21 Saturday
December 2024
2024 December 21
1446 Joumada II 19

സമയം അമൂല്യം

കെ ജെ ഫാറൂഖി


മനുഷ്യന് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളില്‍ അമൂല്യമാണ് സമയം. മറ്റു അനുഗ്രഹങ്ങളെ ക്രിയാത്മകമായി വിനിയോഗിച്ചു ജീവിതം ആനന്ദദായകമാക്കാനുള്ളതാണ് ഈ അനുഗ്രഹം. മറ്റുള്ളവയെക്കാള്‍ മനുഷ്യന് അപകടകാരിയാകുന്നതും സമയം തന്നെ. മറ്റു അനുഗ്രഹങ്ങള്‍ ഒട്ടും ലഭിക്കാത്തവര്‍ക്കും ഭാഗികമായി ലഭിച്ചവര്‍ക്കും ഈ അനുഗ്രഹം വേണ്ടുവോളമുണ്ട് എന്നതാണതിന് കാരണം. സമയത്തെ കാലവുമായും മനുഷ്യന്റെ ആയുസ്സുമായും ബന്ധപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആന്‍-ഹദീസ് പഠനങ്ങള്‍ നടന്നിരിക്കുന്നത്. മറ്റു അനുഗ്രഹങ്ങള്‍ നിലനിര്‍ത്താന്‍ മനുഷ്യന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടാവേണ്ടതുണ്ട്. എന്നാല്‍ സമയം, മിനുട്ടുകളും മണിക്കൂറുകളും മാസങ്ങളും കൊല്ലങ്ങളുമായി മുന്നോട്ട് പോകുന്നു. മനുഷ്യപ്രയത്‌നം അതിന് പിന്നിലില്ല.
മൂല്യനിര്‍ണയം
അനശ്വര ജീവിതവുമായി ബന്ധപ്പെടുത്തിയാണ് വിശ്വാസിയുടെ സമയത്തിന്റെ മൂല്യം നിര്‍ണയിക്കപ്പെടുന്നത്. പരലോക വിചാരണക്ക് വിധേയമാകുന്ന മുഖ്യമായ അഞ്ച് ഇനങ്ങളില്‍ പ്രധാനം ഒരാളുടെ ആയുസ്സാകുന്നു. കൂടെ യുവത്വവും. അവ എന്തിന് വിനിയോഗിച്ചുവെന്നത് അല്ലാഹുവിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. രണ്ടും സമയവുമായി ബന്ധപ്പെട്ടതാണ്. കര്‍മങ്ങളുടെ സാന്നിധ്യത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ജീവിതം മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. വ്യക്തിക്ക് ലഭിച്ചിരുന്ന സമയം വിലമതിക്കപ്പെടുന്നതും അപ്പോള്‍ മാത്രമാണ്. സമയലഭ്യതയില്‍ ജനങ്ങള്‍ രണ്ട് തരക്കാരാണ്. ഒട്ടും സമയമില്ലാത്തവര്‍; ബാധ്യതയുടെ ആധിക്യം കാരണം സമയ ദൗര്‍ലഭ്യം അനുഭവിക്കുന്നവരാണ് ഇവര്‍. കാര്യമായ ബാധ്യതകളൊന്നും ആരോടും നിര്‍വഹിക്കാനില്ലാത്തവരാണ് രണ്ടാം വിഭാഗം. സമയം തള്ളിനീക്കാന്‍ അനാവശ്യങ്ങളിലേക്കും അധര്‍മങ്ങളിലേക്കും അവര്‍ അഭയം തേടിയെത്തുന്നു.
സമയദൗര്‍ലഭ്യം പരിഹരിക്കാനുള്ള പ്രവാചക നിര്‍ദേശം ശ്രദ്ധേയമാണ്: ”ജോലിത്തിരക്ക് വരുന്നതിന് മുമ്പായി ഒഴിവുസമയം ഉപയോഗപ്പെടുത്തുക” (തിര്‍മിദി) എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഒഴിവുസമയം തത്വദീക്ഷയില്ലാതെ ഉപയോഗിക്കുമ്പോള്‍ പിന്നീട് വരുന്ന ജോലിത്തിരക്കുകള്‍ കഠിനമായ മാനസികസംഘര്‍ഷമുണ്ടാക്കുന്നതായിരിക്കും. ജോലിത്തിരക്കുകള്‍ക്കിടയിലും മനസ്സിന് ആശ്വാസവും വിശ്രമവും ലഭിക്കേണ്ടതുണ്ട്. ”നിങ്ങള്‍ മനസ്സിന് വിശ്രമം നല്കുക” എന്ന നബിവചനം ഇതാണ് സൂചിപ്പിക്കുന്നത്.
സമയ ക്രമീകരണം
വ്യക്തിയുടെ കാര്യനിര്‍വഹണ ശേഷി വിലയിരുത്തുന്നതില്‍ ‘ടൈം മാനേജ്‌മെന്റ്’ മുഖ്യഘടകമാണ്. ഒരാളുടെ വിവേകവും കാര്യപ്രാപ്തിയും ഔചിത്യബോധവും പ്രവര്‍ത്തനക്ഷമതയും അര്‍പ്പണ ബോധവും ഒരുപോലെ പ്രകടമാകുന്ന രംഗമാണിത്. സമയക്രമീകരണത്തിന് കണിശമായ വ്യവസ്ഥകളാണ് ഇസ്‌ലാം ഏര്‍പ്പെടുത്തിയത്. ആരാധനകളിലെ മുഖ്യ ഇനമായ നമസ്‌കാരവുമായി ബന്ധപ്പെടുത്തിയാണ് മുസ്‌ലിമിന്റെ ജിവിതത്തിലെ സമയം ക്രമീകരിച്ചിരിക്കുന്നത്. ”നിശ്ചയമായും നമസ്‌കാരം വിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ബാധ്യതയാകുന്നു” (വി.ഖു. 4:103). സമ്പൂര്‍ണ നമസ്‌കാരത്തിന്റെ അനിവാര്യഘടകങ്ങളായി ഖുര്‍ആന്‍ എടുത്തുപറഞ്ഞത് കൃത്യനിഷ്ഠയും നൈരന്തര്യവുമാണ് (ജൗിരൗേമഹശ്യേ,ഞലഴൗഹമൃശ്യേ) (വി.ഖു. 70:23,34).
സമയക്രമീകരണം ഫലപ്രദമാകാന്‍ ഇവ രണ്ടും നമസ്‌കാരത്തിലെന്നപോലെ മറ്റു കാര്യങ്ങള്‍ക്കും അനിവാര്യമാണ്. സമയബന്ധിതമായി നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ നമസ്‌കാരേതര കര്‍മങ്ങളും വ്യവസ്ഥാപിതമാകുന്നു. അഞ്ചുനേരവും കൃത്യമായി നമസ്‌കരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അവക്കിടയിലെ ജോലികളും ക്രമീകരിക്കാന്‍ സന്നദ്ധരായിരിക്കും. ലഭ്യമായ സമയത്തിന് ആനുപാതികമായി നിര്‍വഹിക്കേണ്ട ജോലികള്‍ ക്രമീകരിക്കുക എന്നതാണ് ടൈം മാനേജ്‌മെന്റിലെ ബാ ലപാഠം. നമസ്‌കാരത്തില്‍ കണിശ ത പുലര്‍ത്താത്തവന്റെ മറ്റു സമയങ്ങളും ക്രമരഹിതമായിരിക്കും. ‘വല്ലവനും നമസ്‌കാരത്തില്‍ ഉദാസീനത കാണിച്ചാല്‍ മറ്റുള്ളവയില്‍ അവന്‍ കൂടുതല്‍ ഉദാസീനനായിരിക്കും’ എന്ന നബിവചനം ഇതിനോടു ചേര്‍ത്തുവായിക്കുക.
സമയദൈര്‍ഘ്യം
പ്രപഞ്ചഘടനയുടെ ചലനാത്മകതയ്ക്ക് വിധേയമായിട്ടാണ് സമയം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. സൂര്യനുള്‍പ്പെടെ ഗോളങ്ങളും ഗ്രഹങ്ങളും നിശ്ചിത അനുപാതത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നത് മനഷ്യന് സമയനിര്‍ണയത്തിന് വേണ്ടിയാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. സമയത്തിന്റെ ദൈര്‍ഘ്യംകൂട്ടാനോ കുറയ്ക്കാനോ മനുഷ്യന് കഴിയില്ല. എന്നാല്‍ വിശ്വാസത്തിന്റെയും ഭക്തിയുടെയും തദടിസ്ഥാനത്തിലുള്ള സല്‍പ്രവര്‍ത്തനങ്ങളുടെയും നിറവില്‍ മനുഷ്യന്റെ സമയത്തിന് ദൈര്‍ഘ്യമേറുന്നുവെന്നാണ് മുഹമ്മദ് നബി അറിയിക്കുന്നത്.
”ദൈവഹിതത്തില്‍ കഴിയാന്‍ ആയുര്‍ദൈര്‍ഘ്യം ലഭിക്കുന്നതാണ് ഒരാളുടെ സൗഭാഗ്യം. എന്നാല്‍ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ പുണ്യത്തിന് മാത്രമേ കഴിയൂ” (നബിവചനം). ഏറ്റവും ഉല്‍കൃഷ്ടനായ വ്യക്തിയാരെന്ന് ചോദിച്ചപ്പോഴും സല്‍പ്രവര്‍ത്തനനിരതമായ ആയുര്‍ദൈര്‍ഘ്യമാണ് നബി എടുത്തുപറഞ്ഞത്. ബാഹ്യ വിലയിരുത്തലില്‍ കാണുന്ന സമയവും ആയുസ്സും ആപേക്ഷികമാണെന്നര്‍ഥം. സല്‍പ്രവര്‍ത്തന രഹിതമായ സമയം എത്ര ദീര്‍ഘമാണെങ്കിലും മരണാനന്തര അനശ്വര ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവായിരിക്കും അത്. ”ഒരു ദിവസമോ അല്ലെങ്കില്‍ അല്പം സമയമോ മാത്രം” (23:113) എന്ന ഖുര്‍ആന്‍ പ്രയോഗം സമയത്തിന്റെ ഈ ആപേക്ഷികത വ്യക്തമാക്കുന്നു.
പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന അവസരം പാഴാക്കുന്നതും ദുരുപയോഗപ്പെടുത്തുന്നതും അപരിഹാര്യമായ വീഴ്ചയായിരിക്കും. മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടത് ചെയ്യാന്‍ ഒരവസരം കൂടി ചോദിക്കുന്ന നരകവാസികളുടെ ദയനീയത ഖുര്‍ആന്‍ അനാവരണം ചെയ്യുന്നുണ്ട്. അവര്‍ക്ക് ലഭിക്കുന്ന മറുപടി, സമയം പാഴാക്കിയതിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ്. ”ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നാം നിങ്ങള്‍ക്ക് ആയുസ്സ് നല്കിയില്ലേ? അതുകൊണ്ട് നിങ്ങള്‍ അനുഭവിക്കുക. അക്രമികള്‍ക്ക് മറ്റു സഹായികളാരുമില്ല.” (വി.ഖു. 35:37)
സല്‍പ്രവര്‍ത്തന ശൂന്യമായ സമയമാണ് മനുഷ്യന് വിനയാകുന്നത്. പരലോകത്തെന്നപോലെ ഇവിടെയും അത് അപകടകാരി തന്നെ. ആരോഗ്യവും ഒഴിവ് സമയവും അധികമാളുകളെയും വഞ്ചിക്കുന്ന അനുഗ്രഹങ്ങളായിട്ടാണ് മുഹമ്മദ് നബി(സ) പറഞ്ഞത്. ആരോഗ്യമാണ് സമയത്തിന്റെയും ഘാതകന്‍. ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് സമയം ദുര്‍വിനിയോഗം ചെയ്യാന്‍ കഴിയുകയില്ല. ലഭിച്ചിരിക്കുന്ന അവസരങ്ങള്‍ പാഴാക്കിക്കളയുന്നവന്റെ പരലോകത്തെ നിസ്സഹായതയും നബി വ്യക്തമാക്കിയിട്ടുണ്ട്: ”അല്ലാഹു ഒരു മനുഷ്യന് അറുപത് വയസ്സ് കൊടുത്തിട്ടുണ്ടെങ്കില്‍ യാതൊരു ഒഴികഴിവിനും അയാള്‍ക്ക് അല്ലാഹുവിന്റെയടുക്കല്‍ പഴുതുണ്ടാകുകയില്ല.” (ബുഖാരി)

Back to Top