുകൂലമായിട്ടാണോ ആ വര്‍ഗത്തിന്റെ ലിംഗമാറ്റത്തിനു വേണ്ടിവരുന്ന ശസ്ത്രക്രിയ ആകാവുന്നതാണ്.
അത് എത്രമാത്രം വിജയപ്രദമാണോ അല്ലയോ എന്നത് വിദഗ്ധര്‍ പറയേണ്ടതാണ്. ആ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ക്ക് അനുസൃതമായി അത്തരമൊരു ലൈംഗിക അവയവമാറ്റ ശസ്ത്രക്രിയ നടത്തുക എന്നതാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം മതം നിര്‍ദേശിക്കുന്ന ലളിതമായ കാര്യം. പ്രശ്‌നം കൈകാര്യം ചെയ്യാന്‍ വിധിയറിയാതെ പോവുന്ന സങ്കീര്‍ണതകളൊന്നും ഇവിടെയില്ല. രോഗത്തിനു ചികില്‍സിക്കുക എന്ന മതശാസന തന്നെയാണ് ഇവിടെയും ബാധകമാകുന്നത്.
ട്രാന്‍സ്‌ജെന്‍ഡറിസത്തിലെ പ്രകൃതിവിരുദ്ധത
വിശുദ്ധ ഖുര്‍ആനില്‍ ഇസ്‌ലാം എന്ന ജീവിതക്രമത്തെ, അല്ലാഹു നിശ്ചയിച്ച ജന്‍മപ്രകൃതിയായിട്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇസ്‌ലാം പ്രകൃതിമതമാണെന്നു പറയുന്നത്. ജന്‍മപ്രകൃതിയെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള ഒരു നിയമവും ഇസ്‌ലാമിലില്ലെന്നും, ഉള്ള നിയമങ്ങളാകട്ടെ പ്രകൃതിക്ക് അനുകൂലമാണെന്നുമാണ് പറയുന്നതിന്റെ അര്‍ഥം.
ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു വര്‍ഗം പ്രകൃത്യാ ജനിക്കുന്ന മൂന്നാം വര്‍ഗമല്ലെന്നു നാം കണ്ടു. എന്നാല്‍ വളരെ അപൂര്‍വമായി ലിംഗപരമായി വ്യത്യാസങ്ങളോടെ ശിശുക്കള്‍ ജനിക്കാറുണ്ടെന്നത് യാഥാര്‍ഥ്യം തന്നെയാണ്. നപുംസകങ്ങള്‍ (ലൗിൗരവ), ഉഭയലിംഗികള്‍ (വലൃാമുവൃീറശലേ) എന്നൊക്കെ വിശേഷിപ്പിക്കാറുള്ള പ്രകൃതിയാഥാര്‍ഥ്യത്തെ ഇസ്‌ലാം നിഷേധിക്കുന്നില്ല. നമുക്ക് ഖുര്‍ആനിന്റെ പരാമര്‍ശങ്ങള്‍ പരിശോധിക്കാം: ”അവനാകുന്നു ഗര്‍ഭപാത്രങ്ങളില്‍ അവന്‍ ഇച്ഛിക്കും പ്രകാരം നിങ്ങളെ രൂപകല്‍പന നടത്തുന്നവന്‍…” (3:06).
”ഓരോ ഗര്‍ഭിണിയും ഗര്‍ഭപാത്രത്തില്‍ ചുമക്കുന്നതും ഗര്‍ഭപാത്രങ്ങള്‍ കുറവു വരുത്തുന്നതും കൂടുതലാക്കുന്നതും അവന്‍ അറിയുന്നു. എല്ലാ കാര്യത്തിനും ഒരു കണക്കുണ്ട്” (13:08).
”അവനാകുന്നു നിങ്ങളെ ഇണകളായി ആണും പെണ്ണുമായി സൃഷ്ടിച്ചവന്‍” (53:45).
പുതിയ തലമുറയുടെ ഉല്‍പാദനപരമായ ലക്ഷ്യം നിറവേറാനാണ് ആണ്‍-പെണ്‍ വ്യത്യാസവും തദനുസൃതമായ പ്രകൃതി സവിശേഷതകളും നല്‍കിയിട്ടുള്ളതെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (4:1). ആര്‍ത്തവം തകരാറിലായ സ്ത്രീകളെക്കുറിച്ചും (65:04), ലൈംഗികാസക്തി ഇല്ലാത്ത പുരുഷന്‍മാരെക്കുറിച്ചും (24:31), ആണില്‍ നിന്നും പെണ്ണില്‍ നിന്നും ചിലരെ ഉല്‍പാദനശേഷി ഇല്ലാത്തവരാക്കിയിട്ടുള്ളതിനെക്കുറിച്ചും (42:50) വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സൂക്തങ്ങളിലെല്ലാം ആണ്‍-പെണ്‍ സൃഷ്ടികളിലെത്തന്നെ വൈവിധ്യത്തെക്കുറിച്ചും വ്യത്യസ്തതയെക്കുറിച്ചും ലക്ഷണപൂര്‍ണമായ ജന്‍മപ്രകൃതത്തെക്കുറിച്ചും വൈകല്യത്തെക്കുറിച്ചുമെല്ലാമുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം വൈകല്യങ്ങളെ നമ്മുടെ ആര്‍ജിത വിജ്ഞാനവും ആധുനിക വൈദ്യസങ്കേതങ്ങളും ഉപയോഗപ്പെടുത്തി ചികില്‍സിക്കുകയാണ് വേണ്ടതെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്ന കാര്യം മുകളില്‍ നാം വ്യക്തമാക്കി.
ലിംഗവൈകല്യം ബാധിച്ചവരും ഒരു ലിംഗിയായിരിക്കെ എതിര്‍ലിംഗിയായി ജീവിക്കണമെന്ന വികലചിന്ത അലട്ടുന്നവരും തങ്ങളുടെ രക്ഷിതാക്കളുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലാതെ രഹസ്യമായി നാടുവിടുകയും സമാന സ്വഭാവക്കാരുടെ സങ്കേതങ്ങളില്‍ എത്തിപ്പെടുകയും സംഘടിക്കുകയും ചെയ്തിട്ടുള്ള ഒരവസ്ഥയാണ് ഇന്നുള്ളതെന്നാണ് നാം മനസ്സിലാക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുള്ള അഭിമുഖങ്ങളില്‍ നിന്നും അനുഭവസാക്ഷ്യ അവതരണങ്ങളില്‍ നിന്നും നമുക്കത് മനസ്സിലാക്കാം.
ഈ രംഗത്ത് ചികില്‍സാരംഗങ്ങളില്‍ അനുഭവപ്പെടുന്ന പിഴവുകളെക്കുറിച്ചും സാമ്പത്തിക ചൂഷണങ്ങളെക്കുറിച്ചും ഹോര്‍മോണ്‍ തെറാപ്പിയും സെക്‌സ് അസൈന്‍മെന്റ് ശസ്ത്രക്രിയയും ചെയ്തതിനു ശേഷം അനുഭവിക്കേണ്ടിവന്ന ശാരീരിക ദുരിതങ്ങളെക്കുറിച്ചുമെല്ലാമുള്ള അനുഭവങ്ങള്‍ പലതും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡറിസം മനഃശാസ്ത്രപരമായും ജൈവശാസ്ത്രപരമായും പ്രകൃതിവിരുദ്ധമാണെന്ന പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും പല കാര്യങ്ങളിലും സംഭവിക്കാറുള്ളതുപോലെ കുറേയേറെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയതിനു ശേഷമായിരിക്കും മടക്കവും തിരുത്തും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x