2 Tuesday
December 2025
2025 December 2
1447 Joumada II 11

ടി കെ അബ്ദുല്ല മൗലവി ഒരു ബഹുമുഖ പ്രതിഭ

ഡോ. ഇ കെ അഹ്മദ്കുട്ടി (പ്രസി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ)


നമ്മുടെ സമുദായത്തിലെ പണ്ഡിതന്മാര്‍ ഓരോരുത്തരായി വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് വലിയ നഷ്ടം തന്നെയാണ്. പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണ് (മൗത്തുല്‍ ആലിമി മൗത്തുല്‍ ആലം) എന്ന ഒരു ആപ്തവാക്യമുണ്ടല്ലോ. ഈയടുത്ത് നമ്മോട് വിട പറഞ്ഞ ടി കെ അബ്ദുല്ല മൗലവി(കുറ്റ്യാടി) അക്കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന പണ്ഡിതന്മാരിലൊരാളാണ്.
അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയാണ്. പ്രഗത്ഭ മതപണ്ഡിതന്‍, പ്രബോധകന്‍, ജമാഅത്തെ ഇസ്‌ലാമി നേതാവ്, സംഘാടകന്‍, ഉജ്വലവാഗ്മി, ഗ്രന്ഥകാരന്‍, ചിന്തകന്‍, പത്രാധിപര്‍, സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ അങ്ങനെ നിരവധി മേഖലകളില്‍ അവിസ്മരണീയമായ സംഭാവനകള്‍ അര്‍പ്പിച്ചതിനുശേഷമാണ് അദ്ദേഹം യാത്രയായത്.
1930ല്‍ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ ജനനം. പിതാവ് പ്രശസ്ത മതപണ്ഡിതനായ തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍. മാതാവ് ഫാത്തിമ. നാട്ടിലെ ചില ദര്‍സുകളില്‍ പഠിച്ചശേഷം വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി തറമ്മല്‍ മസ്ജിദ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, കാസര്‍ഗോഡ് ആലിയ അറബിക് കോളെജ് എന്നിവിങ്ങളില്‍ ഉപരിപഠനം നടത്തി. കെ സി അബ്ദുല്ല മൗലവി, കെ സി അലവി മൗലവി, എം ആലിക്കുട്ടി മൗലവി, എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവി, എം സി സി ഹസന്‍ മൗലവി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്.
വിദ്യാര്‍ഥിയായിരിക്കെത്തന്നെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട അബ്ദുല്ല മൗലവി 1959ല്‍ അതില്‍ അംഗമായി. തുടര്‍ന്ന് നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ ജമാഅത്തിന്റെ അഖിലേന്ത്യാ നേതാക്കളിലൊരാളായി. ജമാഅത്ത് കേന്ദ്ര ശൂറായിലും കേരള ശൂറായിലും അംഗമാണ്. രണ്ട് തവണ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ അമീറായി. പ്രബോധനം വാരികയുടെയും മാസികയുടെയും ജീവനാഡിയായ അദ്ദേഹം വിവിധ ഘട്ടങ്ങളില്‍ അതിന്റെ പത്രാധിപരായും മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചിരുന്നു.
ടി കെയുടെ മുഖമുദ്ര അദ്ദേഹത്തിന്റെ ഉജ്വലമായ വാഗ്മിതയാണ്. ശുദ്ധവും സുന്ദരവുമായ ഭാഷയിലും ശൈലിയിലും എത്ര ഗൗരവമുള്ള വിഷയങ്ങളും സരസമായി അവതരിപ്പിച്ച് ശ്രോതാക്കള്‍ക്ക് സുഗ്രാഹ്യമാക്കിക്കൊടുക്കുന്ന ഒരു സവിശേഷ പ്രസംഗശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഒരു കാലഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മാത്രമല്ല, മറ്റു മുസ്‌ലിം സംഘടനകളുടെയും പ്രഭാഷണ വേദികളിലെ ഒരു അനിവാര്യ സാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല, ഉര്‍ദു ഭാഷയിലും അദ്ദേഹം നന്നായി പ്രസംഗിക്കാറുണ്ടായിരുന്നു. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ വേരുറപ്പിക്കുന്നതില്‍ ടി കെ യുടെ പ്രഭാഷണങ്ങളും സംഘടനാ പാടവവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ആദ്യകാലത്ത് സ്വന്തമായും ഉര്‍ദുവില്‍ നിന്നുള്ള വിവര്‍ത്തനങ്ങളായും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മൗലാനാ അബുല്‍അഅ്‌ലാ മൗദൂദിയുടെ ‘തഹ്ഫീമുല്‍ഖുര്‍ആന്‍’ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങള്‍ ടി ഇസ്ഹാഖ് മൗലവിയോടൊപ്പം അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില പ്രസംഗങ്ങള്‍ ‘നാഴികക്കല്ലുകള്‍’ എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. അവസാനകാലത്ത് അദ്ദേഹം തന്റെ ആത്മകഥയും എഴുതി. ‘നടന്നുതീരാത്ത വഴികള്‍’ എന്നാണ് അതിന്റെ പേര്. ഐ പി എച്ച് പ്രസിദ്ധീകരിച്ച പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രകാശ ചടങ്ങില്‍ ആശംസാ പ്രസംഗകനായി ഈ ലേഖകനും ക്ഷണിക്കപ്പെട്ടിരുന്നു.
ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള മത സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക സമിതികളിലും സംരംഭങ്ങളിലും മുഖ്യസാരഥിയോ അംഗമോ ആയി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1975ലെ അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടപ്പോള്‍ അബ്ദുല്ലാ സാഹിബ് ജയില്‍ വാസം വരിച്ചിട്ടുണ്ട്. വളരെ ആത്മബന്ധം അവകാശപ്പെടാനില്ലെങ്കിലും കുട്ടിക്കാലം മുതലേ അദ്ദേഹത്തെ കാണാനും ബന്ധപ്പെടാനുമുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് എന്റെ സ്വദേശമായ കടവത്തൂരില്‍ നിന്നാണ്. അതുകൊണ്ട് ഇടക്കിടെ അദ്ദേഹം കടവത്തൂരില്‍ വരുമായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്മാര്‍ വലിയ മതപണ്ഡിതന്മാരായിരുന്നു. എന്റെ കുടുംബവും അവരുടെ കുടുംബവുമായി ചെറിയ ബന്ധവുമുണ്ട്. പ്രമുഖ ഇസ്‌ലാഹീ പണ്ഡിതന്‍ മര്‍ഹും കെ എന്‍ ഇബ്‌റാഹീം മൗലവിയുടെ പിതാവ് പ്രസിദ്ധ പണ്ഡിതനായ മര്‍ഹൂം കുഞ്ഞ്യേദു മുസ്‌ല്യാര്‍ ടി കെ യുടെ വലിയ അമ്മാവനാണ്. എന്റെ മാതാമഹന്‍ മര്‍ഹും ഇ കെ മൗലവിയുടെ അമ്മാവന്റെ മകനാണ് കുഞ്ഞ്യേദു മുസ്‌ല്യാര്‍.
ഇ കെ മൗലവിയെ ടി കെ ഏറെ ആദരപൂര്‍വം ഓര്‍ക്കാറുണ്ടായിരുന്നു. തിരൂരങ്ങാടി ദര്‍സില്‍ പഠിച്ചിരുന്ന കാലത്ത് ആ ബന്ധം കൂടുതല്‍ ദൃഢമായി. അതുപോലെ കെ എം മൗലവിയുമായും അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കെ എം മൗലവി, ഇ കെ മൗലവി, എം സി സി സഹോദരന്മാര്‍, തന്റെ നാട്ടുകാരന്‍ തന്നെയായ കെ കെ എം ജമാലുദ്ദീന്‍ മൗലവി, കെ സി അബൂബക്കര്‍ മൗലവി, കെ സി അലവി മൗലവി തുടങ്ങിയ ഇസ്‌ലാഹീ പണ്ഡിതന്മാരെ അദ്ദേഹം ഏറെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. മറ്റു പ്രസ്ഥാനങ്ങളിലെയും സംഘടനകളിലെയും നേതാക്കളും പണ്ഡിതന്മാരുമായി സൗഹൃദപൂര്‍ണമായ ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തന്റെ ജമാഅത്ത് ബന്ധം അതിന് തടസ്സമായില്ല. അല്പായുസ്സായിരുന്നുവെങ്കിലും മുസ്‌ലിം സൗഹൃദവേദിയുടെ രൂപീകരണത്തില്‍ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു.
കാണുമ്പോഴെല്ലാം അദ്ദേഹം ഏറെ സ്‌നേഹവാത്സല്യങ്ങളോടെയാണ് എന്നോട് പെരുമാറിയിരുന്നത്. എന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും അദ്ദേഹം ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ലാളിത്യവും സ്‌നേഹവും സൗഹൃദവും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളായിരുന്നു.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അവന്‍രെ സ്വര്‍ഗത്തില്‍ പ്രവേശിക്കുമാറാകട്ടെ. ആമീന്‍.

Back to Top